പോസ്റ്റഡ് ഓണ്‍:
19 NOV 2026 9:09PM by PIB Thiruvananthpuram
ഇന്ത്യ-ഇന്തോനേഷ്യ വ്യാപാര-നിക്ഷേപ കർമസമിതിയുടെ രണ്ടാമത് യോഗം ന്യൂഡൽഹിയിലെ വാണിജ്യ ഭവനിൽ ഹൈബ്രിഡ് രീതിയിൽ ചേര്‍ന്നു. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ വകുപ്പ് ജോയിൻ്റ് സെക്രട്ടറി ശ്രീ അമിത് വർമ്മ ഇന്ത്യൻ പ്രതിനിധി സംഘത്തിനും ഇന്തോനേഷ്യൻ വാണിജ്യ മന്ത്രാലയത്തിലെ ഉഭയകക്ഷി ചർച്ചാ വിഭാഗം ഡയറക്ടർ ശ്രീമതി ബസാരിയ തിയാര ദേശിക എൽ. ഗൗൾ ഇന്തോനേഷ്യൻ പ്രതിനിധി സംഘത്തിനും നേതൃത്വം നല്കി. ഇരുരാജ്യങ്ങളിലെയും ബന്ധപ്പെട്ട മന്ത്രാലയങ്ങൾ, വകുപ്പുകൾ, സംഘടനകൾ എന്നിവയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
2025-26 സാമ്പത്തിക വർഷം 24.78 ബില്യൺ യു.എസ്. ഡോളറിലെത്തിയ ഉഭയകക്ഷി വ്യാപാരം യോഗം അവലോകനം ചെയ്തു. ആസിയാൻ രാജ്യങ്ങളുമായി ഇന്ത്യ നടത്തുന്ന ആകെ വ്യാപാരത്തിൻ്റെ 19.30 ശതമാനവും ഇന്തോനേഷ്യയുമായാണ്. സന്തുലിതവും വൈവിധ്യപൂർണവുമായ വ്യാപാരത്തിൻ്റെ പ്രാധാന്യം എടുത്തുപറഞ്ഞ ഇന്ത്യ, മരുന്നുകള്‍, വാക്സിനുകൾ, മെഡിക്കൽ ഉപകരണങ്ങൾ, വാഹനങ്ങളും അനുബന്ധ ഘടകങ്ങളും, യന്ത്രസാമഗ്രികൾ, പാലുല്പന്നങ്ങൾ, അരി, സുഗന്ധവ്യഞ്ജനങ്ങൾ, ഇലക്ട്രോണിക്സ്, സൗരോർജ-ഊർജ അനുബന്ധ ഉല്പന്നങ്ങൾ എന്നീ മേഖലകളിലെ കയറ്റുമതി സാധ്യതകൾ എടുത്തുപറഞ്ഞു.
നിലക്കടല, ഹോർട്ടികൾച്ചർ ഉല്പന്നങ്ങൾ, പോത്തിറച്ചി, ശീതീകരിച്ച ചെമ്മീൻ തുടങ്ങിയ കാർഷിക-മൃഗോല്പന്നങ്ങളുടെ വിപണി പ്രവേശനം; സ്ഥാപനങ്ങളുടെ അംഗീകാരം; ഹലാൽ സർട്ടിഫിക്കേഷൻ; ടയറുകളുടെയും വാഹനങ്ങളുടെയും ഗുണനിലവാര മാനദണ്ഡങ്ങളും സർട്ടിഫിക്കേഷൻ നിബന്ധനകളും; ഔഷധ-ആയുഷ് ഉല്പന്നങ്ങളുടെ രജിസ്ട്രേഷൻ; ഇലക്ട്രോണിക്സ് മേഖലയിലെ പ്രാദേശിക ഘടക നിബന്ധനകൾ എന്നിവയുൾപ്പെടെ കയറ്റുമതിക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിലായിരുന്നു ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഈ വിഷയങ്ങളിൽ സമയബന്ധിത പരിഹാരത്തിന് ഇരുരാജ്യങ്ങളിലെയും ബന്ധപ്പെട്ട ഏജൻസികളിൽ നോഡൽ ഉദ്യോഗസ്ഥരെ നിയോഗിക്കാൻ ഇന്ത്യ നിർദേശിച്ചു. കാർഷികോല്പന്നങ്ങളുടെ വിപണി പ്രവേശനം, ഇന്ത്യയുടെ ഗുണനിലവാര നിയന്ത്രണ ഉത്തരവുകൾ എന്നിവയടക്കം ഇന്തോനേഷ്യ ഉന്നയിച്ച വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.
പ്രൊഫഷണൽ യോഗ്യതകളുടെ പരസ്പര അംഗീകാരം, പ്രൊഫഷണലുകളുടെ സഞ്ചാരസ്വാതന്ത്ര്യം, സാമൂഹ്യ സുരക്ഷ, ഡിജിറ്റൽ സേവനങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, വിനോദസഞ്ചാരം എന്നിവയുൾപ്പെടെ സേവന മേഖലയിലെ സഹകരണ സാധ്യതകൾ ഇരുപക്ഷവും ആരാഞ്ഞു. ആസിയാൻ-ഇന്ത്യ ചരക്കുവ്യാപാര കരാർ അവലോകനം വേഗത്തിൽ പൂർത്തിയാക്കേണ്ടതിൻ്റെ പ്രാധാന്യം ഇന്ത്യ എടുത്തുപറഞ്ഞു.
2021 ഓഗസ്റ്റിൽ ചേര്‍ന്ന പ്രഥമ കർമസമിതി യോഗത്തിന് ശേഷം ഇതാദ്യമായാണ് സമിതി വീണ്ടും യോഗം ചേരുന്നത്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഔദ്യോഗിക ഇന്തോനേഷ്യൻ സന്ദർശന വേളയിൽ (2026 ജൂലൈ 6-8) പുറത്തിറക്കിയ ഇന്ത്യ-ഇന്തോനേഷ്യ സംയുക്ത പ്രസ്താവനയുടെ അടിസ്ഥാനത്തിലായിരുന്നു യോഗം. 2026-ൽ രണ്ടാമത് കർമസമിതി യോഗം വിളിച്ചുചേർക്കാനും ഉഭയകക്ഷി സാമ്പത്തിക സംവിധാനങ്ങൾ പൂർണമായി പ്രയോജനപ്പെടുത്തി ശക്തിപ്പെടുത്താനും പ്രകടവും വ്യാപാരാധിഷ്ഠിതവുമായ ഫലങ്ങൾക്കായി പ്രവർത്തിക്കാനും ഇരുനേതാക്കളും സംയുക്ത പ്രസ്താവനയിൽ ആഹ്വാനം ചെയ്തിരുന്നു.
കസ്റ്റംസ് സഹകരണം; നിർണായക ധാതുക്കളും ഖനനവും; പ്രാദേശിക കറൻസിയിലൂടെയുള്ള വ്യാപാര ഇടപാടുകള്‍, ഇന്ത്യയുടെ യു.പി.ഐ.-യും ഇന്തോനേഷ്യയുടെ ക്യു.ആർ.ഐ.എസും തമ്മിൽ ബന്ധിപ്പിക്കൽ, ബാങ്കിങ്-ഇൻഷുറൻസ് മേഖലകൾ; പുനരുപയോഗ ഊർജം, ഹരിത ഹൈഡ്രജൻ, ജൈവ ഇന്ധനങ്ങൾ എന്നിവയുൾപ്പെടുന്ന ഊർജ മേഖല; രാസവളങ്ങൾ; തുറമുഖ-വ്യോമ ഗതാഗത ബന്ധം; 2026 ജൂലൈയിലെ സന്ദർശന വേളയിൽ ഒപ്പുവെച്ച കരാറുകളുടെയും ധാരണാപത്രങ്ങളുടെയും നിർവഹണം എന്നിവ സംബന്ധിച്ചും ഇരുപക്ഷവും വിശദമായി ചർച്ച ചെയ്തു.
ഇന്ത്യ-ഇന്തോനേഷ്യ സമഗ്ര തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലെ ഇരുരാജ്യങ്ങളുടെയും പ്രതിബദ്ധത യോഗം ആവർത്തിച്ച് വ്യക്തമാക്കി. ഈ മുന്നേറ്റം നിലനിർത്തുന്നതിന് കർമസമിതി കൃത്യമായ ഇടവേളകളിൽ യോഗം ചേരണമെന്ന് ഇന്ത്യ നിർദേശിച്ചു. കർമസമിതിയുടെ അടുത്ത യോഗം ഇന്തോനേഷ്യയിൽ ചേരും.

****