57th International Film Festival of India 2026
20 – 28 Nov 2026

​ദൈനംദിന ജീവിതത്തിൽനിന്ന് അമാനുഷികതയിലേക്ക്: 57-ാം ഐഎഫ്എഫ്ഐയിൽ ‘സർവം മായ’യുടെ നിർമാണത്തെക്കുറിച്ച് സംവിധായകൻ അഖിൽ സത്യൻ

“സിനിമയിൽ നർമവും നാടകീയതയും ത്രില്ലും പോലെ ശക്തം”: അഖിൽ സത്യൻ

പോസ്റ്റഡ് ഓണ്‍: 24 NOV 2026 6:10PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2340895Views: 17

ഗോവ, 2026 നവംബർ 24

 

ദൈനംദിന ജീവിതത്തിലെ അനുഭവങ്ങളിൽനിന്നും വ്യക്തിപരമായ അനുഭവങ്ങളിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് അമാനുഷിക പ്രമേയത്തിലുള്ള ചിത്രമായ ‘സർവം മായ’ ഒരുക്കിയതെന്നു മലയാള ചലച്ചിത്രസംവിധായകൻ ശ്രീ അഖിൽ സത്യൻ പറഞ്ഞു. ഗോവയിൽ നടക്കുന്ന 57-ാം ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് ഇന്നു സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിവിൻ പോളിയും റിയ ഷിബുവും പ്രധാന വേഷങ്ങളിലെത്തുന്ന 2025-ൽ പുറത്തിറങ്ങിയ മലയാള ചിത്രം ‘സർവം മായ’ 2026-ലെ ഐഎഫ്എഫ്ഐയുടെ ഇന്ത്യൻ പനോരമ വിഭാഗത്തിലാണു പ്രദർശിപ്പിക്കുന്നത്.

തികച്ചും വ്യക്തിപരമായ അനുഭവങ്ങളിൽനിന്നു രൂപംകൊണ്ട, തനതു പ്രാദേശിക പശ്ചാത്തലമുള്ള ചിത്രമായാണു ശ്രീ അഖിൽ സത്യൻ ‘സർവം മായ’യെ വിശേഷിപ്പിച്ചത്. തനിക്കും സുഹൃത്തായ നിവിൻ പോളിക്കും ഹൊറർ സിനിമകളോടുള്ള ഭയം കാരണം അത്തരമൊരു ചിത്രം ഒരുക്കുന്നതിൽ ആദ്യം ആശങ്കയുണ്ടായിരുന്നുവെന്ന് അദ്ദേഹം ഓർത്തെടുത്തു. മുൻപു നിരീശ്വരവാദിയായിരുന്ന ക്ഷേത്ര പൂജാരിയുമായുള്ള കൂടിക്കാഴ്ചയാണു ചിത്രത്തിന്റെ ആശയത്തിനു തുടക്കമിട്ടത്. പ്രേതബാധ ഒഴിപ്പിക്കുന്ന കർമങ്ങൾ നടത്തുന്ന നിരീശ്വരവാദിയായ പൂജാരിയും അയാളുടെ ജീവിതത്തിലേക്കു കടന്നുവരുന്ന ‘ജെൻ സീ’ (Gen Z) വിഭാഗത്തിൽപ്പെട്ട പ്രേതവും എന്ന വ്യത്യസ്തമായ പ്രമേയത്തിനു പ്രചോദനമായത് ഈ സാധാരണ ജീവിതാനുഭവമാണ്.

ശ്രീ അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിച്ച ‘സർവം മായ’ പ്രഭേന്ദു എന്ന നിരീശ്വരവാദിയായ സംഗീതജ്ഞന്റെ കഥയാണു പറയുന്നത്. കുടുംബസാഹചര്യങ്ങൾ കാരണം പരമ്പരാഗത ഹിന്ദു പൂജാരിയാകാൻ അയാൾ നിർബന്ധിതനാകുന്നു. ഭൂതകാലവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്ന മായ എന്ന യുവതിയുടെ ആത്മാവിനെ കണ്ടുമുട്ടുന്നതോടെ, അയാളുടെ ജീവിതം അപ്രതീക്ഷിത വഴിത്തിരിവിലെത്തുന്നു. ‘ഡെലുലു’ എന്നും അറിയപ്പെടുന്ന മായയുമായുള്ള അസാധാരണമായ സൗഹൃദം ആത്മാന്വേഷണത്തിലേക്കുള്ള യാത്രയായി മാറുന്നു. വിശ്വാസം, നഷ്ടം, പ്രണയം, മനുഷ്യബന്ധങ്ങളുടെ സാന്ത്വനശക്തി എന്നിവയാണു ചിത്രം അന്വേഷിക്കുന്നത്.

കഥപറച്ചിലിൽ നർമത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ച ശ്രീ അഖിൽ സത്യൻ, പ്രേക്ഷകരെ ആകർഷിക്കാൻ സിനിമയിൽ അക്രമരംഗങ്ങളോ കഥാഗതിക്ക് ആവശ്യമില്ലാത്ത ആക്ഷൻ രംഗങ്ങളോ നിർബന്ധമല്ലെന്നു വ്യക്തമാക്കി. നാടകീയതയ്ക്കും ത്രില്ലിനും തുല്യമായി, സിനിമയുടെ വാണിജ്യവിജയത്തിനു നർമത്തിനും സംഭാവനയേകാനാകുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. അതോടൊപ്പം, കഥയ്ക്കു മനോഹാരിതയും വൈകാരിക ആഴവും പകരാനും നർമത്തിനു കഴിയും. നിവിൻ പോളിയുടെ സ്വാഭാവികമായ നർമബോധം ഇരുവരുടെയും കൂട്ടായ പ്രവർത്തനം ഏറെ ആസ്വാദ്യകരമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിത്രം മേളയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷം പ്രകടിപ്പിച്ച ശ്രീ അഖിൽ സത്യൻ, നേരത്തെ വാണിജ്യാടിസ്ഥാനത്തിൽ പ്രദർശിപ്പിച്ച ചിത്രം മേളയിലേക്കു സമർപ്പിക്കുന്നതിൽ തുടക്കത്തിൽ സംശയമുണ്ടായിരുന്നുവെന്നു പറഞ്ഞു. എന്നാൽ ചിത്രത്തിന്റെ വൈകാരികമായ ആഴവും കഥപറച്ചിലിന്റെ മികവും ചലച്ചിത്രമേളയിൽ പ്രേക്ഷകരുടെ അംഗീകാരം നേടുമെന്ന് അദ്ദേഹം വിശ്വസിച്ചു.

പിതാവും മുതിർന്ന ചലച്ചിത്ര സംവിധായകനുമായ ശ്രീ സത്യൻ അന്തിക്കാടിന്റെ സ്വാധീനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, തന്റെ സിനിമകളിലെ തനതു പ്രാദേശിക ഘടകങ്ങൾ സ്വന്തം അനുഭവങ്ങളിൽനിന്നു സ്വാഭാവികമായി രൂപപ്പെട്ടതാണെന്നു ശ്രീ അഖിൽ പറഞ്ഞു. തുടക്കത്തിൽ ‘ബോംബെ’ പോലുള്ള മണിരത്നം സിനിമകളോടായിരുന്നു കൂടുതൽ താൽപ്പര്യം. എന്നാൽ, പിന്നീടു പിതാവിന്റെ ‘വരവേൽപ്പ്’ ഉൾപ്പെടെയുള്ള സിനിമകളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും ആസ്വദിക്കാനും കഴിഞ്ഞു. മുതിർന്ന നടനും തിരക്കഥാകൃത്തുമായ ശ്രീ ശ്രീനിവാസന്റെ സ്വാധീനവും അദ്ദേഹം അംഗീകരിച്ചു.

വിവരസാങ്കേതികവിദ്യാരംഗത്തെ ജോലി ഉപേക്ഷിച്ചു സിനിമാസംവിധാനത്തിലേക്ക് എത്തിയ ശ്രീ അഖിൽ സത്യൻ, ചലച്ചിത്രമേഖലയിൽ പശ്ചാത്തലമില്ലാത്തവരുൾപ്പെടെയുള്ള പുതുതലമുറയിലെ സിനിമാമോഹികൾക്കു പ്രചോദനമേകുന്ന നിർദേശങ്ങളും പങ്കുവച്ചു. രണ്ടു മിനിറ്റ് ദൈർഘ്യമുള്ള സിനിമയ്ക്കായി മികച്ച ആശയം എഴുതി തയ്യാറാക്കുകയും, തുടർന്ന് അതു ചിത്രീകരിച്ച് എഡിറ്റ് ചെയ്യുകയുമാണു തുടക്കത്തിൽ ചെയ്യേണ്ടതെന്ന് അദ്ദേഹം നിർദേശിച്ചു. സിനിമയിലേക്കുള്ള ആദ്യ ചുവടുവയ്പിനു പെൻസിലും കടലാസും മാത്രം മതിയാകും. മികച്ച രീതിയിൽ എഴുതിയ ആശയത്തിന് ഒരാളുടെ ഭാവിയുടെ ഗതിതന്നെ മാറ്റാനാകുമെന്നും അദ്ദേഹം പറഞ്ഞു.

നിരീശ്വരവാദിയായ പൂജാരിയും യുവതിയുടെ ആത്മാവും തമ്മിലുള്ള അസാധാരണ സൗഹൃദത്തിലൂടെ നർമവും ആർദ്രതയും വിശ്വാസത്തെയും നഷ്ടങ്ങളെയും കുറിച്ചുള്ള ചിന്തകളും ‘സർവം മായ’ ഒരുമിച്ചുചേർക്കുന്നു. ഐഎഫ്എഫ്ഐ 2026-ന്റെ ‘അതിരുകൾക്കതീതമായ കഥകൾ’ എന്ന പ്രമേയത്തോടു ചേർന്നുനിൽക്കുന്ന ചിത്രം, പ്രാദേശിക അനുഭവങ്ങളിൽ വേരൂന്നിയ കഥകൾക്കു സാർവത്രികമായ മാനുഷിക വികാരങ്ങളിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുമായി സംവദിക്കാനാകുമെന്നു വ്യക്തമാക്കുന്നു.

ശ്രീ അലൻ സിബിയാണു വാർത്താസമ്മേളനം നിയന്ത്രിച്ചത്.

 

വാർത്താസമ്മേളനം പൂർണ്ണമായി ഇവിടെ കാണാം: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1&reg=48

 

***

SK


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2340895
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026