ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഷഷ്ഠപീഠാധീശ്വർ പരമപൂജ്യ ഗോസ്വാമി 108 ശ്രീ ദ്വാരകേഷ്‌ലാൽജി മഹാരാജ്ശ്രീയുടെ ഷഷ്ടിപൂർത്തി മഹോത്സവത്തോടനുബന്ധിച്ച് വഡോദരയിൽ സംഘടിപ്പിച്ച 'വിശ്വകല്യാൺ മഹോത്സവ'ത്തെ ഓണ്‍ലൈനില്‍ അഭിസംബോധന ചെയ്ത് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ

പോസ്റ്റഡ് ഓണ്‍: 28 NOV 2026 8:06PM by PIB Thiruvananthpuram

ഷഷ്ഠപീഠാധീശ്വർ പരമപൂജ്യ ഗോസ്വാമി 108 ശ്രീ ദ്വാരകേഷ്‌ലാൽജി മഹാരാജ്ശ്രീയുടെ ഷഷ്ടിപൂർത്തി മഹോത്സവത്തോടനുബന്ധിച്ച് വഡോദരയിൽ സംഘടിപ്പിച്ച 'വിശ്വകല്യാൺ മഹോത്സവ'ത്തെ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്തു. നിരവധി സന്യാസിവര്യന്മാരും ആചാര്യന്മാരും വല്ലഭകുല അനുയായികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

 

പൂജ്യ മഹാരാജ്ശ്രീയുടെ ഷഷ്ടിപൂർത്തി മഹോത്സവം വല്ലഭകുല അനുയായികളെ സംബന്ധിച്ചിടത്തോളം സുപ്രധാന മുഹൂർത്തമാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ അഭിസംബോധനയില്‍ പറഞ്ഞു. വഡോദരയിൽ നേരിട്ടെത്തി എല്ലാവരുടെയും സാന്നിധ്യത്തിൽ മഹാരാജ്ശ്രീക്ക് ആശംസ നേരണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഒഴിവാക്കാനാവാത്ത സാഹചര്യങ്ങൾ കാരണമാണ് പങ്കെടുക്കാനാകാത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. വിദൂരത്തുനിന്ന് മഹാരാജ്ശ്രീയുടെ തൃപ്പാദങ്ങളിൽ ആദരപൂർവം പ്രണാമമർപ്പിക്കുന്നതായും ശ്രീ ഷാ പറഞ്ഞു.

 

 

സനാതന സംസ്കാരത്തിൽ 60 വർഷം പൂർത്തിയാക്കുകയെന്നത് കേവലം പ്രായത്തിലെ നാഴികക്കല്ല് മാത്രമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. പാരമ്പര്യ പഞ്ചാംഗമനുസരിച്ച് 60 സംവത്സരങ്ങൾ ചേർന്നതാണ് ഒരു പൂർണ ചക്രം. ഒരു ആത്മീയ സാധകനോ ആചാര്യനോ മഹദ്‌വ്യക്തിയോ ഈ ചക്രം പൂർത്തിയാക്കുമ്പോൾ 60 വർഷക്കാലം കൊണ്ട് അവർ സമൂഹത്തിൽ ആർജിച്ചെടുത്ത ദിവ്യതേജസ്സ് മുഴുവൻ സമൂഹത്തിനും പ്രയോജനപ്രദമായി മാറുകയും പലമടങ്ങ് ശോഭയോടെ പ്രകാശിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

 

 

ഒരുവശത്ത് ശ്രീമദ് വല്ലഭാചാര്യ മഹാപ്രഭുജിയുടെ ദിവ്യാവതാരത്തിന് ശേഷം 550-ലധികം വർഷത്തെ മഹത്തായ പാരമ്പര്യം നാം അനുസ്മരിക്കുമ്പോൾ, മറുവശത്ത് പൂജ്യ മഹാരാജ്ശ്രീയുടെ ഷഷ്ടിപൂർത്തി മഹോത്സവം ആഘോഷിക്കുന്നതിലൂടെ വല്ലഭകുല പാരമ്പര്യത്തെ കൂടുതൽ ശക്തിപ്പെടുത്താൻ നാം വീണ്ടും ശ്രമിക്കുകയാണെന്നത് തികച്ചും ശ്രദ്ധേയവും ശുഭകരവുമായ യാദൃച്ഛികതയാണെന്ന് ശ്രീ അമിത് ഷാ പറഞ്ഞു.

 

മഹാപ്രഭുജിയുടെ 14-ാം തലമുറയിലെ പിൻഗാമിയും ശ്രീ ഗുസായിജി മഹാരാജിന്റെ ആറാമത്തെ പുത്രനായ ശ്രീ യദുനാഥ്ജിയുടെ പരമ്പരയിലെ 13-ാമത് പീഠാധിപതിയുമായ (തിലകായത്) പൂജ്യ മഹാരാജ്ശ്രീ, മഹാപ്രഭുജിയുടെ അനുയായികൾക്ക് പ്രചോദനമായതിനൊപ്പം വിശാലമായ സനാതന സമൂഹത്തിലെ യുവാക്കൾക്കിടയിൽ അവരുടെ വിശ്വാസത്തോടും ആത്മീയ പാരമ്പര്യത്തോടും തദ്ദേശീയ സംസ്കാരത്തോടും ശക്തമായ ആകർഷണം വളർത്തിയെടുത്തിട്ടുണ്ടെന്നും ശ്രീ അമിത് ഷാ പറഞ്ഞു.

 

 

കാശിയുടെയും വൃന്ദാവനത്തിന്റെയും മണ്ണിൽ സംസ്കൃതത്തിലൂടെ വേദാന്തം, സാഹിത്യം, ന്യായം, മീമാംസ എന്നിവയിൽ ആഴത്തില്‍ പഠനം നടത്തിയ ശേഷമാണ് മഹാരാജ്ശ്രീക്ക് 'ആചാര്യ' പദവി ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സംസ്കൃതത്തിന് പുറമെ ഗുജറാത്തി, ഹിന്ദി, ഇംഗ്ലീഷ്, ബ്രജ്, മേവാരി തുടങ്ങി നിരവധി ഭാഷകളിൽ മഹാരാജ്ശ്രീക്ക് അസാധാരണ പ്രാവീണ്യമുണ്ടെന്നും സംഗീതരംഗത്ത് മൃദംഗവായന, ചിത്രങ്ങളുടെ സംരക്ഷണം, സാഹിത്യരചന എന്നീ പാരമ്പര്യങ്ങൾ അദ്ദേഹം മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നും ശ്രീ ഷാ വ്യക്തമാക്കി.

 

 

വല്ലഭകുലത്തിലെ നിരവധി പിൻഗാമികൾ വിവിധ മേഖലകളിൽ സമൂഹത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും അവയിൽ പൂജ്യ മഹാരാജ്ശ്രീയുടെ സംഭാവനകൾക്ക് സവിശേഷ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

വൈഷ്ണവ് ഇന്റർഫെയ്ത്ത് പുഷ്ടിമാർഗീയ ഓർഗനൈസേഷനിലൂടെ സമൂഹത്തിലെ പാവപ്പെട്ടവരെയും നിർധനരെയും സഹായിക്കുന്നതിൽ പൂജ്യ മഹാരാജ്ശ്രീ എപ്പോഴും സജീവമായി ഇടപെടുന്നുണ്ടെന്നും ഈ സംരംഭം വളരെ പ്രോത്സാഹജനകമായ ഫലങ്ങൾ നൽകിയിട്ടുണ്ടെന്നും ശ്രീ അമിത് ഷാ പറഞ്ഞു. വൈഷ്ണവ ധർമത്തെയും ജഗദ്ഗുരു ശ്രീമദ് വല്ലഭാചാര്യ മഹാപ്രഭുജിയുടെ കാലാതീത തത്വചിന്തയെയും മുന്നോട്ട് കൊണ്ടുപോകുന്നതിൽ മഹാരാജ്ശ്രീ വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

ലോകം മിഥ്യയല്ല, സത്യമാണെന്നും 'പ്രവൃത്തി മാർഗ്ഗ'ത്തിന്റെ പാതയാണ് 'പുഷ്ടിമാർഗ്ഗ'ത്തിന്റെ അന്തസ്സത്തയെന്നുമാണ് മഹാപ്രഭുജിയുടെ സന്ദേശമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ദേശീയ ഐക്യം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 84 സ്ഥലങ്ങളിൽ മഹാപ്രഭുജി നടത്തിയ ഭാഗവത പാരായണങ്ങളും മാർഗ്ഗനിർദേശങ്ങളും, ഒപ്പം 'ഷോഡശ ഗ്രന്ഥ'ത്തിന്റെ രചനയും ഹിന്ദു പാരമ്പര്യത്തെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചതായി അദ്ദേഹം വ്യക്തമാക്കി.

 

 

പൂജ്യ മഹാരാജ്ശ്രീക്ക് ഹൃദയം നിറഞ്ഞ ആശംസ നേർന്ന കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി, മഹാരാജ്ശ്രീക്ക് 100 വർഷത്തെ ദീർഘായുസ്സിനായി എല്ലാ വല്ലഭകുല അനുയായികളും സർവേശ്വരനോട് പ്രാർത്ഥിക്കുന്നുവെന്നും ജീവിതത്തിലുടനീളം പൂർണ ആരോഗ്യത്തോടെ സനാതന സംസ്കാരത്തെ സേവിക്കാൻ അദ്ദേഹത്തിന് കഴിയട്ടെയെന്ന് ആശംസിക്കുന്നുവെന്നും പറഞ്ഞു.

 

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ശ്രീമദ് വല്ലഭാചാര്യ ജിയുടെ ജന്മസ്ഥലത്ത് 'മഹാപ്രഭുജി പ്രാകട്യ ബൈഠക്ജി ട്രസ്റ്റ്' മുഖേന 15 ഏക്കർ വിസ്തൃതിയിൽ ഒരു മഹാസമുച്ചയം വികസിപ്പിക്കുന്നതിന് കേന്ദ്ര ഗവൺമെന്റ് 73 കോടി രൂപ അനുവദിച്ചതായി ശ്രീ അമിത് ഷാ അറിയിച്ചു. ഛത്തീസ്ഗഡ് ഗവൺമെന്റ് 25 കോടി രൂപ അധികമായി നൽകുമെന്നും ബാക്കി തുക മറ്റ് അനുയായികളുടെ സംഭാവനകളിലൂടെ സമാഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് മുഴുവൻ അഭിമാനകരമായ ഒരു അടയാളമായി മാറും വിധം ഈ ആത്മീയ പാരമ്പര്യത്തിന്റെ മഹത്തായ സ്മാരകം വികസിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

 

 

വഡോദരയിലെ ജനങ്ങളെയും എല്ലാ വല്ലഭകുല അനുയായികളെയും ഒന്നിപ്പിച്ച് ഈ സംരംഭത്തിന് നേരിട്ട് നേതൃത്വം നൽകാനും രാജ്യത്തെ പ്രമുഖ ദേശീയ സ്മാരകമാക്കി ഇതിനെ മാറ്റുന്നതിൽ പങ്കുവഹിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പൂജ്യ മഹാരാജ്ശ്രീയോട് അഭ്യർത്ഥിച്ചു.

*****

 


( റിലീസ് ഐ.ഡി: 2343289) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati