പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നടക്കുന്ന അഞ്ചാമത് കൗശൽ ദീക്ഷന്ത് സമാരോഹിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു

നൈപുണ്യങ്ങൾക്കു യഥോചിതമായ ആദരവും അംഗീകാരവും നൽകിക്കൊണ്ടു മാത്രമേ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യക്ക് പുരോഗതിയുടെ പാതയിൽ മുന്നേറുവാൻ സാധിക്കുകയുള്ളൂ. അതിനാൽ, ‘ശ്രമേവ ജയതേ’ എന്ന മഹത്തായ ആദർശവാക്യത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ടുകൊണ്ട്, കഴിഞ്ഞ ഏതാനും വർഷങ്ങളായി നമ്മുടെ ഗവൺമെന്റ് വിവിധങ്ങളായ നടപടികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരികയാണ്: പ്രധാനമന്ത്രി.


“ഒരു തൊഴിൽനൈപുണ്യം ആർജിക്കുമ്പോൾ നിങ്ങൾ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ലെന്നും മറിച്ച്, ജനങ്ങളുടെ ജീവിതം കൂടുതൽ സുഗമമാക്കുകയും രാഷ്ട്രത്തിന്റെ ശേഷിയും സ്വയംപര്യാപ്തതയും ശക്തിപ്പെടുത്തുകയുമാണ് ചെയ്യുന്നത്.”:  പ്രധാനമന്ത്രി


ലോകത്തിന്റെ നൈപുണ്യ തലസ്ഥാനമായി മാറുകയെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ ഇന്ന് മുന്നേറിക്കൊണ്ടിരിക്കുകയാണ്:  പ്രധാനമന്ത്രി

രാജ്യത്തെ ഓരോ യുവാക്കളോടും എനിക്ക് അഭ്യർത്ഥിക്കാനുള്ളത് ഇതാണ്: ഇന്ന് അനന്തമായ ആകാശം നിങ്ങൾക്കു മുന്നിൽ തുറന്നുകിടക്കുകയാണ്. വലിയ സ്വപ്നങ്ങൾ കാണുക, സ്വന്തം കഴിവുകൾക്ക് മൂർച്ചകൂട്ടുക, ആ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി നിങ്ങളുടെ മുഴുവൻ ഊർജവും സമർപ്പിക്കുക.” — പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 21 NOV 2026 8:16PM by PIB Thiruvananthpuram

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ സംഘടിപ്പിച്ച അഞ്ചാമത് കൗശൽ ദീക്ഷാന്ത് പരിപാടിയിൽപ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.  നൈപുണ്യ വികസനത്തിനായുള്ള ഇത്രയും സുപ്രധാനമായ ഒരു ദേശീയ പരിപാടിക്ക് ആതിഥേയത്വം വഹിക്കാൻ ലഖ്‌നൗവിനെ തിരഞ്ഞെടുത്തതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഉത്തർപ്രദേശിൽ നിന്നുള്ള പാർലമെന്റ് അംഗം എന്ന നിലയിൽ ഇത് തനിക്ക് ഏറെ അഭിമാനകരമായ കാര്യമാണെന്നും ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട്  പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ബിരുദധാരികളായ യുവജനങ്ങൾ ജീവിതത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണെന്നും, രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ നേരിട്ട് പങ്കാളികളാകാൻ അവർ ഇനിമുതൽ സജ്ജരായിരിക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വ്യാവസായിക പരിശീലന സ്ഥാപനങ്ങളിൽ  നിന്ന് അവർ സ്വായത്തമാക്കിയ നൈപുണ്യവും കരകൗശല വൈദഗ്ധ്യവും വികസിത ഭാരതം എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന് കരുത്തേകുന്ന പ്രധാന ചാലകശക്തിയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. യുവജനങ്ങളുടെ നൈപുണ്യശേഷിയിലൂടെയാണ് ഏതൊരു രാഷ്ട്രവും ഇത്തരത്തിൽ ശക്തമായി പുരോഗതിയുടെ പാതയിൽ മുന്നേറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരകൗശല വൈദഗ്ധ്യത്തിന് ഇന്ത്യ പണ്ടുമുതലേ നൽകിവരുന്ന ആദരവും അംഗീകാരവും എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ലഖ്‌നൗവിലെ ചിക്കൻകാരി കൈത്തുന്നൽ, സൂക്ഷ്മമായ മുസ്ലിൻ തുണിത്തരങ്ങൾ, ബനാറസ്, കാഞ്ചീപുരം പട്ടുകൾ, കശ്മീരി പഷ്മിന, പരുത്തിത്തുണിത്തരങ്ങൾ, കലങ്കാരി ചിത്രത്തുന്നൽ, ലോകോത്തര വാളുകൾ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന ഉരുക്ക്, വെങ്കലത്തിലും പഞ്ചലോഹത്തിലുമുള്ള വിഗ്രഹങ്ങൾ തുടങ്ങി നൂറുകണക്കിന് പരമ്പരാഗത കരകൗശല മേഖലകൾ ഒരുകാലത്ത് നമ്മുടെ സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാനശിലകളായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. “ഇത്തരം നൈപുണ്യവൈഭവങ്ങളിലൂടെയാണ് ദീർഘകാലമായി ലോകത്തിനു മുന്നിൽ ഇന്ത്യ സ്വന്തം സ്വത്വം അടയാളപ്പെടുത്തിയിട്ടുള്ളത്,” പ്രധാനമന്ത്രി നരേന്ദ്ര മോദി നിരീക്ഷിച്ചു.

ഇന്ത്യയുടെ പ്രാചീന സാമൂഹിക വ്യവസ്ഥിതി നൈപുണ്യങ്ങളെ അടിസ്ഥാനമാക്കിയാണ് രൂപപ്പെട്ടിരുന്നതെന്ന് വിശദീകരിച്ച പ്രധാനമന്ത്രി, ഗുജറാത്തിലെ 'വസവായ' എന്ന പാരമ്പര്യത്തിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി. ഈ പാരമ്പര്യമനുസരിച്ച്, ഒരു പുതിയ ഗ്രാമം സ്ഥാപിക്കപ്പെടുമ്പോൾ, ഗ്രാമജീവിതത്തിന്റെ നിലനിൽപ്പിനും സുഗമമായ നടത്തിപ്പിനും അനിവാര്യമായിരുന്ന വിദഗ്ധരായ കരകൗശല തൊഴിലാളികളും അവിടെ താമസമുറപ്പിച്ചിരുന്നു. “ഇവരില്ലാത്ത ഒരു ഗ്രാമജീവിതത്തെക്കുറിച്ച് സങ്കൽപ്പിക്കാൻപോലും കഴിയാത്തവിധം അനിവാര്യരായിരുന്നു നൈപുണ്യസമ്പന്നരായ ഈ ജനവിഭാഗങ്ങൾ,” ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

പുരാതനകാലം മുതൽ ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളിലും ഇത്തരം ഒരു സാമൂഹിക വ്യവസ്ഥിതി നിലനിന്നിരുന്നുവെങ്കിലും, കാലക്രമേണ അതിന്റെ പ്രാധാന്യം കുറഞ്ഞുവന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.  ഒരു മനുഷ്യൻ ഉണരുന്നതുമുതൽ ഉറങ്ങുന്നതുവരെയും ജനനം മുതൽ മരണം വരെയും ജീവിതത്തിൽ ആവശ്യമായി വരുന്ന ഓരോ ജോലിയും സേവനവും പട്ടികപ്പെടുത്താൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത്, താൻ ഉദ്യോഗസ്ഥർക്ക്  നിർദേശം നൽകിയ കാര്യം അദ്ദേഹം അനുസ്മരിച്ചു. ഈ പഠനത്തിലൂടെ സമൂഹത്തിന്റെ സുഗമമായ മുന്നോട്ടുപോക്കിന് അനിവാര്യമായ ഏതാണ്ട് ആയിരത്തോളം നൈപുണ്യ മേഖലകളെ കണ്ടെത്താനായെന്നും അദ്ദേഹം വ്യക്തമാക്കി.
“ഈ വിഷയത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. തുടർന്ന് ഗുജറാത്തിൽ നൈപുണ്യ വികസനത്തിനായുള്ള ആധുനിക ആവാസവ്യവസ്ഥയ്ക്ക് രൂപം നൽകുകയും ചെയ്തു,” പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഇന്ത്യയുടെ നൈപുണ്യാധിഷ്ഠിത പാരമ്പര്യത്തിന്റെ തകർച്ചയ്ക്ക് കാരണമായത് കൊളോണിയൽ വിദ്യാഭ്യാസ സമ്പ്രദായമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, നൈപുണ്യത്തിനും തൊഴിൽപരമായ വൈദഗ്ധ്യത്തിനും പ്രാധാന്യം കൽപ്പിച്ചിരുന്ന ഇന്ത്യൻ സമൂഹത്തെ കേവലം ഉദ്യോഗസ്ഥന്മാരെയും ഗുമസ്തന്മാരെയും സൃഷ്ടിക്കുന്ന സമ്പ്രദായത്തിലേക്ക് അധഃപതിപ്പിക്കുകയായിരുന്നു ബ്രിട്ടീഷ് ഭരണകൂടമെന്ന് നിരീക്ഷിച്ചു. അതേസമയം, ബ്രിട്ടീഷുകാർ സ്വന്തം വ്യവസായ-നിർമാണ മേഖലകളെ അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. സ്വാതന്ത്ര്യാനന്തര കാലത്തും ഗുമസ്തപ്പണികൾക്ക് അമിതമായ മഹത്ത്വം കൽപ്പിക്കുന്ന പ്രവണത തുടർന്നപ്പോൾ, പരമ്പരാഗത തൊഴിലുകളിൽ പ്രാവീണ്യം നേടിയ പ്രഗത്ഭരായ കരകൗശല വിദഗ്ധർ അപകർഷതാബോധത്തോടെ തങ്ങളുടെ തൊഴിലുകളിൽ നിന്ന് അകന്നുപോകാൻ തുടങ്ങുകയും ചെയ്തു. “അടിമത്തത്തിന്റെ ഈ മനോഭാവം മൂലം നമ്മുടെ രാജ്യത്തിന് അതീവ ഗുരുതരമായ നഷ്ടമാണ് നേരിടേണ്ടിവന്നത്,” എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രസ്താവിച്ചു.

‘ശ്രമേവ ജയതേ’ എന്ന ആശയത്തെ ആധാരമാക്കി സർക്കാർ തുടർച്ചയായി നടപ്പിലാക്കിവരുന്ന വിവിധ സംരംഭങ്ങൾ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, കോളേജുകളിലും സർവകലാശാലകളിലും ബിരുദം നേടുന്നവർക്ക് മാത്രമായി പരിമിതപ്പെട്ടിരുന്ന ബിരുദദാനച്ചടങ്ങുകളുടെ പാരമ്പര്യം, ഐ.ടി.ഐകളിൽനിന്ന് നൈപുണ്യ സർട്ടിഫിക്കറ്റുകൾ നേടുന്നവരിലേക്കും വ്യാപിപ്പിച്ചതും പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ നൈപുണ്യവികസനത്തിന് സവിശേഷ പ്രാധാന്യം നൽകിയതും പ്രത്യേകം എടുത്തുകാട്ടി. കരകൗശല വൈദഗ്ധ്യത്തെയും തൊഴിൽനൈപുണ്യത്തെയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.

“നൈപുണ്യത്തിന് അർഹമായ ആദരവ് നൽകിക്കൊണ്ടു മാത്രമേ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക് പുരോഗതിയിലേക്ക് മുന്നേറാൻ കഴിയൂ,” എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അടിവരയിട്ടു പറഞ്ഞു.

ആധുനിക കാലഘട്ടത്തിൽ നിർമിതബുദ്ധി തൊഴിൽ അവസരങ്ങൾ കവർന്നെടുക്കുമെന്ന ആശങ്കയും വ്യാപകമായ ചർച്ചകളും നിലനിൽക്കുന്ന സാഹചര്യത്തിൽ, കോവിഡ് മഹാമാരിക്കാലത്തെ അനുഭവങ്ങൾ പ്രധാനമന്ത്രി അനുസ്മരിച്ചു. എല്ലാവരും നിസ്സഹായാവസ്ഥയിലായിരുന്ന ആ പ്രതിസന്ധിഘട്ടത്തിൽ നിർണായക പ്രവർത്തനങ്ങൾ ഏറ്റെടുത്ത് അവ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോയത് നൈപുണ്യപരിശീലനം നേടിയ തൊഴിലാളികളായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “എന്റെ ഈ വാക്കുകൾ വളരെ വ്യക്തമായി മനസ്സിലാക്കണം: നൈപുണ്യമുള്ള ഒരാളുടെ തൊഴിൽ ആരാലും കവർന്നെടുക്കാനാവില്ല,” എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉറപ്പിച്ചുപറഞ്ഞു.

ഒരു തൊഴിൽ വൈദഗ്ധ്യം സ്വായത്തമാക്കുക എന്നത് യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ലെന്നും, ജനജീവിതം കൂടുതൽ സുഗമമാക്കുന്നതിനൊപ്പം രാജ്യത്തിന്റെ ശേഷിയും ഉൽപ്പാദനക്ഷമതയും ശക്തിപ്പെടുത്തുന്ന മഹത്തായ ദൗത്യമാണെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. 2014 മുതൽ വ്യാവസായിക പരിശീലന സ്ഥാപനങ്ങളായ ഐ.ടി.ഐകളുടെ  വികസനത്തിന് വലിയ പ്രാധാന്യമാണ് കേന്ദ്ര ഗവണ്മെന്റ് നൽകിവരുന്നതെന്നും, ഒരു ദശാബ്ദത്തിനിടെ അയ്യായിരത്തോളം പുതിയ ഐ.ടി.ഐകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.“ഐ.ടി.ഐകളിൽ പഠിക്കുന്നവരുടെ എണ്ണത്തിലും അഞ്ചു ലക്ഷത്തിലധികം വർധനയുണ്ടായിട്ടുണ്ട്. ഇതിൽ പെൺകുട്ടികളുടെ എണ്ണമാകട്ടെ രണ്ടര ഇരട്ടിയിലധികമായി ഉയർന്നു,” എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.

ഐ.ടി.ഐകളിലെ പരിശീലന നിലവാരം, ഗുണമേന്മ, മികച്ച അധ്യാപകർ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും കേന്ദ്ര ഗവണ്മെന്റ് പ്രത്യേക ശ്രദ്ധ ചെലുത്തിവരുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. കാലഹരണപ്പെട്ടതും പുതിയ തൊഴിൽവിപണിയുടെ ആവശ്യങ്ങൾക്കൊത്ത് ഉയരാത്തതുമായ പരമ്പരാഗത ട്രേഡുകളായിരുന്നു മുൻകാലങ്ങളിൽ പല ഐ.ടി.ഐകളിലും നിലനിന്നിരുന്നത്. എന്നാൽ ഇന്ന് കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായി 30-ലധികം നൂതന തൊഴിൽപരിശീലന മേഖലകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. എയറോനോട്ടിക്കൽ സ്ട്രക്ചർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അസിസ്റ്റന്റ്, സൈബർ സെക്യൂരിറ്റി അസിസ്റ്റന്റ്, ഡ്രോൺ ടെക്നീഷ്യൻ, ഗ്രീൻ ഹൈഡ്രജൻ ടെക്നീഷ്യൻ, ഇൻഡസ്ട്രിയൽ റോബോട്ടിക്സ്, ഇലക്ട്രിക് വാഹന സാങ്കേതികവിദ്യ, ആനിമേഷൻ ആൻഡ് സ്പെഷ്യൽ ഇഫക്ട്സ്, സെമികണ്ടക്ടർ ടെക്നീഷ്യൻ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയുടെ ആഭ്യന്തര ആവശ്യങ്ങൾക്കും ആഗോള തൊഴിൽവിപണിയുടെ ആവശ്യകതകൾക്കും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് ഈ കോഴ്സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ വിവിധ വ്യാപാര കരാറുകളുടെയും സ്വതന്ത്ര വ്യാപാര കരാറുകൾ സംബന്ധിച്ച ചർച്ചകളുടെയും പശ്ചാത്തലത്തിൽ ഈ നൈപുണ്യ മേഖലകൾക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇതെല്ലാം നിങ്ങൾക്കുവേണ്ടിയാണ്, യുവജനങ്ങൾക്കുവേണ്ടിയാണ്; നിങ്ങളുടെ ഭാവിക്കായി പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയാണ്,” എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉറപ്പിച്ചുപറഞ്ഞു.

ഐ.ടി.ഐകളിലെ പാഠ്യപദ്ധതികളും യന്ത്രസാമഗ്രികളും ആധുനികവൽക്കരിക്കുക, അധ്യാപകരെ നൂതന സാങ്കേതികവിദ്യകളിൽ പ്രാവീണ്യമുള്ളവരാക്കുക, തൊഴിൽപരിശീലനവും വ്യവസായമേഖലയും തമ്മിൽ നേരിട്ടുള്ള ബന്ധം സ്ഥാപിക്കുക തുടങ്ങിയ നടപടികൾ വിശദീകരിച്ച പ്രധാനമന്ത്രി, പി.എം-സേതു പദ്ധതിക്കു കീഴിൽ 60,000 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതായും വ്യക്തമാക്കി. “ഇതിന്റെ പ്രയോജനം നമ്മുടെ യുവജനങ്ങൾക്കാണ് ലഭിക്കാൻ പോകുന്നത്,” എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

ഇന്ത്യയുടെ അതിവേഗത്തിലുള്ള വികസനം നൈപുണ്യപരിശീലനം നേടിയ തൊഴിലാളികൾക്ക് വൻതോതിലുള്ള തൊഴിൽസാധ്യതകളാണ് തുറന്നുകൊടുക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, കഴിഞ്ഞ 12-13 വർഷത്തിനിടയിൽ സർക്കാർ നൽകിയ സൗകര്യങ്ങളിലൂടെയും ആത്മവിശ്വാസം പകരുന്ന നടപടികളിലൂടെയും 50 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ സാധിച്ചുവെന്ന് വ്യക്തമാക്കി. പാവപ്പെട്ടവർക്കായി നാലുകോടി വീടുകൾ നിർമിച്ചുനൽകുക, കുടിവെള്ള വിതരണത്തിനായി പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുക, ഇതുവരെ വൈദ്യുതി ലഭിക്കാതിരുന്ന വീടുകളിലേക്ക് ആദ്യമായി വൈദ്യുതിബന്ധം എത്തിക്കുക തുടങ്ങിയ ബൃഹത്തായ പദ്ധതികൾ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഈ വികസന പ്രവർത്തനങ്ങളിലൂടെ ഇലക്ട്രീഷ്യൻമാർ, ആശാരിമാർ തുടങ്ങി വിവിധ മേഖലകളിലെ തൊഴിൽനൈപുണ്യമുള്ള യുവജനങ്ങൾക്ക് വലിയ തോതിൽ തൊഴിൽ ലഭിച്ചു. “ഈ ബൃഹദ് യജ്ഞത്തിലൂടെ രാജ്യത്തെ വിദഗ്ധരായ  തൊഴിലാളികൾക്കായി ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു,” എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിരീക്ഷിച്ചു.

വളർന്നുവരുന്ന വിവിധ മേഖലകളിൽ നൈപുണ്യമുള്ള തൊഴിലാളികളുടെ ആവശ്യം വർധിച്ചുവരുന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഏതാനും മാസങ്ങൾക്കുമുമ്പ് പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് വാതകവിതരണത്തിൽ തടസ്സങ്ങളുണ്ടായപ്പോൾ, പ്രതിദിനം കുറഞ്ഞത് ഒരു ലക്ഷം പി എൻ ജി കണക്ഷനുകൾ നൽകുകയെന്ന ലക്ഷ്യമാണ് സർക്കാർ മുന്നോട്ടുവെച്ചത്. എന്നാൽ, തുടർച്ചയായി നടന്ന അവലോകന യോഗങ്ങളിൽ പ്ലംബർമാരുടെ അപര്യാപ്തത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് തടസ്സമാകുന്നതായി ശ്രദ്ധയിൽപ്പെട്ടു. സൗരോർജ മേഖലയിലും വൻതോതിൽ നൈപുണ്യമുള്ള മനുഷ്യവിഭവശേഷി ആവശ്യമാണ്. കായിക ഉപകരണങ്ങളുടെ നിർമാണം മുതൽ ഫിറ്റ്നസ് മേഖല വരെയുള്ള വിവിധ രംഗങ്ങൾ ഉൾക്കൊള്ളുന്ന കായിക സമ്പദ്‌വ്യവസ്ഥയും അതിവേഗം വളർന്നുവരികയാണ്. ഇത്തരം മേഖലകളിലെല്ലാം തൊഴിൽനൈപുണ്യമുള്ളവർക്ക് വലിയ സാധ്യതകളാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. “നിങ്ങൾക്ക് ആവശ്യമായ തൊഴിൽനൈപുണ്യമുണ്ടെങ്കിൽ, തൊഴിൽ ലഭിക്കുന്നതിനുള്ള അവസരങ്ങളും അത്രത്തോളം വർധിക്കും,” എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അടിവരയിട്ടു പറഞ്ഞു.

ലോകത്തിന്റെ 'സ്‌കിൽ ക്യാപിറ്റൽ' (നൈപുണ്യ തലസ്ഥാനം) ആയി മാറാനുള്ള പാതയിലാണ് ഇന്ത്യയെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി, യുവാക്കൾക്കും ഉത്തർപ്രദേശിനും സന്തോഷകരമായ ഒരു വാർത്ത പങ്കുവെച്ചു: 2027-ൽ ഗ്രേറ്റർ നോയിഡയിൽ 'വേൾഡ് സ്‌കിൽസ് ഏഷ്യ' മത്സരത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഈ അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കാൻ നിരവധി രാജ്യങ്ങളിൽനിന്നുള്ള യുവപ്രതിഭകൾ എത്തിച്ചേരും. “ഈ മഹത്തായ പരിപാടിയുടെ നടത്തിപ്പിനായി ഉത്തർപ്രദേശിനും ഞാൻ മുൻകൂറായി ആശംസകൾ നേരുന്നു,” എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

രാജ്യത്തിന്റെ വികസനത്തിന് വേഗം പകരുന്നതിൽ ഉത്തർപ്രദേശ് വഹിക്കുന്ന പങ്കിനെ പ്രധാനമന്ത്രി പ്രശംസിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള നിലവിലെ സർക്കാർ സംസ്ഥാനത്തിന്റെ വികസനമുഖച്ഛായ മാറ്റിമറിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഒന്നിലധികം അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, വിപുലമായ എക്സ്പ്രസ്‌വേ ശൃംഖല, പ്രമുഖ സർവകലാശാലകൾ, അഭിവൃദ്ധിപ്പെടുന്ന വിനോദസഞ്ചാര മേഖല, വൻകിട മൊബൈൽ ഫോൺ നിർമാണശാലകൾ, വരാനിരിക്കുന്ന ചിപ്പ് നിർമാണശാല, ഓപ്പറേഷൻ സിന്ദൂറിൽ ശത്രുപക്ഷത്തെ വിറപ്പിച്ച ബ്രഹ്മോസ് മിസൈലിന്റെ നിർമാണം എന്നിവയിലൂടെ ഉത്തർപ്രദേശ് വികസനത്തിന്റെ പുതിയ പാതയിലാണ്. “ഉത്തർപ്രദേശിൽ ഈ വികസന പ്രവർത്തനങ്ങളെല്ലാം പുരോഗമിക്കുന്നതിലൂടെ യുവജനങ്ങൾക്കായി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയാണ്,” എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിരീക്ഷിച്ചു.

തന്റെ പാർലമെന്ററി മണ്ഡലമായ ബനാറസിൽ ഒരു ഫാക്ടറി ഉദ്ഘാടനത്തിനിടെയുണ്ടായ അനുഭവം പ്രധാനമന്ത്രി അനുസ്മരിച്ചു. അന്ന് ഒരു യുവതി തന്നോട് പങ്കുവെച്ച അനുഭവം അദ്ദേഹം എടുത്തുപറഞ്ഞു. ഇപ്പോൾ രാത്രി 11 മണിക്ക് പോലും യാതൊരു ആശങ്കയുമില്ലാതെ സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങിയെത്താൻ കഴിയുന്ന സാഹചര്യമുണ്ടെന്നാണ് ആ യുവതി അറിയിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള നിലവിലെ സർക്കാർ സംസ്ഥാനത്ത് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിച്ചതിന്റെ ഫലമായാണ് ഇത്തരം ആത്മവിശ്വാസം വളർന്നുവന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.സുരക്ഷിതത്വബോധവും സമൃദ്ധിയെക്കുറിച്ചുള്ള ആത്മവിശ്വാസവും ഒത്തുചേരുമ്പോഴാണ് വികസിത ഭാരതം എന്ന സ്വപ്നം യാഥാർഥ്യമാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ മുഴുവൻ യുവജനങ്ങൾക്കും ഹൃദയം നിറഞ്ഞ ആശംസകളും അദ്ദേഹം നേർന്നു. “ഈ സമയത്ത് ആകാശം മുഴുവൻ നിങ്ങൾക്കു മുന്നിൽ തുറന്നുകിടക്കുകയാണ്. വലിയ സ്വപ്നങ്ങൾ കാണുക, നിങ്ങളുടെ നൈപുണ്യങ്ങൾ വികസിപ്പിക്കുക, ആ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി സർവശക്തിയും സമർപ്പിച്ച് പരിശ്രമിക്കുക,” എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.

*****

SK

( റിലീസ് ഐ.ഡി: 2339835) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Assamese , Gujarati , Odia