പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗ്രാമീണ ഇന്ത്യയ്ക്ക് ചരിത്രപരമായ മുന്നേറ്റം ലക്ഷ്യമിട്ട് പ്രധാന മന്ത്രിയുടെ അധ്യക്ഷതയില്‍ കേന്ദ്ര മന്ത്രിസഭാ യോഗം ചേര്‍ന്നു


കര്‍ഷകര്‍ക്ക് ഗുണപ്രദമാകുന്നതും കാര്‍ഷിക മേഖലയില്‍ സമൂലപരിവര്‍ത്തനം ലക്ഷ്യമിടുന്നതുമായ ചരിത്രപരമായ തീരുമാനങ്ങള്‍

അവശ്യ സാധന നിയമത്തില്‍ ഭേദഗതി വരുത്തി; കര്‍ഷകര്‍ക്കായി നിയന്ത്രണങ്ങളില്‍ ഇളവ്

സംസ്ഥാനങ്ങള്‍ക്കുള്ളിലും പുറത്തും വ്യാപാരം അനുവദിച്ച് കര്‍ഷകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറക്കുന്നതിനായുള്ള ഓര്‍ഡിനന്‍സിനു അംഗീകാരം

മൊത്തക്കച്ചവടക്കാര്‍, ചില്ലറവില്‍പ്പനക്കാര്‍, സംഭരിക്കുന്നവര്‍, കയറ്റുമതിക്കാര്‍ തുടങ്ങിയവരുമായി കര്‍ഷകര്‍ക്ക് കൂടുതല്‍ ബന്ധം സൃഷ്ടിക്കാനുള്ള നടപടികള്‍

അവശ്യ വസ്തു നിയമത്തില്‍ ചരിത്രപരമായ ഭേദഗതി

Posted On: 03 JUN 2020 5:02PM by PIB Thiruvananthpuram

 

 
അവശ്യ വസ്തു നിയമത്തില്‍ ചരിത്രപരമായ ഭേദഗതി കൊണ്ടുവരുന്ന ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കി. കാര്‍ഷിക മേഖലയില്‍ വികസനോാന്മുഖ മാറ്റം വരുത്താനും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നടപടിയാണിത്.

പശ്ചാത്തലം

ഭൂരിപക്ഷം കാര്‍ഷിക വസ്തുക്കളും ഇന്ത്യയില്‍ ആവശ്യത്തില്‍ കൂടുതല്‍ തന്നെ ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ചില പോരായ്മകള്‍ കാരണം രാജ്യത്ത് അവ പൂര്‍ണ്ണമായി വിറ്റു പോകുന്നില്ല. ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചുവെക്കുന്നതിനുള്ള ശീതീകരണ സംവിധാനം ആരംഭിക്കുന്നതിനുള്ള നിക്ഷേപം ആവശ്യത്തിനില്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക് ന്യായ വില ലഭിക്കുന്നില്ല. സംഭരണത്തിനും കയറ്റുമതിക്കും കൂടി തടസം സൃഷ്ടിക്കുന്ന അവശ്യ വസ്തു നിയമത്തിലെ ചില നിബന്ധനകളാണു ഇവയ്ക്ക് കാരണം. ഇതിനാല്‍ മികച്ച വിളവ് ഉണ്ടായാലും കര്‍ഷകര്‍ക്ക് കനത്ത നഷ്ടമാണു ഉണ്ടാകുന്നത്. സംഭരണ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഉല്‍പ്പന്നങ്ങള്‍ പാഴായിപ്പോകുന്നത് കുറയ്ക്കാനാകും.

നേട്ടങ്ങള്‍
അവശ്യ വസ്തു നിയമത്തിലെ ഭേദഗതി വഴി ഭക്ഷ്യധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുകള്‍, ഭക്ഷ്യ എണ്ണകള്‍, സവാള, ഉരുളക്കിഴങ്ങ് തുടങ്ങിയവയെ അവശ്യ വസ്തുക്കളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യും. ഇത് സ്വകാര്യ നിക്ഷേപകരെ സര്‍ക്കാരിന്റെ അനാവശ്യ ഇടപെടല്‍ ഭീതിയില്‍ നിന്ന് ഒഴിവാക്കും.

ഉല്‍പ്പാദനത്തിനും കൈവശം വയ്ക്കാനും ചരക്കു നീക്കത്തിനും വിതരണം ചെയ്യാനുമെല്ലാമുള്ള സ്വാതന്ത്ര്യം കാര്‍ഷിക മേഖലയില്‍ സ്വകാര്യ നിക്ഷേപകരെയും നേരിട്ടുള്ള വിദേശ നിക്ഷേപകരെയുമെത്തിക്കും.
ഇത് കോള്‍ഡ് സ്റ്റോറേജ് മേഖലയിലും ഭക്ഷ്യസാധന വിതരണ ശൃംഖലയിലും നിക്ഷേപങ്ങള്‍ കൊണ്ടുവരും.

ഉപഭാക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കല്‍

ഉല്‍പ്പാദന മേഖലയിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതോടൊപ്പം ഉപഭോക്താക്കളുടെ അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കാനും ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. യുദ്ധം, ക്ഷാമം, അസാധാരണ വിലക്കയറ്റം എന്നിവ വരുമ്പോള്‍ നിര്‍ദിഷ്ട ഭക്ഷ്യ വസ്തുക്കളില്‍ നിയന്ത്രണമുണ്ടായേക്കാമെന്ന് ഭേദഗതിയില്‍ പറയുന്നു. എന്നിരുന്നാലും മൂല്യ ശൃംഖലയിലെ പങ്കാളികള്‍ക്കുള്ള വിഹിതം, കയറ്റുമതിക്കാരന്റെ കയറ്റുമതി ആവശ്യം എന്നിവ ഒഴിവാക്കപ്പെട്ടിരിക്കുന്നതിനാല്‍ കാര്‍ഷിക മേഖലയിലെ നിക്ഷേപം നിരുത്സാഹപ്പെടുത്തുന്നില്ല എന്ന് ഉറപ്പാക്കാനാകും. നിയമ ഭേദഗതി വിലയുടെ കാര്യത്തില്‍  ഉല്‍പ്പാദകരെയും ഉപഭോക്താക്കളേയും  തൃപ്തിപ്പെടുത്തുന്നതാകും. സംഭരണ സൗകര്യങ്ങള്‍ കുറവായതിനാല്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ പാഴായിപ്പോകുന്നത് ഗണ്യമായി കുറക്കാനും കഴിയും.


കാര്‍ഷികോല്‍പ്പന്നങ്ങളുടെ അതിരുകളില്ലാത്ത വ്യാപാരം

 ദ ഫാമിംഗ് പ്രൊഡ്യൂസ് ട്രേഡ് ആന്റ് കൊമേഴ്സ് 2020 ഓര്‍ഡിനന്‍സി'നു (പ്രോത്സാഹനവും സുഗമമാക്കലും) കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

പശ്ചാത്തലം
നിരവധി നിയന്ത്രണങ്ങള്‍ കാരണം അവരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനാകാതെ ഇന്ത്യയിലെ കര്‍ഷകര്‍ ബുദ്ധിമുട്ടുന്നു. നിര്‍ദ്ദിഷ്ട എപിഎംസി മാര്‍ക്കറ്റ് പരിധിക്കപ്പുറം കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനാകുന്നില്ല. സംസ്ഥാന സര്‍ക്കാരുകളുടെ രജിസ്റ്റേര്‍ഡ് ലൈസന്‍സ് ഉള്ള വ്യാപാരികള്‍ക്ക് മാത്രമേ ഉല്‍പന്നങ്ങള്‍ വില്‍ക്കാനാകൂ. ഇത് കൂടാതെ വിവിധ സംസ്ഥാനങ്ങള്‍ നിശ്ചയിച്ചിട്ടുള്ള നിബന്ധനകള്‍ കാരണം സുഗമമായ വിപണനം നടക്കുന്നില്ല.

നേട്ടങ്ങള്‍

കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ഇഷ്ടമുള്ള സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനും കഴിയുന്ന ഒരു സംവിധാനം ഓര്‍ഡിനന്‍സിലൂടെ നിലവില്‍ വരും. സംസ്ഥാന സര്‍ക്കാരുകള്‍ നിശ്ചയിച്ചിട്ടുള്ള മാര്‍ക്കറ്റുകള്‍ക്കതീതമായി സംസ്ഥാനങ്ങള്‍ക്കുള്ളിലും പുറത്തും നിയന്ത്രണങ്ങളില്ലാത്ത വാണിജ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. വ്യാപക നിയന്ത്രണങ്ങളുള്ള രാജ്യത്തെ കാര്‍ഷിക വ്യാപാര മേഖലയിലെ വിപ്ലവകരമായ മാറ്റങ്ങള്‍ക്കുള്ള തുടക്കം കൂടിയാണു ഓര്‍ഡിനന്‍സ്.

ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള ചെലവ് കുറയ്ക്കുന്നതിലൂടെയും മികച്ച വില ലഭ്യമാക്കുന്നതിലൂടെയും കര്‍ഷകര്‍ക്ക് കൂടുതല്‍ സാധ്യതകള്‍ തുറക്കുന്നു. ഇത് കര്‍ഷകര്‍ക്ക് കൂടുതലായുണ്ടാകുന്ന ഉല്‍പന്നങ്ങള്‍ക്ക് മികച്ച വില നേടിക്കൊടുക്കുകയും ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നു. വ്യാപാര രംഗത്ത് ഇലക്ട്രോണിക് ഇടപാടുകള്‍ കൊണ്ടുവരാനും ഓര്‍ഡിനന്‍സ് ലക്ഷ്യമിടുന്നു.

ഒരിന്ത്യ, ഒരു കാര്‍ഷിക വിപണി

മത്സരബാഹുല്യമുള്ളതിനാല്‍ കര്‍ഷകര്‍ക്കു ലാഭം  ഉറപ്പാക്കാനായി കാര്‍ഷിക ഉല്‍പ്പന്ന വിപണന സമിതിയുടെ (എപിഎംസി) കമ്പോളങ്ങള്‍ക്കു പുറമെ കൂടുതല്‍ കച്ചവട അവസരങ്ങള്‍ സൃഷ്ടിക്കലാണ് ഓര്‍ഡിനന്‍സ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ഇതു തീര്‍ച്ചയായും 'ഒരിന്ത്യ, ഒരു കാര്‍ഷിക വിപണി' എന്നതിന്റെ സൃഷ്ടിക്ക് വഴിതെളിക്കും. ഒപ്പം കഠിനാധ്വാനികളായ നമ്മുടെ കര്‍ഷകര്‍ക്ക് സുവര്‍ണ നേട്ടങ്ങള്‍ കൊയ്തെടുക്കുന്നത് ഉറപ്പാക്കാന്‍ അടിത്തറയൊരുക്കുകയും ചെയ്യും.

ഉല്‍പ്പാദകര്‍, സംഭരണക്കാര്‍, മൊത്തക്കച്ചവടക്കാര്‍, വന്‍കിട ചില്ലറവ്യാപാരികള്‍, കയറ്റുമതിക്കാര്‍ എന്നിവരുമായി കര്‍ഷകര്‍ക്ക് ഇടപെടാന്‍ അവസരം

'വിലസ്ഥിരത, കാര്‍ഷിക സേവനം എന്നിവ സംബന്ധിച്ച കാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാറിനുള്ള 2020 ലെ ഓര്‍ഡിനന്‍സി'ന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി.

പശ്ചാത്തലം
കാലാവസ്ഥ, ഉല്‍പ്പാദനത്തിലെ അനിശ്ചിതത്വം, വിപണിയിലെ  പ്രവചനാതീതമായ അവസ്ഥ തുടങ്ങി നിരവധി ബലഹീനതകളാണ് രാജ്യത്തെ കാര്‍ഷികമേഖലയ്ക്ക് ഉള്ളത്. പല സഥലങ്ങളിലായി ചിതറിക്കിടക്കുന്ന കൃഷിയും അതിന്റെ പൂര്‍ണതയില്ലായ്മയും കാര്‍ഷിക മേഖലയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. നിര്‍മ്മാണ, വിതരണ സംവിധാനങ്ങളുടെ കാര്യക്ഷമത കുറയ്ക്കാനം ഇത് ഇടയാക്കുന്നു.

നേട്ടങ്ങള്‍
ഉല്‍പ്പാദകര്‍, സംഭരണക്കാര്‍, വന്‍കിട ചില്ലറ വ്യാപാരികള്‍, കയറ്റുമതിക്കാര്‍്,ഭക്ഷ്യ സംസ്‌കരണ രംഗത്ത്് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരുമായി ചൂഷണഭയമില്ലാതെ ഇടപെടാന്‍ ഈ ഓര്‍ഡിനന്‍സ് കര്‍ഷകരെ പ്രാപ്തരാക്കും. ഇത് വിപണിയിലെ പ്രവചനാതീത അവസ്ഥയുടെ അപകടസാധ്യത കര്‍ഷകനില്‍ നിന്ന് പണം മുടക്കുന്നയാളിലേയ്ക്കു മാറ്റും. ആധുനിക സാങ്കേതികവിദ്യയും മികച്ച വിവരങ്ങള്‍ ലഭ്യമാകുന്നതും കര്‍ഷകനു സഹായകമാകുകയും ചെയ്യും. ഇത് വിപണനച്ചെലവ് കുറയ്ക്കുകയും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യും.

ആഗോള വിപണിയില്‍ ഇന്ത്യന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിതരണത്തിനായി വിതരണ ശൃംഖലകള്‍ സജ്ജമാക്കുന്നതിന് സ്വകാര്യമേഖലയിലെ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള പ്രേരകശക്തിയായി ഈ ഓര്‍ഡിനന്‍സ് പ്രവര്‍ത്തിക്കും. കര്‍ഷകര്‍ക്ക് സാങ്കേതികവിദ്യ ലഭ്യമാക്കുകയും കൃഷിക്കായുള്ള വിദഗ്ധ ഉപദേശങ്ങള്‍ ലഭിക്കുകയും ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ഒരുക്കുകയും ചെയ്യും.

കര്‍ഷകര്‍ക്ക് നേരിട്ടുള്ള വില്‍പ്പനയ്ക്കു സാധിക്കും. അതിലൂടെ ഇടനിലക്കാരെ ഒഴിവാക്കാനാകും. കൃത്യമായ വിലയും ലഭിക്കും. കര്‍ഷകര്‍ക്ക് മതിയായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. സമയബന്ധിതവും ഫലപ്രദവുമായ തര്‍ക്ക പരിഹാര സംവിധാനത്തിനും രൂപം നല്‍കിയിട്ടുണ്ട്.


കര്‍ഷകക്ഷേമത്തിനായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം

കാര്‍ഷിക - അനുബന്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഊര്‍ജ്ജം പകരുന്നതിന് ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായി നിരവധി കാര്യങ്ങളാണ് പ്രഖ്യാപിച്ചത്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളിലൂടെയുള്ള വായ്പ, കാര്‍ഷിക അടിസ്ഥാനസൗകര്യ പ്രോജക്ടുകള്‍ക്കുള്ള ധനസഹായം, പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന, മത്സ്യബന്ധനം ശക്തിപ്പെടുത്തുന്നതിനുള്ള മറ്റ് നടപടികള്‍, കുളമ്പ്- മോണ രോഗങ്ങള്‍ക്കും ബ്രൂസെല്ലോസിസിനും പ്രതിരോധ കുത്തിവയ്പ്പ്, ഔഷധകൃഷിക്കും തേനീച്ച വളര്‍ത്തലിനും പ്രോത്സാഹനം, ഓപ്പറേഷന്‍ ഗ്രീന്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

പ്രഎം കിസാന്‍ വഴി 9.54 കോടി കര്‍ഷക കുടുംബങ്ങള്‍ക്കാണ് പ്രയോജനം ലഭിച്ചത്. ലോക്ക്ഡൗണ്‍ കാലയളവില്‍ ഇതുവരെ 19,515 കോടി രൂപയാണ് വിതരണം ചെയ്തത്. പ്രധാനമന്ത്രി ഫസല്‍ ബിമ യോജനയുടെ കീഴില്‍, ലോക്ക്ഡൗണ്‍ കാലയളവില്‍ മൊത്തം നഷ്ടപരിഹാരമായി ആകെ 8090 കോടി രൂപയും നല്‍കി.

രാജ്യത്തെ കഠിനാധ്വാനികളായ കര്‍ഷകരുടെ ക്ഷേമത്തിനായി മുന്നിട്ടിറങ്ങാന്‍ എല്ലായ്പ്പോഴും പ്രതിബദ്ധത കാട്ടുന്ന ഗവണ്‍മെന്റ് സ്വീകരിച്ചവയില്‍ ഏറ്റവും പുതിയതു മാത്രമാണ് ഈ നടപടികള്‍.

***



(Release ID: 1629152) Visitor Counter : 268