പോസ്റ്റഡ് ഓണ്:
20 NOV 2026 8:44PM by PIB Thiruvananthpuram
കൊച്ചി, 2026 നവംബർ 20: കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡും (DGFT), കേരള ഗവണ്മെൻ്റിൻ്റെ വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി കാക്കനാട് രാജഗിരി ബിസിനസ് സ്കൂളിൽ ഇന്ന് ശിൽപ്പശാല സംഘടിപ്പിച്ചു. ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാറുകൾ (FTAs) തുറന്നുനൽകുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ കേരളത്തിലെ കയറ്റുമതിക്കാരെയും സംരംഭകരെയും പ്രാപ്തരാക്കുക എന്നതായിരുന്നു ശിൽപ്പശാലയുടെ ലക്ഷ്യം.
കേരള ഗവണ്മെൻ്റ് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എം. ബീന ഐ.എ.എസ്. ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. സംരംഭകരെ പിന്തുണയ്ക്കുന്നതിനും കേരളത്തിൻ്റെ വ്യവസായ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുമായി സംസ്ഥാന ഗവണ്മെൻ്റ് നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് അവർ വിശദീകരിച്ചു. വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതികൾ വേഗത്തിലും സുതാര്യമായും ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന സരൾ കേരളം പോലുള്ള പുരോഗമനപരമായ പരിഷ്കാരങ്ങളിലൂടെ വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഗവണ്മെൻ്റിൻ്റെ പ്രതിബദ്ധത അവർ ആവർത്തിച്ചു വ്യക്തമാക്കി.
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി ശ്രീ ഉജ്ജ്വൽ കുമാർ ഘോഷ് ഐ.എ.എസ്. മുഖ്യപ്രഭാഷണം നടത്തി. നിലവിലെ കരുത്ത് പ്രയോജനപ്പെടുത്തിക്കൊണ്ട് കയറ്റുമതിയിൽ വളർച്ച കൈവരിക്കാൻ കേരളത്തിന് വലിയ സാധ്യതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാറുകൾ ഇന്ത്യൻ കയറ്റുമതിക്കാർക്ക് നൽകുന്ന നേട്ടങ്ങൾ അദ്ദേഹം വിശദീകരിച്ചു. എന്നാൽ, താരിഫ് ഇളവുകൾ കൊണ്ട് മാത്രം അന്താരാഷ്ട്ര വിപണികളിൽ വിജയം ഉറപ്പാക്കാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങളും നിയന്ത്രണ വ്യവസ്ഥകളും പാലിക്കാൻ കയറ്റുമതിക്കാർക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി മേഖലാടിസ്ഥാനത്തിലുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കണമെന്നും സ്വതന്ത്ര വ്യാപാര കരാറുകൾക്ക് കീഴിലുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും അവയെക്കുറിച്ചുള്ള ധാരണ വർദ്ധിപ്പിക്കുന്നതിനുമായി മേഖലാടിസ്ഥാനത്തിലുള്ള ഉപസമിതികൾ രൂപീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ, കൊച്ചി ഡി.ജി.എഫ്.ടി. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ശ്രീ ഹസ്സൻ ഉസൈദ് എൻ.എ. ഐ.ടി.എസിൽ നിന്ന് ആദ്യ പ്രതി സ്വീകരിച്ചുകൊണ്ട്, “മെയ്ഡ് ഇൻ കേരളം, മെയ്ഡ് ഫോർ ദി വേൾഡ്” എന്ന പ്രമേയത്തിൽ കൊച്ചി ഡി.ജി.എഫ്.ടി. തയ്യാറാക്കിയ എഫ്.ടി.എ. ഗൈഡ് ഡോ. എം. ബീന പ്രകാശനം ചെയ്തു.
ഉൽപ്പാദകരും സ്പൈസസ് ബോർഡും പുലർത്തുന്ന ഉയർന്ന ഗുണനിലവാര മാനദണ്ഡങ്ങൾ കാരണം കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെന്ന് സ്പൈസസ് ബോർഡ് ചെയർപേഴ്സൺ അഡ്വ. സംഗീത വിശ്വനാഥൻ ചൂണ്ടിക്കാട്ടി. വർദ്ധിച്ചുവരുന്ന സർട്ടിഫിക്കേഷൻ ചെലവുകൾ നികത്താൻ സ്വതന്ത്ര വ്യാപാര കരാറുകൾ സഹായിക്കുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട കയറ്റുമതി ഉൽപ്പന്നങ്ങളിൽ ഒന്നാണ് സുഗന്ധവ്യഞ്ജനങ്ങളെന്ന് ചൂണ്ടിക്കാട്ടിയ സ്പൈസസ് ബോർഡ് സെക്രട്ടറി ശ്രീ എം.എസ്. മണിവണ്ണൻ ഐ.എ.എസ്., ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ ഗുണനിലവാര, ഉൽപ്പന്ന ഉറവിടം കണ്ടെത്തൽ (ട്രേസബിലിറ്റി) മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്വതന്ത്ര വ്യാപാര കരാറുകളുടെ നേട്ടങ്ങൾ പ്രയോജനപ്പെടുത്താൻ കയറ്റുമതിക്കാരോട് അഭ്യർത്ഥിച്ചു.
സമുദ്രോൽപ്പന്ന കയറ്റുമതി വികസന അതോറിറ്റി (MPEDA) ചെയർമാനും കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയുടെ (SEZ) ഡെവലപ്മെൻ്റ് കമ്മീഷണറുമായ (അധിക ചുമതല) ശ്രീ പി. ജവഹർ ഐ.എ.എസും ചടങ്ങിൽ പ്രത്യേക പ്രഭാഷണം നടത്തി. ഇന്ത്യയുടെ സമുദ്രോൽപ്പന്ന കയറ്റുമതിയുടെ ഏകദേശം 10.1 ശതമാനം കേരളത്തിൻ്റെ സംഭാവനയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വതന്ത്ര വ്യാപാര കരാറുകളുടെ നേട്ടങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ കേരളത്തെ സഹായിക്കുന്നതിനായി, ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിലും മൂല്യവർദ്ധനവിലും എം.പി.ഇ.ഡി.എ. കയറ്റുമതിക്കാർക്ക് തുടർന്നും പിന്തുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
കെ.എസ്.ഐ.ഡി.സി. എക്സിക്യൂട്ടീവ് ഡയറക്ടറും ചടങ്ങിൽ പങ്കെടുത്ത പ്രമുഖരിൽ ഉൾപ്പെടുന്നു.
സാങ്കേതിക സെഷനുകൾ
കേരളത്തിൻ്റെ കയറ്റുമതി സാധ്യതകൾ, സ്വതന്ത്ര വ്യാപാര കരാറുകളുടെ അടിസ്ഥാനതത്വങ്ങൾ, കയറ്റുമതി പ്രോത്സാഹന ദൗത്യവും കയറ്റുമതി കേന്ദ്രങ്ങളായി ജില്ലകളും (എക്സ്പോർട്ട് പ്രൊമോഷൻ മിഷൻ ആൻഡ് ഡിസ്ട്രിക്ട്സ് ആസ് എക്സ്പോർട്ട് ഹബ്സ്) എന്നീ വിഷയങ്ങൾ സാങ്കേതിക സെഷനുകളിൽ ചർച്ച ചെയ്തു. തുടർന്ന് വിവിധ മേഖലകളെ കേന്ദ്രീകരിച്ചുള്ള ചർച്ചകളും നടന്നു.
സുഗന്ധവ്യഞ്ജനങ്ങൾ, നാളികേര ഉൽപ്പന്നങ്ങൾ, തേയില, കാപ്പി, പഴവർഗ്ഗങ്ങൾ എന്നിവ ഉൾപ്പെടുന്ന കാർഷിക-സംസ്കരിച്ച ഭക്ഷ്യോൽപ്പന്ന മേഖലയിലെ സെഷനിൽ, പ്രത്യേകിച്ച് വയനാട്ടിൽ യൂറോപ്യൻ യൂണിയൻ വനനശീകരണ നിയന്ത്രണ ചട്ടം (EUDR) പാലിക്കുന്നതിനുള്ള പിന്തുണ നൽകണമെന്ന് ശുപാർശ ചെയ്തു. കൂടാതെ, ട്രേസബിലിറ്റി, എൻ.പി.ഒ.പി. സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള അധികാരസ്ഥാപനം വ്യക്തമാക്കുകയും നടപടിക്രമങ്ങൾ ലളിതമാക്കുകയും ചെയ്യുക, സംസ്ഥാനത്തെ പരിശോധനാ ലബോറട്ടറികൾ നവീകരിക്കുക, കയറ്റുമതിക്കാർക്കായി മേഖലാതല സഹായകേന്ദ്രങ്ങൾ സ്ഥാപിക്കുക എന്നീ നിർദ്ദേശങ്ങളും മുന്നോട്ടുവച്ചു.
റൂൾസ് ഓഫ് ഒറിജിൻ, കയറ്റുമതി രേഖകൾ തയ്യാറാക്കൽ, കയറ്റുമതി ധനസഹായം എന്നിവയിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (MSME) ബോധവൽക്കരണവും പരിശീലനവും നൽകുക, കണ്ടെയ്നറുകളുടെ ലഭ്യത മെച്ചപ്പെടുത്തുക, ലോജിസ്റ്റിക്സ് അസിസ്റ്റൻസ് സ്കീം കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കുക, വ്യവസായ വകുപ്പ്, ഡി.ജി.എഫ്.ടി, ബാങ്കുകൾ, ലോജിസ്റ്റിക്സ് ഏജൻസികൾ എന്നിവയ്ക്കിടയിൽ കൂടുതൽ അടുത്ത ഏകോപനം ഉറപ്പാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് ടെക്സ്റ്റൈൽ, കയർ, കൈത്തറി മേഖലകളെക്കുറിച്ചുള്ള സെഷനിൽ മുന്നോട്ടുവച്ചത്.
കേരളത്തിൻ്റെ വിശാലമായ തീരപ്രദേശം പ്രയോജനപ്പെടുത്തുന്നതിലാണ് മറൈൻ ആൻഡ് സീഫുഡ് സെഷൻ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഉപയോഗിക്കാതെ കിടക്കുന്ന തണ്ണീർത്തടങ്ങളിലും നെൽപ്പാടങ്ങളിലും കയറ്റുമതി ലക്ഷ്യമിട്ടുള്ള മത്സ്യകൃഷി വ്യാപിപ്പിക്കുക, കടലാമകളെ ഒഴിവാക്കി മത്സ്യബന്ധനം നടത്താൻ സഹായിക്കുന്ന ടർട്ടിൽ എക്സ്ക്ലൂഡർ ഡിവൈസുകൾ അടിയന്തരമായി സ്ഥാപിക്കുക, സംസ്കരണ കേന്ദ്രങ്ങൾക്ക് പിന്തുണ നൽകുക, സംസ്കരണത്തിനായുള്ള ഇറക്കുമതിയും പുനർകയറ്റുമതിയും അരൂർ ഹബ്ബ് വഴി നടത്തുക, തീരദേശ സംസ്ഥാനങ്ങളിലുടനീളം ഏകീകൃത സംരക്ഷണ ചട്ടങ്ങൾ നടപ്പാക്കുക എന്നിവയാണ് ഈ സെഷനിൽ ശുപാർശ ചെയ്തത്.
ഐ.എസ്.ഒ. 13485 (ISO 13485) പോലുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുക, സമ്പൂർണ സാങ്കേതിക രേഖകളും പരിശോധനാ റിപ്പോർട്ടുകളും സൂക്ഷിക്കുക, ഉൽപ്പന്നത്തിൻ്റെ ഉത്ഭവ രാജ്യം (കൺട്രി ഓഫ് ഒറിജിൻ) തെളിയിക്കുക, കരുത്തുറ്റ ഒ.ഇ.എം. വിതരണ ശൃംഖലകൾ കെട്ടിപ്പടുക്കുക എന്നിവയ്ക്ക് മെഡിക്കൽ ടെക്നോളജി ആൻഡ് ഡിവൈസസ് സെഷൻ ഊന്നൽ നൽകി. ഒരു ഉൽപ്പന്നവും ഒരു വിപണിയും കേന്ദ്രീകരിച്ച് കയറ്റുമതി പ്രവർത്തനങ്ങൾ ആരംഭിക്കാനും കയറ്റുമതിക്കാരോട് നിർദ്ദേശിച്ചു.
ശിൽപ്പശാലയുടെ ഭാഗമായി സംവാദാത്മക ചോദ്യോത്തര സെഷനും നടന്നു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിൻ്റെയും ഡി.ജി.എഫ്.ടി.യുടെയും പദ്ധതികൾ, നയങ്ങൾ, നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ച് പങ്കെടുത്തവർ ഉന്നയിച്ച സംശയങ്ങൾക്ക് ശ്രീ ഉജ്ജ്വൽ കുമാർ ഘോഷും ശ്രീ ഹസ്സൻ ഉസൈദ് എൻ.എയും വ്യക്തത നൽകി.
ഗവണ്മെൻ്റ് വകുപ്പുകൾ, വ്യവസായ സംഘടനകൾ, മേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ പ്രതിനിധികളെയും സംരംഭകരെയും കയറ്റുമതിക്കാരെയും ശിൽപ്പശാല ഒരുമിച്ചുകൊണ്ടുവന്നു. അറിവ് പങ്കുവെക്കുന്നതിനും ഉയർന്നുവരുന്ന അന്താരാഷ്ട്ര വിപണി സാധ്യതകളെക്കുറിച്ച് അവബോധം വളർത്തുന്നതിനും കേരളത്തിൻ്റെ കയറ്റുമതി ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുമുള്ള വേദിയായി ശിൽപ്പശാല മാറി.
****