പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

ആലപ്പുഴയിൽ പുതിയ ആധാർ സേവ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

സംസ്ഥാനത്ത് യുഐഡിഎഐ നേരിട്ട് നടത്തുന്ന 13ാമത് ആധാർ സേവാ കേന്ദ്രം

പോസ്റ്റഡ് ഓണ്‍: 21 NOV 2026 5:20PM by PIB Thiruvananthpuram

ആധാർ സേവനങ്ങൾ കൂടുതൽ ജനകീയവും സു​ഗമവുമാക്കുന്നതിന്റെ ഭാ​ഗമായി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആലപ്പുഴ ജില്ലയിൽ ഒരുക്കിയ പുതിയ ആധാ‍ർ സേവാ കേന്ദ്രത്തിന് തുടക്കമായി. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കേന്ദ്രത്തിൽ, ആധാറുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ലഭ്യമാകും.

ആധാർ ഇല്ലാതെ മറ്റ് സേവനങ്ങൾ ലഭ്യമാകാത്ത സാഹചര്യത്തിൽ, ആധാറുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും തിരുത്തലുകൾക്കുമായി പൊതുജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പുതിയ കേന്ദ്രം ആശ്വാസമാകുമെന്ന് ആധാർ സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ ജില്ലാ കളക്ടർ ഷാജി വി. നായർ ഐഎഎസ് പറഞ്ഞു. കേന്ദ്ര സർക്കാർ എല്ലാ ജില്ലകളിലും ആധാർ സേവ കേന്ദ്രങ്ങൾ സ്ഥാപിക്കുകയാണെന്നും, ഇതിന്റെ ഭാ​ഗമായാണ് ആലപ്പുഴയിലും സേവാ കേന്ദ്രം പ്രവർത്തനമാരംഭിച്ചതെന്നും യുഐഡിഎഐ ഡയറക്ടർ വിനോദ് ജേക്കബ് ജോൺ ചടങ്ങിൽ പറഞ്ഞു. നിലവിൽ കേരളത്തിൽ പ്രവർത്തനസജ്ജമാകുന്ന 13ാമത്തെ ആധാർ സേവ കേന്ദ്രമാണ് ആലപ്പുഴയിലേത്. വരും ദിവസങ്ങളിൽ വയനാട് ജില്ലയിലും ആധാർ സേവാ കേന്ദ്രം പ്രവർത്തനമാരംഭിക്കുന്നതോടെ, കേരളത്തിലെ എല്ലാ ജില്ലകളിലും ആധാർ സേവാ കേന്ദ്രം എന്ന ലക്ഷ്യം പൂർത്തീകരിക്കും.

ജനകേന്ദ്രീകൃത ആധാർ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയത്തിന് കീഴിലുള്ള യുഐഡിഎഐ നേരിട്ട് നടത്തുന്ന കേന്ദ്രത്തിൽ ആധാറുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ലഭ്യമാകും. പുതിയ ആധാർ എൻറോൾമെന്റ്, ബയോമെട്രിക് അപ്ഡേറ്റ്, ഡെമോഗ്രാഫിക് അപ്ഡേറ്റ്, നിർബന്ധിത ബയോമെട്രിക് അപ്ഡേറ്റ് തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാണ്. ഇതിനോടൊപ്പം ആധാർ സംബന്ധമായ പരാതികളും കേന്ദ്രം സ്വീകരിക്കും. 

നാല് കൗണ്ടറുകളുള്ള 'മോഡൽ സി' മാതൃകയിലാണ് കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. ഒരേസമയം നാല് പേർക്ക് സേവനം ലഭ്യമാക്കാൻ കഴിയും. ഓൺലൈനായി മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്തോ നേരിട്ട് കേന്ദ്രത്തിലെത്തിയോ സേവനങ്ങൾ പ്രയോജനപ്പെടുത്താം. https://bookappointment.uidai.gov.in/ എന്ന അപ്പോയിൻ്റ്മെൻ്റ് പോ‍ർട്ടൽ വഴി ഓൺലൈൻ അപ്പോയിൻ്റ്മെന്റ് സൗകര്യം ഉപയോ​ഗപ്പെടുത്താവുന്നതാണ്. പൊതുഅവധി ദിനങ്ങൾ ഒഴികെ, മറ്റെല്ലാ ദിവസവും സേവ കേന്ദ്രം പ്രവർത്തിക്കും. രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാണ് സമയം. യുഐഡിഎഐയുടെ ആധാർ സേവാ കേന്ദ്രങ്ങളിലെല്ലാം വീൽചെയർ ഉപയോ​ഗത്തിനുള്ള സൗകര്യവും വീൽചെയർ സൗഹൃദ ശുചിമുറികളും സജ്ജീകരിച്ചിട്ടുണ്ട്. 

 

യുഐഡിഎഐ സെക്ഷൻ ഓഫീസർ സോഫ്ജി എസ് ഭദ്രൻ, പ്രോജക്ട് മാനേജർ ശിവൻ ടി, അസിസ്റ്റന്റ് മാനേജർ കൃഷ്ണേന്ത്, സെന്റർ മാനേജർ ശിവപ്രകാശ് ജി, ഓപ്പറേഷൻ മാനേജർ അഖിൽ ടി, അക്ഷയ ജില്ലാ മേധാവി മീര, ക്ലസ്റ്റർ മാനേജർ ദിനകരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

***

SK


( റിലീസ് ഐ.ഡി: 2339579) സന്ദര്‍ശക കൗണ്ടര്‍ : 88
ഈ റിലീസ് വായിക്കുക: English