ഉപരാഷ്ട്രപതിയുടെ കാര്യാലയം

വൈദ്യരത്‌നം പി.എസ്. വാരിയരുടെ 150-ാം ജന്മവാര്‍ഷികാഘോഷത്തില്‍ ആദരണീയനായ ഇന്ത്യന്‍ ഉപരാഷ്ട്രപതി നടത്തിയ പ്രസംഗം

Posted On: 24 SEP 2019 1:47PM by PIB Thiruvananthpuram

 

കേരളത്തില്‍ പ്രത്യേകിച്ച് കോട്ടയ്ക്കലില്‍ വീണ്ടും സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് എനിക്ക് അതിയായ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ (എ.വി.എസ്) എന്റെ സന്ദര്‍ശനം വളരെ പ്രധാനപ്പെട്ട അവസരത്തിലാണെന്നത് എനിക്ക് പ്രത്യേകിച്ച് അതീവ ആഹ്‌ളാദം പകരുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ ആയുര്‍വേദത്തില്‍ ഒരു നവോത്ഥാനം തന്നെ കൊണ്ടു വന്ന മഹാദാര്‍ശികനായിരുന്ന വൈദ്യരത്‌നം പി.എസ്. വാര്യരുടെ 150-ാം ജന്മവാര്‍ഷികം ഇന്ന് നാം ആഘോഷിക്കുകയാണ്.
നീണ്ടകാലത്തെ വൈദേശികാധിപത്യം രാജ്യത്തെ ഭൗതികമായും ആത്മീയമായും ദരിദ്രമാക്കിയെന്നത് നിങ്ങള്‍ക്കെല്ലാം അറിയാവുന്നതാണ്. എന്നാല്‍ നിരവധി ദേശീയ വീരപുരുഷന്മാരുടെ അദ്ധ്വാനം യഥാര്‍ത്ഥ ഇന്ത്യയുടെ എല്ലാ ഉജ്ജ്വലമായ പ്രതാപങ്ങളെയും വീണ്ടും കണ്ടെത്തുന്നതിലേക്ക് നയിച്ചു.
പാശ്ചാത്യ പൗരസ്ത്യ ജ്ഞാനത്തിന്റെ അമൂല്യനിധിയെ ചിട്ടയില്‍ ക്രമപ്പെടുത്തിയ ഇന്ത്യന്‍ നവോത്ഥാന നായകരുടെ വിഭാഗത്തിലാണ് ഞാന്‍ പി.സ്. വാര്യരെ പ്രതിഷ്ഠിക്കുന്നത്.
നമുക്കെല്ലാം അറിയാവുന്നതുപോലെ അദ്ദേഹത്തിന്റെ കര്‍മ്മമണ്ഡലം പ്രധാനമായും ഇന്ത്യയുടെ പരമ്പരാഗ ആരോഗ്യ സംരക്ഷണ ശാസ്ത്രമായ ആയുര്‍വേദത്തെ സംഘടിപ്പിക്കുകയും നവീകരിക്കുകയും സമകാലികമാക്കുകയുമായിരുന്നു. അദ്ദേഹത്തിന്റെ ദൗത്യത്തില്‍ മറ്റാരും ചെയ്യാത്തവിധം അദ്ദേഹം മികവുണ്ടാക്കിയെന്ന് ഉത്തമബോദ്ധ്യത്തോടെ ഇവിടെ ഞാന്‍ പറയുന്നു.
വൈദ്യരത്‌നം പി.എസ്. വാര്യര്‍ ഇന്ത്യന്‍ പാരമ്പര്യത്തിനെ തീവ്രമായി പിന്തുടര്‍ന്നിരുന്നെങ്കിലും വെറും ഭൂതകാലത്തെ ചികയുന്നതില്‍ മാത്രം സംതൃപ്തി കണ്ടെത്താതിരുന്ന അദ്ദേഹം തന്റെ വീക്ഷണത്തെ ഭാവിയിലേക്ക് ക്രമപ്പെടുത്തുകയായിരുന്നു.
അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടമായി ഞാന്‍ കരുതുന്നത്, പാരമ്പര്യ ശാസ്ത്രമായ ആയുര്‍വേദത്തില്‍ ആധുനിക അറിവുകളെ വളരെ സൂക്ഷ്മമായി സംയോജിപ്പിച്ചുവെന്നതാണ്. ആയുര്‍വേദത്തിന്റെ അടിസ്ഥാനഘടകങ്ങളിലൊന്നും ഒരു ഒത്തുതീര്‍പ്പിനും തയാറാകാതെയാണ് അദ്ദേഹം അത് ചെയ്തതും.
വിജയിയായ ഒരു സ്ഥാപന നിര്‍മ്മാതാവ് കൂടിയായിരുന്നു അദ്ദേഹം. 117 വര്‍ഷം പഴക്കമുള്ള ആര്യ വൈദ്യശാല, 100 വര്‍ഷം പഴക്കമുള്ള ആയുര്‍വേദകോളജ്, 87 വര്‍ഷം പഴക്കമുള്ള വിശ്വംബര ക്ഷേത്രം, 85 വര്‍ഷത്തെ പഴക്കമുള്ള ആര്യവൈദ്യശാലയുടെ ഔഷധ തോട്ടം, 80 വര്‍ഷത്തെ പഴക്കമുള്ള ഇവിടുത്തെ കഥകളി അക്കാദമി ഇവയെല്ലാം തന്നെ സ്ഥാപന നിര്‍മ്മാണ പ്രയത്‌നത്തിന്റെ ജീവിക്കുന്ന സ്മാരകങ്ങളാണ്.
ശേഷിയില്ലാത്തവര്‍ക്ക് താങ്ങാന്‍ കഴിയുന്നതും ഗുണനിലവാരമുള്ളതുമുള്ള ആരോഗ ്യ പരിരക്ഷ നല്‍കുക തന്റെ ദൗത്യമായി അദ്ദേഹം കരുതിയിരുന്നു. 95 വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം രൂപീകരിച്ച ചാരിറ്റബിള്‍ ആശുപത്രി അദ്ദേഹത്തിന്റെ മനുഷ്യസ്‌നേഹത്തിനെ സ്പര്‍ഷ്ടമായി സൂചിപ്പിക്കുന്ന സാക്ഷ്യപത്രമാണ്.
കഴിഞ്ഞ 66 വര്‍ഷമായി ഈ ചാരിറ്റബിള്‍ സ്ഥാപനത്തെ ഒരു മാനേജിംഗ് ട്രസ്റ്റി എന്ന നിലയില്‍ പരിപാലിക്കുകയും വിപുലപ്പെടുത്തുകയും ചെയ്ത 98 വയസുള്ള ഡോ: പി.കെ. വാര്യരെയും ഞാന്‍ പ്രശംസിക്കേണ്ടതുണ്ട്.
എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ,
ഇന്ത്യയ്ക്ക് ലോകത്തെിന്റെ സുഖചികിത്സയുടെ തലസ്ഥാനമായി മാറാനുള്ള കഴിവുണ്ടെന്ന് ഞാന്‍ ശക്തിയായി വിശ്വസിക്കുന്നു. ഇത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യ ഔഷധ സംവിധാനത്തിന്റെയും ചികിത്സാരീതികളുടെയും നാടാണ്, അത് ശാരീരിക ആരോഗ്യം മാത്രമല്ല, ആത്മീയ സൗഖ്യവും വര്‍ദ്ധിപ്പിക്കുന്നതുമാണ്.
ശ്രേഷ്ഠമായ സംസ്‌കൃത ഭാഷയിലും അതുപോലെ മറ്റ് നിരവധി ഇന്ത്യന്‍ ഭാഷകളിലൂം രചിച്ചിട്ടുള്ള നുറിലധികം ഉല്‍കൃഷ്ഠ പ്രബന്ധങ്ങളിലായി രേഖപ്പെടുത്തിയിട്ടുള്ള വളരെ മികച്ചഅറിവിന്റെ അടിത്തറയാണ് ആയുര്‍വേദത്തിലെ പ്രയോഗത്തിന്റെ അടിസ്ഥാനം.
ഇന്ത്യയിലെ വിശാലമായ ജനവിഭാഗത്തിന് കഴിഞ്ഞ നിരവധി നൂറ്റാണ്ടുകളായി പ്രാഥമികവും എന്തിന് ത്രീതിയവുമായ ആരോഗ്യപരിരക്ഷാ സേവനം നല്‍കിയതിന്റെ തടസമില്ലാത്ത ചരിത്രമാണ് അതിനുള്ളത്.
പുരാതന ഇന്ത്യയിലെ നിരവധി ഭരണാധികാരികളുടെ രക്ഷാകര്‍ത്തൃത്വം ആയുര്‍വേദത്തിന് ലഭിച്ചിട്ടുണ്ട്. മൗര്യ സാമ്രാജ്യമാണ് ആയുര്‍വേദത്തിന് ഒരു സ്ഥാപനാടിത്തറ നല്‍കിയത്. വാണിജ്യം വ്യാപാരം, കൃഷി എന്നിവയുടെ ആവശ്യകതയാണ് അത് തുടങ്ങി വച്ചതും.
വിദേശ ഭരണാധികാരികള്‍ പിന്തുണ നല്‍കാത്ത രാഷ്ട്രീയ പരിസ്ഥിതി സൃഷ്ടിച്ചെങ്കിലും ഇന്നും ആയുര്‍വേദം നിലനില്‍ക്കുകയും അഭിവൃദ്ധിപ്പെടുകയും ചെയ്യുന്നു. ഇന്ന് ദീര്‍ഘകാലത്തെ പരീക്ഷണാടിസ്ഥാനത്തില്‍ രോഗം ഭേദമാക്കുന്നതിനും സൗഖ്യം കൊണ്ടുവരുന്നതിനുമുള്ള ശേഷിയുണ്ടെന്ന് തെളിയിക്കപ്പെട്ട ആയുര്‍വേദത്തെ ആഗോളതലത്തില്‍ അപകടരഹിതമായ ആരോഗ്യപരിരക്ഷയായി അംഗീകരിച്ചുകഴിഞ്ഞു. ഇത് ഒരു ചികിത്സാ രീതി മാത്രമല്ല, ജീവിതത്തിന്റെ തത്വശാസ്ത്രം കൂടിയാണ്.
ഇത് മനുഷ്യനെ പ്രകൃതിയുടെ അവിഭാജ്യഭാഗമായി കാണുന്നു. സമഗ്രമായ ഒരു ജീവിതമാണ് ഇത് അര്‍ത്ഥമാക്കുന്നത്, അവിടെ മനുഷ്യര്‍ തങ്ങളോടും തങ്ങള്‍ക്ക് ചുറ്റുമുള്ള ലോകത്തിനൊപ്പവും സമരസപ്പെട്ടിരിക്കും.
ഇതിന്റെ ആരോഗ്യ സൗഖ്യ സമീപനം സവിശേഷമായ ഇന്ത്യന്‍ ജീവിത തത്വശാസ്ത്രത്തില്‍ ആഴത്തില്‍ വേരോടിയിട്ടുള്ളതാണ്. വേദങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള ദിവ്യവചനങ്ങളിലാണ് ആയുര്‍വേദത്തിന്റെ രോഗശാന്തി തത്വത്തിന്റെ സത്ത അടങ്ങിയിരിക്കുന്നത്.
ബൃഹദാര്യണകോപനിഷത്തിലെ ശാന്തിമന്ത്രം ഉദ്‌ബോധിപ്പിക്കുന്നു:-
'' സര്‍വം ഭവന്തു സുഖിനാത്ഃ
സര്‍വേ ശാന്തു നിരാമയ''
'' എല്ലാവരും സന്തോഷമായിരിക്കട്ടെ! എല്ലാവരും അസുഖങ്ങളില്‍ നിന്നും സ്വതന്ത്രരായിരിക്കട്ടെ!'' എന്നതാണ് ഇതിന്റെ അര്‍ത്ഥം.
നിരീക്ഷണം, അനുഭജ്ഞാനം, അവബോധജന്യമായ യുക്തി എന്നിവയിലധിഷ്ഠിതമായ കാര്യക്ഷമമായ ഒരു ആരോഗ്യ പരിരക്ഷാ ക്രമമായി ആയുര്‍വേദം ഇന്ന് ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്.
പരിണാമ സമയത്ത് കഴിഞ്ഞ നിരവധി നൂറ്റാണ്ടുകളില്‍ സമാന്തരധാരകളില്‍ നിന്നുള്ള ഗുണകരമായ അറിവുകളും ജ്ഞാനവും ആയുര്‍വേദം സ്വാംശീകരിച്ചിട്ടുണ്ട്. ഒരിക്കലും ഇതിന് മറ്റ് വൈവിദ്ധ്യ ശാസ്ത്രശാഖകളുമായി ബന്ധമില്ലാതിരുന്നിട്ടില്ല.
ഇതിന്റെ പ്രവര്‍ത്തനരീതിയെന്നത് വേദങ്ങളില്‍ പ്രഖ്യാപിച്ചിരിക്കുന്ന ''ആനോ ഭദ്ര കൃത്വാവോ യാന്തു വിശ്വവാതഃ''
'' എല്ലായിടത്തുനിന്നുമുള്ള ശ്രേഷ്ഠമായ ചിന്തകള്‍ കടന്നുവരട്ടെ'' എന്നതാണ് അര്‍ത്ഥം.
(ഋഗ്വേദം 1.89.1) രസകരമെന്തെന്നാല്‍ മറ്റു പല പൗരസ്ത്യ അറിവുകളെയും പോലെ ആയുര്‍വേദവും പ്രാദേശിക പാരമ്പര്യത്തിലൂടെയാണ് പരിണമിച്ച് വികസിച്ചത്, അത് അവയുടെ വൈവിദ്ധ്യങ്ങളില്‍ കൂട്ടിച്ചേരലുകള്‍ വരുത്തിയിിട്ടുമുണ്ട്.
ആശയങ്ങളുടെ അര്‍ത്ഥവത്തായ ഈ സ്വാംശീകരണത്തെ നാം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. ആഗോളതലത്തില്‍ എല്ലായിടത്തും ഔഷധ സസ്യങ്ങളും ചെടികളും ഉപയോഗിച്ചുള്ള ചികിത്സാരീതി നിലവിലുണ്ടായിരുന്നു. പ്രകൃതിയുടെ പരിഹാരമാര്‍ഗ്ഗങ്ങളില്‍ അധിഷ്ഠിതമായ രോഗശാന്തി പെരുമാറ്റചട്ടങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനായി നിരന്തരമായി രാജ്യങ്ങള്‍ തമ്മിലുള്ള ആശയവിനിമയം ഉണ്ടാകണം.
പ്രകൃതി രോഗശാന്തി പ്രക്രിയയെക്കുറിച്ച് രാജ്യങ്ങള്‍ തമ്മില്‍ നിരന്തരമുള്ള ചര്‍ച്ചകള്‍ പരിപോഷിപ്പിക്കണം, അങ്ങനെ വരുമ്പോള്‍ അറിവുകള്‍ സ്തംഭിക്കാതിരിക്കുകയും നിരന്തരമുള്ള നൂതനാശങ്ങള്‍ രൂപപ്പെടുകയും ചെയ്യും. എന്നാല്‍ ഓരോ പെരുമാറ്റചട്ടവും പ്രയോഗത്തിന്റേയും തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതു മായിരിക്കണം.
കാലങ്ങളായി നടത്തിയ പരീക്ഷണങ്ങളിലുടെയുണ്ടായ ശേഷിമൂലം ആയൂര്‍വേദത്തെ ഇന്ന് വലിയതോതില്‍ പ്രത്യേകിച്ച് സാംക്രമികേതര രോഗങ്ങള്‍, അസ്ഥി-പേശി രോഗങ്ങള്‍, മോശമായിക്കൊണ്ടിരിക്കുന്നതും ജീവിതശൈലിയുമായി ബന്ധപ്പെട്ടതുമായ രോഗങ്ങള്‍, ഗര്‍ഭത്തിന് ശേഷവും മുന്‍പുമുള്ള പരിരക്ഷ എന്നിവ കൈകാര്യം ചെയ്യുന്നതിന് യോജിച്ചതാണെന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
പ്രമേഹം, രക്താതിമര്‍ദ്ദം പോലുള്ള ജീവിതശൈലി രോഗങ്ങള്‍ വര്‍ദ്ധിക്കുന്ന വളരെ മോശമായ ഒരു പ്രവണതയ്ക്ക് ഇന്ന് ഇന്ത്യ സാക്ഷ്യം വഹിക്കുകയാണ്.
ഈ അസുഖങ്ങളെ ചികിത്സിക്കുന്നതില്‍ നിന്നും തടയുന്നതിലേയ്ക്കും പൊതുവായ സൗഖ്യത്തിലേക്കും നമ്മുടെ ശ്രദ്ധ മാറ്റേണ്ടത് അടിയന്തിര ആവശ്യമാണ്.
സുഖപ്പെടുത്തുന്നതിനുള്ള ആയുര്‍വേദ പരിഹാരമാര്‍ഗ്ഗങ്ങള്‍ക്കൊപ്പം യോഗയും മറ്റ് രീതിയിലുള്ള ശാരീരിക വ്യയായമങ്ങളും കൂട്ടിച്ചേര്‍ത്താല്‍ ജീവിതശൈലിയുമായി ബന്ധപ്പെട്ട ഈ രോഗങ്ങളെ തടയുന്നതിനും നിയന്ത്രിക്കുന്നതിനും നമുക്ക് വളരെയധികം മുന്നോട്ടുപേകാനാകും.
യാര്‍ത്ഥവസ്തുതയെന്തെന്നാല്‍ ചികിത്സയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ആയുര്‍വേദം പോലെയുള്ള പരമ്പരാഗത സംവിധാനങ്ങളെ ആധുനിക അലോപതിക് സംവിധാനവുമായി കൂട്ടിച്ചേര്‍ക്കുകയും സംയോജിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ആയുര്‍വേദം സ്വീകരിച്ചിട്ടുള്ള സമഗ്രവും സംയോജിതമായതുമായ സമീപനം വിട്ടുമാറാത്തതും ജീവിതലൈിയുമായി ബന്ധപ്പെട്ടതുമായ രോഗങ്ങളുടെയും ചികിത്സയില്‍ സുപ്രധാനമായ പങ്കുവഹിക്കാന്‍ കഴിയുന്നതാണ്.
ആധുനികകാലത്തെ അസുഖങ്ങളായ കാന്‍സര്‍, മോട്ടോര്‍ ന്യൂറോ രോഗങ്ങള്‍, ഓട്ടിസം എന്നിവയെ കൈകാര്യം ചെയ്യുന്നതിന് ആര്യ വൈദ്യശാല പോലെയുള്ള സ്ഥാപനങ്ങള്‍ പുതിയ ചികിത്സാരീതികള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതായി എനിക്ക് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
ഇക്കാര്യത്തില്‍ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുള്ള മുന്‍കൈകളെക്കുറിച്ചും ഞാന്‍ പ്രതിപാദിക്കാം. വിദ്യാഭ്യാസമോ, ഔഷധ നിര്‍മ്മാണമോ, വിപണനമോ, ക്ലിനിക്കല്‍ സ്ഥാപനങ്ങളോ, ഫാര്‍മകോ-വിജിലന്‍സോ, എന്തോ ആയിക്കോട്ടെ അവിടെയൊക്കെ ഗവണ്‍മെന്റിന്റെ ശക്തമായ നിയന്ത്രണങ്ങളുണ്ട്.
ഔഷധ നിര്‍മ്മാതാക്കള്‍ക്ക് ഡ്രഗ് ലൈസന്‍സിംഗ് അതോറിറ്റിയില്‍ നിന്നും ഗവണ്‍മെന്റ ലൈസന്‍സും മികച്ച ഉല്‍പ്പാദന രീതികള്‍ (ജി.എം.പി) ക്കുള്ള അംഗീകാരവും വേണം. ആശുപത്രികള്‍ക്ക് വേണ്ടിയുള്ള ദേശീയ അക്രഡിറ്റേഷന്‍ ബോര്‍ഡ്(എന്‍.എ. ബി.എച്ച്) തെരഞ്ഞെടുക്കാം. ആയുര്‍വേദ ഇന്ത്യന്‍ ഔഷധശാസ്ത്ര കമ്മിറ്റി (ഫാര്‍മകോപിയ കമ്മിറ്റി ഓഫ് ഇന്ത്യ) നിരവധി സാങ്കേതിക ഏകവിഷയ പ്രബന്ധങ്ങള്‍ കൊണ്ടുവന്നതായി എനിക്ക് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
പരമ്പരാഗത ഇന്ത്യന്‍ ചികിത്സാരീതിയെ പ്രോത്സാഹിപ്പിക്കുന്നതിന് ആത്മസമര്‍പ്പണം ചെയ്ത ആയുഷ് മന്ത്രാലയവും ആയുഷ് വകുപ്പും ഇവിടെയുണ്ട്. നിങ്ങള്‍ക്കൊക്കെ അറിയുന്നതുപോലെ രാജ്യത്താകമാനം ആയിരക്കണക്കിന് പൊതു സൗഖ്യകേന്ദ്രങ്ങള്‍ ആയുഷിന്റെ പങ്കാളിത്തത്തോടെ ആരംഭിച്ചിട്ടുണ്ട്, നിരവധി എണ്ണം രൂപീകരിച്ചുവരികയുമാണ്.
ഒരു പ്രായോഗിക ശാസ്ത്രം എന്ന നിലയില്‍ ആയുര്‍വേദ ക്രമവും ഗവേഷണങ്ങളിലൂടെ കുടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഈ പരമ്പരാരഗത ചികിത്സാ ക്രമത്തിന്റെ പ്രാചിന ജ്ഞാനം സമ്പൂര്‍ണ്ണമായി ഇതുവരെ ചൂഷണം ചെയ്യപ്പെട്ടിട്ടില്ല.
ചികിത്സയിലെ പ്രതികരണവുമായി ബന്ധപ്പെട്ട് വ്യക്തികള്‍ക്കിടയിലുണ്ടാകുന്ന വ്യത്യാസങ്ങളെക്കുറിച്ച് മനസിലാക്കുന്നതിന് തുണയായി പ്രവര്‍ത്തിക്കുന്ന ആയുര്‍വേദവും ജനിതകശാസ്ത്രവും തമ്മിലുള്ള അകലം കുറയ്ക്കുന്ന ശാസ്ത്രത്തിന്റെ പുതിയ പ്രവര്‍ത്തനവേദികളായ '' ആയുര്‍ ജനോമിക്‌സ്' പോലെയുള്ളവയും വരികയാണ്.
സസ്യങ്ങളുടെയും അവയുടെ ഗുണവിശേഷങ്ങളെയും കുറിച്ച് കൂടുതല്‍ പഠിക്കുന്നതിന് മോളിക്യുലാര്‍ ബയോളജിയിലേയും ഡി.എന്‍.എ പ്രൊഫൈലിംഗിലേയും ആധുനിക സാങ്കേതികവിദ്യങ്ങളെ നാം ഉപയോഗപ്രദമാക്കണം. പുതിയ അറിവുകള്‍ക്ക് വേണ്ടിയുള്ള പര്യവേഷണം നിരന്തരം നടന്നുകൊണ്ടിരിക്കണം.
നേടിയെടുക്കുന്ന അറിവുകള്‍ മുഴുവന്‍ അടുത്ത തലമുറയ്ക്ക് കൈമാറുന്നതിനായി ശ്രദ്ധപൂര്‍വ്വം രേഖപ്പെടുത്തണം.
ഇക്കാര്യത്തില്‍ ഗവണ്‍മെന്റിന്റെ പിന്തുണ ഇവിടെ പരാമര്‍ശിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സസും(സി.സി.ആര്‍.എ.എസ്) അതിന്റെ വിവിധ കേന്ദ്രങ്ങളും വിപുലമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ദേശീയ ഗവേഷണ സ്ഥാപനങ്ങളിലും ആയുര്‍വേദ സ്ഥാപനങ്ങളിലു ആയുര്‍വേദത്തിലെ അടിസ്ഥാന ഗവേഷണങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ട പിന്തുണ നല്‍കുന്നതിനായി അടുത്തിടെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴില്‍ ആയുര്‍വേദിക്ക് ബയോളജിയില്‍ ഒരു ടാസ്‌ക് ഫോഴ്‌സി (കര്‍മ്മസേന)ന് രൂപം നല്‍കിയിട്ടുണ്ട്.
വിദഗ്ധനിരൂപണം നടത്തുന്ന അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളായ നേച്ചര്‍, പ്ലോസ്-വണ്‍ എന്നിവയില്‍ പ്രകൃതി, രസായനം പോലുള്ള ആയുര്‍വേദ ആശയങ്ങള്‍ സംബന്ധിച്ച നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
പ്രകൃതി എന്നത് ഒരു സ്വാഭാവിക രോഗശാന്തിയാണ്. പ്രകൃതിയില്‍ കാണുന്ന നിരവധി സസ്യങ്ങള്‍ക്ക് എന്തെങ്കിലും ഔഷധമൂല്യങ്ങള്‍ ഉണ്ടായിരിക്കും. സസ്യസമ്പത്തിന്റെ അമൂല്യനിധി ശേഖരമാണ് ഇന്ത്യ. ഔഷധസസ്യങ്ങളുടെ പര്യവേഷണം, തിരിച്ചറിയല്‍, ശേഖരണം, പ്രാമാണീകരിക്കല്‍, പരിരക്ഷിക്കല്‍ എന്നിവയ്ക്ക് ആയുര്‍വേദ പഠനവും പ്രോത്സാഹനവുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാവരും മുന്തിയ പരിഗണന നല്‍കണം.
ഗവേഷണങ്ങള്‍ ഏറ്റെടുക്കുന്നതിന് ഐ.ഐ.ടി, ബാര്‍ക്ക് (ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍)ബി.എച്ച്. യു. പോലുള്ള ആധുനിക സ്ഥാപനങ്ങളുമായി ആര്യവൈദ്യശാല പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടതിനെ ഞാന്‍ അഭിനന്ദത്തോടെ ശ്രദ്ധിക്കുന്നു.
എല്ലാ ഗവേഷണങ്ങളും തെളിവിന്റെ അടിസ്ഥാനത്തില്‍ ചികിത്സാ പെരുമാറ്റചട്ടങ്ങള്‍ മെച്ചപ്പെടുത്തുന്നതിലേക്ക് നയിക്കുകയും ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഔഷധങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യണം. അങ്ങനെ സ്വാഭാവിക രോഗശാന്തിയുടെയും സൗഖ്യത്തിന്റേയൂം ലോകത്തിലെ അഭിവൃദ്ധിപ്പെടുന്ന കേന്ദ്രമായി ഇന്ത്യയ്ക്ക് മാറാം.
അവസാനിപ്പിക്കുന്നതിന് മുമ്പ് ഞാന്‍ വൈദ്യരത്‌നം പി.എസ്. വാര്യര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.
പി.എസ്. വാര്യര്‍ അസാധാരണമായ ഒരു വ്യക്തിത്വമായിരുന്നു, സവിശേഷമായ രോഗശാന്തി നല്‍കാന്‍ കഴിയുന്ന കാര്യക്ഷമതയുള്ള ഒരു ഭിഷഗ്വരനായിരുന്നു ഏറ്റവും മികച്ച അക്കാദമിഷ്യനും വിദ്യാഭ്യാസവിചക്ഷണനുമായിരുന്നു, ഉദാരമതിയായ ഒരു സംരംഭകനായിരുന്നു, ഒരു മനുഷ്യസ്‌നേഹിയായിരുന്നു, പണ്ഡിതനായിരുന്നു, സുകുമാരകലകളുടെ പ്രചാരകനായിരുന്നു, സര്‍വോപരി ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പ്രതിനിധിയായിരുന്നു.
ശ്രേഷ്ഠനായ പി.എസ.് വാര്യരുടെ 150-ാമത് ജന്മവാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ആര്യ വൈദ്യശാല വരുംമാസങ്ങളില്‍ അക്കാദമിക, സാമൂഹിക, പൊതു പരിപാടികളുടെ ശൃംഖല ആരംഭിക്കാനിരക്കുമ്പോള്‍ ആര്യവൈദ്യശാലയ്ക്കും അതിന്റെ മാനേജ്‌മെന്റ് ടീമിനും ഡോ: പി.കെ. വാര്യരുടെ നേതൃത്വത്തിലും മാര്‍ഗ്ഗനിര്‍ദ്ദേശത്തിലും പ്രവര്‍ത്തിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും വരും വര്‍ഷങ്ങളില്‍ വളരെ ഉജ്ജ്വലമായ ഒരു ഭാവി ഞാന്‍ നേരുന്നു.
ആധികാരികമായ ആയുര്‍വേദത്തിന്റെ ഒരു പര്യായമായി ആര്യവൈദ്യശാല നിലകൊള്ളുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

നിങ്ങള്‍ക്ക് നന്ദി!
ജയ് ഹിന്ദ്!



(Release ID: 1586053) Visitor Counter : 124


Read this release in: English , Urdu , Hindi