പ്രധാനമന്ത്രിയുടെ ഓഫീസ്
സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തണ്‍ 2020 ന്റെ ഗ്രാന്റ് ഫിനാലെയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ
Posted On:
01 AUG 2020 10:19PM by PIB Thiruvananthpuram
മികച്ച പരിഹാരങ്ങള്‍ക്കായി നിങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്. നിങ്ങള്‍ രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുക മാത്രമല്ല ഡാറ്റ, ഡിജിറ്റലൈസേഷന്‍, ഹൈ-ടെക് ഭാവി എന്നിവയുമായി ബന്ധപ്പെട്ട പ്രതീക്ഷകളെ കരുത്തുറ്റതാക്കുകയുമാണ്.
സുഹൃത്തുക്കളെ, ലോകത്തിന് മികച്ച ശാസ്ത്രജ്ഞര്‍, മികച്ച സാങ്കേതികവിദഗ്ധര്‍, സാങ്കേതിക സംരംഭകത്വ നേതാക്കള്‍ എന്നിവരെ കഴിഞ്ഞ നൂറ്റാണ്ടുകളില്‍ സംഭാവനചെയ്യാന്‍ കഴിഞ്ഞതില്‍ നാം എപ്പോഴും അഭിമാനിക്കാറുണ്ട്. എന്നാല്‍ ഇത് 21-ാം നൂറ്റാണ്ടാണ്; അതിവേഗം മാറുന്ന ലോകത്തില്‍ കാര്യക്ഷമമായ പങ്ക് വഹിക്കാന്‍ കഴിയുന്നത്ര വേഗം ഇന്ത്യ സ്വയം മാറണം.
ഈ ചിന്തകള്‍ മൂലം നുതനാശയം, ഗവേഷണം, രൂപകല്‍പ്പന, വികസനം, സംരംഭം എന്നിവയ്ക്ക് വേണ്ട പരിസ്ഥിതി രാജ്യത്ത് അതിവേഗം വികസിപ്പിക്കുകയാണ്. 21-ാം നൂറ്റാണ്ടിലെ സാങ്കേതികവിദ്യക്കനുസരിച്ച് ഗുണപരമായ വിദ്യാഭ്യാസത്തിന് ഇപ്പോള്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നുണ്ട്. 21-ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള വിദ്യാഭ്യാസ സംവിധാനത്തിനും തുല്യമായ പ്രാധാന്യമുണ്ട്.
അത് പ്രധാനമന്ത്രിയുടെ ഇ-ലേണിംഗ് പരിപാടിയോ അല്ലെങ്കില്‍ അടല്‍ ഇന്നോവേഷന്‍ മിഷനോ രാജ്യത്തിന്റെ ശാസ്ത്രീയ സ്വഭാവം വര്‍ദ്ധിപ്പിക്കുന്നതിനായി വിവിധ മേഖലകളിലേക്കുള്ള സ്‌കോളര്‍ഷിപ്പുകളുടെ വ്യാപനമോ ആകട്ടെ അല്ലെങ്കില്‍ കായിക പ്രതിഭകള്‍ക്ക് പിന്തുണ നല്‍കാനായുള്ള ആധുനിക സൗകര്യങ്ങളും സാമ്പത്തിക പിന്തുണയുമാകട്ടെ, ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളാകട്ടെ, അല്ലെങ്കില്‍ ഇന്ത്യയില്‍ ലോകനിലവാരത്തിലുള്ള 20 ശ്രേഷ്ഠ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സൃഷ്ടിക്കാനുള്ള ദൗത്യമാകട്ടെ, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി പുതിയ വിഭവങ്ങള്‍ സൃഷ്ടിക്കുന്നതാകട്ടെ, അല്ലെങ്കില്‍ സ്മാര്‍ട്ട് ഇന്ത്യാ ഹാക്കത്തോണ്‍ പോലുള്ള സംഘടിത പ്രവര്‍ത്തനമാകട്ടെ, ഇന്ത്യയുടെ വിദ്യാഭ്യാസത്തെ കൂടുതല്‍ ആധുനികമാക്കുന്നതിനും ഇവിടുത്തെ പ്രതിഭകള്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുമായാണ് ഇത്തരം പരിശ്രമങ്ങളെല്ലാം നടത്തുന്നത്.
സുഹൃത്തുക്കളെ,
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇതിനനുസൃതമായി രാജ്യത്തിന്റെ പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചിരുന്നു. 21-ാം നൂറ്റാണ്ടിലെ യുവത്വത്തിന്റെ ചിന്തകള്‍, ആവശ്യങ്ങള്‍, പ്രതീക്ഷകള്‍, അഭിലാഷങ്ങള്‍ എന്നിവ കണക്കിലെടുത്ത് ഈ നയം രൂപീകരിക്കുന്നതിന് വലിയ പരിശ്രമമാണ് നടത്തിയത്. ഇതിന്റെ ഓരോ പോയിന്റും ഓരോ ഘട്ടങ്ങളും കഴിഞ്ഞ അഞ്ചു വര്‍ഷമായി രാജ്യത്ത് അങ്ങോളമിങ്ങോളം വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കിയിരുന്നു. അതിന് ശേഷമാണ് ഈ നയത്തിന് രൂപം നല്‍കിയത്.
ഇന്ത്യയുടെ സ്വപ്നങ്ങളും ഇന്ത്യയിലെ ഭാവിതലമുറകളുടെ ആശയും അഭിലാഷങ്ങളും യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ തന്നെ നവ ഇന്ത്യയുടെ വിദ്യാഭ്യാസ നയത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ഇന്ത്യയിലെ ഓരോ പ്രദേശത്തെയും ഓരോ സംസ്ഥാനത്തെയും പണ്ഡിതന്മാരുടെ വീക്ഷണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ഇതൊരു നയരേഖ മാത്രമല്ല, 130 കോടിയിലേറെ ഇന്ത്യക്കാരുടെ അഭിലാഷങ്ങളുടെ പ്രതിഫലനം കൂടിയാണ്.
സുഹൃത്തുക്കളെ, തങ്ങള്‍ക്ക് താല്‍പര്യമില്ലാത്ത വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങളെ വിലയിരുത്തുന്നതെന്ന് ഇന്നും നിരവധി കുട്ടികള്‍ കരുതുന്നുണ്ടെന്ന് നിങ്ങള്‍ കാണണം. രക്ഷിതാക്കള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ചുറ്റുപാടുകള്‍ മുഴുവനും അവരെ നിര്‍ബന്ധിക്കുകയാണ്; ഒടുവില്‍ മറ്റുള്ളവര്‍ തെരഞ്ഞെടുത്ത വിഷയങ്ങള്‍ അവര്‍ പഠിക്കാന്‍ തുടങ്ങുന്നു. ഈ സമീപനം രാജ്യത്തെ വലിയൊരു ജനവിഭാഗത്തിനെ മികച്ച വിദ്യാഭ്യാസമുള്ളവരാക്കി മാറ്റുന്നുണ്ട്, എന്നാല്‍ അവരില്‍ മിക്കവര്‍ക്കും അവര്‍ എന്താണോ പഠിച്ചത് അതുകൊണ്ട് അവര്‍ക്ക് ഒരു ഗുണവുമുണ്ടാകുന്നില്ല. നിരവധി ബിരുദങ്ങള്‍ ഉണ്ടായിട്ടുപോലും താന്‍ പൂര്‍ണ്ണനല്ലെന്ന് അവന് സ്വയം തോന്നുന്നു. അവന് സ്വയം ഉണ്ടാകേണ്ട ആത്മവിശ്വാസം നഷ്ടപ്പെട്ടതായി തോന്നുന്നു. ഇത് അവന്റെ ജീവിതയാത്രയെ മുഴുവന്‍ ബാധിക്കുന്നു.
സുഹൃത്തുക്കളെ, പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ഈ സമീപനത്തിന് മാറ്റമുണ്ടാക്കാനുള്ള ഒരു പരിശ്രമം നടത്തിയിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന ന്യൂനതകള്‍ ഒഴിവാക്കി. ഇന്ത്യയുടെ വിദ്യാഭ്യാസ സംവിധാനത്തില്‍ ചിട്ടയായ പരിഷ്‌ക്കരണത്തിനുള്ള പരിശ്രമമാണ് ഇപ്പോഴുള്ളത്; വിദ്യഭ്യാസത്തിന്റെ ഉദ്ദേശ്യത്തിലും ഉള്ളടക്കത്തിലും പരിവര്‍ത്തനത്തിനുള്ള പരിശ്രമം.
സുഹൃത്തുക്കളെ,
21-ാം നൂറ്റാണ്ട് അറിവിന്റെ കാലഘട്ടമാണ്. പഠനം, ഗവേഷണം, നൂതനാശയം എന്നിവയിലുള്ള ശ്രദ്ധ വര്‍ദ്ധിപ്പിക്കേണ്ട സമയമാണിത്. അതാണ് ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയം 2020 കൃത്യമായി ചെയ്യുന്നത്. നിങ്ങളെ നിങ്ങളുടെ സ്വാഭാവിക ആഗ്രഹങ്ങളിലേക്ക് നയിക്കുന്നതരത്തില്‍ നിങ്ങളുടെ സ്‌കൂള്‍, കോളജ്, സര്‍വകലാശാല പരിചയങ്ങളെ ഫലവത്തും വിശാലാധിഷ്ഠിതവും ആക്കാനാണ് ഈ നയം ആഗ്രഹിക്കുന്നത്.
സുഹൃത്തുക്കളെ, ഇന്ത്യയിലെ മികച്ചവരിലും വളരെയധികം തിളക്കമുള്ളവരിലും ഉള്‍പ്പെടുന്നവരാണ് നിങ്ങള്‍. ഈ ഹാക്കത്തോണല്ല, നിങ്ങള്‍ ആദ്യമായി പരിഹരിക്കാന്‍ ശ്രമിച്ച പ്രശ്നം. ഇത് അവസാനത്തേതുമായിരിക്കില്ല. പഠനം, ചോദ്യം ചോദിക്കല്‍, പരിഹരിക്കല്‍ തുടങ്ങിയ മൂന്നു കാര്യങ്ങള്‍ ചെയ്യുന്നത് നിങ്ങളും നിങ്ങളെപ്പോലുള്ള യുവാക്കളും ഒരിക്കലും അവസാനിപ്പിക്കരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നിങ്ങള്‍ പഠിക്കുന്നതോടെ നിങ്ങള്‍ക്ക് ചോദ്യം ചോദിക്കാനുള്ള വിജ്ഞാനം ലഭിക്കുന്നു. നിങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വ്യത്യസ്തങ്ങളായ നൂതനമാര്‍ഗ്ഗങ്ങള്‍ ലഭിക്കും. അതു ചെയ്യുമ്പോള്‍ നിങ്ങള്‍ വളരും. നിങ്ങളുടെ പരിശ്രമങ്ങള്‍ കൊണ്ട് നമ്മുടെ രാജ്യം വളരും. നമ്മുടെ ഗ്രഹം അഭിവൃദ്ധി പ്രാപിക്കും.
സുഹൃത്തുക്കളെ, ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഈ മനോഭാവമെല്ലാം പ്രതിഫലിക്കുന്നുണ്ട്. സ്‌കൂളിന് അപ്പുറം നിലനില്‍ക്കാത്ത സ്‌കൂള്‍ ബാഗുകളില്‍ നിന്ന് ജീവിതത്തിനെ സഹായിക്കുന്നതിനുള്ള മനസ്സിനിണങ്ങിയ പഠനത്തിലേക്ക്, വെറുതെയുള്ള ഓര്‍ത്തുവയ്ക്കലില്‍ നിന്ന് ചിന്തിക്കലിലേക്ക് നാം മാറുകയാണ്. വര്‍ഷങ്ങളായി, സംവിധാനത്തിലെ പരിമിതികള്‍ വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ പ്രതികൂല ഫലമാണ് ഉണ്ടാക്കിയിരുന്നത്. ഇനി അതുണ്ടാവില്ല! യുവ ഇന്ത്യയുടെ അഭിലാഷങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണ് ദേശീയ വിദ്യാഭ്യാസ നയം. ഇത് പ്രക്രിയയില്‍ കേന്ദ്രീകൃതമല്ല, ഇത് ജനകേന്ദ്രീകൃതവും ഭാവികേന്ദ്രീകൃതവുമാണ്.
സുഹൃത്തുക്കളെ,
നയത്തിലെ പ്രതീക്ഷ പകരുന്ന കാര്യങ്ങളില്‍ ഒന്ന് വിവിധ വിഷയങ്ങള്‍ പഠിക്കുന്നതിനു നല്‍കിയ ഊന്നലാണ്. ഈ ആശയത്തിന് കൂടുതല്‍ ജനപ്രിയത ലഭിക്കുന്നു; അങ്ങനെ തന്നെയാണ്വേണ്ടതും. എല്ലാ സാഹചര്യത്തിനും അനുകൂലമായത്. കേവലം ഒരു വിഷയത്തിനു നിങ്ങളെ നിര്‍വചിക്കാന്‍ സാധിക്കുന്നില്ല. എന്തെങ്കിലും പുതിയത് കണ്ടുപിടിക്കുന്നതിന് ഒരു പരിധിയുമില്ല. മാനവചരിത്രത്തില്‍ വൈവിദ്ധ്യമാര്‍ന്ന മേഖലകളില്‍ മികവ് പുലര്‍ത്തിയിരുന്ന നിരവധി അതികായരുണ്ട്. അത് ആര്യഭടനോ ലിയനാഡോ ഡാവിഞ്ചിയോ ഹെലന്‍ കെല്ലറോ, ഗുരുദേവ് ടാഗോറോ ആകട്ടെ. ഇപ്പോള്‍ നമ്മള്‍ കല, ശാസ്ത്രം, വാണിജ്യം എന്നിവയില്‍ ചില പരമ്പരാഗതമായ അതിര്‍വരമ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ആര്‍ക്കെങ്കിലും താല്‍പര്യമുണ്ടെങ്കില്‍ അവര്‍ക്ക് സംഗീതവും ഗണിതവൂം ഒന്നിച്ചോ അല്ലെങ്കില്‍ കോഡിംഗും രസതന്ത്രവും ഒന്നിച്ചോ പഠിക്കാം. സമൂഹത്തില്‍ നിന്ന് വിദ്യാര്‍ത്ഥി എന്താണു പ്രതീക്ഷിക്കുന്നത് എന്നതിനെക്കാള്‍ വിദ്യാര്‍ത്ഥി എന്താണോ പഠിക്കാന്‍ ആഗ്രഹിക്കുന്നുവോ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇത് ഉറപ്പാക്കും. വിവിധ വിഷയങ്ങള്‍ പഠിക്കുന്നതു നിങ്ങള്‍ക്ക് നിയന്ത്രണം നല്‍കും. ആ പ്രവര്‍ത്തനം നിങ്ങള്‍ക്ക് വഴക്കവും നല്‍കും.
ദേശീയ വിദ്യാഭ്യാസ നയത്തില്‍ വഴക്കത്തിന് വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഒരു വഴി മാത്രമുള്ള തെരുവുകളല്ല വിദ്യാര്‍ത്ഥികള്‍ക്ക് ബഹുതല പ്രവേശനത്തിനും പുറത്തുപോകലിനുമുള്ള വ്യവസ്ഥകളുണ്ട്. ബിരുദത്തിനു മുന്‍പുള്ള പഠനം മൂന്നോ നാലോ വര്‍ഷത്തെ അനുഭവമാക്കി മാറ്റാന്‍ കഴിയും. ലഭിച്ച എല്ലാ അക്കാദമിക നേട്ടങ്ങളും ശേഖരിച്ച് വയ്ക്കുന്ന അക്കാദമിക ബാങ്ക് ഓഫ് ക്രെഡിറ്റ് കൈവശമുള്ളത് വിദ്യാര്‍ത്ഥികള്‍ നല്ലതുപോലെ ആസ്വദിക്കും. അവസാന ബിരുദത്തില്‍ ഇത് കൈമാറ്റം ചെയ്യാനും കണക്കാക്കാനും കഴിയും. ഇത്തരത്തിലുള്ള വഴക്കങ്ങള്‍ നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തില്‍ ദീര്‍ഘകാല ആവശ്യമാണ്. ഈ ദര്‍ശനങ്ങള്‍ നമ്മുടെ ദേശീയ വിദ്യാഭ്യാസ നയം അഭിസംബോധന ചെയ്തിട്ടുണ്ട് എന്നതില്‍ ഞാന്‍ സന്തോഷവാനാണ്.
സുഹൃത്തുക്കളെ,
പ്രാഥമിക വിദ്യാഭ്യാസം തുടങ്ങി നമ്മുടെ വിദ്യാഭ്യാസത്തിലേക്കുള്ള ഒരു വലിയ സമീപനമാണ് ദേശീയ വിദ്യാഭ്യാസ നയം. ഉന്നതവിദ്യാഭ്യാസത്തിലെ മൊത്തം പ്രവേശനം 2035 ഓടെ 50%ല്‍ എത്തിക്കുകയെന്നതാണ് ലക്ഷ്യമാക്കുന്നത്. ജന്‍ഡര്‍ ഇന്‍ക്ലൂഷന്‍ ഫണ്ട്, പ്രത്യേക വിദ്യാഭ്യാസ മേഖലകള്‍, തുറന്നതും വിദൂരമായതുമായ പഠനം തുടങ്ങി മറ്റ് പരിശ്രമങ്ങളും സഹായിക്കും.
സുഹൃത്തുക്കളെ, നമ്മുടെ രാജ്യത്തെ ഏറ്റവും മഹാനായ വിദ്യാഭ്യാസ വിചക്ഷണനും ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യശില്‍പ്പിയുമായ ബാബാസാഹേബ് അംബ്ദേക്കര്‍ എപ്പോഴും പറയാറുണ്ടായിരുന്നു, എല്ലാവര്‍ക്കും പ്രവേശിക്കാന്‍ കഴിയുന്ന തരത്തിലാകണം വിദ്യാഭ്യാസമെന്ന്. ഈ വിദ്യാഭ്യാസ നയം അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് കൂടിയുള്ള സമര്‍പ്പണമാണ്. തൊഴില്‍ അന്വേഷികരെക്കാള്‍ തൊഴില്‍ സ്രഷ്ടാക്കാളെ സൃഷ്ടിക്കുന്നതിനാണ് ഈ വിദ്യാഭ്യാസ നയം ഊന്നല്‍ നല്‍കുന്നത്. ഒരു തരത്തില്‍ നമ്മുടെ മനോഭാവത്തില്‍, നമ്മുടെ സമീപനത്തിലൊക്കെ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവരാനുള്ള പരിശ്രമമാണിത്. ഒരു തൊഴില്‍ ചെയ്യണമോ, അല്ലെങ്കില്‍ ഒരു സേവനം ഏറ്റെടുക്കണമോ, അതുമല്ലെങ്കില്‍ ഒരു സംരംഭകനായി തീരണമോ എന്നൊക്കെ തീരുമാനം എടുക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു സ്വാശ്രയ യുവത്വത്തെ സൃഷ്ടിക്കുന്നതിലാണ് നയം കേന്ദ്രീകരിക്കുന്നത്.
സുഹൃത്തുക്കളെ, നമ്മുടെ രാജ്യത്ത് എന്നും ഭാഷകള്‍ ഒരു വൈകാരിക വിഷയമാണ്. അതിനുള്ള ഒരു കാരണം നമ്മള്‍ പ്രാദേശിക ഭാഷകളെ അതിന്റെ വിധിക്ക് വിട്ടതാണ്. അവയ്ക്ക് വളരാനും പുഷ്ടിപ്പെടാനും വളരെ കുറച്ച് അവസരങ്ങളേ
ഉണ്ടായിട്ടുള്ളു. ഇപ്പോള്‍ വിദ്യാഭ്യാസ നയത്തില്‍ കൊണ്ടുവന്നിട്ടുള്ള മാറ്റങ്ങളിലൂടെ ഇന്ത്യയിലെ ഭാഷകള്‍ പുരോഗമിക്കുകയും കുടുതല്‍ വികസിക്കുകയും ചെയ്യും. ഇത് ഇന്ത്യയെക്കുറിച്ച് അറിവ് മാത്രമല്ല, ഇന്ത്യയുടെ ഐക്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. നമ്മുടെ ഭാഷയില്‍ വളരെ സമ്പന്നമായ സാഹിത്യസൃഷ്ടികളുണ്ട്. നമ്മുടെ നൂറ്റാണ്ടുകളുടെ അറിവും പരിചയങ്ങളുമുണ്ട്, അവയെല്ലാം തന്നെ കൂടുതല്‍ വിപുലമാക്കപ്പെടും. ഇത് ഇന്ത്യയിലെ സമ്പന്നമായ ഭാഷകളെ ലോകത്തിന് പരിചയപ്പെടുത്തും. വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രാഥമിക വര്‍ഷങ്ങളില്‍ തന്നെ തങ്ങളുടെ മാതൃഭാഷ പഠിക്കണമെന്നതാണ് ഏറ്റവും വലിയ ഗുണം.
ഇതോടെ അവരുടെ കഴിവുകള്‍ വളര്‍ത്താനും പുഷ്പ്പിക്കാനുമുള്ള നിരവധി അവസരങ്ങള്‍ അവര്‍ക്ക് ലഭിക്കും. അവര്‍ക്ക് കുടുതല്‍ ആനന്ദകരമാകുകയും സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെ പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനുള്ള പ്രചോദനം ലഭിക്കുകയും വിദ്യാഭ്യാസവുമായി ബന്ധപ്പെടുത്താന്‍ കഴിയുകയും ചെയ്യും. എങ്ങിനെയായാലും മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ അടിസ്ഥാനത്തിലുള്ള ലോകത്തെ 20 മുന്‍നിര രാഷ്ട്രങ്ങളുടെ പട്ടികയെടുത്താല്‍ അവയെല്ലാം തങ്ങളുടെ മാതൃഭാഷകളിലാണ് വിദ്യാഭ്യാസം നല്‍കുന്നതെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ഈ രാജ്യങ്ങളൊക്കെ അവരുടെ യുവത്വത്തിന്റെ ചിന്തകളും അറിവുകളും തങ്ങളുടെ സ്വന്തം ഭാഷകളില്‍ സാധ്യമാക്കുകയും അതോടൊപ്പം ലോകവുമായുള്ള ആശയവിനിമയത്തിന് മറ്റ് ഭാഷകള്‍ക്ക് ഊന്നല്‍ നല്‍കുകയുമാണ് ചെയ്യുന്നത്. അതേ നയം തന്നെയായിരിക്കും 21-ാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്കും ഏറെ ഉപയോപ്രദമാകുക. ഇന്ത്യക്കു ഭാഷകളുടെ അവിസ്മരണീയമായ നിധിയുണ്ട്, അവ പഠിച്ചെടുക്കാന്‍ ഒരു ജന്മം മതിയാവുകയുമില്ല, ഇന്ന് ലോകത്തിനും ഇതില്‍ വളരെ ആകാംക്ഷയുണ്ട്.
സുഹൃത്തുക്കളെ,
പുതിയ വിദ്യാഭ്യാസ നയത്തിന് മറ്റൊരു വിശേഷ സവിശേഷതയുമുണ്ട്. അതിനെ ആഗോളതലത്തില്‍ സംയോജിപ്പിക്കുന്നതിന് നല്‍കുന്ന അതേ ശ്രദ്ധ തന്നെ പ്രാദേശികമായും നല്‍കുന്നുണ്ട്. ആ സമയത്തുതന്നെ നാടന്‍ കലകള്‍ക്കും വിഷയങ്ങള്‍ക്കും ശാസ്ത്രിയ കലകള്‍ക്കും (ക്ലാസിക്കല്‍ ആര്‍ട്ട്സ്) അറിവുകള്‍ക്കും സ്വാഭാവികമായ സ്ഥാനം നല്‍കുന്നതിനുള്ള ഊന്നലും നല്‍കിയിട്ടുണ്ട്. ആഗോളതലത്തിലെ മുന്‍നിര സ്ഥാപനങ്ങളെ ഇന്ത്യയില്‍ കാമ്പസുകള്‍ തുറക്കുന്നതിനായി ക്ഷണിച്ചിട്ടുമുണ്ട്. ഇതിലൂടെ നമ്മുടെ യുവത്വത്തിന് ലോകനിലവാരത്തിലുള്ള കാഴ്ചപ്പാടും അവസരങ്ങളും ഇന്ത്യയില്‍ ലഭിക്കുമെന്ന് മാത്രമല്ല, ആഗോള മത്സരത്തിന് വേണ്ടി അവര്‍ കൂടുതല്‍ തയാറാവുകയും ചെയ്യും. ഇത് ഇന്ത്യയില്‍ ലോകനിലവാരത്തിലുള്ള സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുക വഴി ഇന്ത്യയെ ആഗോള വിദ്യാഭ്യാസ ഹബ്ബ് ആക്കുന്നതിനു സഹായിക്കുകയും ചെയ്യും.
സുഹൃത്തുക്കളെ, ഞാന്‍ എല്ലായ്പ്പോഴും രാജ്യത്തെ യുവശക്തിയെ വിശ്വസിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് എനിക്ക് അവരില്‍ വിശ്വാസമുള്ളതെന്ന് രാജ്യത്തെ യുവത്വം വീണ്ടും വീണ്ടും തെളിയിച്ചിട്ടുമുണ്ട്. അടുത്തിടെ കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിന് മുഖകവചങ്ങളുടെ (ഫെയ്സ് ഷീല്‍ഡ്) ആവശ്യകത വലിയ തോതില്‍ ഉയര്‍ന്നിരുന്നു. ഈ ആവശ്യകത നിറവേറ്റാനായി രാജ്യത്തെ യുവത്വം വലിയ തോതില്‍ 3ഡി പ്രിന്റിംഗ് സാങ്കേതിക വിദ്യമായി മുന്നോട്ടുവന്നു. പി.പി.ഇകളും മറ്റ് മെഡിക്കല്‍ ഉപകരങ്ങളും വികസിപ്പിക്കാനായി യുവസംരംഭകരും യുവനൂതനാശയക്കാരും മുന്നോട്ടുവന്ന രീതി എല്ലായിടത്തും ചര്‍ച്ചചെയ്യപ്പെട്ടതാണ്. ആരോഗ്യസേതു ആപ്പ് ഉപയോഗിച്ച് വളരെ ചുരുങ്ങിയ സമയംകൊണ്ട് കോവിഡ് ട്രാക്ക് ചെയ്യാനുള്ള ഒരു മഹത്തായ മാധ്യമം യുവ ഡെവലപ്പര്‍മാര്‍ തയാറാക്കി.
സുഹൃത്തുക്കളെ, നിങ്ങളെല്ലാം സ്വാശ്രയ ഇന്ത്യയിലെ യുവത്വത്തിനു പ്രതീക്ഷയുടെ സ്രോതസ്സുകളാണ്. രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് മികച്ച ജീവിതം നല്‍കുന്നതിനുള്ള ജീവിതം സുഗമമാക്കല്‍ ലക്ഷ്യം നേടിയെടുക്കുന്നതിന് യുവത്വത്തിന്റെയാകെ പങ്ക് വളരെ പ്രധാനമാണ്. നമ്മുടെ യുവത്വത്തിന് നേരിടാനാകാത്ത ഒരു വെല്ലുവിളിയും, അവര്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയാത്ത ഒന്നും രാജ്യം അഭിമുഖീകരിക്കുന്നില്ലെന്നാണ് എപ്പോഴും എന്റെ വിശ്വാസം. എപ്പോഴൊക്കെയാണോ രാജ്യം ആവശ്യത്തോടെ അതിന്റെ യുവ നൂതനാശയക്കാരെ ഉറ്റുനോക്കിയത്, അപ്പോഴൊന്നും അവര്‍ നിരാശപ്പെടുത്തിയിട്ടില്ല.
സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തണിലൂടെ രാജ്യത്തിന് കഴിഞ്ഞ വര്‍ഷങ്ങളില്‍ അവിസ്മരണീയങ്ങളായ നൂതനാശയങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഈ ഹാക്കത്തണിന് ശേഷവും യുവ സുഹൃത്തുക്കള്‍ രാജ്യത്തിന്റെ ആവശ്യകതകളെക്കുറിച്ച് മനസിലാക്കുമെന്നും രാജ്യത്തെ സ്വയംപര്യാപ്തമാക്കുന്നതിനുള്ള പുതിയ പരിഹാരങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തനം തുടരുമെന്നും എനിക്ക് ആത്മവിശ്വാസമുണ്ട്.
ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങള്‍ക്കെല്ലാം നല്ലത് ആശംസിക്കുന്നു.
വളരെയധികം നന്ദി!
(Release ID: 1647932)
Visitor Counter : 353