ഭൗമശാസ്ത്ര മന്ത്രാലയം

2018 ഓഗസ്റ്റില്‍ കേരളത്തില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു

Posted On: 03 SEP 2018 12:09PM by PIB Thiruvananthpuram

 

കേരളത്തില്‍ 2018 ഓഗസ്റ്റില്‍ കനത്ത മഴയുണ്ടാകുമെന്നത് സംബന്ധിച്ച ആവശ്യമായ എല്ലാ മുന്നറിയിപ്പുകളും കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐ.എം.ഡി.) അതിന്റെ തിരുവനന്തപുരം ഓഫീസ് വകുപ്പ് വഴി നല്‍കിയിരുന്നുവെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം വ്യക്തമാക്കി. സ്ഥിരം സമ്പ്രദായ പ്രകാരം എല്ലാ ദിവസവും മുന്നറിയിപ്പുകള്‍ പ്രാദേശിക വെബ്‌സൈറ്റായ www.imdtvm.gov.in ല്‍ അപ്‌ലോഡ് ചെയ്യുകയാണ് പതിവ്. ജില്ല തിരിച്ചുള്ള മഴയുടെ സാധ്യതയും, ഏറ്റവും പുതിയ മുന്നറിയിപ്പുകളും ദിവസം മൂന്ന് തവണ ഇതില്‍ അപ്‌ലോഡ് ചെയ്യാറുണ്ട്. കൂടാതെ ഡോപ്ലര്‍ കാലാവസ്ഥ വിവരങ്ങള്‍ അടുത്ത് മൂന്ന് മണിക്കൂര്‍ സമയം വരെയുള്ള കാലാവസ്ഥാ മുന്നറിയിപ്പുകളായ നൗകാസ്റ്റുകള്‍ എസ്.എം.എസ്. മുഖേന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, സ്റ്റേറ്റ് എമര്‍ജെന്‍സി ഓപ്പറേഷന്‍ സെന്റര്‍, ജില്ലാ കളക്ടര്‍മാര്‍ മുതലായവരെ അറിയിച്ചിരുന്നു. ഓരോ അഞ്ച് ദിവസത്തേയ്ക്കും തുടര്‍ന്നുള്ള അഞ്ച് ദിവസത്തേയ്ക്കുമുള്ള കനത്ത മഴ, കാറ്റ് എന്നിവയെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി (റവന്യൂ & ദുരന്ത നിവാരണം),  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, നാവിക സേന, അച്ചടി ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ മുതലയവര്‍ക്ക് ഇ-മെയില്‍ മുഖാന്തിരം അയയ്ക്കാറുമുണ്ട്. 

ഓഗസ്റ്റ് 09 ന് മുഖ്യമന്ത്രി വിളിച്ച് കൂട്ടിയ സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തില്‍ രൂക്ഷമായ മണ്‍സൂണ്‍ സാഹചര്യത്തെയും കനത്ത മഴയ്ക്കുള്ള സാധ്യതയെയും ധരിപ്പിച്ചിരുന്നു. കൂടാതെ എല്ലാ അവസരങ്ങളില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ (റവന്യൂ & ദുരന്ത നിവാരണം) ഫോണിലൂടെയും ബന്ധപ്പെട്ട് നേരിട്ട് അറിയിച്ചിരുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറിയെ ഓഗസ്റ്റ് 10 നും, തിരുവനന്തപുരം, കൊല്ലം ജില്ലാ കളക്ടര്‍മാരെ ഓഗസ്റ്റ് 14 നും ധരിപ്പിച്ചിരുന്നു. ഇവയെല്ലാം ഈ കാലയളവില്‍ മാധ്യമങ്ങള്‍ക്കും നല്‍കിയിരുന്നു.

ഡല്‍ഹിയില്‍ നിന്നും രണ്ട് ആഴ്ച മുന്‍കൂറായി നല്‍കിയ മുന്നറിയിപ്പുകള്‍ 

2018 ആഗസ്റ്റ് 08 ന് പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ ഓഗസ്റ്റ് 09 മുതല്‍ 15 വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഏറ്റവും തെക്കന്‍ ഭാഗത്ത് സാധാരണയില്‍ നിന്ന് ഉപരിയായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് 09ന് പുറപ്പെടുവിച്ച പത്രക്കുറിപ്പിലും ഇതേ പ്രസ്താവന ആവര്‍ത്തിക്കുകയും കേരളത്തില്‍ ഓഗസ്റ്റ് 13 മുതല്‍ സംസ്ഥാനത്ത് വ്യാപകമായി മഴയുണ്ടാകുമെന്നും, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. ഈ പത്രക്കുറിപ്പുകള്‍ എല്ലാം ബന്ധപ്പെട്ട എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും ഇ-മെയില്‍ ആയി അയയ്ക്കുകയും ഐ.എം.ഡി. വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

തിരുവനന്തപുരത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച അഞ്ച് ദിവസം മുന്‍കൂറായുള്ള ഹ്രസ്വ, ഇടത്തരം മുന്നറിയിപ്പുകള്‍
    ഓഗസ്റ്റ് 08 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഓറഞ്ച് അലര്‍ട്ടുകള്‍ 06-ാം തീയതിയും ഓഗസ്റ്റ് 09 ന് പ്രാബല്യത്തില്‍ വരുന്ന റെഡ് അലര്‍ട്ടുകളും പുറപ്പെടുവിച്ചിരുന്നു. കൂടാതെ കനത്ത മഴയ്ക്കുള്ള സാധ്യത സൂചിപ്പിച്ച് കൊണ്ട് ഓഗസ്റ്റ് 10 മുതല്‍ 14 വരെ ചില സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കും (7 മുതല്‍ 11 സെന്റീമീറ്റര്‍ വരെ 24 മണിക്കൂറില്‍), അതീവ കനത്ത മഴയ്ക്ക് (12 മുതല്‍ 20 സെന്റീമീറ്റര്‍ വരെ 24 മണിക്കൂറില്‍) സാധ്യതയുണ്ടെന്നും, വയനാടിന് റെഡ് അലര്‍ട്ടും, ഇടുക്കി, ആലപ്പുഴ ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ടും നല്‍കിക്കൊണ്ട് ഓഗസ്റ്റ് 10 ന് പത്രക്കുറിപ്പ് നല്‍കിയിരുന്നു. ഓഗസ്റ്റ് 11 ന് കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് ഓഗസ്റ്റ് 15 വരെ നീട്ടിക്കൊണ്ടും ഇടുക്കി, വയനാട് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട് നല്‍കിക്കൊണ്ടും പത്രക്കുറിപ്പ് ഇറക്കിയിരുന്നു. 

    ഇടുക്കിയില്‍ ഓഗസ്റ്റ് 14 മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധം ഓഗസ്റ്റ് 12 ന് റെഡ് അലര്‍ട്ട് നല്‍കിയിരുന്നു. ഓഗസ്റ്റ് 14 ന് വീണ്ടും മിക്ക ജില്ലകള്‍ക്കും റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച് കൊണ്ട് 15 വരെ അതീവ കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പും നല്‍കിയിരുന്നു.

    ഓഗസ്റ്റ് 15-ാം തീയതി അങ്ങയറ്റം കനത്ത മഴയ്ക്കുള്ള (24 മണിക്കൂറില്‍ 20 സെന്റീമീറ്ററിലധികം) സാധ്യതയുണ്ടെന്നും എല്ലാ ജില്ലകള്‍ക്കും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് പത്രക്കുറിപ്പ് ഇറക്കിയിരുന്നു. 17-ാം തീയതി 7 ജില്ലകള്‍ക്ക് റെഡ് അലര്‍ട്ടും, 7 ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു.

    ഏറ്റവും ഉയര്‍ന്ന തോതിലുള്ള കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്നമുന്നറിയിപ്പാണ് റെഡ് അലര്‍ട്ട്. ഇതിന് മുകളില്‍ നിലവില്‍ അപായ സൂചനകള്‍ ഒന്നുമില്ല. 

    കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഡല്‍ഹി ഓഫീസ് പുറപ്പെടുവിച്ച കാലാവസ്ഥ മുന്നറിയിപ്പുകളിലും കേരളത്തിനുള്ള മുന്നറിയിപ്പുകല്‍ ഓറഞ്ച്, ചുവപ്പ് നിറങ്ങളില്‍ രേഖപ്പെടുത്തിയിരുന്നു. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ടവര്‍ക്ക് മുന്‍കൂട്ടി അറിവ് നല്‍കുന്നതിനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിനും രണ്ട് - മൂന്ന് ദിവസം മുമ്പ് തന്നെ ഈ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു.
ND/MRD



(Release ID: 1544833) Visitor Counter : 180


Read this release in: English , Urdu