ആഭ്യന്തരകാര്യ മന്ത്രാലയം

കേരളത്തില്‍ രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു; ഭക്ഷ്യവസ്തുക്കള്‍, മരുന്ന് എന്നിവയുടെ വിതരണത്തിനും അവശ്യസേവനങ്ങളുടെ പുനസ്ഥാപനത്തിനും ശദ്ധകേന്ദ്രീകരിക്കാന്‍ കേന്ദ്ര മന്ത്രാലയങ്ങള്‍ക്ക്  നിര്‍ദ്ദേശം

Posted On: 19 AUG 2018 7:15PM by PIB Thiruvananthpuram

കേരളത്തിന് വേണ്ട ഭക്ഷ്യവസ്തുക്കള്‍, മരുന്ന് എന്നിവയുടെ അടിയന്തിര വിതരണത്തിനുള്ള സംവിധാനം ഒരുക്കുന്നതിനും അവശ്യസേവനങ്ങളായ വൈദ്യുതി, ഇന്ധനം, ടെലകോം, ഗതാഗത ബന്ധങ്ങള്‍ മുതലായവ പുനഃസ്ഥാപിക്കുന്നതിനുമായിരിക്കണം ഇനി ശ്രദ്ധകേന്ദ്രീകരിക്കേണ്ടതെന്ന് ഇന്ന് 
 ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി (എന്‍.സി.എം.സി)യുടെ അവലോകനയോഗത്തില്‍ കാബിനറ്റ് സെക്രട്ടറി ശ്രി. പി.കെ. സിന്‍ഹ നിര്‍ദ്ദേശിച്ചു. പ്രതിരോധ സേനകള്‍, എന്‍.ഡി.ആര്‍.എഫ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, മറ്റ് കേന്ദ്ര മന്ത്രാലയങ്ങള്‍, കേരള ഗവണ്‍മെന്റ് എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നാലുദിവസത്തിനിടയില്‍ നാലാമത്തെ പ്രാവശ്യമാണ് എന്‍.സി.എം.സിയുടെ യോഗം ചേര്‍ന്നത്.

രക്ഷാ- ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പൂര്‍ണ്ണ തോതില്‍ തുടരുകയാണ്.   ഇന്ത്യന്‍ നാവിക-വ്യോമ-കരസേനകള്‍, എന്‍.ഡി.ആര്‍.എഫ്, കേന്ദ്ര സായുധ പോലീസ് സേനകള്‍  ,  എന്നിവയുടെ ആയിരക്കണക്കിന് അംഗങ്ങളാണ് ഡസന്‍കണക്കിന് ഹെലികോപ്റ്ററുകള്‍, വിമാനങ്ങള്‍, നൂറുക്കണക്കിന് യന്ത്രബോട്ടുകള്‍, എന്നിവയുടെ സഹായത്തോടെ കേരളത്തിലെ രക്ഷാ, ദുരിതാശ്വാസ, ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സ്ഥിതി സാധാരണഗതിയിലാകുന്നതുവരെ ഈ പ്രവര്‍ത്തനങ്ങള്‍ തുടരും.

പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് ഇതിനകം അവര്‍ 38,000 ത്തിലധികം പേരെ  രക്ഷിക്കുകയോ, ഒഴിപ്പിക്കുകയോ ചെയ്തുകഴിഞ്ഞു. 23,000 ലധികം പേര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്. ഭക്ഷ്യസംസ്‌ക്കരണ മന്ത്രാലയം 3,00,000 ലധികം ഭക്ഷ്യപാക്കറ്റുകള്‍ വിതരണം ചെയ്തുകഴിഞ്ഞു.
തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ നിന്നും കൊല്‍ക്കത്തയിലേക്ക്  രണ്ടു പ്രത്യേക ട്രെയിനുകള്‍ നാളെ റെയില്‍വേ ഓടിക്കും. തിങ്കളാഴ്ച വൈകിട്ടോടെ എല്ലാ റെയില്‍വേ ലൈനുകളും പുനഃസ്ഥാപിച്ച് ട്രെയിന്‍ സര്‍വീസുകള്‍ സാധാരണഗതിയിലാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. 14,00,000 ലിറ്റര്‍ വെള്ളവുമായി ഒരു പ്രത്യേക ട്രെയിനും 8,00,000 ലിറ്റര്‍ വെള്ളവുമായി നാവികസേനയുടെ ഒരു കപ്പലും നാളെ കേരളത്തില്‍ എത്തും.
തിങ്കളാഴ്ച (ഓഗസ്റ്റ് 20) മുതല്‍ കൊച്ചി നേവല്‍ ബേസില്‍ നിന്നും സാധാരണ വിമാന സര്‍വീസുകള്‍ ആരംഭിക്കും. ഇതിന് വേണ്ട എല്ലാ നടപടികളും കൈകൊണ്ടിട്ടുണ്ട്..
കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം അടിയന്തിര ആവശ്യങ്ങള്‍ നേരിടുന്നതിന്  പൊതുവിതരണത്തിനായി 50,000 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ (അരിയും ഗോതമ്പും) ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ അളവില്‍ ധാന്യങ്ങള്‍ ലഭ്യമാക്കുന്നത് പരിഗണനയിലുമാണ്. ഉപഭോക്തൃകാര്യവകുപ്പ് 100 മെട്രിക് ടണ്‍ പയര്‍വര്‍ഗ്ഗങ്ങള്‍ വിമാനമാര്‍ഗ്ഗം നാളെ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ ആവശ്യമായവ ട്രെയിന്‍ മാര്‍ഗ്ഗം എത്തിക്കും.
പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം കേരളത്തിനായി 9,300 കിലോലിറ്റര്‍ മണ്ണെണ്ണ ലഭ്യമാക്കിയിട്ടുണ്ട്. 12,000 കിലോലിറ്റര്‍ മണ്ണെണ്ണ കൂടി അനുവദിക്കും. കൊച്ചിയിലെ പാചകവാതക ബോട്ടിലിംഗ് പ്ലാന്റ് തുറന്നുകഴിഞ്ഞു.
അടിയന്തിരമായി വേണ്ട 60 ടണ്‍ മരുന്നുകള്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തിങ്കളാഴ്ച വിമാനമാര്‍ഗ്ഗം എത്തിക്കും. എട്ട് പ്രത്യേക മെഡിക്കല്‍ ടീമിനെ സഹായത്തിനായി നിശ്ചയിച്ചിട്ടുണ്ട്.
സംസ്ഥാന ഗവണ്‍മെന്റിന്റെ അടിയന്തിര ആവശ്യങ്ങള്‍ക്കായി റെയില്‍വേ കമ്പിളികളും ബെഡ്ഷീറ്റുകളും ലഭ്യമാക്കും. ദുരിതാശ്വാസ സാമഗ്രികള്‍ സൗജന്യമായി എത്തിക്കാമെന്ന് എയര്‍ ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ നീര്‍ദ്ദേശപ്രകാരമാണ് എന്‍.സി.എം.സിയുടെ യോഗങ്ങള്‍ ആരംഭിച്ചത്. നാളെ വീണ്ടും സ്ഥിതിഗതികള്‍ അവലോകനം ചെയ്യും. ആഭ്യന്തരം, ആരോഗ്യം, വ്യോമയാനം, ഭക്ഷ്യസംസ്‌ക്കരണം, വൈദ്യുതി എന്നീ മന്ത്രാലയങ്ങളുടെ കേന്ദ്ര സെക്രട്ടറിമാര്‍, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍, കര-നാവിക-വ്യോമ സേനകള്‍, എന്‍.ഡി.ആര്‍.എഫ്, തീരദേശ സംരക്ഷണസേന, ദേശീയ ദുരന്തപരിപാലന അതോറിറ്റി (എന്‍.ഡി.എം.എ) എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കേരളത്തിന്റെ ചീഫ് സെക്രട്ടറി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ യോഗത്തില്‍ സംബന്ധിച്ച്. സ്ഥിതി സാവധാനം മെച്ചപ്പെടുന്നതായി അദ്ദേഹം അറിയിച്ചു. കേരളത്തില്‍ നാളെ മുതല്‍ മഴകുറയുമെന്ന് കേന്ദ്ര കാലാവസ്ഥ നീരീക്ഷണകേന്ദ്രം പ്രവചിച്ചിട്ടുണ്ട്. 



(Release ID: 1543365) Visitor Counter : 95


Read this release in: English , Marathi