ഗോവയിൽ നടക്കുന്ന 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഇന്ത്യൻ പനോരമ – ന്യൂ ഹൊറൈസൺസ് വിഭാഗത്തിൽ ശ്രീഹരി ഹരിദാസ് സംവിധാനം ചെയ്ത മലയാള ചിത്രം 'അജയൻ്റെ മരണം: ഒരു കേസ് സ്റ്റഡി' ഇന്ന് പ്രദർശിപ്പിച്ചു.

പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിച്ച ശ്രീഹരി ഹരിദാസ്, തൻ്റെ ആദ്യ ഫീച്ചർ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണത്തിന് നന്ദി രേഖപ്പെടുത്തി. ചലച്ചിത്രമേളയിൽ ഇത്രയധികം പ്രേക്ഷക പങ്കാളിത്തം പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അജയൻ എന്ന വ്യക്തിയെ കേന്ദ്രീകരിച്ചുള്ള ഒരു കഥാപാത്രപഠനമാണ് ഈ ചിത്രമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, മലയാള സിനിമയിൽ താരതമ്യേന അധികം പരീക്ഷിക്കപ്പെടാത്ത 'മോക്യുമെൻ്ററി' ശൈലിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കി. ഈ അവതരണരീതി ചിത്രീകരണത്തിലും നിർമാണത്തിലും അതിൻ്റേതായ വെല്ലുവിളികൾ ഉയർത്തിയതായും അദ്ദേഹം പറഞ്ഞു.

കഥാഗതിയെക്കുറിച്ച് വിശദീകരിക്കവെ, അജയൻ്റെ ജീവിതത്തെയും മരണത്തെയും ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങൾ അന്വേഷിക്കുന്ന ആര്യൻ എന്ന യുവ ചലച്ചിത്രകാരനിലൂടെയാണ് കഥ വികസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആര്യൻ എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയപ്പോൾ സ്വന്തം വ്യക്തിത്വത്തിലെ ചില അംശങ്ങൾ ഉൾപ്പെടുത്തിയതായും, അജയനുമായി ചില സാമ്യതകൾ തിരിച്ചറിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. "ആര്യനിൽ എൻ്റെ ചില അംശങ്ങളുണ്ട്. അജയൻ്റെ ചില സാമ്യതകൾ എന്നിലുമുണ്ട്" - അദ്ദേഹം പറഞ്ഞു.
തിരക്കഥയെക്കുറിച്ച് സംസാരിച്ച ശ്രീഹരി ഹരിദാസ്, ഒരാഴ്ചയ്ക്കകം ആദ്യ കരട് പൂർത്തിയാക്കിയതായും തുടർന്ന് ഏകദേശം ഒരു മാസത്തെ പരിശ്രമത്തിലൂടെ അന്തിമ തിരക്കഥ വികസിപ്പിച്ചെടുത്തതായും ഓർമിച്ചു. മറ്റുള്ളവരുടെ അനുഭവങ്ങൾ തേടുന്നതിന് ഒരു കേന്ദ്ര കഥാപാത്രത്തെ ആഖ്യാനോപാധിയായി ഉപയോഗിക്കുന്നത് പതിവായി സ്വീകരിക്കുന്ന രീതിയാണെന്ന് അദ്ദേഹം വിശദീകരിച്ചു. കഥാപാത്രങ്ങളും ആഖ്യാനഘടനകളും മാറിയേക്കാമെങ്കിലും, വ്യക്തികളെ ചുറ്റിപ്പറ്റി കഥകൾ മെനയുന്നതും അവരുടെ യാത്രകളെ പിന്തുടരുന്നതും ഏറെ ആസ്വദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മലയാള ചലച്ചിത്രമായ 'ഉത്തര'ത്തിനുള്ള ആദരവായാണ് 'അജയൻ്റെ മരണം: ഒരു കേസ് സ്റ്റഡി' ഒരുക്കിയിരിക്കുന്നതെന്ന് വിശേഷിപ്പിച്ച ശ്രീഹരി ഹരിദാസ്, ആദ്യ സംവിധാന സംരംഭത്തിൽ ആ ചിത്രം ചെലുത്തിയ സ്വാധീനവും വിശദീകരിച്ചു.
ചിത്രം ലക്ഷ്യമിടുന്ന പ്രേക്ഷകരെയും റിലീസ് പദ്ധതികളെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകവെ, പ്രധാനമായും ചലച്ചിത്രമേളകളെ ലക്ഷ്യമിട്ടാണ് ചിത്രം വിഭാവനം ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ഘട്ടത്തിൽ പരമ്പരാഗത തിയേറ്റർ റിലീസിന് മുൻഗണന നൽകുന്നതിന് പകരം, പ്രേക്ഷകരിലേക്ക് എത്താനുള്ള വേദിയായി ചലച്ചിത്രമേളകളെയാണ് അണിയറസംഘം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീമതി ഗോപിക വാർത്താസമ്മേളനം നിയന്ത്രിച്ചു.
വാർത്താസമ്മേളനത്തിൻ്റെ പൂർണരൂപം ഇവിടെ കാണാം:
ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഔദ്യോഗിക വാർത്താപത്രിക IFFILOID ഇവിടെ വായിക്കാം: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1®=48
***