ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

നവലോക സാമ്പത്തിക, സാമൂഹിക വെല്ലുവിളികളെ നേരിടാൻ ആഗോള അക്കാദമിക് സഹകരണം അനിവാര്യം: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ

പോസ്റ്റഡ് ഓണ്‍: 24 NOV 2026 5:55PM by PIB Thiruvananthpuram
ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസ്, ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത് എന്നീ സ്ഥാപനങ്ങൾ തമ്മിലുള്ള ധാരണാപത്രം കൈമാറുന്ന ചടങ്ങിൽ ഡൽഹി സർവകലാശാല ചാൻസലർ കൂടിയായ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഇന്ന് പങ്കെടുത്തു. ന്യൂഡൽഹിയിലെ ഉപരാഷ്ട്രപതി ഭവനിലായിരുന്നു ചടങ്ങ്.

ചടങ്ങിനെ അഭിസംബോധന ചെയ്യവേ, ഉപരാഷ്ട്രപതി ഈ മൂന്ന് പ്രമുഖ സ്ഥാപനങ്ങളുടെയും യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ഈ സഹകരണമെന്ന് വിശേഷിപ്പിച്ചു. സമകാലിക ലോകം നേരിടുന്ന ഏറ്റവും നിർണ്ണായകമായ സാമ്പത്തിക-സാമൂഹിക വെല്ലുവിളികളെ നേരിടാൻ അക്കാദമിക് മികവും ഗവേഷണ ശേഷിയും നയരൂപീകരണ അനുഭവപരിചയവും ഈ പങ്കാളിത്തത്തിലൂടെ ഒന്നിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സ്ഥാപനങ്ങൾക്കിടയിൽ സഹകരണം വളർത്തിയെടുക്കുന്നതിനെക്കുറിച്ച് ഈ വർഷം ആദ്യം ശ്രീ എൻ.കെ. സിംഗുമായി നടത്തിയ ചർച്ചകൾ അനുസ്മരിച്ച അദ്ദേഹം, ആ ആശയം വ്യക്തമായ സ്ഥാപനപരമായ പങ്കാളിത്തത്തിലേക്ക് വളർന്നതിൽ സംതൃപ്തി രേഖപ്പെടുത്തി.
 
ഗവേഷണത്തിൻ്റെയും അക്കാദമിക് മികവിൻ്റെയും പ്രാധാന്യം എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി, ഇന്ത്യയിലെ യുവാക്കൾക്ക് മികച്ച അവസരങ്ങൾ നൽകുന്നതിനായി സർവകലാശാലകൾ തങ്ങളുടെ ഗവേഷണ ശേഷി ശക്തിപ്പെടുത്താനും ആഗോള നിലവാരം ഉയർത്താനും പരിശ്രമിക്കണമെന്ന് വ്യക്തമാക്കി. ഇന്ന് ലഭ്യമായ അവസരങ്ങൾ പൂർണ്ണമായി പ്രയോജനപ്പെടുത്താനും രാജ്യത്തിൻ്റെ വികസനത്തിൽ അർത്ഥവത്തായ സംഭാവനകൾ നൽകാനും അദ്ദേഹം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു. നിർദ്ദിഷ്ട സഹകരണം അക്കാദമിക് വിനിമയങ്ങൾ, സംയുക്ത ഗവേഷണം, പരിശീലന പരിപാടികൾ, വിദ്യാർത്ഥി-അധ്യാപക കൈമാറ്റങ്ങൾ എന്നിവ സുഗമമാക്കുമെന്നും, പരസ്പര പഠനത്തിനും വിജ്ഞാന സൃഷ്ടിക്കും പുതിയ വഴികൾ തുറക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു.
 
മൂന്ന് സ്ഥാപനങ്ങളും ചേർന്നുള്ള സംയുക്ത ഗവേഷണ സീഡ് ഫണ്ട് എന്ന നിർദ്ദേശത്തെ ഉപരാഷ്ട്രപതി പ്രത്യേകമായി സ്വാഗതം ചെയ്തു. സുസ്ഥിരത, നിർമിത ബുദ്ധി, പൊതുനയം, ഭൗമരാഷ്ട്രീയം, അന്താരാഷ്ട്ര വ്യാപാരം എന്നിവയുൾപ്പെടെ സഹകരണത്തിനായി തിരഞ്ഞെടുത്ത മേഖലകൾ സമകാലിക വെല്ലുവിളികൾക്ക് ഏറെ പ്രസക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സംരംഭം യുവ ഗവേഷകരെ വളർത്തിയെടുക്കുകയും, മൗലികമായ പഠനങ്ങളെ പ്രോത്സാഹിപ്പിക്കുകയും, പ്രായോഗിക നയരൂപീകരണ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യൻ ഇക്കണോമിക് സർവീസ് ഉദ്യോഗസ്ഥരുടെ പരിശീലനം മെച്ചപ്പെടുത്തുന്നതിനായി ഐ.ഇ.ജിയും എൽ.എസ്.ഇയും തമ്മിലുള്ള നിർദ്ദിഷ്ട സഹകരണത്തെയും അദ്ദേഹം എടുത്തുപറഞ്ഞു. ഗവേഷണത്തിലും നയരൂപീകരണ രീതികളിലും ലഭിക്കുന്ന അന്താരാഷ്ട്ര പരിചയം ഉദ്യോഗസ്ഥരുടെ പ്രൊഫഷണൽ കഴിവുകൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം നിരീക്ഷിച്ചു.
 
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിച്ച വികസന മുന്നേറ്റങ്ങളെ എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി, ദാരിദ്ര്യ നിർമ്മാർജ്ജനം, ഭവന നിർമാണം, ഗ്രാമീണ വൈദ്യുതീകരണം, ഗാർഹിക കുടിവെള്ള കണക്ഷൻ എന്നീ മേഖലകളിലെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി. എല്ലാ മേഖലകളെയും പ്രദേശങ്ങളെയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സമഗ്ര വികസനമാണ് ‘വികസിത് ഇന്ത്യ @2047’ എന്ന കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമ്പത്ത് സൃഷ്ടിക്കുന്നതിനൊപ്പം അതിൻ്റെ തുല്യമായ വിതരണത്തിനും പ്രാധാന്യം നൽകണമെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, സാമ്പത്തിക പുരോഗതി ആത്യന്തികമായി ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിലേക്ക് നയിക്കണമെന്ന് അഭിപ്രായപ്പെട്ടു. ആഗോളതലത്തിലും ആഭ്യന്തരതലത്തിലും മുൻഗണനകൾ എപ്പോഴും മാനവ വികസനം, സദ്ഭരണം, പൗരന്മാരുടെ ക്ഷേമം എന്നിവയിൽ അധിഷ്ഠിതമായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
 
‘ഗ്ലോബൽ സൗത്ത്’ അഥവാ വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയിൽ ഇന്ത്യ വഹിക്കുന്ന വർദ്ധിച്ചുവരുന്ന പങ്കിനെക്കുറിച്ച് പരാമർശിച്ച ഉപരാഷ്ട്രപതി, ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങൾ, വൈവിധ്യം, വികസന അനുഭവങ്ങൾ എന്നിവ അന്താരാഷ്ട്ര അക്കാദമിക് സമൂഹത്തിന് വലിയ സംഭാവനകൾ നൽകാൻ ശേഷിയുള്ളവയാണെന്ന് പറഞ്ഞു. വികസ്വര രാജ്യങ്ങളുടെ അനുഭവങ്ങൾ ആഗോള അക്കാദമിക്-നയരൂപീകരണ ചട്ടക്കൂടുകൾക്ക് വഴികാട്ടിയാകണമെന്നും, ഇത്തരം പങ്കാളിത്തങ്ങൾ അന്താരാഷ്ട്ര ഗവേഷണങ്ങളെയും നയപരമായ ചർച്ചകളെയും കൂടുതൽ സമ്പന്നമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
ഈ സഹകരണം സ്ഥാപനപരമായ അതിർവരമ്പുകൾക്കപ്പുറത്തേക്ക് വളരുകയും അർത്ഥവത്തായ വൈജ്ഞാനിക വിനിമയത്തിന് വഴിയൊരുക്കുകയും ചെയ്യുമെന്ന് ഉപരാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഡൽഹി സർവകലാശാലയുടെ ചാൻസലർ എന്ന നിലയിൽ ഈ സംരംഭത്തിൻ്റെ പുരോഗതിയും ഫലങ്ങളും താൻ നേരിട്ട് വിലയിരുത്തുമെന്നും ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പങ്കാളിത്തത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സമാനമായ സഹകരണങ്ങൾക്ക് മുന്നോട്ടുവരാൻ അദ്ദേഹം മറ്റ് സർവകലാശാലകളെയും പ്രോത്സാഹിപ്പിച്ചു. അക്കാദമിക് മികവും പങ്കുവെക്കപ്പെടുന്ന അറിവും കൊണ്ട് സമൂഹത്തിന് പ്രയോജനകരമായ വ്യക്തമായ പുരോഗതിയിലേക്ക് നയിക്കാൻ അദ്ദേഹം സ്ഥാപനങ്ങളോട് ആഹ്വാനം ചെയ്തു.
 
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത് പ്രസിഡൻ്റ് ശ്രീ എൻ.കെ. സിംഗ്, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസ് പ്രസിഡൻ്റും വൈസ് ചാൻസലറുമായ പ്രൊഫ. ലാറി ക്രാമർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത് ചെയർമാൻ ഡോ. മൈക്കൽ ദേബബ്രത പത്ര, ഡൽഹി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. യോഗേഷ് സിംഗ് എന്നിവരും മറ്റ് വിശിഷ്ടാതിഥികളും അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.
 
***

( റിലീസ് ഐ.ഡി: 2340925) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Tamil