തിയാഗോ ഗെഡെസ് സംവിധാനം ചെയ്ത് പൗലോ ബ്രാങ്കോ നിർമ്മിച്ച പോർച്ചുഗീസ്-ഫ്രഞ്ച് ചിത്രം 'അക്വി', 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ പരമോന്നത ബഹുമതിയായ, മികച്ച ചിത്രത്തിനുള്ള സുവർണ്ണ മയൂരം സ്വന്തമാക്കി. ഗോവയിൽ നടന്ന മേളയുടെ സമാപന ചടങ്ങിൽ സംവിധായകൻ തിയാഗോ ഗെഡെസ് പുരസ്കാരം ഏറ്റുവാങ്ങി. ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തും ജൂറി ചെയർപേഴ്സൺ ശ്രീ ആനന്ദ് എൽ. റായും ചേർന്നാണ് പുരസ്കാരം സമ്മാനിച്ചത്.

അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ പ്രധാനപ്പെട്ട 15 ചിത്രങ്ങളോട് മത്സരിച്ചാണ് 204 മിനിറ്റ് ദൈർഘ്യമുള്ള ഈ സംയുക്ത നിർമ്മാണ ചിത്രം പുരസ്കാരം സ്വന്തമാക്കിയത്. 2026 മെയ് മാസത്തിൽ കാൻ ചലച്ചിത്രമേളയിൽ പ്രീമിയർ ചെയ്ത ശേഷം, സാവോ പോളോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ജക്കാർത്ത ചലച്ചിത്രമേളയിലും പ്രദർശിപ്പിച്ച ശേഷമാണ് 'അക്വി' ഇന്ത്യ രാജ്യാന്തര ചലച്ചിത്ര മേളയിൽ സുവർണ്ണ മയൂരം കൂടി തങ്ങളുടെ അന്താരാഷ്ട്ര നേട്ടങ്ങളിലേക്ക് ചേർത്തുവെച്ചത്.

അനിശ്ചിതത്വവും സ്വന്തമെന്ന തോന്നലും ഒരുപോലെ ഇഴചേരുന്ന, ആശ്വാസകരവും എന്നാൽ പ്രവചനാതീതവുമായ ഒരു സിനിമാറ്റിക് ലോകം സൃഷ്ടിച്ചതിനാണ് ജൂറി ഈ ചിത്രത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ചിത്രത്തിലെ പ്രധാന നടനായിരുന്ന അന്തരിച്ച മനോലോ സോളോയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച ജൂറി, അദ്ദേഹത്തിന്റെ അനശ്വരമായ കലാപാരമ്പര്യത്തെയും അനുസ്മരിച്ചു.
"പ്രവചനാതീതമാണെങ്കിലും നമുക്ക് സ്വന്തമെന്ന് തോന്നുന്നതും, വിട്ടുപോകാൻ ആഗ്രഹിക്കാത്തതുമായ സ്വപ്നതുല്യവും ആശ്വാസകരവുമായ ഒരു ലോകത്തേക്കാണ് ഈ ചിത്രം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. ചിത്രത്തിലെ പ്രധാന നടനായ അന്തരിച്ച മനോലോ സോളോയെ ഈ അവസരത്തിൽ ജൂറി ആദരിക്കുകയാണ്; അദ്ദേഹത്തിന്റെ കലാപാരമ്പര്യം എന്നും സ്നേഹപൂർവ്വം ഓർമ്മിക്കപ്പെടും." ജൂറി വിലയിരുത്തി.
പ്രധാന അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച ചലച്ചിത്ര മികവിനുള്ള അംഗീകാരമാണ് സുവർണ്ണ മയൂരം. 51 ലക്ഷം രൂപയാണ് പുരസ്കാരത്തുക. ഇത് സംവിധായകനും നിർമ്മാതാവുമായി തുല്യമായി പങ്കിടും. സമ്മാനത്തുകയ്ക്ക് പുറമെ സംവിധായകന് സുവർണ്ണ മയൂര ശിൽപ്പവും പ്രശസ്തിപത്രവും നിർമ്മാതാവിന് പ്രശസ്തിപത്രവും ലഭിക്കും.
'അക്വി' (Aquí) - കഥാസംഗ്രഹം:
ഭൂതകാലത്തെ ഓർമ്മകളെല്ലാം നഷ്ടപ്പെട്ട് മനുഷ്യർ പുതിയ ജീവിതം ആരംഭിക്കുന്ന ഒരു ലോകമാണ് ചിത്രത്തിന്റെ പശ്ചാത്തലം. അവിടെ വെച്ച് സൈമൺ എന്നയാൾ ഡേവിഡ് എന്ന ബാലന്റെ സംരക്ഷണച്ചുമതല ഏറ്റെടുക്കുന്നു. കുട്ടിക്ക് ഒരു അമ്മയുടെ സാന്നിധ്യം ആവശ്യമാണെന്ന് ഉറച്ചുവിശ്വസിക്കുന്ന സൈമൺ, ഇനെസിനെ കണ്ടെത്തുന്നു. തുടർന്ന് ഇവർ മൂവരും ചേർന്ന് അസാധാരണമായ ഒരു കുടുംബജീവിതം കെട്ടിപ്പടുക്കുന്നു.
എന്നാൽ, എല്ലാവരും ഒരുപോലെ ചിന്തിക്കണമെന്നും പ്രവർത്തിക്കണമെന്നും നിർബന്ധം പിടിക്കുന്ന സമൂഹവുമായി ഡേവിഡിന്റെ ജിജ്ഞാസയും സ്വതന്ത്രചിന്തയും കലഹിക്കാൻ തുടങ്ങുന്നു. ഇതോടെ മാതാപിതാക്കളെന്ന നിലയിലുള്ള അനിശ്ചിതത്വങ്ങളെ നേരിടാനും, കുട്ടിയുടെ വ്യക്തിത്വത്തെ അതിന്റേതായ തനിമയോടെ ഉൾക്കൊള്ളാനും സൈമണും ഇനെസും നിർബന്ധിതരാകുന്നതാണ് ചിത്രത്തിന്റെ പ്രമേയം
Read IFFILOID here: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1®=48
***