ഉപരാഷ്ട്രപതിയുടെ കാര്യാലയം

നവ്‌റോസ് അവസരത്തില്‍ ഉപരാഷ്ട്രപതി ജനങ്ങള്‍ക്ക് ശുഭാശംസകൾ നേര്‍ന്നു

Posted On: 16 AUG 2020 5:05PM by PIB Thiruvananthpuram

നവ്‌റോസിന്റെ അവസരത്തില്‍ ഉപരാഷ്ട്രപതി ശ്രി വെങ്കയ്യാനായിഡു ഒരു സന്ദേശത്തിലൂടെ ജനങ്ങള്‍ക്ക് ശുഭാശംസകൾ നേര്‍ന്നു.
സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ
പാഴ്‌സി  നവവത്സരത്തിന് തുടക്കം കുറിയ്ക്കുന്ന 'നവ്‌റോസി'ന്റെ ഈ വിശേഷഅവസരത്തില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ഞാന്‍ ഊഷ്മളമായ ശുഭാശംസകൾ നേരുന്നു.
ഇന്ത്യയുടെ നാനാവര്‍ണ്ണമുള്ള സംസ്‌ക്കാരത്തില്‍ പാഴ്‌സി സമൂഹത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. കഠിനപ്രയത്‌നത്തിനുള്ള അത്യുത്സാഹത്തിലൂടെയും സമര്‍പ്പണത്തിലൂടെയും ഇന്ത്യയിലെ പാഴ്‌സി സമൂഹം രാഷ്ട്ര നിര്‍മ്മാണത്തില്‍ വിലമതിക്കാനാകാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. വസന്തത്തിന്റെ ആരംഭം കുറിയ്ക്കുന്ന പാഴ്‌സി നവവത്സരം നവീകരണത്തിന്റെയും പുനരുജ്ജീവനത്തിന്റെയും ആഘോഷമാണ്. നല്ലചിന്തകള്‍ ഉള്‍ക്കൊള്ളുക, സത്കര്‍മ്മങ്ങള്‍ ചെയ്യുക, സത്യസന്ധമായി ജീവിക്കുക, ധര്‍മ്മത്തിന്റെ പാതയിലൂടെ നടക്കുക എന്നതാണ് നവ്‌റോസ് ആഘോഷിക്കുകയെന്നാല്‍ അതിന്റെ ശരിയായ അര്‍ത്ഥം.
കോവിഡ്-19ന്റെ വ്യാപനത്തിനെതിരെ ഇന്ത്യയും ലോകവും വിശ്രമമില്ലാത്ത പോരാട്ടം തുടരുകയാണ്. കുടുംബാംഗങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് പ്രാര്‍ത്ഥിക്കാനും ആഘോഷിക്കാനുമുള്ള അവസരമാണ് നവ്‌റോസ് എങ്കിലും ഈ വര്‍ഷം നമ്മുടെ വീടുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന മിതമായ ആഘോഷത്തില്‍ നാം തൃപ്തിപ്പെടണം. ആഘോഷവേളകളില്‍ ശാരീരിക അകലത്തിന്റെയും വ്യക്തിശുചിത്വത്തിന്റെയും മാനദണ്ഡങ്ങള്‍ നമ്മള്‍ കര്‍ശനമായി പാലിക്കണം.
ഈ ആഘോഷം ഐക്യവും സമുദ്ധിയും സന്തോഷവും നിങ്ങളുടെ ജീവിതത്തില്‍ കൊണ്ടുവരട്ടെ.



(Release ID: 1646298) Visitor Counter : 133


Read this release in: English