പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ജക്കാര്‍ത്തയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു

Posted On: 30 MAY 2018 2:24PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ഇന്ത്യന്‍ സമൂഹത്തെ ഇന്ന് അഭിസംബോധന ചെയ്തു. ഇന്ത്യയും, ഇന്തോനേഷ്യയും തമ്മിലുള്ള പ്രത്യേക ബന്ധത്തെ പരാമര്‍ശിച്ച അദ്ദേഹം ഇക്കൊല്ലം ന്യൂ ഡല്‍ഹിയിലെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളില്‍ ഇന്തോനേഷ്യ ഉള്‍പ്പെടെ 10 ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ സന്നിഹിതരായതിനെ അനുസ്മരിച്ചു. 1950 ല്‍ ന്യൂഡല്‍ഹിയിലെ റിപ്പബ്ലിക് ദിനപരേഡില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് മുഖ്യാതിഥിയായിരുന്നത് യാദൃശ്ചികമല്ലെന്ന് ശ്രീ. നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.
ഇന്തോനേഷ്യയിലെ ഇന്ത്യാക്കാര്‍ ഇന്തോനേഷ്യയുടെ അഭിമാനമുള്ള പൗരന്മാരാണെങ്കിലും അവര്‍ ഇന്ത്യയിലെ തങ്ങളുടെ വേരുകളുമായി എപ്പോഴും ബന്ധപ്പെട്ടിരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സമാനതകളില്ലാത്ത പരിവര്‍ത്തനത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നേരിട്ടുള്ള വിദേശ നിക്ഷേപം, ഇന്ത്യന്‍ സമ്പദ്ഘടന തുറന്ന് കൊടുക്കല്‍, ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കല്‍, ഇന്ത്യന്‍ സമ്പദ്ഘടനയുടെ മത്സരക്ഷമത എന്നീ വിഷയങ്ങളും പ്രധാനമന്ത്രി പരാമര്‍ശിച്ചു.

രണ്ട് രാജ്യങ്ങളും തങ്ങളുടെ ജനാധിപത്യ ധര്‍മ്മ ചിന്തയിലും, വൈവിധ്യത്തിലും അഭിമാനം കൊള്ളുന്നു. ബാലി- ജാത്ര, പാചകവിദ്യയിലെയും, ഭാഷകളിലെയും സമാനതകള്‍ തുടങ്ങിയവ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉറ്റ സാംസ്‌കാരിക ബന്ധത്തിന്റെ തെളിവായി അദ്ദേഹം എടുത്തുപറഞ്ഞു. രാമായണത്തിലും, മഹാഭാരതത്തിലും നിന്നുള്ള ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പട്ടങ്ങളുടെ പ്രദര്‍ശനം താനും, പ്രസിഡന്റ് വിദോദോയും ചേര്‍ന്ന് സംയുക്തമായി ഉദ്ഘാടനം ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ സംഭവ വികാസങ്ങളെ കുറിച്ച് പറയവെ അഴിമതിരഹിതവും, വികസന സൗഹൃദവുമായ സംവിധാനങ്ങളാണ് കേന്ദ്ര ഗവണ്‍മെന്റ് സൃഷ്ടിച്ചു വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'ബിസിനസ്സ് നടത്തിപ്പ് സുഗമമാക്കലിനും'  ഉപരിയായി ഇപ്പോഴത്തെ ഊന്നല്‍ 'ജീവിതം സുഗമമാക്കലിനാണെന്ന്' പ്രധാനമന്ത്രി പറഞ്ഞു. ഗവണ്‍മെന്റിന്റെ പ്രക്രിയകള്‍ സുതാര്യവും, സംവേദനക്ഷമവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട നിരവധി മേഖലകളില്‍ ഉണ്ടായ നാടകീയ സംഭവ വികാസങ്ങള്‍ അദ്ദേഹം വിവരിച്ചു. ഇന്ത്യയുടെ ഊര്‍ജ്ജസ്വലമായ സ്റ്റാര്‍ട്ട്അപ്പ് സംവിധാനത്തെ കുറിച്ചും, അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തെയും കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.

ആവശ്യക്കാര്‍ക്ക് സഹായം എത്തിക്കുന്നതില്‍ ഇന്ത്യയ്ക്കും, ഇന്തോനേഷ്യയ്ക്കും ഒരുപോലെ സംവേദനക്ഷമമായ കാഴ്ചപ്പാടാണ് ഉള്ളതെന്ന് പ്രധാനമന്ത്രി ഊന്നി പറഞ്ഞു. ആളുകളുടെ പാസ്സ്‌പോര്‍ട്ടിന്റെ നിറം നോക്കിയല്ല മറിച്ച് സഹായം ആവശ്യമുള്ള എല്ലാ സഹജീവികളെയും സഹായിക്കുകയാണ് ഇന്ത്യയുടെ നയമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയ്ക്കും, ഇന്തോനേഷ്യയ്ക്കും പേരിലുള്ള പ്രാസത്തിനുപരി തങ്ങളുടെ സംസ്‌കാരം പാരമ്പര്യം, ജനാധിപത്യ മൂല്യങ്ങള്‍ മുതലായവയിലും പൊതുവായൊരു താളമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ നടക്കുന്ന മാറ്റങ്ങള്‍ക്ക് നേരിട്ട് സാക്ഷിയാകാന്‍ പ്രധാനമന്ത്രി ഇന്തോനേഷ്യയിലെ ഇന്ത്യാക്കാരെ ക്ഷണിച്ചു.
ND   MRD – 435
***

 



(Release ID: 1533985) Visitor Counter : 63


Read this release in: English , Marathi , Assamese