വ്യോമയാന മന്ത്രാലയം
azadi ka amrit mahotsav

അസമിലെ സിൽച്ചാറിലെ ഡോലൂവിൽ 2,014 കോടി രൂപ ചെലവിൽ ഗ്രീൻഫീൽഡ് വിമാനത്താവളം വികസിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പോസ്റ്റഡ് ഓണ്‍: 25 NOV 2026 3:39PM by PIB Thiruvananthpuram

സിൽച്ചാർ വിമാനത്താവളത്തിലെ നിലവിലുള്ള  പ്രതിരോധ ഭൂമിയാൽ ചുറ്റപ്പെട്ട സിവിൽ എൻക്ലേവിന്റെ പ്രവർത്തനപരവും സ്ഥലപരവുമായ  രൂക്ഷമായ പരിമിതികൾ മറികടക്കുന്നതിനും, യാത്രക്കാരുടെ എണ്ണത്തിലുള്ള തുടർച്ചയായ വർദ്ധനവ് ഉൾക്കൊള്ളുന്നതിനുമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി (CCEA), എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (AAI) മുഖേന അസമിലെ സിൽച്ചാറിലെ ഡോലൂവിൽ 2,014 കോടി രൂപ ചെലവിൽ പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളം വികസിപ്പിക്കുന്നതിന് അംഗീകാരം നൽകി.

അസമിലെ കാച്ചാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഡോലൂ, ബരാക് താഴ്‌വരയുടെ തന്ത്രപ്രധാനമായ ഹൃദയഭാഗമായി വർത്തിക്കുന്നു. വിശാലമായ തേയിലത്തോട്ടങ്ങൾ, കാർഷിക അധിഷ്ഠിത വ്യവസായങ്ങൾ, പരിസ്ഥിതി-സാംസ്കാരിക വിനോദസഞ്ചാരത്തിനുള്ള അപാരമായ സാധ്യതകൾ എന്നിവയ്ക്ക് പേരുകേട്ട മേഖലയാണിത്.

ആകെ 12,351 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ടെർമിനൽ കെട്ടിടത്തിന് തിരക്കേറിയ സമയങ്ങളിൽ  800 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുണ്ടായിരിക്കും; ആധുനിക യാത്രാ സൗകര്യങ്ങൾ, സുസ്ഥിര ഹരിത കെട്ടിട തത്വങ്ങൾ, ഭാവിയിൽ വിപുലീകരിക്കാവുന്ന മോഡുലാർ സംവിധാനം എന്നിവയോടെയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിനുപുറമെ, A-320 വിമാനങ്ങളുടെ സർവീസുകൾക്ക് അനുയോജ്യമായ 2,705 മീറ്റർ നീളവും 45 മീറ്റർ വീതിയുമുള്ള Code-4C നിലവാരത്തിലുള്ള റൺവേയുടെ വികസനം, 6 A-320 വിമാനങ്ങൾ പാർക്ക് ചെയ്യാൻ ശേഷിയുള്ള പുതിയ ഏപ്രൺ, പ്രത്യേക ഐസൊലേഷൻ ബേ എന്നിവയുടെ നിർമ്മാണവും പദ്ധതിയിൽ ഉൾപ്പെടുന്നു.

അങ്ങേയറ്റത്തെ തന്ത്രപ്രധാന പ്രാധാന്യമുള്ള ഒരു പദ്ധതിയെന്ന നിലയിൽ, തെക്കൻ അസമിലെയും അയൽ സംസ്ഥാനങ്ങളിലെ സമീപ പ്രദേശങ്ങളിലെയും വ്യോമഗതാഗതത്തിന്റെ അതിവേഗം വളരുന്ന ആവശ്യങ്ങൾ ഡോലൂ ഗ്രീൻഫീൽഡ് വിമാനത്താവളം നിറവേറ്റും. ഇത് നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളിലെ തിരക്ക് ഗണ്യമായി കുറയ്ക്കുകയും, വ്യാപാരവും വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രാദേശിക സാമ്പത്തിക സാധ്യതകൾ തുറന്നു നൽകുകയും, വടക്കുകിഴക്കൻ ഇന്ത്യയെ വിശാലമായ ദേശീയ-അന്തർദേശീയ വളർച്ചാ ഇടനാഴികളുമായി സംയോജിപ്പിക്കുന്ന ലോകോത്തര പ്രവേശന കവാടം ഒരുക്കുകയും ചെയ്യും.

***

SK


( റിലീസ് ഐ.ഡി: 2341353) സന്ദര്‍ശക കൗണ്ടര്‍ : 2
ഈ റിലീസ് വായിക്കുക: English , हिन्दी , Gujarati , Tamil