രാജ്യത്തെ കാര്‍ഷികമേഖലയെ സംബന്ധിച്ച സൂക്ഷ്മ വിവരങ്ങള്‍ എഴുപത്തേഴാമത് സാമൂഹിക സാമ്പത്തിക സര്‍വേയിലൂടെ ലഭ്യമാകുമെന്ന് സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡറക്ടര്‍ പ്രൊഫസര്‍ സുനില്‍ മാണി പറഞ്ഞു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ്, പദ്ധതി നിര്‍വഹണ മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ സാമ്പിള്‍ സര്‍വ്വേ ഓഫീസിന്റെ (എന്‍.എസ്.എസ്.ഒ) ആഭിമുഖ്യത്തില്‍ എഴുപത്തേഴാമത് സാമൂഹിക - സാമ്പത്തിക സര്‍വ്വേയുടെ ഭാഗമായ കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലന പരിപാടി ഇന്ന് തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പരിശ്രമങ്ങളാണ് കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഈ പരിശ്രമങ്ങള്‍ താഴേത്തട്ടില്‍ എങ്ങനെ പ്രതിഫലിച്ചുവെന്ന് സര്‍വ്വേ വ്യക്തമാക്കും. രാജ്യത്തെ കര്‍ഷക ആത്മഹത്യകളും കര്‍ഷക പ്രതിഷേധങ്ങളും ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ള ഈ അവസരത്തില്‍ സര്‍വ്വേയിലൂടെ ലഭ്യമാകുന്ന വിവരങ്ങള്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും പ്രൊഫസര്‍ സുനില്‍ മാണി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ചില ഭാഗങ്ങളിലാണ് കര്‍ഷക ആത്മഹത്യകള്‍ കൂടുതലായി നടന്നിട്ടുള്ളത്. കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ കര്‍ഷക ആത്മഹത്യകള്‍ കൂടുതലാണ്. ഇവിടങ്ങളിലെ വായ്പാലഭ്യത അടക്കമുള്ളവ വിശകലനം ചെയ്യാന്‍ സര്‍വ്വേ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരള കാര്‍ഷിക സര്‍വകലാശാലയിലെ അഗ്രിക്കള്‍ച്ചര്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം തലവന്‍ ഡോ. വിജയരാഘവ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വിവര ശേഖരണത്തില്‍ വരുത്തുന്ന ചെറിയ പിഴവുകള്‍ പോലും അന്തിമ വിശകലനത്തില്‍ വലിയ തോതില്‍ പ്രതിഫലിക്കുമെന്നും, കുറ്റമറ്റ രീതിയില്‍ സര്‍വ്വേ പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന ഇക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ ശ്രീ. വി രാമചന്ദ്രന്‍, എന്‍.എസ്.എസ്.ഒ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ശ്രീമതി ഗോപാ ചതോപാധ്യായ (എസ്.ഡി.ആര്‍.ഡി), എന്‍.എസ്.എസ്.ഒ കേരള, ലക്ഷദ്വീപ് മേഖല ഡയറക്ടര്‍ ജനറല്‍ ശ്രീമതി സുനിതാ ഭാസ്‌കര്‍, എന്‍.എസ്.എസ്.ഒ തിരുവനന്തപുരം മേഖലാ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ. എന്‍.എന്‍ റെജി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പരിശീലന പരിപാടി ഈ മാസം 21 വരെ തുടരും.
എഴുപത്തേഴാമത് സാമൂഹിക - സാമ്പത്തിക സര്‍വ്വേ അടുത്ത മാസം 1 (2019 ജനുവരി 1) മുതല്‍ 2019 വരെ ഡിസംബര്‍ 31 വരെയുള്ള കാലയളവിലാണ് നടക്കുക. ഭൂമി, കന്നുകാലി സമ്പത്ത്, കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന വീടുകളുടെ അവസ്ഥ, കടവും നിക്ഷേപവും, കാര്‍ഷിക മേഖലയിലെ സമയ വിനിയോഗം എന്നിവ സര്‍വ്വേ വിശദമായി വിലയിരുത്തും. ഗ്രാമീണ മേഖലയില്‍ വായ്പകള്‍ക്കുള്ള ആവശ്യകത, വിവിധ വായ്പാ ഏജന്‍സികള്‍ നല്‍കുന്ന വായ്പകളുടെ വിതരണം എന്നിവയും സര്‍വേ വിലയിരുത്തും. ഇതിനനുസരിച്ച് ബാങ്കിംഗ് നയങ്ങള്‍ക്ക് രൂപം നല്‍കാനാണിത്.
Nb: ചിത്രങ്ങള്‍ കൂടെച്ചേര്‍ക്കുന്നു.
അടിക്കുറിപ്പ്: എഴുപത്തേഴാമത് സാമൂഹിക - സാമ്പത്തിക സര്‍വ്വേയുടെ ഭാഗമായ കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലന പരിപാടി തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡറക്ടര്‍ പ്രൊഫസര്‍ സുനില്‍ മാണി ഉദ്ഘാടനം ചെയ്യുന്നു.
AM MRL- 452