ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തില്‍ വേരൂന്നിയ പുരാണകഥകള്‍, സൂപ്പര്‍ഹീറോകള്‍, ഫാന്റസി ലോകങ്ങള്‍ എന്നിവയുടെ അസാധാരണ സാധ്യതകളാണ് ഗോവയില്‍ നടക്കുന്ന 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (IFFI) 'ദി എപ്പിക് ജോണേഴ്‌സ് – മിത്തോളജീസ്, സൂപ്പര്‍ഹീറോസ് ആന്‍ഡ് ന്യൂ വേള്‍ഡ്‌സ്' എന്ന സംവാദ സെഷനില്‍ പ്രധാന ചര്‍ച്ചാവിഷയമായത്. പൂജ തല്‍വാര്‍ നിയന്ത്രിച്ച സംവാദത്തില്‍ ചലച്ചിത്രകാരന്മാരായ അയാന്‍ മുഖര്‍ജിയും ബേസില്‍ ജോസഫും പങ്കെടുത്തു. സൂപ്പര്‍ഹീറോകളെയും പുരാണകഥകളെയും വെള്ളിത്തിരയില്‍ എത്തിക്കുന്നതിലെ സര്‍ഗാത്മക വെല്ലുവിളികള്‍, ഇന്ത്യന്‍ നാടോടിക്കഥകളുടെയും ആത്മീയതയുടെയും സ്വാധീനം, സിനിമയിലെ കഥപറച്ചിലില്‍ സാങ്കേതികവിദ്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന പങ്ക് എന്നിവ ഇരുവരും ചര്‍ച്ച ചെയ്തു.
_20261123190519_c1890c.jpeg)
ഇന്ത്യയില്‍ സൂപ്പര്‍ഹീറോ സിനിമകള്‍ നിര്‍മിക്കുന്നതിലെ വെല്ലുവിളികളെക്കുറിച്ച് സംസാരിച്ച ബേസില്‍ ജോസഫ്, ഇന്ത്യന്‍ സിനിമയില്‍ നായകകഥാപാത്രങ്ങളെ പരമ്പരാഗതമായി സൂപ്പര്‍ഹീറോകള്‍ക്ക് സമാനമായ അമാനുഷിക ഗുണങ്ങളുള്ള അസാധാരണ വ്യക്തിത്വങ്ങളായാണ് അവതരിപ്പിച്ചിട്ടുള്ളതെന്ന് പറഞ്ഞു. ഇത് സവിശേഷമായ ഒരു സൂപ്പര്‍ഹീറോ ചലച്ചിത്രപ്രപഞ്ചം സൃഷ്ടിക്കുന്നത് കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാക്കുന്നു. തന്റെ ചിത്രമായ 'മിന്നല്‍ മുരളി'യെക്കുറിച്ച് പരാമര്‍ശിക്കവെ, സര്‍ഗാത്മക വെല്ലുവിളികളും ബജറ്റിന്റെ പരിമിതികളും എങ്ങനെ നൂതനമായ കഥപറച്ചിലിന് പ്രചോദനമാകുമെന്ന് അദ്ദേഹം വിശദീകരിച്ചു. 'മിന്നല്‍ മുരളി'യില്‍, മുഖം ലുങ്കികൊണ്ട് മറച്ച്, ചെരിപ്പും ധരിച്ച് സൂപ്പര്‍ഹീറോ ഓടുന്ന രംഗങ്ങള്‍ ഇത്തരം സാഹചര്യങ്ങളില്‍നിന്നാണ് ഉരുത്തിരിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാരിലും അസാധാരണമായ ശക്തികള്‍ കുടികൊള്ളുന്നുവെന്ന ആശയമാണ് തന്നെ തുടക്കത്തില്‍ സൂപ്പര്‍ഹീറോ സിനിമകളുടെ ലോകത്തേക്ക് ആകര്‍ഷിച്ചതെന്ന് അയാന്‍ മുഖര്‍ജി പറഞ്ഞു. പാശ്ചാത്യ ഫാന്റസിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സിനിമകള്‍ക്ക് ഇന്ത്യന്‍ തനിമ നല്‍കുന്നതിലെ വെല്ലുവിളികളെക്കുറിച്ച് സംസാരിക്കവെ, 'ഹാരി പോട്ടര്‍' പോലുള്ള കഥകളോടുള്ള തന്റെ ആരാധനയുടെ സ്വാധീനത്തില്‍ 'ബ്രഹ്മാസ്ത്ര'യില്‍ തുടക്കത്തില്‍ ചില പാശ്ചാത്യ ഘടകങ്ങള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു. എന്നാല്‍, തിരക്കഥയില്‍ ആത്മീയതയുടെ ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയതിലൂടെ സിനിമയ്ക്ക് തനതായ ഇന്ത്യന്‍ സ്വത്വം നല്‍കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
ചലച്ചിത്ര നിര്‍മാണത്തില്‍ തനിമയുടെ പ്രാധാന്യം എടുത്തുപറഞ്ഞ ബേസില്‍ ജോസഫ്, സിനിമകള്‍ കൃത്രിമമായി തോന്നിപ്പിക്കാതെ, ചലച്ചിത്രകാരന്മാര്‍ തങ്ങളുടെ കഥാപാത്രങ്ങളോടും സ്വന്തം വ്യക്തിത്വത്തോടും സത്യസന്ധത പുലര്‍ത്തണമെന്ന് അഭിപ്രായപ്പെട്ടു. ലാളിത്യവും സര്‍ഗാത്മകമായ സത്യസന്ധതയും അത്യന്താപേക്ഷിതമാണെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, ഒരു സിനിമയെ 'കൂള്‍' ആക്കാനുള്ള ശ്രമത്തില്‍ സ്വന്തം വ്യക്തിത്വത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതെന്നും കൂട്ടിച്ചേര്‍ത്തു.
_20261123190553_2cb5cb.jpeg)
'ബ്രഹ്മാസ്ത്ര'യുടെ നിര്‍മാണ അനുഭവങ്ങള്‍ പങ്കുവെച്ച അയാന്‍ മുഖര്‍ജി, പ്രായോഗികതലത്തില്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഒരു ദൗത്യമായിരുന്നു ആ ചിത്രത്തിന്റെ നിര്‍മാണമെന്ന് വിശേഷിപ്പിച്ചു. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്നത് പലപ്പോഴും പരമ്പരാഗത രീതികള്‍ക്കപ്പുറം ചിന്തിക്കാനും കൂടുതല്‍ ഭാവനാത്മകമായ പരിഹാരങ്ങള്‍ കണ്ടെത്താനും ചലച്ചിത്രകാരന്മാരെ പ്രേരിപ്പിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ഗാത്മകമായ വെല്ലുവിളികള്‍ തടസ്സങ്ങളാകുന്നതിനുപകരം നൂതനാശയങ്ങള്‍ക്കുള്ള പ്രചോദനമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
പുരാണങ്ങളുമായും നാടോടിക്കഥകളുമായും ഇന്ത്യയ്ക്കുള്ള ആഴത്തിലുള്ള ബന്ധവും സംവാദത്തില്‍ ചര്‍ച്ചയായി. ദിവ്യശക്തികളുടെയും അമാനുഷിക കഴിവുകളുടെയും കഥകള്‍ കേട്ടുവളര്‍ന്നവരാണ് ഇന്ത്യന്‍ പ്രേക്ഷകരെന്ന് ബേസില്‍ ജോസഫ് പറഞ്ഞു. ജനപ്രിയ കഥപറച്ചിലുകളില്‍ പുരാണകഥകളിലെ സൂപ്പര്‍ഹീറോകള്‍ക്ക് താരതമ്യേന കുറച്ചുമാത്രം ഇടം ലഭിക്കുന്ന പാശ്ചാത്യ രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി, പ്രതിസന്ധിഘട്ടങ്ങളില്‍ ജനങ്ങളെ സംരക്ഷിക്കാനും രക്ഷിക്കാനുമായി അവതരിക്കുന്ന ദൈവികരൂപങ്ങളുടെ വിപുലമായ പാരമ്പര്യം ഇന്ത്യയ്ക്കുണ്ട്. പുരാണങ്ങളുടെയും നാടോടിക്കഥകളുടെയും വിപുലമായ ശേഖരമുള്ളതിനാല്‍, ചലച്ചിത്രലോകങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ കുട്ടിക്കാലത്ത് കേട്ടറിഞ്ഞ കഥകളെയും അനുഭവങ്ങളെയും ചലച്ചിത്രകാരന്മാര്‍ സ്വാഭാവികമായും ആശ്രയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതികവിദ്യയിലുണ്ടായ മുന്നേറ്റങ്ങള്‍ ദൃശ്യാവിഷ്‌കാരത്തിന്റെ സാധ്യതകള്‍ എങ്ങനെ വിപുലീകരിച്ചുവെന്ന് അയാന്‍ മുഖര്‍ജി എടുത്തുപറഞ്ഞു. വലിയ ക്യാന്‍വാസിലുള്ള കഥകളും ഫാന്റസി ലോകങ്ങളും വെള്ളിത്തിരയില്‍ ജീവസുറ്റതാക്കാന്‍ ഇത് ചലച്ചിത്രകാരന്മാരെ പ്രാപ്തരാക്കുന്നു. ഇന്ത്യന്‍ കഥപറച്ചിലില്‍ പുരാണങ്ങള്‍ എക്കാലത്തും സ്ഥിരസാന്നിധ്യമായിരുന്നുവെന്നും, ഈ പുരാതന കഥകള്‍ സമകാലിക പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് സാങ്കേതികവിദ്യ ഇപ്പോള്‍ പുതിയ വഴികള്‍ തുറക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിര്‍മ്മിതബുദ്ധിയുടെ കാലഘട്ടത്തിലെ ചലച്ചിത്ര നിര്‍മാണത്തിന്റെ ഭാവിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവെച്ച ബേസില്‍ ജോസഫ്, തികച്ചും മൗലികമായ സൃഷ്ടികള്‍ നടത്തുന്നതിനുപകരം നിലവിലുള്ള ഉള്ളടക്കങ്ങള്‍ പുനരാവിഷ്‌കരിക്കുകയാണ് നിര്‍മിതബുദ്ധി (AI) പ്രധാനമായും ചെയ്യുന്നതെന്ന് പറഞ്ഞു. സര്‍ഗാത്മക സൃഷ്ടികള്‍ സാങ്കേതികവിദ്യയ്ക്ക് അനായാസം പകര്‍ത്താന്‍ കഴിയുന്ന കാലത്ത് മൗലികതയ്ക്ക് കൂടുതല്‍ മൂല്യം കൈവരുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വളര്‍ച്ച ഇന്ത്യന്‍ സിനിമയുടെ പ്രേക്ഷകവ്യാപ്തിയില്‍ വരുത്തിയ മാറ്റങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. ഒരു ഭാഷയില്‍ നിര്‍മിക്കുന്ന സിനിമകള്‍ക്ക് ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രേക്ഷകരുടെ സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും സ്വന്തം ഭാഷകളില്‍ത്തന്നെ അവ ആസ്വദിക്കാന്‍ കഴിയുന്നുണ്ടെന്നും ബേസില്‍ ജോസഫ് ചൂണ്ടിക്കാട്ടി. വര്‍ദ്ധിച്ചുവരുന്ന ഈ ലഭ്യത ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറമുള്ള പ്രേക്ഷകരിലേക്ക് എത്താന്‍ പ്രാദേശിക സിനിമകള്‍ക്ക് പുതിയ അവസരങ്ങള്‍ തുറന്നുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാങ്കേതികവിദ്യയുടെ സാധ്യതകളും സര്‍ഗാത്മകമായ മികവും തനത് പുരാണപാരമ്പര്യവുമായുള്ള ദീര്‍ഘകാല ബന്ധവും ഒത്തുചേര്‍ന്ന് ഭാവനാസമ്പന്നവും തനതായ ഇന്ത്യന്‍ സ്വഭാവമുള്ളതുമായ ചലച്ചിത്രലോകങ്ങള്‍ എങ്ങനെ സൃഷ്ടിക്കാമെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ സംവാദം. ഈ വിഭാഗത്തിലെ ഇന്ത്യന്‍ സിനിമകളുടെ മാറിക്കൊണ്ടിരിക്കുന്ന ഭാവിയെക്കുറിച്ചുള്ള വിലപ്പെട്ട കാഴ്ചപ്പാടുകളും ചര്‍ച്ച മുന്നോട്ടുവച്ചു.
IFFILOID ഇവിടെ വായിക്കാം: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1®=48
***