തൊഴില്‍, ഉദ്യോഗ മന്ത്രാലയം

കച്ചവടക്കാര്‍ക്കും സ്വയം തൊഴില്‍ നേടിയവര്‍ക്കുമുള്ള ദേശീയ പെന്‍ഷന്‍ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Posted On: 12 SEP 2019 2:43PM by PIB Thiruvananthpuram


വാര്‍ഷിക വിറ്റുവരവ് ഒന്നരക്കോടി രൂപയ്ക്ക് താഴെയുള്ള ചെറുകിട വ്യാപാരികള്‍, കച്ചവടക്കാര്‍, സ്വയം തൊഴില്‍ നേടിയവര്‍ എന്നിവര്‍ക്കായുള്ള ദേശീയ പെന്‍ഷന്‍ പദ്ധതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഇന്ന് ഉദ്ഘാടനം ചെയ്തു. ഏകദേശം മൂന്ന് കോടി പേര്‍ക്ക് പെന്‍ഷന്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കും. രാജ്യത്തുടനീളമുള്ള മൂന്നരലക്ഷം പൊതുസേവന കേന്ദ്രങ്ങള്‍ (സി.എസ്.സികള്‍) മുഖേനയാണ് ഈ പദ്ധതിയില്‍ പേര് ചേര്‍ക്കേണ്ടത്. www.maandhan.in/vyapariഎന്ന പോര്‍ട്ടല്‍ വഴി സ്വന്തമായും അംഗത്വം നേടാം. ആധാര്‍ കാര്‍ഡ്, ജന്‍ ധന്‍ അക്കൗണ്ട് പാസ് ബുക്ക് എന്നിവ ഉണ്ടായിരിക്കണം. 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേ പ്രായമുള്ളവര്‍ക്കാണ് പദ്ധതിയില്‍ അംഗത്വത്തിന് അര്‍ഹത. 40 ലക്ഷം രൂപയിലധികം വിറ്റുവരവുള്ളവര്‍ക്ക് മാത്രം ജി.എസ്.ടി തിരിച്ചറിയല്‍ നമ്പര്‍ ആവശ്യമാണ്. ഗുണഭോക്താക്കളെ പദ്ധതിയില്‍ പേര് ചേര്‍ക്കുന്നത് സൗജന്യമായിട്ടാണ്. സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പേര് ചേര്‍ക്കല്‍.
60 വയസ്സാകുന്ന മുറയ്ക്ക് പ്രതിമാസം മൂവായിരം രൂപ കുറഞ്ഞ പെന്‍ഷന്‍ ലഭിക്കും. ഗുണഭോക്താവ് ആദായ നികുതിദായകനോ, ഇപിഎഫ്ഒ/ഇഎസ്‌ഐസി/ദേശീയ പെന്‍ഷന്‍ പദ്ധതി (ഗവണ്‍മെന്റ്), പ്രധാനമന്ത്രി ശ്രം യോഗി മാന്‍ ധന്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ അംഗമാകാനോ പാടില്ല. പ്രതിമാസ വിഹിതത്തിന്റെ 50 ശതമാനം കേന്ദ്ര ഗവണ്‍മെന്റും, ബാക്കി 50 ശതമാനം ഗുണഭോക്താവും വഹിക്കണം. 29 വയസ് പ്രായമുള്ള ഒരാള്‍ക്ക് നൂറ് രൂപയോളം മാത്രമേ പ്രതിമാസ വിഹിതം വരികയുള്ളൂ.
കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ നൂറ് ദിന പദ്ധതി പ്രകാരം 2019-20 -ല്‍ 25 ലക്ഷം ഗുണഭോക്താക്കളേയും, 2023- 24 ഓടെ രണ്ട് കോടി ഗുണഭോക്താക്കളേയും പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്താനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
NDMRD


(Release ID: 1584958)
Read this release in: English , Urdu , Hindi , Bengali