Print
XClose
Press Information Bureau
Government of India
ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
30 MAR 2020 5:29PM by PIB Thiruvananthpuram
കോവിഡ് 19: മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് കേന്ദ്രആരോഗ്യമന്ത്രാലയം  മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി 


കോവിഡ് ബാധിച്ച് മരിക്കുന്ന ആളിന്റെ ശരീരത്തില്‍ നിന്ന്  രോഗവ്യാപനത്തിന് സാധ്യത കൂടുതലായതിനാല്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് കേന്ദ്രആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. കോവിഡ് സ്ഥിരീകരിക്കാത്ത രോഗിയാണെങ്കിലും കൊറോണ വൈറസ് ബാധിതനാണെന്ന് സംശയമുണ്ടെങ്കില്‍ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്. ആരോഗ്യപ്രവര്‍ത്തകര്‍, രോഗിയുടെ ബന്ധുക്കള്‍, ശ്മശാനം ജീവനക്കാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ എന്നിവരെ ഉദ്ദേശിച്ചാണ് ഈ നിര്‍ദേശങ്ങള്‍. മൃതദേഹം അണുവിമുക്തമാക്കാനും കൈകാര്യം ചെയ്യാനും കൃത്യമായ പരിശീലനം നേടിയ ജീവനക്കാരെ മാത്രമേ ഐസൊലേഷന്‍ വാര്‍ഡ്, മോര്‍ച്ചറി, ആംബുലന്‍സ്, ശ്മശാനം എന്നിവിടങ്ങളില്‍ നിയോഗിക്കാവു. മൃതദേഹങ്ങളിലെ സ്രവങ്ങളിലൂടെ  രോഗം പകരും എന്നതിനാല്‍ അവ  കൈകാര്യം ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരും കുടുംബാംഗങ്ങളും അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ശരീരസുഷിരങ്ങളിലൂടെ പുറത്തേക്ക് സ്രവങ്ങള്‍ പുറത്തേക്ക് വരാന്‍ സാധ്യതയുള്ളതിനാല്‍ അവ അടയ്ക്കണം. മൃതദേഹം കൈകാര്യം ചെയ്യുന്നതിന് മുമ്പും ശേഷവും കൈകള്‍ എല്ലായ്‌പോഴും വൃത്തിയാക്കിയിരിക്കണം. ഇത്തരം അവസരങ്ങളില്‍ കൈയുറ, മാസ്ക് , ശരീരാവരണം, ഗോഗിൾസ് (സുതാര്യമായതും കണ്ണില്‍ വായുസ്പര്‍ശം ഏല്‍ക്കാത്തതുമായി ഉപകരങ്ങള്‍)  മൃതദേഹം സൂക്ഷിക്കുന്ന ബാഗുകള്‍, ശസ്ത്രക്രിയക്ക് ഉള്‍പ്പെടെ ഉപയോഗിക്കുന്ന മറ്റു ഉപകരണങ്ങള്‍ എന്നിവ അണുവിമുക്തമാക്കി എന്ന് ഉറപ്പുവരുത്തണം. നശിപ്പിക്കേണ്ടവ നശിപ്പിക്കണം. മൃതദേഹം സൂക്ഷിച്ച സ്ഥലവും പരിസരവും അണുനാശിനി ഉപയോഗിച്ച് ശുദ്ധിയാക്കണം. . ഐസൊലേഷന്‍ മുറി മുതല്‍ മൃതദേഹം കൊണ്ടു പോയ എല്ലാ സ്ഥലങ്ങളും(തറ, മേശ, കസേര, കിടക്ക, ഫര്‍ണിച്ചറുകള്‍,  കൈപ്പിടികള്‍)  അര മണിക്കൂറിന് ശേഷം 1 % സോഡിയം ഹൈപ്പോ ക്ലോറൈറ്റ്  ലായനി ഉപയോഗിച്ച് വൃത്തിയാക്കണം. മോര്‍ച്ചറിയിലേക്ക് മൃതദേഹം കൊണ്ടു വരുന്നതിന് മുമ്പും ശേഷവും ഉപകരണങ്ങള്‍ ഉള്‍പ്പെടെ അണുവിമുക്തമാക്കണം.  ജീവനക്കാരും വേണ്ട കരുതലെടുക്കണം. മൃതദേഹം ശീതീകരണിയില്‍ നാലു ഡിഗ്രി താപനിലയില്‍ സൂക്ഷിക്കണം. കോവിഡ് രോഗികളുടെ മൃതദേഹം പോസ്റ്റ് പോര്‍ട്ടം ചെയ്യുന്നത് 
പരമാവധി ഒഴിവാക്കുക.  സംസ്‌കരിക്കുന്നതിന് മുമ്പായി ചികില്‍സാര്‍ത്ഥം മൃതശരീരത്തില്‍ ഘടിപ്പിച്ചിരുന്ന എല്ലാ ഉപകരണങ്ങളും നീക്കം ചെയ്യണം. ശരീരത്തിലെ മുറിവുകള്,  ചികില്‍സാര്‍ത്ഥം ഉണ്ടാക്കിയ സുഷിരങ്ങള്‍ എന്നിവ ബ്ലീച്ചിംഗ് പൗഡര്‍ അല്ലെങ്കില്‍ 1 % സോഡിയം ഹൈപ്പോ ക്ലോറൈറ്റ് കൊണ്ട് അണുമുക്തമാക്കണം. പോസ്റ്റ്‌മോര്‍ട്ടം കഴിയുന്ന  മൃതദേഹങ്ങള്‍ പൊതിയുമ്പോളും   ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമ്പോഴും മേല്‍നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്. സുഷിരങ്ങളില്ലാത്തതും ഉണ്ടാകാന്‍ സാധ്യതയില്ലാത്തതുമായ പ്ലാസ്റ്റിക് ബാഗുകളില്‍ മാത്രമേ മൃതദേഹം കൊണ്ടു പോകാവു. ഈ ബാഗിനു പുറകുവശവും  ബ്ലീച്ചിംഗ് പൗഡര്‍ അല്ലെങ്കില്‍ 1 % സോഡിയം ഹൈപ്പോ ക്ലോറൈറ്റ് കൊണ്ട് അണുമുക്തമാക്കണം. ബാഗ് നല്ല രീതിയില്‍ മോര്‍ച്ചറി ഷീറ്റ് അല്ലെങ്കിൽ കുടുംബാംഗങ്ങൾ നൽകുന്ന ഷീറ്റ്   ഉപയോഗിച്ച് ആവരണം ചെയ്യണം. മൃതശരീരം പുറത്തെടുക്കുമ്പോള്‍ നിര്‍ദിഷ്ട  മുന്‍കരുതലും അകലവും പാലിച്ച് മാത്രമേ ബന്ധുക്കള്‍ക്ക് കൈമാറുകയും കാണിക്കുകയും ചെയ്യാവു. .മൃതദേഹത്തിന്റെ മുഖം ബന്ധുക്കളെ നിശ്ചിത അകലത്തില്‍ നിര്‍ദിഷ്ട സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചു   തുറന്നു കാണിക്കാവുന്നതാണ്. മൃതശീരത്തില്‍ തൊടാതെയുള്ള എല്ലാ മതാചാരങ്ങളും അനുവദനീയമാണ്. മൃതദേഹം കുളിപ്പിക്കുക, ചുംബിക്കുക, കെട്ടിപ്പിടിക്കുക എന്നിവ അനുവദിക്കില്ല.  മൃതശരീരം കൊണ്ടു പോകുന്ന വാഹനങ്ങളും 1 % സോഡിയം ഹൈപ്പോ ക്ലോറൈറ്റ്  ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കണം. സംസ്‌കരണസ്ഥലത്തും ശ്മശാനങ്ങളിലും ജീവനക്കാരും ബന്ധുക്കളും വേണ്ട മുന്‍കരുതലോടെ മാത്രമേ നില്‍ക്കാവു. വൈറസ് ഭീഷണിയില്ലാത്തതിനാല്‍ ചിതാഭസ്മം  ശേഖരിക്കാന്‍ ബന്ധുക്കള്‍ക്ക് അനുവാദമുണ്ട്. സംസ്‌കാരത്തിന് ശേഷം സ്വയം അണുവിമുക്തരാകുന്ന നടപടികള്‍ക്ക് ശ്മശാനം ജീവനക്കാരും ബന്ധുക്കളും വിധേയരാകണം. കൂട്ടം കൂടിയുള്ള ചടങ്ങുകള്‍ അനുവദിക്കില്ല. ഇത്തരം സ്ഥലങ്ങളില്‍ സാമൂഹ്യ അകലം പാലിക്കണം