പ്രധാനമന്ത്രിയുടെ ഓഫീസ്‌

'ഊര്‍ജ്ജമാണ് സാമൂഹിക-സാമ്പത്തിക വളര്‍ച്ചയെ പ്രധാനമായും നിയന്ത്രിക്കുന്നത്': പെട്രോടെക്ക് 2019 ല്‍ പ്രധാനമന്ത്രി

നോയിഡയില്‍ നടന്ന പെട്രോടെക്ക് 2019ല്‍ പ്രധാനമന്ത്രി
നടത്തിയ ഉദ്ഘാടനപ്രസംഗം

Posted On: 11 FEB 2019 12:04PM by PIB Thiruvananthpuram

നമസ്‌തെ,

തുടക്കത്തില്‍ തന്നെ പ്രായോഗികമായ കാര്യങ്ങള്‍ മൂലം ഞാന്‍ ഇവിടെ എത്താന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.
നിങ്ങളെയെല്ലാം പെട്രോടെക്ക്-2019, ഇന്ത്യയുടെ സുപ്രധാന ഹൈഡ്രോ കാര്‍ബണ്‍ സമ്മേളനത്തിന്റെ 13-ാം പതിപ്പിലേക്ക് സന്തോഷപൂര്‍വ്വം ഞാന്‍ സ്വാഗതം ചെയ്യുന്നു.

ഊര്‍ജ്ജമേഖലയ്ക്കും ഭാവിയുടെ വീക്ഷണത്തിനും നല്‍കിയ സംഭാവനയുടെ പേരില്‍ ആദരണീയനായ ഡോ: സുല്‍ത്താന്‍ അല്‍-ജാബറിനെ ഞാന്‍ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുകയാണ്.

ഊര്‍ജ്ജമേഖലയില്‍ നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ ചര്‍ച്ചചെയ്യുന്നതിനുള്ള വേദിയായി കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി  പെട്രോടെക് പ്രവര്‍ത്തിച്ചുവരികയാണ്.

നമ്മുടെ ഓരോ രാജ്യവും തങ്ങളുടെ പൗരന്മാര്‍ക്ക് താങ്ങാവുന്നതും കാര്യശേഷിയുളളതും ശുദ്ധമായതും ഉറപ്പായതുമായ ഊര്‍ജ്ജം വിതരണം ചെയ്യാനുള്ള അന്വേഷണത്തിലാണ്.
ആറുപതിലേറെ രാജ്യങ്ങളും ഏഴായിരം പ്രതിനിധികളും ഇവിടെ സന്നിഹിതരായിരിക്കുന്നത് തന്നെ ആ പൊതു അന്വേഷണത്തിന്റെ പ്രതിഫലനമാണ്.

ഊര്‍ജ്ജമാണ് സാമൂഹിക-സാമ്പത്തിക വികസനത്തിന്റെ സാരഥി നിയന്ത്രാവ് എന്നത് നിരവധി വര്‍ഷത്തെ പൊതുപ്രവര്‍ത്തനത്തില്‍ എനിക്ക് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. ന്യായമായ വിലയുള്ള സ്ഥിരവും സുസ്ഥിരവുമായ ഊര്‍ജ്ജ വിതരണം സമ്പദ്ഘടനയുടെ അതിവേഗത്തിലുള്ള വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. ഇത് സമൂഹത്തിലെ പാവപ്പെട്ടവരേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളേയും സാമ്പത്തിക നേട്ടത്തിന്റെ പങ്കാളികളാകുന്നതിന് സഹായിക്കുന്നു.

സൂക്ഷ്മതലത്തില്‍ ഊര്‍ജ്ജമേഖലയാണ് സമ്പദ്ഘടനയെ പ്രധാനമായും പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര ബിന്ദു.

സുഹൃത്തുക്കളെ,
വര്‍ത്തമാന-ഭാവികാലത്തെ ആഗോള ഊര്‍ജ്ജത്തെക്കുറിച്ച് ചര്‍ച്ചചെയ്യാനായി നാം ഇവിടെ ഒത്തുചേര്‍ന്നിരിക്കുമ്പോള്‍, ആഗോള ഊര്‍ജ്ജ മേഖലയില്‍ മാറ്റത്തിന്റെ കാറ്റ് പ്രകടമാണ്.
ഊര്‍ജ്ജ വിതരണം, ഊര്‍ജ്ജ സ്രോതസ്, ഊര്‍ജ്ജ ഉപഭോഗക്രമമൊക്കെ മാറുകയാണ്, മിക്കവാറും ഇത് ചരിത്രപരമായ ഒരു പരിണാമമായിരിക്കും.
കിഴക്കുമുതല്‍ പടിഞ്ഞാറുവരെ ഊര്‍ജ്ജ ഉപഭോഗത്തില്‍ ഒരു വ്യതിയാനമുണ്ട്.

ഷെയില്‍ വിപ്ലവത്തിന് ശേഷം അമേരിക്കന്‍ ഐക്യനാടുകള്‍ ലോകത്തെ ഏറ്റവും വലിയ എണ്ണയുടെയൂം വാതകത്തിന്റെയും ഉല്‍പ്പാദകരായി മാറി.
സൗരോര്‍ജ്ജവും മറ്റ് പുനരുപയോഗ ഊര്‍ജ്ജ ഉറവിടങ്ങളും വളരെയധികം മത്സരസ്വരൂപങ്ങളായി. പാരമ്പര്യ ഊര്‍ജ്ജരൂപങ്ങളുടെ സുസ്ഥിര പകരക്കാരായി അവ ഉയര്‍ന്നുവരികയാണ്.
ആഗോള ഊര്‍ജ്ജ മിശ്രിതത്തില്‍(എനര്‍ജി മിക്‌സ്) പ്രകൃതിവാതകം ഏറ്റവും വലിയ ഇന്ധനമായി മാറിക്കൊണ്ടിരിക്കുകയാണ്.
വിലകുറഞ്ഞ പുനരുപയോഗ ഊര്‍ജ്ജ, സാങ്കേതികവിദ്യ, ഡിജിറ്റല്‍ പ്രയോഗം എന്നിവയെല്ലാം ഒന്നിക്കുന്നതിന്റെ സൂചനകള്‍ കാണുന്നുണ്ട്. ഇത് നിരവധി സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നത് വേഗത്തിലാക്കിയേക്കും.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ എല്ലാ രാജ്യങ്ങളും ഒന്നിച്ചുവരികയാണ്. ഇന്ത്യയും ഫ്രാന്‍സും പ്രോത്സാഹിപ്പിക്കുന്ന അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മ പോലുള്ള ആഗോള പങ്കാളിത്തങ്ങളില്‍ ഇത് പ്രകടമാണ്.
വലിയ ഊര്‍ജ്ജ ലഭ്യതയുടെ ഒരു കാലത്തേക്കാണ് നാം കടക്കുന്നത്.
എന്നാല്‍ ഭൂഗോളത്തിന്റെ വിവിധഭാഗങ്ങളിലുള്ള ശതകോടി കണക്കിന് ജനങ്ങള്‍ക്ക് ഇപ്പോഴും വൈദ്യുതി ലഭിച്ചിട്ടില്ല. അതിനെക്കാള്‍ കൂടുതല്‍ പേര്‍ക്ക് ശുദ്ധമായ പാചക ഇന്ധനം കിട്ടിയിട്ടില്ല.
ഊര്‍ജ്ജ ലഭ്യതയുടെ ഈ പ്രശ്‌നം അഭിസംബോധനചെയ്യുന്നതിന് ഇന്ത്യ മുന്‍കൈയെടുത്തിട്ടുണ്ട്. നമ്മുടെ വിജയത്തോടെ, ലോകത്തെ ഊര്‍ജ്ജ പ്രശ്‌നങ്ങളും ശരിയായ രീതിയില്‍ അഭിസംബോധനചെയ്യാന്‍ കഴിയുമെന്നതില്‍ എനിക്ക് പ്രതീക്ഷയുണ്ട്.
ശുദ്ധമായതും താങ്ങാനാകുന്നതും സുസ്ഥിരവും സന്തുലിതവുമായ ഊര്‍ജ്ജ വിതരണ ലഭ്യത ജനങ്ങള്‍ക്ക് സാര്‍വത്രികമായുണ്ടാകണം.
ഊര്‍ജ്ജ നീതിയിലധിഷ്ഠിതമായ ഒരു കാലഘട്ടത്തില്‍ ഇന്ത്യയുടെ സംഭാവനകള്‍ സവിശേഷമാണ്.
നിലവില്‍ ഇന്ത്യയാണ് ലോകത്ത് അതിവേഗം വളരുന്ന വലിയ സമ്പദ്ഘടന.  ഐ.എം.എഫ്, ലോകബാങ്ക് പോലുള്ള പ്രധാനപ്പെട്ട ഏജന്‍സികള്‍ വരും വര്‍ഷങ്ങളിലും ഇത് തുടരുമെന്ന് പ്രവചിച്ചിട്ടുണ്ട്.
അസ്ഥിരമായ ഒരു ആഗോള സാമ്പത്തിക പരിസ്ഥിതിയില്‍ ആഗോള സമ്പദ്ഘടനയ്ക്ക് സ്ഥിരതനല്‍കുന്നവര്‍ എന്ന  നിലയ്ക്ക്  മന്ദഗതിയില്‍ നിന്നും പൂര്‍വസ്ഥിതി പ്രാപിക്കാനുളള മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയത്.
ഇന്ത്യ അടുത്തിടെ ലോകത്തെ ആറാമത്തെ ഏറ്റവും വലിയ സമ്പദ്ഘടനയായി മാറി. അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം 2030 ഓടെ ഇന്ത്യയ്ക്ക് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്ഘടനയാകാന്‍ കഴിയും.

ഡിമാന്റിന്റെ കാര്യത്തില്‍ പ്രതിവര്‍ഷം അഞ്ചു ശതമാനത്തിലേറെ വളര്‍ച്ചയോടെ ലോകത്തെ മൂന്നാമത്തെ വലിയ ഊര്‍ജ്ജ ഉപഭോക്താക്കളാണ് ഇന്ത്യ.
2040 ഓടെ ഇന്ത്യയിലെ ഊര്‍ജ്ജാവശ്യം ഇരട്ടിക്കുന്നതോടെ ഇന്ത്യ ഊര്‍ജ്ജകമ്പനികള്‍ക്ക് വളരെ ആകര്‍ഷകമായ ഒരു വിപണിയായി തുടരും.
ഊര്‍ജ്ജാസൂത്രണത്തില്‍ നാം ഒരു സംയോജിത സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. 2016 ഡിസംബറില്‍ നടന്ന കഴിഞ്ഞ പെട്രോടെക്ക് കോണ്‍ഫറന്‍സില്‍ ഇന്ത്യയുടെ ഊര്‍ജ്ജ സ്തംഭങ്ങളായ നാലു തൂണുകളെക്കുറിച്ച് ഞാന്‍ സൂചിപ്പിച്ചിരുന്നു. ഊര്‍ജ്ജ ലഭ്യത, ഊജ്ജ കാര്യക്ഷമത, ഊര്‍ജ്ജ സുസ്ഥിരത, ഊര്‍ജ്ജ സുരക്ഷ എന്നിവയാണത്.

സുഹൃത്തുക്കളെ,
ഊര്‍ജ്ജ നീതി എന്നത് എനിക്ക് ഒരു പ്രധാനപ്പെട്ട ലക്ഷ്യമാണ്, ഇന്ത്യ മുന്തിയ മുന്‍ഗണന നല്‍കുന്നതുമാണ്. ഈ ലക്ഷ്യത്തിനായി ഞങ്ങള്‍ നിരവധി പദ്ധതികള്‍ വികസിപ്പിക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രയത്‌നങ്ങളുടെ ഫലം ഇപ്പോള്‍ പ്രകടമാണ്.

വൈദ്യുതി നമ്മുടെ എല്ലാ ഗ്രാമങ്ങളിലും എത്തിക്കഴിഞ്ഞു.
സൗഭാഗ്യ എന്ന ലക്ഷ്യപദ്ധതിയോടെ ഈ വര്‍ഷം ഇന്ത്യയിലെ 100% കുടുംബങ്ങളിലും വൈദ്യുതീകരണം നേടിയെടുക്കാനാണ് നാം ലക്ഷ്യമാക്കുന്നത്.
ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം നാം പ്രസരണ-വിതരണ നഷ്ടം കുറയ്ക്കാനും ലക്ഷ്യമാക്കുന്നുണ്ട്. നമ്മുടെ ഉദയ് പദ്ധതിയുടെ കീഴില്‍ നാം ഈ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുകയാണ്.

വൈദ്യുതി ലഭ്യത സുഗമമാക്കുന്നതുമായി ബന്ധപ്പെട്ട ലോകബാങ്കിന്റെ റാങ്കിംഗില്‍ ഇന്ത്യയുടെ സ്ഥാനം 2014ലെ 111ല്‍ നിന്ന് 2018ല്‍ 29 ല്‍ എത്തിച്ചു.

രാജ്യത്ത് അങ്ങോളമിങ്ങോളം എല്‍.ഇ.ഡി ബള്‍ബ് ഉജ്ജ്വല പദ്ധതിയിലൂടെ വിതരണം ചെയ്തത് പ്രതിവര്‍ഷം 7000 കോടി രൂപ, അല്ലെങ്കില്‍ 2.5 ബില്യണ്‍ ഡോളര്‍ ലാഭിക്കാനായിട്ടുണ്ട്.

ശുദ്ധമായ പാചക വാതക ഇന്ധനത്തിന്റെ ലഭ്യതയിലൂടെ നല്ല ഗുണങ്ങള്‍ നേടാനാകും, പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും പുക മലീനികരണത്തിലേക്ക് തള്ളുന്നതിലുള്ള അപകടം കുറയ്ക്കും.
ഉജ്ജ്വല പദ്ധതിയുടെ ഭാഗമായി 64 മില്യണ്‍ അല്ലെങ്കില്‍ 6.4 കോടി കുടുംബങ്ങള്‍ക്ക് മൂന്നുവര്‍ഷത്തിനുള്ളില്‍ എല്‍.പി.ജി കണക്ഷനുകള്‍ നല്‍കാനായി. ഒരു 'നീലജ്വാല വിപ്ലവം' ഇവിടെ അരങ്ങേറുകയാണ്.  അഞ്ചുവര്‍ഷത്തെ 55%ല്‍ നിന്നും എല്‍.പി.ജി വ്യാപനം ഇന്ന് 90 ശതമാനത്തിലധികം എത്തിയിട്ടുണ്ട്.

ശുദ്ധമായ ഗതാഗതം വര്‍ദ്ധിച്ചുവരികയാണ്.  നാം ബി.എസ്. നാലില്‍ നിന്നും ബി.എസ്. ആറിലേക്ക് 2020 ഓടെ നേരിട്ട് ചാടുകയാണ്. ഇത് യൂറോ ആറ് നിലവാരത്തിന് തുല്യമാണ്.

നൂറുശതമാനം വൈദ്യുതീകരണം, വര്‍ദ്ധിച്ച എല്‍.പി.ജി വ്യാപനം എന്നിവയൊക്കെ ജനങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ സാദ്ധ്യമാകുകയുള്ളു. ജനങ്ങള്‍ തങ്ങളുടെ സംയോജിത ശക്തിയില്‍ വിശ്വസിക്കുമ്പോള്‍ മാത്രമേ ഊര്‍ജ്ജ നീതി സാധ്യമാകൂ. ആ വിശ്വാസത്തെ യഥാര്‍ത്ഥ്യമാക്കി മാറ്റുന്ന ഒരു സഹായി മാത്രമാണ് ഗവണ്‍മെന്റ്.

ഇന്ത്യയുടെ എണ്ണ-വാതക മേഖലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം വലിയ പരിഷ്‌ക്കാരങ്ങളാണ് കണ്ടത്. നമ്മുടെ മുന്നോട്ടുള്ള നയങ്ങളും നിയന്ത്രണങ്ങളും ഞങ്ങള്‍ പുനരാവിഷ്‌ക്കരിച്ചു. ഈ മേഖലയില്‍ സുതാര്യതയും മത്സരവും വര്‍ദ്ധിപ്പിക്കുന്നതിനായി നാം ഹൈഡ്രോ കാര്‍ബണ്‍ പര്യവേഷണവും ലൈസന്‍സിംഗ് നയവും ആരംഭിച്ചു.

വരുമാനം പങ്കുവയ്ക്കല്‍ എന്ന രീതിയില്‍ ലേല വ്യവ്‌സഥ മാറ്റി. ഗവണ്‍മെന്റിന്റെ ഇടപെടല്‍ കുറയ്ക്കുന്നതിന് ഇത് സഹായിച്ചു. ഓപ്പണ്‍ ഏക്കറേജ് ലൈസന്‍സിംഗ് നയവും നാഷണല്‍ ഡാറ്റാ റെപോസിറ്ററിയും ഇന്ത്യയിലെ എണ്ണപ്പാടങ്ങളില്‍ പര്യവേഷണ താല്‍പര്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

വാതകവില പരിഷ്‌ക്കണവും നടപ്പാക്കിയിട്ടുണ്ട്. ദി എന്‍ഹാന്‍സ്ഡ് ഓയില്‍ റിക്കവറി നയം മുകളിലുള്ള മേഖലകളിലെ ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്നിതനായി ഏറ്റവും പുതിയ സാങ്കേതിക നയം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ്.

നമ്മുടെ താഴേത്തട്ടിലുള്ള മേഖലകളെ പൂര്‍ണ്ണമായും സ്വതന്ത്രമാക്കി. വിപണി നിയന്ത്രിത പെട്രോള്‍-ഡീസല്‍ വില നിര്‍ണ്ണയം അന്താരാഷ്ട്ര തലത്തിലെ ക്രൂഡ് ഓയിലിന്റെ വിലയിലുള്ള മാറ്റങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണ്. ലോകത്തെ നാലാമത്തെ വലിയ റിഫൈനിംഗ് ശേഷിയുള്ള രാജ്യമാണ് ഇന്ത്യ. 2030 ഓടെ ഇത് വീണ്ടും വളര്‍ന്ന് 200 മെട്രിക് ടണ്ണിലെത്തും.
കഴിഞ്ഞവര്‍ഷം ഒരു ദേശീയ ജൈവഇന്ധന നയം രൂപീകരിച്ചിരുന്നു. രണ്ട്-മൂന്ന് തലമുറ ജൈവ ഇന്ധനങ്ങളിലുള്ള ഗവേഷണം പ്രോത്സാഹിപ്പിക്കുന്നു. പതിനൊന്ന് സംസ്ഥാനങ്ങളിലായി 12 രണ്ടാംതലമുറ ജൈവറിഫൈനറികള്‍ ആരംഭിച്ചു. എത്തനോള്‍ ചേര്‍ക്കുന്നതും ജൈവഡീസല്‍ പരിപാടിയും കാര്‍ബണ്‍ വികിരണം കുറയ്ക്കുകയും കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുകയും ചെയ്യും. നമ്മുടെ വ്യോമയാന മേഖലയില്‍ ജൈവ വ്യോമ ഇന്ധനം ഇതിനകം തന്നെ പരീക്ഷിച്ചുകഴിഞ്ഞു.
നമ്മുടെ ഗവണ്‍മെന്റ് എണ്ണ -വാതക മൂല്യശൃഒംഖലയില്‍ സമ്പൂര്‍ണ്ണമായി സ്വകാര്യ പങ്കാളിത്തത്തിനെ  പ്രോത്സാഹിപ്പിക്കുകയാണ്. നേരിട്ടുള്ള വിദേശനിക്ഷേപത്തിന് ഏറ്റവും ആകര്‍ഷകമായ കേന്ദ്രമായി ഇന്ത്യ മാറിക്കഴിഞ്ഞു. സൗദി ആംകോ, അഡ്‌നോക്, ടോട്ടല്‍, എക്‌സോണ്‍-മൊബില്‍, ബി.പിയും ഷെല്ലും പോലുള്ള കമ്പനികള്‍ ഈ മൂല്യശൃംഖലയില്‍ അങ്ങോളമിങ്ങോളം അവരുടെ നിക്ഷേപം വര്‍ദ്ധിപ്പിക്കാനായി നോക്കുകയാണ്.
വാതകാധിഷ്ഠിത സമ്പദ്ഘടനയിലേക്ക് ഇന്ത്യ അതിവേഗ ചുവടുകള്‍ വയ്ക്കുകയാണ്. 16,000 കിലോമീറ്റര്‍ വാതക പൈപ്പ്‌ലൈന്‍ നിര്‍മ്മിച്ചുകഴിഞ്ഞു, മറ്റൊരു പതിനൊന്നയിരം കിലോമീറ്റര്‍ നിര്‍മ്മാണത്തിലുമാണ്.
കിഴക്കന്‍ ഇന്ത്യയില്‍ 3,300 കിലോമീറ്റര്‍ വാതകപൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നത് ആരംഭിച്ചുകഴിഞ്ഞു. ഇത് വടക്ക് കിഴക്കന്‍ ഇന്ത്യയെ ദേശീയ വാതക ഗ്രിഡുമായി ബന്ധിപ്പിക്കും.
നഗര ഗ്യാസ് വിതരണത്തിന്റെ പത്താമത്തെ ലേലം ഒരു മാസത്തിനിടയില്‍ പൂര്‍ത്തിയാകും. ഇത് നാന്നൂറിലധികം ജില്ലകളെ ഉള്‍പ്പെടുത്തും. ഇത് നമ്മുടെ 70% ജനസംഖ്യയേയും നഗരവാതക വിതരണ പരിധിയില്‍ കൊണ്ടുവരും.
നാം 4-ാം തലമുറ വ്യവസായത്തിനായി സജ്ജരാവുകയാണ്. പുതിയ സാങ്കേതികവിദ്യകളും, പ്രക്രിയകളുമൊപ്പം ഇത് നമ്മുടെ വ്യവസായത്തിന്റെ പ്രവര്‍ത്തനം തന്നെ മാറ്റും. കാര്യക്ഷമത, സുരക്ഷ എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമായി നമ്മുടെ കമ്പനികള്‍ ഏറ്റുവം അത്യന്താധുനിക സാങ്കേതികവിദ്യകള്‍ സ്വീകരിക്കുകയാണ്. താഴേത്തട്ടിലുള്ള ചില്ലറ വിപണത്തിലും മുകള്‍ത്തട്ടിലുള്ള എണ്ണ-വാതക ഉല്‍പ്പാദനത്തിലും ആസ്തി പരിപാലനത്തിനും വിദൂര നിരീക്ഷണം എന്നിവയ്ക്കായി ഇത് ചെയ്യുന്നുണ്ട്.

അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി, ഒപ്പെക്ക് എന്നിവപോലുള്ള അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധം അടുത്തകാലത്ത് നാം കൂടുതല്‍ ആഴത്തിലാക്കി. 2016-1018 വരെ നാം അന്താരാഷ്ട്ര ഊര്‍ജ്ജ ഫോറത്തിന്റെ ചെയര്‍മാനായിരുന്നു. പരമ്പരാഗതമായ വാങ്ങല്‍-വില്‍ക്കല്‍ ബന്ധത്തെ ഉഭയകക്ഷി നിക്ഷേപങ്ങളിലൂടെ തന്ത്രപരമായ പങ്കാളിത്തമാക്കി മാറ്റാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാന്‍, മ്യാന്‍മര്‍ എന്നീ അയല്‍രാജ്യങ്ങളുമായുള്ള ഊര്‍ജ്ജ ബന്ധങ്ങളിലൂടെ ഞങ്ങള്‍ 'അയല്‍പക്കക്കാര്‍ ആദ്യം' നയം പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഞാന്‍ നിരന്തരമായി എണ്ണ-വാതക മേഖലകളിലെ സി.ഇ.ഒമാരുമായി ബന്ധപ്പെടാറുണ്ട്. ലോക നേതാക്കളും സി.ഇ.ഒമാരുമായി ചര്‍ച്ചകള്‍ നടത്തുമ്പോള്‍ എണ്ണയും വാതകവും വില്‍പ്പനയ്ക്ക് മാത്രമുള്ള ഒരു വസ്തുവല്ലെന്നും അനിവാര്യതയാണെന്നുമുള്ള നിലപാട് എപ്പോഴും ഞാന്‍ പരിപാലിക്കുകയും ചെയ്തിട്ടുണ്ട്. സാധാരണക്കാരന്റെ അടുക്കളയിലായാലും ഒരു വിമാനത്തിലായാലും ഊര്‍ജ്ജം എന്നത് അനിവാര്യതയാണ്.

വളരെക്കാലമായി ക്രൂഡിന്റെ വില മാറിമറിഞ്ഞുവരികയാണ്. നമുക്ക് ഉല്‍പ്പാദകന്റേയും ഉപഭോക്താവിന്റെയും താല്‍പര്യങ്ങള്‍ സന്തുലിതമാക്കുന്ന തരത്തിലുള്ള ഉത്തരവാദിത്വ വിലയിലേക്ക് പോകേണ്ടതുണ്ട്. അതുപോലെ എണ്ണയ്ക്കും വാതകത്തിനും സുതാര്യവും അയവുള്ളതുമായ ഒരു വിപണിയിലേക്കും നമുക്ക് നീങ്ങേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നല്ലരീതിയില്‍ നമുക്ക് മനുഷ്യരുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിര്‍വഹിക്കാനാകൂ.

ലോകം ഒന്നിച്ചുവരേണ്ട മറ്റൊരു വിഷയമാണ് കാലാവസ്ഥാ വ്യതിയാനം. നാം ഒന്നിച്ച് പാരീസിലെ സി.ഒ.പി-21ല്‍ നിര്‍ണ്ണയിച്ച ലക്ഷ്യം നമുക്ക് ഒന്നിച്ച് നേടിയെടുക്കാം. ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ ഇന്ത്യ വലിയ കായ്‌വയ്പ്പുകള്‍ നടത്തിയിട്ടുണ്ട്. ലക്ഷ്യത്തിലെത്താനുള്ള വഴിയിലാണ് ഞങ്ങള്‍.

ഊര്‍ജ്ജ മേഖലയുടെ ഭാവിയെക്കുറിച്ച് ആലോചിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ ഘടനയാണ് പെട്രോടെക്ക്. ആഗോളതലത്തിലെ വ്യതിചലനങ്ങള്‍, പരിവര്‍ത്തനങ്ങള്‍, നയങ്ങള്‍, പുതിയ സാങ്കേതികവിദ്യകള്‍ എന്നിവയെല്ലാം ഈ മേഖലയുടെ വിപണിയുടെ സ്ഥിരതയേയും ഭാവി നിക്ഷേപത്തിലുമെല്ലാം എങ്ങനെ പ്രതിഫലിക്കുന്നുവെന്നതിന്റെ ഏറ്റവും മികച്ച വേദിയാണിത്.
നിങ്ങള്‍ക്കെല്ലാം വിജയാശംസകളും ഫലപ്രദമായ ഒരു സമ്മേളനവും നേരുന്നു.
നിങ്ങള്‍ക്ക് നന്ദി.  
RS/ ND  MRD - 104



(Release ID: 1564022) Visitor Counter : 151