2026 നവംബർ 27-ന് ന്യൂഡൽഹിയിലെ പ്രഗതി മൈതാനിൽ സമാപിച്ച 45-ാമത് ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേള 2026-ൽ കയർ ബോർഡിൻ്റെ പവലിയന് അംഗീകാരം ലഭിച്ചു. കമ്മോഡിറ്റി ബോർഡുകളുടെ വിഭാഗത്തിൽ പ്രദർശന മികവിനുള്ള ഒന്നാം സ്ഥാനം ലഭിച്ച കയർ ബോർഡിൻ്റെ പവലിയൻ സ്വർണ മെഡൽ കരസ്ഥമാക്കി.
ഐ.ആർ.എസ്. ഉദ്യോഗസ്ഥനും എം.എസ്.എം.ഇ. മന്ത്രാലയഡയറക്ടറും കയർ ബോർഡ് സെക്രട്ടറിയുമായ ശ്രീ. മുഹമ്മദ് സാലിക് പർവൈസ്, ഐ.ടി.പി.ഒ. ചെയർമാൻ ശ്രീ. ജാവേദ് അഷ്റഫിൽ നിന്ന് പുരസ്കാരവും സ്വർണ മെഡലും ഏറ്റുവാങ്ങി.
നൂതനമായ പ്രദർശനങ്ങളിലൂടെയും കയർ വ്യവസായസാധ്യതകളുടെ ഫലപ്രദമായ അവതരണത്തിലൂടെയും കയർ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് നടത്തിയ സ്ഥിരമായ ശ്രമങ്ങളുടെ ഭാഗമായി പത്തിലധികം തവണ കയർ ബോർഡ് ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.
എം.എസ്.എം.ഇ. മന്ത്രാലയത്തിലെ ജോയിൻ്റ് സെക്രട്ടറി (എ.എഫ്.ഐ.)യും കയർ ബോർഡ് ചെയർമാനുമായ ശ്രീ. കേശവേന്ദ്ര കുമാറിൻ്റെ നേതൃത്വത്തിൽ, ഐ.ഐ.ടി.എഫ്. 2026-ൽ നൂതനവും സർഗാത്മകമായി രൂപകൽപ്പന ചെയ്തതുമായ പവലിയനാണ് കയർ ബോർഡ് ഒരുക്കിയത് . ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി രാജ്യങ്ങൾ മേളയിൽ പങ്കെടുത്തു. ഇന്ത്യയുടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ, സാങ്കേതികവിദ്യകൾ, വ്യാവസായിക മികവ് എന്നിവ പ്രദർശിപ്പിക്കുന്നതിനുള്ള മികച്ച വേദിയായി മേള മാറി.
മേളയിൽ കയർ മേഖലയിൽ വികസിപ്പിച്ച ഗവേഷണ നേട്ടങ്ങൾ , സാങ്കേതിക മുന്നേറ്റങ്ങൾ, നൂതനമായ പ്രയോഗങ്ങൾ എന്നിവ കയർ ബോർഡ് പ്രദർശിപ്പിച്ചു. പവലിയനിൽ പ്രദർശിപ്പിച്ച പ്രധാന സാങ്കേതികവിദ്യകളും ഉൽപ്പന്നങ്ങളും:
1. മണ്ണില്ലാ കൃഷി (Soilless Cultivation): ആധുനിക ഹോർട്ടികൾച്ചറിലും കാർഷിക ആവശ്യങ്ങളിലും സുസ്ഥിരമായ വളർച്ചാ മാധ്യമമായി കയർ പിത്ത് ഉപയോഗിക്കുന്നതിൻ്റെ പ്രദർശനം. വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗവും പരിസ്ഥിതി സൗഹൃദമായ കൃഷിരീതികളും പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്.
2. കയർ ഭൂവസ്ത്രം (Coir Geotextiles): റോഡ് നിർമ്മാണം, ചരിവുകളുടെ സ്ഥിരത ഉറപ്പാക്കൽ, മണ്ണൊലിപ്പ് നിയന്ത്രണം എന്നിവയിൽ കയർ ഭൂവസ്ത്രങ്ങളുടെ ഉപയോഗം പ്രദർശിപ്പിച്ചു. സുസ്ഥിര അടിസ്ഥാനസൗകര്യ വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും ഇവയുടെ പങ്ക് ഇതിലൂടെ എടുത്തുകാട്ടി.
3. ലംബ ഉദ്യാനങ്ങൾ (Vertical Gardens): ലംബ ഹരിതവൽക്കരണ സംവിധാനങ്ങളിൽ കയർ അധിഷ്ഠിത ഉൽപ്പന്നങ്ങളുടെ നൂതന പ്രയോഗങ്ങൾ ചൂട് കുറയ്ക്കുന്നതിനും നഗരങ്ങളിലെ ഹരിതാഭ വർധിപ്പിക്കുന്നതിനും കെട്ടിടങ്ങളുടെ ഊർജക്ഷമത മെച്ചപ്പെടുത്തുന്നതിനും സഹായകമാകുന്നു.
4. കയർ വുഡ് (Coir Wood): പരമ്പരാഗത പ്രകൃതിദത്ത തടിക്ക് പകരമായി ഉപയോഗിക്കാവുന്ന കയർ വുഡ് അവതരിപ്പിച്ചു. തടിയിലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിനും വനസംരക്ഷണത്തിന് സംഭാവന നൽകുന്നതിനും ഇത് സഹായിക്കുന്നു .
5. കയർ നെറ്റ് ഹൗസ് (Coir Net House): അമിതമായ സൂര്യപ്രകാശത്തിൽ നിന്നും ഹാനികരമായ അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്നും സസ്യങ്ങളെ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത കയർ അധിഷ്ഠിത നെറ്റ് ഹൗസ് ഘടനകളുടെ പ്രദർശനം. സസ്യങ്ങളുടെ വളർച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷവും ഇത് ഒരുക്കുന്നു.
6. കയർ പിത്ത് കമ്പോസ്റ്റിംഗ് (Coir Pith Composting): കയർ വ്യവസായത്തിൽ നിന്നുള്ള മാലിന്യത്തെ കാർഷിക, ഉദ്യാനആവശ്യങ്ങൾക്കായി പോഷകസമൃദ്ധമായ ജൈവവളമാക്കി മാറ്റുന്ന കയർ പിത്ത് കമ്പോസ്റ്റിംഗ് രീതികളുടെ തത്സമയ പ്രദർശനം.
7. കൊക്കോലോൺ – പോർട്ടബിൾ കയർ അധിഷ്ഠിത പുൽത്തകിടി (CocoLawn – Portable Coir-based Lawn): വീടുകൾ, വാണിജ്യ സ്ഥാപനങ്ങൾ, മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഹരിത ഇടങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സൗകര്യപ്രദവും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ പരിഹാരമായി നൂതനമായ പോർട്ടബിൾ കയർ അധിഷ്ഠിത പുൽത്തകിടി പ്രദർശിപ്പിച്ചു.
കമ്മോഡിറ്റി ബോർഡുകളുടെ വിഭാഗത്തിൽ മികച്ച പവലിയനുള്ള സ്വർണ മെഡൽ നേടിയ കയർ ബോർഡിനെ ഐ.ടി.പി.ഒ. ചെയർമാൻ ശ്രീ. ജാവേദ് അഷ്റഫ് പുരസ്കാര ചടങ്ങിൽ ആദരിച്ചു.