പോസ്റ്റഡ് ഓണ്:
23 NOV 2026 4:29PM by PIB Thiruvananthpuram
കൊച്ചി: പ്രതിരോധ വകുപ്പിലെ പെൻഷൻകാർക്കായി എറണാകുളത്ത് നടത്തിയ മെഗാ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (ഡിഎൽസി) ക്യാമ്പ് 5.0, സ്പർശ് ഔട്ട്റീച്ച് പരിപാടികളിൽ ആവേശകരമായ പങ്കാളിത്തം. എറണാകുളം എം.ജി റോഡിലെ ഗംഗോത്രി കല്യാണമണ്ഡപത്തിൽ നൂറുകണക്കിന് പെൻഷൻകാർ പങ്കെടുത്തു. പ്രതിരോധ പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും ക്ഷേമം ലക്ഷ്യമിട്ട് ചെന്നൈ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആദ്യ ദിനത്തിൽ 600ലേറെ പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും ക്യാമ്പ് ഉപകാരപ്പെട്ടു. കൊച്ചി നേവൽ ബേസിലെ കടാരി ബാഗ് ചീഫ് എഞ്ചിനീയർ (നേവി) ഓഫീസിൽ ക്യാമ്പ് നവംബർ 24നും തുടരും.

സ്പർശ് സംവിധാനം നിലവിൽ വന്നതോടെ പെൻഷൻ സേവനങ്ങൾക്കായി ഒരു സമഗ്ര പോർട്ടൽ സജ്ജമായെന്നും ഏകദേശം 35 ലക്ഷം പ്രതിരോധ പെൻഷൻകാർ ഈ പോർട്ടലിന് കീഴിലുണ്ടെന്നും വിശിഷ്ടാതിഥിയായി പങ്കെടുത്ത കൺട്രോളർ ജനറൽ ഓഫ് ഡിഫൻസ് അക്കൗണ്ട്സ് ശ്രീമതി അൽക നാംഗിയ അറോറ ഐഡിഎഎസ് വ്യക്തമാക്കി. ഇതിൽ ഏകദേശം 32.5 ലക്ഷം പേരെ ഇതിനകം പോർട്ടലിൽ ഉൾപ്പെടുത്തി. ശേഷിക്കുന്ന പെൻഷൻകാരെയും അടുത്ത വർഷത്തോടെ ഇതിൻ്റെ ഭാഗമാക്കാൻ പരമാവധി ശ്രമിക്കുകയാണ്.

ഡിജിറ്റൽ സംവിധാനത്തിലൂടെ മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് പെൻഷൻകാർ ജീവിച്ചിരിപ്പുണ്ടെന്നത് സ്ഥിരീകരിക്കുന്നതാണ് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ്. എല്ലാ വർഷവും നവംബറി ൽ ഇത് നൽകേണ്ടതുണ്ട്. കുടുംബ പെൻഷൻകാർക്കും ഇക്കാര്യം ബാധകമാണ്. മെഗാ ഡിഎൽസി ക്യാമ്പ് 5.0, സ്പർശ് ഔട്ട്റീച്ച് പരിപാടി നമ്മളിൽ വലിയൊരു വിശ്വാസം വളർത്തുന്നുണ്ട്. നമുക്കുവേണ്ടി എവിടെയോ ആരൊക്കെയോ കരുതലോടെ പ്രവർത്തിക്കുന്നുണ്ടെന്ന ബോധ്യം അവ നൽകുന്നു. പെൻഷൻ ജീവിതത്തിലേക്ക് കടക്കുന്ന ദിവസം ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്നും പരിഗണിക്കുന്നില്ലെന്നുമുള്ള തോന്നൽ പലർക്കും ഉണ്ടാകാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ ഈ വേദികൾ വലിയ ആശ്വാസമാണ്.

പ്രത്യേകിച്ച് വനിതാ പെൻഷൻകാരുടെ പേരുകളിലെ അക്ഷരത്തെറ്റുകളും രേഖകളിലെ പേരും മറ്റ് വിവരങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകളും വലിയ പ്രശ്നങ്ങളായി വരുന്നുണ്ട്. ഇത്തരം പരാതികൾ പരിഹരിക്കാൻ നമ്മുടെ സമർപ്പിത ഉദ്യോഗസ്ഥ സംഘം ഇവിടെയുണ്ട്. ഏതെങ്കിലും പരാതികൾക്ക് ഇവിടെവെച്ച് പൂർണമായ പരിഹാരം കാണാൻ കഴിയാതെ വന്നാലും ഉദ്യോഗസ്ഥസംഘം അവരുമായി നിരന്തരം ബന്ധം പുലർത്തി പ്രശ്നപരിഹാരത്തിനായി തുടർന്നും പ്രവർത്തിക്കുമെന്നും ശ്രീമതി അൽക നാംഗിയ അറോറ പറഞ്ഞു.
രാജ്യത്തെ പൗരന്മാരുടെ ജീവിതം കൂടുതൽ സുഗമമാക്കുകയെന്ന കേന്ദ്ര ഗവണ്മെൻ്റിൻ്റെ വിശാലമായ കാഴ്ചപ്പാടിൻ്റെ ഭാഗമാണ് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ക്യാമ്പയിനെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത പെൻഷൻ-പെൻഷനേഴ്സ് ക്ഷേമ വകുപ്പ് സെക്രട്ടറി ശ്രീമതി നിവേദിത ശുക്ല വർമ്മ ഐഎഎസ് വിശദീകരിച്ചു. പൗരന്മാരെ ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ ശാക്തീകരിക്കുന്നതുൾപ്പെടെ വിവിധ മാർഗങ്ങളിലൂടെ ഈ ലക്ഷ്യം കൈവരിക്കാൻ എല്ലാവരും ശ്രമിക്കുകയാണ്. എല്ലാ പെൻഷൻകാരെയും ഡിജിറ്റൽ സംവിധാനത്തിലൂടെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിൻ്റെ പരിധിയിൽ കൊണ്ടുവരാൻ കഴിഞ്ഞാൽ അവർ നേരിടുന്ന പല ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ സാധിക്കും. സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനായി ബന്ധപ്പെട്ട ഓഫീസുകളിൽ നേരിട്ടെത്തേണ്ട സാഹചര്യം ഇതിലൂടെ ഒഴിവാക്കാനാകും.
2021-ൽ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ അവതരിപ്പിച്ചതുമുതൽ പെൻഷൻകാർക്ക് വലിയ സൗകര്യമാണ് ലഭിക്കുന്നത്. സ്വന്തം സ്മാർട്ട്ഫോണിൽ രണ്ടോ മൂന്നോ ക്ലിക്കുകളിലൂടെ എവിടെയിരുന്നും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം. ഇതിൻ്റെ സൗകര്യം ഒരിക്കൽ അനുഭവിച്ചറിഞ്ഞാൽ പിന്നീട് നേരിട്ട് ഓഫീസിലെത്തി സർട്ടിഫിക്കറ്റ് സമർപ്പിക്കുന്ന പഴയ രീതിയിലേക്ക് ആരും മടങ്ങിപ്പോകില്ല.
ഡി.എൽ.സി ക്യാമ്പയിൻ്റെ അഞ്ചാം വർഷമാണിത്. ഓരോ വർഷം കഴിയുന്തോറും ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നു. പ്രത്യേകിച്ച് മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ അവതരിപ്പിച്ചതോടെ പെൻഷൻകാർ ഈ സംവിധാനം വളരെ ആവേശത്തോടെ സ്വീകരിച്ചു. കഴിഞ്ഞ വർഷം ക്യാമ്പയിൻ കാലയളവിൽ ഏകദേശം രണ്ട് കോടി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി. ഇതിൽ 1.16 കോടി സർട്ടിഫിക്കറ്റുകളും മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സമർപ്പിച്ചത്. ഈ വർഷം നവംബർ 23-ന് തന്നെ കഴിഞ്ഞ വർഷത്തെ കണക്ക് മറികടക്കാൻ നമുക്ക് കഴിഞ്ഞു. ഇതുവരെ 1.17 കോടി സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ഇനി നവംബർ മാസം വരെ കാത്തിരിക്കേണ്ടതില്ല. വർഷത്തിൽ ഏത് സമയത്തും അത് സമർപ്പിക്കാം.
ഈ പദ്ധതിക്കായി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പും യു.ഐ.ഡി.എ.ഐ -യും ആവശ്യമായ സാങ്കേതിക പിന്തുണയും അനുബന്ധ സേവനങ്ങളും നൽകുന്നുണ്ട്. പദ്ധതി വിജയകരമാക്കുന്നതിൽ പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷനുകളുടെ പങ്കും എടുത്തുപറയേണ്ടതാണ്. സഹ പെൻഷൻകാരിലേക്ക് ഈ സന്ദേശം എത്തിക്കുന്നതിലും പുതിയ സാങ്കേതികവിദ്യ പരീക്ഷിക്കാൻ അവരെ പ്രേരിപ്പിക്കുന്നതിലും പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷനുകൾക്ക് നിർണായക പങ്കുണ്ട്.
"കേന്ദ്ര ഗവണ്മെൻ്റ് പെൻഷൻകാരിൽ പകുതിയോളം പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ളവരാണ്. ഏകദേശം 35 ലക്ഷം പ്രതിരോധ പെൻഷൻകാരിൽ 32 ലക്ഷത്തിലധികം പേർ കഴിഞ്ഞ വർഷം ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചിരുന്നു. ഈ വർഷം ഇതുവരെ 29 ലക്ഷം പേരുടെ സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ കണക്ക് മറികടക്കാൻ ഈ വർഷവും കഴിയുമെന്നാണ് പ്രതീക്ഷ. പ്രതിരോധ പെൻഷൻകാരുടെ കാര്യത്തിൽ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പണം 100 ശതമാനത്തിലെത്തിക്കുകയാണ് നമ്മുടെ ലക്ഷ്യം. ഈ വർഷം സാധിച്ചില്ലെങ്കിൽ അടുത്ത വർഷമെങ്കിലും 100 ശതമാനം നേട്ടം കൈവരിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു." -ശ്രീമതി നിവേദിത ശുക്ല വർമ്മ വ്യക്തമാക്കി.
ഭവിഷ്യ പോർട്ടൽ വഴി പെൻഷൻ രേഖകൾ ഡിജിറ്റലായി സമർപ്പിക്കാനും പെൻഷൻ അനുവദിക്കുന്നതിനുള്ള നടപടികൾ ഓൺലൈനായി പൂർത്തിയാക്കാനും സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു. പെൻഷൻകാർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. കേന്ദ്ര ഗവണ്മെൻ്റിൻ്റെ എല്ലാ മന്ത്രാലയങ്ങളും പെൻഷൻ മിത്രമാരെ നിയമിച്ചുവരികയാണ്. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ പെൻഷൻകാർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഒരൊറ്റ പോർട്ടലിൽ ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സി.ജി.എച്ച്.എസ് സേവനങ്ങൾ, ബാങ്കിങ് സേവനങ്ങൾ, പെൻഷനുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ തുടങ്ങി എല്ലാ കാര്യങ്ങളും ഈ ഏകീകൃത പോർട്ടലിലൂടെ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ശ്രീമതി നിവേദിത വിവരിച്ചു.
ചെന്നൈ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സ് എം.എസ്. ശരവണൻ ഐഡിഎഎസ് സ്വാഗതം പറഞ്ഞു. 2026 നവംബർ മാസത്തിൽ ഇത് നാലാമത്തെ സ്പർശ് ഔട്ട്റീച് പരിപാടിയാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. നവംബർ 27ന് പാലക്കാട് അടുത്ത പരിപാടി നടക്കുന്നുണ്ട്. ക്യാമ്പയിൻ്റെ ഭാഗമായി 2026 നവംബർ മാസത്തിൽ മാത്രം ആകെ 12,363 ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി. പെൻഷൻ-പെൻഷനേഴ്സ് ക്ഷേമ വകുപ്പ് ജോയിൻ്റ് സെക്രട്ടറി ശ്രീ ദ്രുബജ്യോതി സെൻ ഗുപ്ത, ജോയിൻ്റ് കൺട്രോളർ ജനറൽ ഓഫ് ഡിഫൻസ് ശ്രീമതി മോളി സെൻഗുപ്ത എന്നിവരും പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി പരാതികൾ പരിഹരിച്ച നാല് കുടുംബ പെൻഷൻകാർക്ക് 13.88 ലക്ഷം രൂപയുടെ ചെക്കുകൾ വിതരണം ചെയ്തു. രാജ്യത്തിനായി ജീവൻ നൽകിയ അഞ്ച് പേരുടെ പങ്കാളികളായ വീർ നാരികളെ ആദരിച്ചു. ബയോമെട്രിക് ഉപകരണങ്ങൾ, കമ്പ്യൂട്ടറുകൾ, പ്രിൻ്ററുകൾ, സ്കാനറുകൾ തുടങ്ങിയ സംവിധാനങ്ങളുമായി ചെന്നൈ സിഡിഎയിൽനിന്നുള്ള 30 അംഗ സംഘമാണ് ക്യാമ്പിൽ സേവനത്തിന് എത്തിയത്. പെൻഷൻകാരുടെ പരാതികൾ പരിഹരിക്കുന്നതിനും വാർഷിക മസ്റ്ററിങ് (ജീവൻ പ്രമാണീകരണം) നടപടികൾ പൂർത്തിയാക്കുന്നതിനും സംഘം സൗകര്യമൊരുക്കി. പരാതികൾ പരിഹരിക്കുന്നതിനായി പ്രയാഗ്രാജിലെ പിസിഡിഎ (പെൻഷൻസ്), ഡൽഹിയിലെ സിജിഡിഎ എന്നിവിടങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘവും ഉണ്ട്.

കരസേനാ പെൻഷൻകാർക്കായി ബന്ധപ്പെട്ട റെക്കോർഡ് ഓഫീസുകളിൽനിന്നുള്ള പ്രതിനിധികൾ, നാവികസേനാ പെൻഷൻകാർക്കായി നേവൽ പെൻഷൻ ഓഫീസ് പ്രതിനിധികൾ, വ്യോമസേനാ പെൻഷൻകാർക്കായി ഡയറക്ടറേറ്റ് ഓഫ് എയർ വെറ്ററൻസ് പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. പ്രമുഖ പൊതുമേഖലാ ബാങ്കുകളുടെയും ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ്സ് ബാങ്കിൻ്റെയും പ്രതിനിധികളും ക്യാമ്പിൽ പങ്കെടുത്ത് സേവനം ലഭ്യമാക്കി.
***