57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയായ IFFI-യുടെ ഭാഗമായി ഗോവയിൽ ഇന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ പോർച്ചുഗീസ് ചിത്രമായ ‘കം വിത്ത് മീ’ (Anda daí)യുടെ സംവിധായകൻ ജോവോ ലമെയ്‌റ, നടൻ അന്തോണിയോ സിമാവോ, നിർമ്മാതാവ് ഡാനിയൽ പെരേര എന്നിവർ പങ്കെടുത്തു. ലോകസിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രത്തിന്റെ ലോകത്തെ ആദ്യ പ്രദർശനത്തിന് പിന്നാലെയായിരുന്നു വാർത്താസമ്മേളനം. സൗഹൃദം, ചിത്രത്തിന്റെ ആർട്ട് ഹൗസ് സ്വഭാവം, സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളുടെ വളർച്ചയ്ക്കിടയിലും തിയറ്ററിൽ സിനിമ കാണുന്നതിനുള്ള പ്രസക്തി എന്നിവയെക്കുറിച്ച് ചലച്ചിത്രപ്രവർത്തകർ സംവദിച്ചു.
ഒരുമിച്ചിരുന്ന് സിനിമ കാണുന്നതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ നടൻ അന്തോണിയോ സിമാവോ, പോർച്ചുഗലിൽ സിനിമാപ്രേക്ഷകരുടെ എണ്ണം കുറയുന്നതിലും വീട്ടിലിരുന്ന് സിനിമ കാണുന്ന പ്രവണത വർധിക്കുന്നതിലും ആശങ്ക പ്രകടിപ്പിച്ചു. സിനിമ കാണാൻ തിയറ്ററുകളിലെത്തുന്നത് നിരവധി പേരെ കണ്ടുമുട്ടുന്നതിനും ഒരു കൂട്ടായ സാംസ്കാരിക അനുഭവം പങ്കിടുന്നതിനുമുള്ള അവസരം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. “മനുഷ്യർ ഒരുമിച്ചിരിക്കണം, സംസാരിക്കണം, പരസ്പരം കാണണം” എന്ന് അദ്ദേഹം പറഞ്ഞു. “സിനിമ ദീർഘകാലം നിലനിൽക്കട്ടെ” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
_20261127184323_bc8594.jpeg)
തിയറ്റർ റിലീസുകളോടുള്ള പ്രതിബദ്ധത നിർമ്മാതാവ് ഡാനിയൽ പെരേര ആവർത്തിച്ചു. തന്റെ നിർമ്മാണ-വിതരണ കമ്പനി ഇപ്പോഴും സിനിമകളുടെ തിയറ്റർ റിലീസുകൾക്ക് മുൻഗണന നൽകുന്നതായി അദ്ദേഹം പറഞ്ഞു. സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളുടെ സ്വാധീനം അംഗീകരിക്കുമ്പോഴും അവ തിയറ്റർ അനുഭവത്തിന് പകരമല്ലെന്നും മറിച്ച് അതിനെ പൂരകമാക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചിത്രത്തിന്റെ കഥ ലിസ്ബണിലും അവിടുത്തെ സാംസ്കാരിക പശ്ചാത്തലത്തിലും വേരൂന്നിയതാണെങ്കിലും പുരുഷന്മാർ തമ്മിലുള്ള സൗഹൃദമാണ് ചിത്രത്തിന്റെ കേന്ദ്രപ്രമേയമെന്ന് സംവിധായകൻ ജോവോ ലമെയ്‌റ പറഞ്ഞു. ഈ പ്രമേയം ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ അതിരുകൾക്കപ്പുറമുള്ള പ്രേക്ഷകരുമായും സംവദിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. “കഥയും കഥാപാത്രങ്ങളും എല്ലാവർക്കും മനസ്സിലാക്കാൻ കഴിയുന്നത്ര സാർവത്രികമായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞു. പശ്ചാത്തലത്തിന്റെയും കഥാപാത്രങ്ങളുടെയും സവിശേഷതകളാണ് പ്രേക്ഷകരെ കഥയുമായി കൂടുതൽ അടുപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർട്ട് ഹൗസ് സിനിമയെന്നോ മുഖ്യധാരാ സിനിമയെന്നോ ഏതെങ്കിലും പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ചിന്തയോടെയല്ല ചിത്രത്തെ സമീപിച്ചതെന്ന് ലമെയ്‌റ വ്യക്തമാക്കി. താൻ ചെയ്യാൻ ആഗ്രഹിച്ച സിനിമ ഒരുക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും പ്രേക്ഷകർ അത് ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആർട്ട് ഹൗസ് സിനിമയും മുഖ്യധാരാ സിനിമയും തമ്മിലുള്ള വേർതിരിവ് കാലക്രമേണ മാറിയിട്ടുണ്ടെന്ന് പെരേര ചൂണ്ടിക്കാട്ടി. വ്യത്യസ്തമായ സംവിധായക കാഴ്ചപ്പാടുകളും ആകർഷകമായ കഥകളുമുള്ള സിനിമകൾ ഒരുകാലത്ത് കൂടുതൽ പ്രേക്ഷകരിലേക്ക് എളുപ്പത്തിൽ എത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിപരമായ അനുഭവങ്ങൾ, നിരീക്ഷണങ്ങൾ, ഭാവന എന്നിവയെല്ലാം ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന രീതിയെ സ്വാധീനിക്കുന്നതായി അഭിനയത്തെക്കുറിച്ചുള്ള തന്റെ സമീപനം വിശദീകരിച്ചുകൊണ്ട് സിമാവോ പറഞ്ഞു. നാടകവേദിയിലെ തന്റെ വിപുലമായ അനുഭവം പരാമർശിച്ച അദ്ദേഹം, കഥാപാത്രം തുടക്കത്തിൽ സ്വന്തം ജീവിതവുമായി വളരെ അടുത്തുനിൽക്കുന്നതായി തോന്നിയെന്നും അതിനാൽ വ്യക്തിപരമായ അനുഭവങ്ങളിൽ ഏതൊക്കെയാണ് കഥാപാത്രാവിഷ്കാരത്തിൽ ഉൾപ്പെടുത്തേണ്ടതെന്ന ആശയക്കുഴപ്പം ഉണ്ടായിരുന്നുവെന്നും പറഞ്ഞു. പിന്നീട് ഈ ആശങ്കകളിൽനിന്ന് മാറി കഥാപാത്രത്തിന്റെ സാഹചര്യങ്ങളിലും പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

IFFI-യിൽ ചിത്രത്തിന്റെ ലോകത്തെ ആദ്യ പ്രദർശനം നടത്താൻ കഴിഞ്ഞതിലുള്ള സന്തോഷവും ചലച്ചിത്രപ്രവർത്തകർ പങ്കുവച്ചു. പോർച്ചുഗലും ഗോവയും തമ്മിലുള്ള ചരിത്രപരവും വാസ്തുവിദ്യാപരവുമായ ബന്ധങ്ങൾ ചൂണ്ടിക്കാട്ടിയ അവർ, പ്രദേശത്തിന്റെ ചില ഭാഗങ്ങൾ കാഴ്ചയിൽ പരിചിതമായി തോന്നിയെങ്കിലും മൊത്തത്തിലുള്ള അനുഭവം സാംസ്കാരികമായി വ്യത്യസ്തമായിരുന്നുവെന്ന് പറഞ്ഞു. ഗോവയെ അടുത്തറിയാനും ഇന്ത്യൻ പ്രേക്ഷകരുമായി ചിത്രം പങ്കുവയ്ക്കാനും ലഭിച്ച അവസരത്തെ അവർ സ്വാഗതം ചെയ്തു.
വാർത്താസമ്മേളനത്തിൽ ശ്രീമതി വിശാലി പി. മോഡറേറ്ററായി.
വാർത്താസമ്മേളനത്തിന്റെ പൂർണരൂപം ഇവിടെ കാണാം:
Read IFFILOID here: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1®=48
IFFILOID ലോഗ് ഇവിടെ കാണാം:https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1®=48 *****