57th International Film Festival of India 2026
20 – 28 Nov 2026

കഥയുടെ മാനുഷിക സ്വഭാവവും ഗാന്ധിയൻ ആദർശങ്ങളുമായുള്ള യോജിപ്പുമാണ് വിലയിരുത്തലിനുള്ള പ്രഥമ പരിഗണന: ICFT-UNESCO ഗാന്ധി മെഡൽ ജൂറി അംഗം മനോജ് കദം

പോസ്റ്റഡ് ഓണ്‍: 26 NOV 2026 7:50PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2342306Views: 4

സമാധാനം, സഹിഷ്ണുത, സഹാനുഭൂതി, സാമൂഹിക നീതി, അന്തർസാംസ്കാരിക സംവാദം എന്നീ വിഷയങ്ങളിലധിഷ്ഠിതമായ പത്ത് ഫിക്ഷൻ ഫീച്ചർ സിനിമകളാണ് 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFI) അഭിമാനകരമായ ICFT-UNESCO ഗാന്ധി മെഡലിനായി മത്സരിക്കുന്നത്. ചലച്ചിത്രമേളയോടനുബന്ധിച്ച് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ ICFT-UNESCO ഗാന്ധി മെഡൽ ജൂറി അംഗം ശ്രീ മനോജ് കദമും IFFI ക്രിയേറ്റീവ് ഡയറക്ടർ ശ്രീ പങ്കജ് സക്സേനയും മാധ്യമങ്ങളുമായി സംവദിച്ചു.

അർത്ഥവത്തായ ആശയങ്ങൾ കൈമാറുന്നതിനും സമാധാന സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു മാധ്യമമായി സിനിമയെ ഉപയോഗിക്കുന്നതിൽ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾക്കുള്ള പൊതുവായ പ്രതിബദ്ധത വാർത്താസമ്മേളനത്തിൽ സംസാരിച്ച ശ്രീ മനോജ് കദം എടുത്തുപറഞ്ഞു.

കഥയുടെ മാനുഷിക സ്വഭാവവും ഗാന്ധിയൻ ആദർശങ്ങളുമായുള്ള, പ്രത്യേകിച്ച് അഹിംസയും സിനിമയിലൂടെയുള്ള സമാധാന പ്രോത്സാഹനവുമായുള്ള യോജിപ്പുമാണ് പ്രഥമ പരിഗണനയെന്ന് സിനിമകൾ വിലയിരുത്തുന്നതിനുള്ള ജൂറിയുടെ സമീപനം വിശദീകരിച്ചുകൊണ്ട് കദം പറഞ്ഞു. ഒരു സിനിമയുടെ സൗന്ദര്യാത്മകവും സാങ്കേതികവുമായ ഗുണങ്ങൾക്കൊപ്പം ചലച്ചിത്രകാരൻ ഉദ്ദേശിച്ച സന്ദേശം കൈമാറുന്നതിലുള്ള ആത്മാർത്ഥതയും ബോധ്യവും പ്രധാന പരിഗണനകളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷത്തെ IFFI പ്രമേയമായ 'അതിർത്തികൾക്കപ്പുറമുള്ള കഥകൾ' പരാമർശിച്ച അദ്ദേഹം, തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ പ്രേക്ഷകരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോവുകയും അപരിചിതമായ സംസ്കാരങ്ങളെയും കാഴ്ചപ്പാടുകളെയും കുറിച്ച് ഉൾക്കാഴ്ചകൾ നൽകുകയും ചെയ്തതായി നിരീക്ഷിച്ചു. "ഓരോ സിനിമയ്ക്കും അതിന്റേതായ സാധ്യതകളും സൗന്ദര്യാത്മക മൂല്യങ്ങളുമുണ്ട്. അത് ആ രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക, സാംസ്കാരിക വശങ്ങളെ പ്രതിഫലിപ്പിക്കുന്നു. ലോകമെമ്പാടും സഞ്ചരിക്കുന്ന സിനിമകൾ, അതത് സംസ്കാരങ്ങളെ അറിയുന്നതിനായി ജൂറി അംഗങ്ങളെയും അവയോടൊപ്പം യാത്ര ചെയ്യിപ്പിക്കുന്നു. അതാണ് സിനിമയുടെ ശക്തി, അത് നിങ്ങളെ ലോകത്തിന് പരിചയപ്പെടുത്തുന്നു," അദ്ദേഹം പറഞ്ഞു.

സ്ത്രീകൾക്ക് നേരെയുള്ള അനീതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ചിത്രീകരണവും സ്ത്രീശക്തിയുടെ സ്ഥിരീകരണവുമാണ് 'സ്ട്രോബെറീസ്' (Strawberries) എന്ന് മത്സരവിഭാഗത്തിലെ ചില സിനിമകൾ എടുത്തുപറഞ്ഞുകൊണ്ട് കദം ചൂണ്ടിക്കാട്ടി. മരുന്നുകളുടെ പേറ്റന്റിംഗിനെയും ആരോഗ്യപരിരക്ഷയുടെ ലഭ്യതയെയും കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്ന 'ദ ഫാൾ ഓഫ് ദ ക്വീൻ' (The Fall of the Queen), യുവതലമുറയ്ക്ക് പ്രധാനപ്പെട്ട ഒരു സന്ദേശം നൽകുന്ന 'സ്ക്രോൾ' (Scroll) എന്നീ ചിത്രങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. സാമൂഹിക പ്രശ്നങ്ങൾ ചിത്രീകരിക്കുന്നതിനപ്പുറം പ്രായോഗികമായ പരിഹാരങ്ങളെക്കുറിച്ച് ചിന്തിക്കാൻ പ്രേക്ഷകരെ പ്രോത്സാഹിപ്പിക്കുന്ന നിരവധി സിനിമകൾ ഇതിലുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. പ്രേക്ഷക പ്രതികരണങ്ങൾക്ക് മാത്രം ഒരു സിനിമയുടെ മൂല്യം നിർണ്ണയിക്കാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാർത്താസമ്മേളനത്തിൽ സംസാരിച്ച IFFI ആർട്ടിസ്റ്റിക് ഡയറക്ടർ പങ്കജ് സക്സേന സഹിഷ്ണുത, സമാധാനം, പരസ്പര ധാരണ, അന്തർസാംസ്കാരിക വിനിമയം എന്നിവ പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ തിരഞ്ഞെടുക്കുന്നതിന് ICFT-UNESCO മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമായ ഒരു ചട്ടക്കൂട് നൽകിയെന്ന് പറഞ്ഞു. സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ സിനിമയ്ക്കുള്ള ഉത്തരവാദിത്തം എടുത്തുപറഞ്ഞ അദ്ദേഹം, ഈ മാധ്യമം എങ്ങനെ ഉപയോഗിക്കുന്നുവെന്നതിനെ ആശ്രയിച്ച് സിനിമകൾ പ്രയോജനകരവും ദോഷകരവുമാകാമെന്ന് മുന്നറിയിപ്പ് നൽകി.

ഗ്ലോബൽ സൗത്തിലെ സമൂഹങ്ങൾ, പ്രത്യേകിച്ച് ദ്രുതഗതിയിലുള്ള സാമൂഹികവും സാംസ്കാരികവുമായ മാറ്റങ്ങൾക്ക് വിധേയമാകുന്നവ, സിനിമാറ്റിക് സർഗ്ഗാത്മകതയ്ക്ക് വളക്കൂറുള്ള മണ്ണ് നൽകുന്നുവെന്ന് സക്സേന അഭിപ്രായപ്പെട്ടു. കെനിയ, ഹെയ്തി, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക യാഥാർത്ഥ്യങ്ങളെയും സാംസ്കാരിക ചലനാത്മകതയെയും കുറിച്ച് പ്രേക്ഷകർക്ക് വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമൂഹിക പ്രശ്നങ്ങൾക്ക് ചലച്ചിത്രകാരന്മാർ എല്ലായ്പ്പോഴും അന്തിമ പരിഹാരങ്ങൾ നൽകേണ്ടതില്ലെന്നും പ്രസക്തമായ ചോദ്യങ്ങൾ ഉന്നയിക്കുന്നതും പൊതുജനങ്ങളുടെ ചിന്തയെ ഉത്തേജിപ്പിക്കുന്നതും കലയുടെ ഒരുപോലെ പ്രധാനപ്പെട്ട ധർമ്മങ്ങളാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. "പരിഹാരങ്ങൾ നൽകുക എന്നത് ഒരു കലാകാരന്റെ ജോലിയാകാം, എന്നാൽ ഉത്തരം കണ്ടെത്താത്ത ചോദ്യങ്ങൾ അവശേഷിപ്പിക്കുക എന്നതുമാകാം. അത് തികച്ചും ശരിയാണ്, രണ്ട് തരത്തിലുള്ള കലാകാരന്മാരെയും ഞങ്ങൾ ബഹുമാനിക്കുന്നു," അദ്ദേഹം പറഞ്ഞു.

ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ അതിരുകൾ മറികടക്കാൻ കഥകളെ പ്രാപ്തമാക്കുന്നത് എന്താണെന്ന ചോദ്യത്തിന് മറുപടിയായി സൗന്ദര്യാത്മകതയും പ്രസക്തിയും അല്ലെങ്കിൽ രൂപവും ഉള്ളടക്കവുമാണ് അനിവാര്യമായ ഘടകങ്ങളെന്ന് സക്സേന ചൂണ്ടിക്കാട്ടി.

ശ്രീ മഹേഷ് കുമാർ വാർത്താസമ്മേളനത്തിൽ മോഡറേറ്ററായി.

ICFT-UNESCO ഗാന്ധി മെഡലിനെക്കുറിച്ച്

യുനെസ്കോ (UNESCO) യുടെ ആഭിമുഖ്യത്തിൽ പാരീസിലെ ഇന്റർനാഷണൽ കൗൺസിൽ ഫോർ ഫിലിം, ടെലിവിഷൻ ആൻഡ് ഓഡിയോവിഷ്വൽ കമ്മ്യൂണിക്കേഷനുമായി (ICFT) സഹകരിച്ച് IFFI-യുടെ 46-ാമത് പതിപ്പിൽ ഏർപ്പെടുത്തിയ ICFT-UNESCO ഗാന്ധി മെഡൽ മഹാത്മാഗാന്ധിയുടെ അഹിംസ, സഹിഷ്ണുത, അന്തർസാംസ്കാരിക ധാരണ, സമാധാന സംസ്കാരം എന്നീ ആദർശങ്ങളെ പ്രതിഫലിപ്പിക്കുന്ന സിനിമകളെ അംഗീകരിക്കുന്നു. ഈ വർഷത്തെ മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ട പത്ത് സിനിമകൾ (ഏഴ് അന്താരാഷ്ട്ര സിനിമകളും മൂന്ന് ഇന്ത്യൻ സിനിമകളും) വൈവിധ്യമാർന്ന സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നുള്ള കഥകളെ ഒരുമിപ്പിക്കുകയും മാനുഷിക ബന്ധങ്ങൾ, സാമൂഹിക വെല്ലുവിളികൾ, പൊതുവായ മൂല്യങ്ങൾ എന്നിവ എടുത്തുകാട്ടുകയും ചെയ്യുന്നു.

 

വാർത്താസമ്മേളനം പൂർണ്ണമായി ഇവിടെ കാണാം : https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1&reg=48

 

* * * 

SK


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2342306
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026