രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

കട്ടക്കിൽ നടന്ന ബാലി ജാത്ര ഫെസ്റ്റിവൽ 2026-ൽ രാഷ്ട്രപതി പങ്കെടുത്തു

പോസ്റ്റഡ് ഓണ്‍: 24 NOV 2026 8:16PM by PIB Thiruvananthpuram

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (2026 നവംബർ 24) ഒഡിഷയിലെ കട്ടക്കിൽ നടന്ന ബാലി ജാത്ര ഫെസ്റ്റിവൽ 2026-ൽ പങ്കെടുത്തു.

 

"ഒഡിഷയുടെ മഹത്തായ ചരിത്രത്തെ ആഘോഷിക്കുന്ന സവിശേഷമായ ഉത്സവമാണ് ബാലി ജാത്ര. സമുദ്രവ്യാപാരത്തിൻ്റെ ചരിത്രം ഒരു പാരമ്പര്യമായി മാറുകയും ആ പാരമ്പര്യം ഒരു ഉത്സവമായി മാറുകയും ചെയ്തു. ഒഡിഷയിലെ ജനങ്ങളുടെ സർഗാത്മകതയും ചരിത്രപരമായ കാഴ്ചപ്പാടും ഇതിലൂടെ പ്രതിഫലിക്കുന്നു."-ചടങ്ങിൽ രാഷ്ട്രപതി പറഞ്ഞു, 

 

ഒഡിഷയിൽ നിന്നുള്ളവർ വ്യാപാര- വാണിജ്യ പ്രവർത്തനങ്ങൾക്കായി വിദൂര ദേശങ്ങളിലേക്ക് യാത്ര ചെയ്യാറുണ്ടായിരുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. വ്യാപാരത്തിലൂടെ അവർ രാജ്യത്തിനായി നിരവധി സുപ്രധാന കാര്യങ്ങൾ കൈവരിച്ചു. പുതിയ സമുദ്ര മാർഗങ്ങൾ കണ്ടെത്തുകയും അന്താരാഷ്ട്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തു. സാംസ്കാരിക വിനിമയത്തിനുള്ള ഒരു മാധ്യമമായും അവർ വർത്തിച്ചു.

 

ഒഡിഷയും ബാലിയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ ആധുനിക വാണിജ്യ-സാംസ്കാരിക സഹകരണമായി മാറ്റാൻ കഴിയുമെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ ബാലി ജാത്രയിൽ ഇൻഡോനേഷ്യയിൽ നിന്നുള്ള സാംസ്കാരിക സംഘങ്ങൾ പങ്കെടുക്കുന്നതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. ബാലിയിൽ രണ്ട് ദിവസമായി ഒഡിഷ ഫെസ്റ്റിവൽ ആഘോഷിക്കുകയാണ്. ഒഡിഷയുടെ നൃത്തവും സംഗീതവും കൈത്തറികളും കരകൗശല വസ്തുക്കളും പരമ്പരാഗത വിഭവങ്ങളും ഇതിൽ അവതരിപ്പിക്കുന്നു. ഇത്തരം സാംസ്കാരിക വിനിമയങ്ങൾ ഇന്ത്യയും ഇൻഡോനേഷ്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധo കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

പൗരാണിക മഹത്വങ്ങളിൽ അഭിമാനം കൊള്ളുകയും നമ്മുടെ ഉത്സവങ്ങൾ ആഘോഷിക്കുകയും ചെയ്യുന്നത് നല്ല അനുഭവമാണെന്ന് രാഷ്ട്രപതി പറഞ്ഞു. എന്നാൽ, വർത്തമാനകാലത്തെ രൂപപ്പെടുത്താനും ഭാവിയെ ശോഭനമാക്കാനും നാം ഭൂതകാലത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണം. പ്രത്യേകിച്ച്, യുവതലമുറയ്ക്ക് നമ്മുടെ വ്യാപാരികളുടെ ധൈര്യത്തിൽ നിന്നും കഴിവിൽ നിന്നും ഏറെ പഠിക്കാനുണ്ട്.

 

വികസിത ഇന്ത്യ വാർത്തെടുക്കുക എന്നതാണ് നമ്മുടെ ദേശീയ ലക്ഷ്യമെന്ന് രാഷ്ട്രപതി പറഞ്ഞു. അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെട്ടിട്ടുണ്ട്. ലോകത്തിൻ്റെ പല ഭാഗങ്ങളിലും സംഘർഷവും ആഗോള സമ്പദ്‌ വ്യവസ്ഥയിൽ അസ്ഥിരതയും നിലനിൽക്കുമ്പോഴും ഇന്ത്യയുടെ സമ്പദ്‌ വ്യവസ്ഥ ശക്തമായി തുടരുകയാണ്. വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള നമ്മുടെ യാത്രയിൽ പ്രതീക്ഷ നൽകുന്ന സൂചകമാണിത്.

 

ഒഡിഷ ഒരു വ്യവസായ കേന്ദ്രമായി ഉയർന്നുവരുന്നതിലും കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതിലും രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു. ഒഡിഷയിലെ സംരംഭകർ, കരകൗശല വിദഗ്ധർ, നെയ്ത്തുകാർ, യുവതലമുറ എന്നിവർ അവരുടെ കഴിവുകളും സംരംഭകത്വ സാധ്യതകളും ഉപയോഗിച്ച് സംസ്ഥാനത്തിൻ്റെ സമ്പദ്‌ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ്. അവരുടെ വർധിച്ചുവരുന്ന സംഭാവനകൾ വികസിത് ഒഡിഷ എന്ന ദർശനം സാക്ഷാത്കരിക്കുന്നതിലേക്കുള്ള ശുഭകരമായ സൂചകമാണെന്നും രാഷ്‌ട്രപതി പറഞ്ഞു.

***


( റിലീസ് ഐ.ഡി: 2340994) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: English , हिन्दी , Gujarati , Odia