57th International Film Festival of India 2026
20 – 28 Nov 2026

“ചലച്ചിത്രകാരന്മാർ മാത്രമല്ല, ഓരോ മനുഷ്യനും ജീവിക്കുന്നത് കഥകൾ നിശ്വസിച്ച്”: ഐ.എഫ്.എഫ്.ഐ മാസ്റ്റർക്ലാസിൽ ബോഗ്ദാൻ മുരേഷാനു

പോസ്റ്റഡ് ഓണ്‍: 24 NOV 2026 7:42PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2340975Views: 3

ഓരോ കഥയിലും യാഥാർത്ഥ്യത്തിൻ്റെ ഒരംശം അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ ഓരോ ഓർമ്മയിലും ഭാവനയുടെ സാധ്യതകളുമുണ്ട്. ജീവിതാനുഭവങ്ങളും ചലച്ചിത്രഭാവനയും തമ്മിലുള്ള ഈ സൂക്ഷ്മമായ ഇടം പര്യവേക്ഷണം ചെയ്തുകൊണ്ട്, പ്രശസ്ത റൊമാനിയൻ എഴുത്തുകാരനും സംവിധായകനും നിർമാതാവുമായ ബോഗ്ദാൻ മുരേഷാനു ഗോവയിൽ നടക്കുന്ന 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി (ഐ.എഫ്.എഫ്.ഐ 2026) ‘ദി തിൻ ബോർഡേഴ്സ് ബിറ്റ്‌വീൻ ദി റിയാലിറ്റി ആൻഡ് ഫിക്ഷൻ’ എന്ന വിഷയത്തിൽ ഇന്ന് ശ്രദ്ധേയമായ മാസ്റ്റർക്ലാസ് നയിച്ചു.

ചലച്ചിത്രപ്രേമികളും വിദ്യാർത്ഥികളും ചലച്ചിത്ര പ്രവർത്തകരും അടങ്ങുന്ന ആവേശഭരിതരായ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട്, കഥപറച്ചിൽ മനുഷ്യജീവിതത്തിൻ്റെ അവിഭാജ്യ ഘടകമായിരിക്കുന്നത് എന്തുകൊണ്ടാണെന്നും ആഖ്യാനങ്ങൾ ലോകത്തെ മനസ്സിലാക്കാൻ നമ്മെ എങ്ങനെ സഹായിക്കുന്നുവെന്നും മുരേഷാനു വിശദീകരിച്ചു. കഥപറച്ചിൽ കലാകാരന്മാരുടെ മാത്രം കുത്തകയല്ലെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, സുഹൃത്തുക്കൾക്കിടയിൽ പങ്കുവെക്കുന്ന ദൈനംദിന അനുഭവങ്ങൾ മുതൽ സിനിമയിലൂടെ അവതരിപ്പിക്കുന്ന കഥകൾ വരെ, ആഖ്യാനങ്ങൾ സാധ്യമായ യാഥാർത്ഥ്യങ്ങളെ പര്യവേക്ഷണം ചെയ്യാനും മനസ്സിന് നവോന്മേഷം പകരാനും സഹായിക്കുന്നുവെന്ന് പറഞ്ഞു.



 

ചലച്ചിത്ര നിർമാണത്തെ, ആത്യന്തികമായി കൂട്ടായ അനുഭവമായി മാറുന്ന അങ്ങേയറ്റം വ്യക്തിപരമായ ഒരു പ്രക്രിയയായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. “നിങ്ങളുടെ മനസ്സിലെ ആത്മഭാഷണം ഒരു സംഭാഷണമായി മാറുമ്പോൾ, ആ സിനിമ നിങ്ങളുടേത് മാത്രമല്ലാതാകുന്നു,” പ്രേക്ഷകരുടെ വ്യാഖ്യാനങ്ങളിലൂടെ ചലച്ചിത്രകാരൻ്റെ സ്വകാര്യ കാഴ്ചപ്പാടിന് പുതിയ അർത്ഥതലങ്ങൾ കൈവരുന്നതെങ്ങനെയെന്ന് എടുത്തുകാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. സിനിമയുടെ നിർമാണകലയെക്കുറിച്ച് ചർച്ച ചെയ്യവേ, വ്യക്തമായ ഒരു കേന്ദ്ര ആശയത്തിൻ്റെ പ്രാധാന്യം മുരേഷാനു ഊന്നിപ്പറഞ്ഞു. “നിരവധി കഥാപരമായ വഴിത്തിരിവുകൾ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു നോവലിൽനിന്ന് വ്യത്യസ്തമായി, രണ്ട് മണിക്കൂർ ദൈർഘ്യമുള്ള സിനിമ അതിൻ്റെ പശ്ചാത്തലവും പ്രമേയവും ആശയങ്ങളും ശക്തമായ ഒരു കേന്ദ്ര കാഴ്ചപ്പാടിനോട് ചേർന്നുനിൽക്കുന്ന തരത്തിൽ വ്യക്തമായ ദിശയിൽ മുന്നോട്ടുപോകണം,” അദ്ദേഹം വ്യക്തമാക്കി.

സിനിമാറ്റിക് കഥപറച്ചിലിൽ ‘പറയാതെ പറയുന്നതിൻ്റെ’ ശക്തിയും അദ്ദേഹം എടുത്തുപറഞ്ഞു. തൻ്റെ  ഒരു ചിത്രത്തിലെ  രംഗം ഓർത്തെടുത്തുകൊണ്ട്, ഒരു കഥാപാത്രം പടക്കത്തിന് തീ കൊളുത്തുന്ന ദൃശ്യം കാണിക്കാതെ ആ നിമിഷം പ്രേക്ഷകരുടെ ഭാവനയ്ക്ക് വിട്ടുകൊടുക്കാൻ ബോധപൂർവ്വം തീരുമാനിച്ചതെങ്ങനെയെന്ന് അദ്ദേഹം വിശദീകരിച്ചു. ഇത്തരം സർഗ്ഗാത്മകമായ മിതത്വം പ്രേക്ഷകരെ കഥയിൽ വൈകാരികമായി പങ്കാളികളാകാൻ സഹായിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആർക്കൈവൽ ദൃശ്യങ്ങൾ ചരിത്രത്തിൻ്റെ പൂർണമായും വസ്തുനിഷ്ഠമായ ആവിഷ്കാരമാണെന്ന ധാരണയെ ചോദ്യം ചെയ്ത മുരേഷാനു, ഓരോ ക്യാമറയും ഒരു പ്രത്യേക വീക്ഷണം മാത്രമാണ് പകർത്തുന്നതെന്ന് ചൂണ്ടിക്കാട്ടി. തൻ്റെ ‘ദി ക്രിസ്മസ് ഗിഫ്റ്റ്’, ‘ദി ന്യൂ ഇയർ ദാറ്റ് നെവർ കെയിം’ എന്നീ ചിത്രങ്ങളെ മുൻനിർത്തി, ആർക്കൈവൽ ദൃശ്യങ്ങളും ഭാവനാത്മക ആഖ്യാനങ്ങളും എങ്ങനെ പരസ്പരം പൂരകങ്ങളാകാമെന്ന് രസകരമായ ഒരു അനുഭവം പങ്കുവച്ചുകൊണ്ട് അദ്ദേഹം വിശദീകരിച്ചു. “യാഥാർത്ഥ്യത്തെ മനസ്സിലാക്കുന്നതിനുള്ള ലളിതമായ ഒരു മാതൃകയായി ഫിക്ഷൻ പ്രവർത്തിക്കുമ്പോൾ, അത് യാഥാർത്ഥ്യവുമായി ഒന്നായിത്തീരുന്നു. അവ പരസ്പരം പരിപോഷിപ്പിക്കുന്നു,” മുരേഷാനു കൂട്ടിച്ചേർത്തു.

ദൃശ്യഭാഷ കഥപറച്ചിലിനെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നും മുരേഷാനു വിശദീകരിച്ചു. റൊമാനിയയിലെ കമ്മ്യൂണിസ്റ്റ് ഭരണകാലത്തിൻ്റെ പശ്ചാത്തലത്തിലുള്ള തൻ്റെ സിനിമകളിൽ, ആർക്കൈവൽ ദൃശ്യങ്ങളുമായി പൊരുത്തപ്പെടുന്നതിനും അടുപ്പത്തിൻ്റെയും പരിമിതിയുടെയും അനുഭവം സൃഷ്ടിക്കുന്നതിനുമായി 4:3 ദൃശ്യാനുപാതം ഉപയോഗിച്ചതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഇതിൽനിന്ന് വ്യത്യസ്തമായി, തൻ്റെ  ആനിമേറ്റഡ് ഹ്രസ്വചിത്രമായ ‘ദി മജീഷ്യനി’ൽ തുറമുഖത്തിന് കഥയിൽ സജീവമായൊരു സാന്നിധ്യം നൽകുന്നതിനായി വിശാലമായ വൈഡ്‌സ്‌ക്രീൻ ഫോർമാറ്റാണ് ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.



 

സമകാലിക സിനിമയെക്കുറിച്ച് സംസാരിക്കവേ, യഥാർത്ഥ സിനിമാറ്റിക് ശക്തി കേവലം വേഗതയിലോ ദൃശ്യവിസ്മയങ്ങളിലോ അല്ല, മറിച്ച് മനുഷ്യമുഖത്തിൻ്റെ ഭാവപ്രകടനങ്ങളിലും ഒരു നോട്ടത്തിലൂടെ കൈമാറുന്ന വികാരങ്ങളിലുമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. തുടർന്ന് നടന്ന സംവേദനാത്മക ചോദ്യോത്തരവേളയിൽ ചരിത്രപുരുഷന്മാരുടെ ജീവചരിത്ര സിനിമകൾ, പുരാണകഥകൾ, യഥാർത്ഥ ജീവിതത്തിലെ വ്യക്തിത്വങ്ങളെ അവതരിപ്പിക്കുമ്പോൾ ചലച്ചിത്രകാരന്മാർക്കുള്ള ധാർമ്മിക ഉത്തരവാദിത്തങ്ങൾ എന്നിവ ചർച്ചയായി. ഒരു പ്രശസ്ത വ്യക്തിത്വത്തിൻ്റെ ജീവചരിത്ര സിനിമ സംവിധാനം ചെയ്യാൻ അടുത്തിടെ ലഭിച്ച അവസരത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, ഒരാളുടെ ജീവിതത്തിലെ നിർണായകമായ ഒരു അധ്യായത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സമഗ്രമായ ജീവചരിത്രം ഒരുക്കുന്നതിനേക്കാൾ ആഴത്തിലുള്ള സത്യങ്ങൾ വെളിപ്പെടുത്താൻ പലപ്പോഴും സഹായിക്കുമെന്ന് മുരേഷാനു പറഞ്ഞു.

ദാർശനികമായ ഒരു നിരീക്ഷണത്തോടെ പ്രഭാഷണം ഉപസംഹരിച്ച അദ്ദേഹം, പാരമ്പര്യമായി ലഭിച്ച കാഴ്ചപ്പാടുകൾക്കപ്പുറത്തേക്ക് കടന്ന് വിശാലമായ ലോകവുമായി സംവദിക്കാനും ധൈര്യത്തോടും വ്യക്തതയോടും കൂടി സ്വന്തം വേരുകളിലേക്ക് മടങ്ങാനും കഥാകാരന്മാരെ പ്രോത്സാഹിപ്പിച്ചു.

IFFILOID ഇവിടെ വായിക്കാം: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1&reg=48


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2340975
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026