ഗോവ, നവംബർ 22, 2026
സിനിമകൾ വ്യത്യസ്ത ഭാഷകളിൽ സംസാരിക്കുമെങ്കിലും അവയിലെ വികാരങ്ങൾ അതിർത്തികൾ കടന്ന് സഞ്ചരിക്കുന്നു. ഈ പൊതുഭാഷയുടെ പ്രാധാന്യം മുൻനിർത്തി, 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് (IFFI) സംഘടിപ്പിച്ച ബ്രിക്സ് ചലച്ചിത്രമേള റൗണ്ട് ടേബിളിൽ അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണ സാധ്യതകൾ ചർച്ച ചെയ്തു. സഹനിർമാണം, ചലച്ചിത്ര വിതരണം, സാങ്കേതികവിദ്യാ കൈമാറ്റം, സാംസ്കാരിക പങ്കാളിത്തം എന്നിവയായിരുന്നു പ്രധാന ചർച്ചാവിഷയങ്ങൾ.
റഷ്യ, നൈജീരിയ, ഇൻഡോനേഷ്യ, ഇറാൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾക്കൊപ്പം കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ (NFDC), എന്റർടെയ്ൻമെന്റ് സൊസൈറ്റി ഓഫ് ഗോവ (ESG) എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും റൗണ്ട് ടേബിളിൽ പങ്കെടുത്തു.
_20261122192013_91d0a5.jpeg)
ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ പൊതുതാൽപ്പര്യങ്ങളിലൂടെയും ദീർഘകാല പങ്കാളിത്തങ്ങളിലൂടെയും സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അഡീഷണൽ സെക്രട്ടറി പ്രഭാത് എടുത്തുപറഞ്ഞു. ജനങ്ങളെ ഒന്നിപ്പിക്കുന്നതിനും വിവിധ സമൂഹങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ അവസരമൊരുക്കുന്നതിനും സിനിമയ്ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സിനിമകളിലൂടെ അവതരിപ്പിക്കുന്ന വ്യത്യസ്ത വിഭാഗങ്ങളും വിഷയങ്ങളും പ്രേക്ഷകർക്ക് പുതിയ കാഴ്ചപ്പാടുകൾ പരിചയപ്പെടുത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുംബൈയിൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ബ്രിക്സ് വേവ്സ് ബസാറിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. അന്താരാഷ്ട്ര സഹനിർമാണം, നിർമിതബുദ്ധി, ആനിമേഷൻ, ഗെയിമിങ്, വനിതാ നേതൃത്വം തുടങ്ങിയ വിഷയങ്ങൾ ഇവിടെ ചർച്ച ചെയ്തിരുന്നു. ഒരുമിച്ച് പ്രവർത്തിക്കുന്നതിനുള്ള താൽപ്പര്യം വർധിച്ചുവരുന്നതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, പങ്കെടുക്കുന്ന രാജ്യങ്ങൾക്കിടയിൽ നിർമാണ പങ്കാളികളെ കണ്ടെത്തുന്നതിനുള്ള സാധ്യതകളും എടുത്തുപറഞ്ഞു. സഹനിർമാണ സംരംഭങ്ങൾ ശക്തിപ്പെടുത്തണമെന്നും ഡിജിറ്റൽ ടെലിവിഷൻ, ഒടിടി പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെ ഉള്ളടക്ക കൈമാറ്റം വർധിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ദീർഘകാല പങ്കാളിത്തങ്ങൾക്കായി നിലവിലെ മുന്നേറ്റം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു.

സാംസ്കാരിക ഇടപെടലുകളിലൂടെ ബ്രിക്സ് പങ്കാളിത്തം അനുഭവിച്ചറിയാനുള്ള അവസരമാണ് ഈ സംഗമം ഒരുക്കിയതെന്ന് വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശംഭു എൽ. ഹക്കി പറഞ്ഞു. ഒരു രാജ്യത്തിന്റെ പ്രതിഫലനം മാത്രമല്ല സിനിമയെന്നും പരസ്പരം മനസ്സിലാക്കുന്നതിനുള്ള മാർഗം കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഐഎഫ്എഫ്ഐയുടെ 'അതിരുകൾക്കതീതമായ കഥകൾ' എന്ന പ്രമേയം പരാമർശിച്ച അദ്ദേഹം, ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ പങ്കാളി രാജ്യങ്ങളുടെ സാംസ്കാരിക ആവിഷ്കാരങ്ങളിലേക്ക് വെളിച്ചം വീശുന്നുവെന്നും സ്ഥാപനതലത്തിലുള്ള സഹകരണത്തിനപ്പുറം പരസ്പര ധാരണ വളർത്തുന്നുവെന്നും പറഞ്ഞു.
ബ്രിക്സ് രാജ്യങ്ങളിലെ ചലച്ചിത്ര പ്രവർത്തകരെയും വ്യവസായ മേഖലയിലെ പങ്കാളികളെയും ഒരുമിച്ചുകൊണ്ടുവരുന്നതിനുള്ള അടിത്തറയാണ് മുംബൈയിൽ സംഘടിപ്പിച്ച ബ്രിക്സ് വേവ്സ് ബസാർ ഒരുക്കിയതെന്ന് ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ജി. കൃഷ്ണകുമാർ പറഞ്ഞു. ഈ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും കൂട്ടായ കഥപറച്ചിലിനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ചലച്ചിത്ര സഹനിർമാണത്തിന് വലിയ സാധ്യതകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിനിമയുടെയും സാംസ്കാരിക കൈമാറ്റത്തിന്റെയും സംഗമവേദിയാണ് ഗോവയെന്ന് എന്റർടെയ്ൻമെന്റ് സൊസൈറ്റി ഓഫ് ഗോവ സിഇഒ ദീപക് ബന്ദേക്കർ പറഞ്ഞു. സിനിമകൾ അന്താരാഷ്ട്ര തലത്തിൽ സഞ്ചരിക്കുമ്പോഴും അവ പകരുന്ന വികാരങ്ങൾ സാർവത്രികമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. മറ്റ് രാജ്യങ്ങളിലെ സംസ്കാരങ്ങളും അനുഭവങ്ങളും മനസ്സിലാക്കാൻ പ്രേക്ഷകരെ സഹായിക്കുന്ന ശക്തമായ മാധ്യമമാണ് സിനിമയെന്നും അദ്ദേഹം പറഞ്ഞു.
പങ്കെടുത്ത രാജ്യങ്ങളുടെ പ്രതിനിധികൾ സഹകരണത്തിനുള്ള വിവിധ സാധ്യതകളും വിശദീകരിച്ചു. ഇന്ത്യയിലെ നൈജീരിയൻ ഫെഡറൽ റിപ്പബ്ലിക്കിന്റെ ഹൈക്കമ്മീഷണർ സൈദു ദാഹിറു മുഹമ്മദ്, രാജ്യത്തെ സജീവമായ ചലച്ചിത്ര വ്യവസായത്തെക്കുറിച്ച് സംസാരിച്ചു. ചലച്ചിത്രമേളയിൽ നൈജീരിയൻ സിനിമകൾ ഉൾപ്പെടുത്തിയതിനെ അദ്ദേഹം സ്വാഗതം ചെയ്തു. സഹനിർമാണവും വിതരണവും സഹകരണത്തിനുള്ള മികച്ച മേഖലകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യാ കൈമാറ്റം, ശേഷി വികസനം എന്നിവയിലൂടെ യുവതലമുറയ്ക്ക് സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയിലെ റഷ്യൻ ഫെഡറേഷൻ കോൺസുലേറ്റ് ജനറലിന്റെ ആക്ടിങ് കോൺസൽ ജനറൽ അലക്സാണ്ടർ ഫുർസോവ്, അതിർത്തികൾ മറികടക്കാനുള്ള സിനിമയുടെ കഴിവ് എടുത്തുപറഞ്ഞു. സാംസ്കാരിക ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള അവസരങ്ങളാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ള ചലച്ചിത്രമേള കൈമാറ്റങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഇൻഡോനേഷ്യൻ റിപ്പബ്ലിക് എംബസിയിലെ ഫസ്റ്റ് സെക്രട്ടറി എർണി വാഹ്യൂനി, ഇന്ത്യയും ഇൻഡോനേഷ്യയും തമ്മിലുള്ള ദീർഘകാല സാംസ്കാരിക ബന്ധങ്ങളെക്കുറിച്ച് സംസാരിച്ചു. രാമായണവും മഹാഭാരതവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളിലും നിലനിൽക്കുന്ന പൊതുപാരമ്പര്യങ്ങൾ ഈ ബന്ധത്തിന്റെ പ്രതിഫലനമാണെന്നും അവർ പറഞ്ഞു. സഹനിർമാണ സാധ്യതകൾ പരിശോധിക്കുന്നതിനായി ചലച്ചിത്ര പ്രവർത്തകർക്കും നിർമാതാക്കൾക്കുമായി പരിചയ സന്ദർശനം സംഘടിപ്പിക്കണമെന്ന് അവർ നിർദേശിച്ചു. ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ സിനിമാ വിതരണം വർധിപ്പിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. ആനിമേഷൻ, ഗെയിമിങ് മേഖലകളിലും സഹകരണത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അവർ, ഭാവിയിലെ പരിപാടികളിൽ സാംസ്കാരിക പ്രതിനിധികൾ, നിർമാതാക്കൾ, ആനിമേഷൻ രംഗത്തെ വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്താൻ താൽപ്പര്യം പ്രകടിപ്പിച്ചു.
ഇന്ത്യയിലെ ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക് എംബസിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഡോ. മൊസ്തഫ ഗോഹരിഫർ, വിവിധ സമൂഹങ്ങളെ മനസ്സിലാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് അനുയോജ്യമായ വേദിയാണ് ഗോവയുടെ സാംസ്കാരിക വൈവിധ്യമെന്ന് പറഞ്ഞു. രാജ്യങ്ങളെയും അവിടത്തെ ജനങ്ങളെയും അടുത്തറിയാൻ സവിശേഷമായ അവസരമാണ് സിനിമ ഒരുക്കുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഈ സംഗമം ചലച്ചിത്ര വ്യവസായങ്ങൾക്കും ജനങ്ങൾക്കും ഇടയിൽ കൂടുതൽ വിപുലമായ സഹകരണത്തിന് വഴിയൊരുക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
ഉപസംഹരിക്കവേ, രാജ്യങ്ങളെയും സംസ്കാരങ്ങളെയും ഒരുമിപ്പിക്കുന്ന വേദിയെന്ന നിലയിൽ സിനിമയുടെ പങ്ക് ജി. കൃഷ്ണകുമാർ ആവർത്തിച്ചു. പിന്തുണ നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനും അദ്ദേഹം നന്ദി അറിയിച്ചു. കൂട്ടായ പ്രവർത്തനങ്ങളിലൂടെ സിനിമാരംഗത്ത് വലിയ സാധ്യതകൾ സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം നിരീക്ഷിച്ചു.
ബ്രിക്സ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്ന ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള സിനിമകളെ പരിചയപ്പെടുത്തുന്ന ഹ്രസ്വ വീഡിയോയുടെ പ്രദർശനത്തോടെയാണ് റൗണ്ട് ടേബിൾ സമാപിച്ചത്. വിവിധ രാജ്യങ്ങളിലെ ചലച്ചിത്ര പാരമ്പര്യങ്ങളുടെ വൈവിധ്യം ആഘോഷിക്കുന്നതായിരുന്നു വീഡിയോ.
വാർത്താസമ്മേളനം പൂർണ്ണമായി ഇവിടെ കാണാം : https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1®=48
***