മന്ത്രിസഭ

എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂലധന ഘടന പുതുക്കുന്നതിനു മന്ത്രിസഭ അനുമതി നല്‍കി

Posted On: 16 JAN 2019 3:59PM by PIB Thiruvananthpuram

എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂലധന ഘടന പുതുക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.
വിശദാംശങ്ങള്‍:
1. എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യ(എക്‌സിം ബാങ്ക്)യുടെ മൂലധനം വര്‍ധിപ്പിക്കുന്നതിനായി കേന്ദ്ര ഗവണ്‍മെന്റ് ആറായിരം കോടി രൂപയുടെ റീക്യാപിറ്റലൈസേഷന്‍ ബോണ്ടുകള്‍ പുറത്തിറക്കും.
2. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 4,500 കോടി രൂപയും 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 1,500 കോടി രൂപയുമായി രണ്ടു ഗഡുക്കളായാണ് ഓഹരിത്തുക ലഭ്യമാക്കുക.
3. എക്‌സിം ബാങ്കിന്റെ അംഗീകൃത മൂലധനം 10,000  കോടി രൂപയില്‍നിന്ന് 20,000 കോടി രൂപയായി ഉയര്‍ത്തുന്നതിനു മന്ത്രിസഭ അംഗീകാരം നല്‍കി. പൊതുമേഖലാ ബാങ്കുകളുടേതിനു സമാനമായിരിക്കും റീക്യാപിറ്റലൈസേഷന്‍ ബോണ്ടുകളുടെ വ്യവസ്ഥകള്‍.
പ്രധാന നേട്ടങ്ങള്‍:
ഇന്ത്യയുടെ പ്രധാന കയറ്റുമതി വായ്പാ ഏജന്‍സിയാണ് എക്‌സിം ബാങ്ക്.
മൂലധനം ലഭിക്കുക വഴി എക്‌സിം ബാങ്കിനു കൂടുതല്‍ പണം ലഭിക്കുകയും അതുവഴി കയറ്റുമതിയെ കൂടുതല്‍ പിന്‍തുണയ്ക്കാന്‍ സാധിക്കുകയും ചെയ്യും.
പണം ലഭ്യമാക്കുന്നത് ഇന്ത്യന്‍ വസ്ത്രനിര്‍മാണ വ്യവസായത്തെ പിന്‍തുണയ്ക്കല്‍, ഇളവുകളോടെയുള്ള സാമ്പത്തിക സഹായ പദ്ധതി(സി.എഫ്.എസ്.)യില്‍ മാറ്റങ്ങള്‍ വരുത്തല്‍, ഇന്ത്യയുടെ സജീവമായ വിദേശനയവും തന്ത്രപരമായ ലക്ഷ്യവും നിമിത്തം ഭാവിയില്‍ പുതിയ നിയന്ത്രണ രേഖകള്‍ സൃഷ്ടിക്കപ്പെടല്‍ തുടങ്ങിയ പുതിയ മുന്നേറ്റങ്ങളെ സംബന്ധിച്ച പ്രതീക്ഷകള്‍ക്ക് ഊര്‍ജം പകരും.
പശ്ചാത്തലം:
ഇന്ത്യയുടെ രാജ്യാന്തര വ്യാപാരം പ്രോല്‍സാഹിപ്പിക്കുന്നതിനും ആവശ്യമായ പണം ലഭ്യമാക്കുന്നതിനും സൗകര്യമൊരുക്കുന്നതിനും ഉദ്ദേശിച്ച് പാര്‍ലമെന്റ് നിയമപ്രകാരം 1982ല്‍ സ്ഥാപിതമായ ഉന്നത ധനകാര്യ സ്ഥാപനമാണ് എക്‌സിം ബാങ്ക് ഓഫ് ഇന്ത്യ (എക്‌സിം ബാങ്ക്). വിദേശ ഉപഭോക്താക്കള്‍ക്കും ഇന്ത്യന്‍ വിതരണക്കാര്‍ക്കും വികസന, അടിസ്ഥാന സൗകര്യ പദ്ധതികളുടെ കയറ്റുമതി എന്നിവ ഉള്‍പ്പെടെയുള്ള കയറ്റുമതികള്‍ക്ക് വായ്പ അനുവദിക്കുകയാണു പ്രഥമ ദൗത്യം. ആര്‍.ബി.ഐയുടെ നിയന്ത്രണത്തിലാണു സ്ഥാപനം.
NS/AKA   MRD - 46
***

 



(Release ID: 1560756) Visitor Counter : 157