വിദ്യാഭ്യാസ മന്ത്രാലയം

പ്രതിഭാധനരായ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍നിര്‍ദ്ദേശം നല്‍കുന്ന  ധ്രുവ് പദ്ധതിയ്ക്ക് തുടക്കം

Posted On: 10 OCT 2019 4:11PM by PIB Thiruvananthpuram

പ്രതിഭാധനരായ വിദ്യാര്‍ത്ഥികളെ കണ്ടെത്താനും താല്‍പര്യമുള്ള മേഖലയില്‍ അവര്‍ക്ക് മികവ് പ്രകടിപ്പിക്കാനാവശ്യമായ സഹായവും മാര്‍ഗനിര്‍ദ്ദേശവും നല്‍കുന്നതിനുമുള്ള പ്രധാനമന്ത്രി ഇന്നൊവേറ്റീവ് ലേണിംഗ് പ്രോഗ്രാം- 'ധ്രുവ്' പദ്ധതിയ്ക്ക് ഇന്ന് ബാംഗ്ലൂരിലെ ഐ.എസ്.ആര്‍.ഒ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി ശ്രീ. രമേഷ് പൊഖ്രിയാല്‍ തുടക്കമിട്ടു. വിദ്യാര്‍ത്ഥികള്‍ക്കും സര്‍വോപരി സമൂഹത്തിനും ഒരു വഴിത്തിരിവാകും ഈ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. 


ധ്രുവ് പദ്ധതിയില്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രാതിനിധ്യം നല്‍കിയിട്ടുണ്ടെന്നും ഇന്ത്യയെ ഉയരങ്ങളിലേക്ക് നയിക്കാന്‍ ഊര്‍ജ്ജസ്വലരായ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും ശ്രീ. രമേഷ് പൊഖ്രിയാല്‍ അഭിപ്രായപ്പെട്ടു. 


ജനങ്ങളുടെ പ്രയാസങ്ങള്‍ ദൂരീകരിക്കുന്നതിന് തങ്ങളുടേതായ സംഭാവനകള്‍ നല്‍കാന്‍ ധ്രുവ് പദ്ധതിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ പറഞ്ഞു. 


ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരി വിംഗ് കമ്മഡോര്‍ (റിട്ട)     രാകേഷ് ശര്‍മ്മ, അടല്‍ ഇന്നൊവേഷന്‍ മിഷന്‍ ഡയറക്ടര്‍ ശ്രീ. ആര്‍ രമണന്‍ എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായിരുന്നു.


ശാസ്ത്രം, അവതരണ കലകള്‍, സര്‍ഗാത്മക രചന തുടങ്ങി വിവിധ മേഖലകളിലെ പ്രതിഭാധനരായ വിദ്യാര്‍ത്ഥികള്‍ക്ക് താല്‍പര്യമുള്ള രംഗങ്ങളില്‍തങ്ങളുടെ അറിവും നൈപുണ്യവും വര്‍ദ്ധിപ്പിക്കുന്നതിന് വിവിധ മികവിന്റെ കേന്ദ്രങ്ങളില്‍ ഈ പദ്ധതിക്കു കീഴില്‍ മാര്‍ഗ നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കും. വിവിധ മേഖലകളിലെ വിദഗ്ധരായിരിക്കും വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക. ധ്രുവിന്റെ ആദ്യ ബാച്ചില്‍ 60 വിദ്യാര്‍ത്ഥികളാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 9 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണിവര്‍. വിവിധ ഗ്രൂപ്പുകളാക്കിയാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്.
AM / ND


(Release ID: 1587776) Visitor Counter : 109