പോസ്റ്റഡ് ഓണ്‍:
19 NOV 2026 9:07PM by PIB Thiruvananthpuram
രണ്ടാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (FICCI) ഒരു ആഗോള വാണിജ്യ സഭയായി സ്വയം നവീകരിക്കണമെന്നും ഇന്ത്യൻ വ്യവസായങ്ങളെ അന്താരാഷ്ട്ര വിപണികളുമായും സാങ്കേതികവിദ്യകളുമായും മികച്ച അവസരങ്ങളുമായും ബന്ധിപ്പിക്കുന്നതിൽ കൂടുതൽ പങ്കുവഹിക്കണമെന്നും കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ആഹ്വാനം ചെയ്തു. ന്യൂഡൽഹിയിൽ FICCI-യുടെ വാർഷിക പൊതുയോഗത്തിൻ്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വദേശി പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുക, സ്വാതന്ത്ര്യസമരത്തെ പിന്തുണയ്ക്കുക, ഇന്ത്യൻ സംരംഭകത്വം വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ മഹാത്മാഗാന്ധിയുടെ ഉപദേശപ്രകാരം 1926–27 കാലഘട്ടത്തിലാണ് FICCI രൂപംകൊണ്ടതെന്ന് ശ്രീ ഗോയൽ അനുസ്മരിച്ചു. ശതാബ്ദിയിലേക്ക് പ്രവേശിക്കാനിരിക്കുന്ന ഫെഡറേഷനെ അഭിനന്ദിച്ച അദ്ദേഹം സ്വാതന്ത്ര്യം, സ്വാശ്രയത്വം, വ്യാവസായിക വികസനം എന്നിവയിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ മുൻ അധ്യക്ഷന്മാരും നേതൃത്വവും നൽകിയ സംഭാവനകളെ പ്രകീർത്തിച്ചു.
സമീപകാല സ്വതന്ത്ര വ്യാപാര കരാറുകളിലൂടെ ഇന്ത്യൻ വ്യാപാര സംരംഭങ്ങള്‍ക്ക് ലഭിക്കുന്ന വിപുലമായ വിപണി പ്രവേശം ചൂണ്ടിക്കാട്ടിയ ശ്രീ ഗോയൽ, ഈ കരാറുകൾ തുറന്നുനൽകുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഇന്ത്യന്‍ വ്യവസായങ്ങളോട് അഭ്യർത്ഥിച്ചു. ഏതാനും വർഷങ്ങൾ മുന്‍പുവരെ ഏകദേശം 10 ട്രില്യൺ യു.എസ്. ഡോളർ ജി.ഡി.പി.യെ പ്രതിനിധീകരിച്ചിരുന്ന ആഗോള വിപണികളിലേക്കുള്ള ഇന്ത്യയുടെ മുൻഗണനാ പ്രവേശനം കഴിഞ്ഞ നാലര വർഷത്തിനിടെ 60 ട്രില്യൺ യു.എസ്. ഡോളർ വർദ്ധിച്ച് ആകെ ഏകദേശം 70 ട്രില്യൺ യു.എസ്. ഡോളറിലെത്തിയതായി അദ്ദേഹം പറഞ്ഞു. നിലവില്‍ എട്ട് മുതൽ ഒൻപത് വരെ ഭൂപ്രദേശങ്ങളിലായി നടക്കുന്ന ഉഭയകക്ഷി, ബഹുമുഖ വ്യാപാര ചർച്ചകളിലൂടെ അടുത്ത ഒന്നര വർഷത്തിനകം ഇത് ആഗോള ജി.ഡി.പിയുടെ ഏകദേശം 76 ശതമാനത്തെ പ്രതിനിധീകരിക്കുന്ന 85 ട്രില്യൺ യു.എസ്. ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യൻ വ്യവസായങ്ങളുടെ വർദ്ധിച്ചുവരുന്ന ആഗോള അവസരങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യൻ ഉല്പന്നങ്ങളും സേവനങ്ങളും അന്താരാഷ്ട്ര വിപണികളിലെത്തിക്കുന്നതിലും ലോകത്ത് ഏറ്റവും മികച്ചവയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് കൂടുതൽ വലിയ ആഗോള കാഴ്ചപ്പാടോടെയായിരിക്കണം FICCI-യുടെ അടുത്ത നൂറ്റാണ്ടെന്ന് ശ്രീ ഗോയൽ പറഞ്ഞു. ആഗോള അവസരങ്ങളും ശേഷികളും രാജ്യത്തേക്ക് കൊണ്ടുവരുന്നതിനൊപ്പം ഇന്ത്യയുടെ വളർച്ചയും ഭാവിയും ലോകത്തിൻ്റെ മറ്റ് ഭാഗങ്ങളുമായി പങ്കുവെക്കാനാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
FICCI-യ്ക്ക് ഇനി ഒരു ഇന്ത്യൻ വാണിജ്യ സഭ മാത്രമായി തുടരാനാകില്ലെന്നും കൂടുതൽ ശക്തമായ ആഗോള സാന്നിധ്യം വികസിപ്പിച്ചെടുക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കാനും സാങ്കേതികവിദ്യാ കൈമാറ്റം സുഗമമാക്കാനും ഇന്ത്യൻ സംരംഭങ്ങളെ വിദേശത്ത് പ്രോത്സാഹിപ്പിക്കാനും ഉല്പാദനം, നിക്ഷേപം, ആഗോള ശേഷി കേന്ദ്രങ്ങളുടെ രൂപീകരണം എന്നിവയ്ക്കായി ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതില്‍ സഹായിക്കാനും അദ്ദേഹം സംഘടനയോട് ആഹ്വാനം ചെയ്തു.
ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ അന്താരാഷ്ട്ര പങ്കാളികൾ കാണിക്കുന്ന വർദ്ധിച്ചുവരുന്ന താല്പര്യം രാജ്യത്തിൻ്റെ ഉയരുന്ന ആഗോള പ്രസക്തിയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഈജിപ്ത്, ഇറ്റലി എന്നിവിടങ്ങളിൽ അടുത്തിടെ നടത്തിയ സന്ദർശനങ്ങളെക്കുറിച്ച് പരാമർശിച്ച ശ്രീ ഗോയൽ പറഞ്ഞു. ഈജിപ്തുമായി മുൻഗണനാ വ്യാപാര കരാറോ സ്വതന്ത്ര വ്യാപാര കരാറോ സംബന്ധിച്ച സാധ്യതകൾ ആരായാന്‍ ചർച്ചകൾക്ക് തുടക്കം കുറിച്ചതായും വരാനിരിക്കുന്ന ഇന്ത്യ–യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഇറ്റാലിയൻ വ്യവസായങ്ങൾക്കിടയിൽ വലിയ താല്പര്യം ജനിപ്പിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള അന്താരാഷ്ട്ര വ്യാപാര സംരംഭങ്ങളുടെ പ്രതിബദ്ധത വ്യാപാരം, നിക്ഷേപം, വ്യാവസായിക സഹകരണം എന്നിവയുടെ വർദ്ധിച്ചുവരുന്ന അവസരങ്ങളെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ വളർന്നുവരുന്ന സാമ്പത്തിക ശക്തിയും ആഗോള പങ്കാളിത്തവും എടുത്തുപറഞ്ഞ ശ്രീ ഗോയല്‍ 2026–27 സാമ്പത്തിക വർഷം ഒരു ട്രില്യൺ യു.എസ്. ഡോളർ കയറ്റുമതി എന്ന ബൃഹത്തായ ലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവെച്ചിരിക്കുന്നതെന്ന് വ്യക്തമാക്കി. നടപ്പുസാമ്പത്തിക വർഷം ആദ്യ ആറുമാസത്തിനകം ഇന്ത്യ 480 ബില്യൺ യു.എസ്. ഡോളറിൻ്റെ കയറ്റുമതി രേഖപ്പെടുത്തിയതായും ഇതിലൂടെ വാർഷിക ലക്ഷ്യത്തിൻ്റെ 48 ശതമാനം കൈവരിക്കാനും ഏകദേശം 17 ശതമാനം വളർച്ച നേടാനും സാധിച്ചതായും അദ്ദേഹം പറഞ്ഞു. ഒക്ടോബറിൽ ഏകദേശം 90 ബില്യൺ യു.എസ്. ഡോളറിൻ്റെ റെക്കോഡ് പ്രതിമാസ കയറ്റുമതി നടന്നതായി അറിയിച്ച ശ്രീ ഗോയല്‍ ആഗോള അനിശ്ചിതത്വങ്ങളും ഭൗമരാഷ്ട്രീയ വെല്ലുവിളികളും നിലനിൽക്കുമ്പോഴും ഈ നേട്ടം കൈവരിക്കുന്നതിൽ ഇന്ത്യൻ വ്യവസായങ്ങൾ നൽകിയ സംഭാവനകളെ അഭിനന്ദിച്ചു.
ഒരു ട്രില്യൺ യു.എസ്. ഡോളർ കയറ്റുമതി കൈവരിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യം ഗവണ്മെൻ്റിൻ്റെയും വ്യവസായ മേഖലയുടെയും കൂട്ടായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതായി കേന്ദ്രമന്ത്രി പറഞ്ഞു. ഈ വർഷം ആദ്യം കയറ്റുമതി പ്രോത്സാഹന സമിതികളുമായും വ്യവസായ അസോസിയേഷനുകളുമായും നടത്തിയ ചർച്ചകളെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം ആഗോള വ്യാപാര വളർച്ച മന്ദഗതിയിലാകുമെന്ന പ്രവചനങ്ങൾക്കിടയിലും ഈ ലക്ഷ്യം നിശ്ചയിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കി. ആഗോള സംഘർഷങ്ങളും തടസ്സങ്ങളും നിലനിൽക്കുമ്പോഴും കയറ്റുമതി വളർച്ച നിലനിർത്താൻ ഇന്ത്യൻ വ്യവസായങ്ങൾ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ കണക്റ്റിവിറ്റി, സാമ്പത്തിക ഉൾച്ചേര്‍ക്കല്‍, ബാങ്കിങ് മേഖല എന്നിവയിലെ പുരോഗതി എടുത്തുപറഞ്ഞ അദ്ദേഹം കഴിഞ്ഞ ഒരു ദശകത്തിനിടെ ഇന്ത്യയിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് സംസാരിച്ചു. ഇന്ത്യയുടെ ശക്തമായ സ്ഥൂലസാമ്പത്തിക അടിത്തറയും വൈദഗ്ധ്യമാര്‍ന്ന തൊഴിൽശക്തിയും സംരംഭകത്വ ആവാസവ്യവസ്ഥയും, നിർണായക നേതൃത്വവും ലോകത്തോട് കരുത്തോടെയും ആത്മവിശ്വാസത്തോടെയും ഇടപഴകാനുള്ള രാജ്യത്തിൻ്റെ ശേഷി വർദ്ധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറിയെന്ന് വ്യക്തമാക്കിയ ശ്രീ ഗോയൽ, രാജ്യത്തിൻ്റെ വർദ്ധിച്ചുവരുന്ന സാമ്പത്തിക ശേഷികളെക്കുറിച്ചും എടുത്തുപറഞ്ഞു. ബാങ്കിങ് മേഖലയിലെ നിഷ്ക്രിയ ആസ്തികളിലുണ്ടായ ഗണ്യമായ കുറവ്, കുറഞ്ഞ ചെലവിൽ വായ്പ ലഭ്യമാകുന്നതിലെ പുരോഗതി, സാമ്പത്തിക ഉൾച്ചേര്‍ക്കലിൻ്റെ വ്യാപനം എന്നിവയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഗവണ്മെൻ്റ് പിന്തുണയോടെ 56 കോടി മുദ്ര വായ്പകൾ അനുവദിച്ചതായും ഇതിൽ 55 ശതമാനത്തിലധികം വനിതാ സംരംഭകർക്കാണ് നൽകിയതെന്നും ഇത് അവരെ ഔപചാരിക സമ്പദ്വ്യവസ്ഥയുടെ ഭാഗമാകാനും സംരംഭകത്വ യാത്രകൾ മുന്നോട്ട് കൊണ്ടുപോകാനും പ്രാപ്തരാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ വളർന്നുവരുന്ന മധ്യവർഗവും വാങ്ങൽ ശേഷിയും വികസിച്ചുകൊണ്ടിരിക്കുന്ന ആഭ്യന്തര വിപണിയും സാമ്പത്തിക വളർച്ചയ്ക്ക് ശക്തമായ അടിത്തറ നൽകുന്നതായി ശ്രീ ഗോയൽ പറഞ്ഞു. രാജ്യത്തിൻ്റെ വിശാലമായ വികസന യാത്രയുടെ ഭാഗമായി ആവിഷ്കരിച്ച മെയ്ക്ക് ഇൻ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ തുടങ്ങിയ സംരംഭങ്ങളെക്കുറിച്ചും ഗ്രാമീണ വീടുകളിലെ 12 കോടി ശുചിമുറികളുടെ നിർമ്മാണത്തെക്കുറിച്ചും 80 കോടി ജനങ്ങൾക്ക് തുടർച്ചയായി സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകുന്നത് സംബന്ധിച്ചും അദ്ദേഹം പരാമർശിച്ചു.
ഇന്ത്യയുടെ വളർച്ചയിൽ സംരംഭകത്വം വഹിക്കുന്ന പങ്കിലേക്കും ശ്രീ ഗോയൽ ശ്രദ്ധ ക്ഷണിച്ചു. ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ രാജ്യത്തിന് അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇറ്റലിയിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകളുമായി അടുത്തിടെ നടത്തിയ ആശയവിനിമയത്തെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം ബിക്കാനീർ, കോട്ട, ജംഷഡ്പൂർ തുടങ്ങിയ നഗരങ്ങളിലെ സംരംഭകർ ഇതിൽ പങ്കെടുത്തതായും ഇറ്റാലിയൻ സംരംഭകരുമായി സംവദിച്ച് വ്യാപാര നിക്ഷേപ സാധ്യതകൾ ആരാഞ്ഞതായും പറഞ്ഞു.
ഏകദേശം ഒരു നൂറ്റാണ്ട് മുന്‍പ് FICCI-യുടെ രൂപീകരണത്തിന് പ്രചോദനമായ സ്വദേശി എന്ന ആശയത്തിൽ നിന്നാണ് ആത്മനിർഭർ ഭാരത് എന്ന കാഴ്ചപ്പാട് കെട്ടിപ്പടുത്തിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ തത്വചിന്തയെക്കുറിച്ച് പരാമർശിച്ച അദ്ദേഹം അതിന്റെ തുടർച്ചയായ പ്രസക്തി എടുത്തുപറയുകയും സ്വാശ്രയത്വവും സ്വദേശി മനോഭാവവും ഇന്ത്യയുടെ സാമ്പത്തിക വികസനത്തിൻ്റെ അടിത്തറയായി തുടരണമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യൻ ഉല്പന്നങ്ങൾ, സേവനങ്ങൾ, സാങ്കേതികവിദ്യകൾ, പ്രതിഭകൾ എന്നിവയെ ലോകം കൂടുതൽ ആശ്രയിക്കുന്ന തരത്തിലുള്ള ശേഷികളും തന്ത്രപരമായ കരുത്തും സൃഷ്ടിച്ച് രാജ്യം ഒരു പടി കൂടി മുന്നോട്ട് പോകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നൂതനാശയങ്ങളിലും സാങ്കേതികവിദ്യയിലും ഇന്ത്യ കൈവരിക്കുന്ന വളർച്ച എടുത്തുപറഞ്ഞ ശ്രീ ഗോയല്‍, ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെയും സ്വകാര്യ ബഹിരാകാശ മേഖലയുടെയും നേട്ടങ്ങളെക്കുറിച്ചും പരാമർശിച്ചു. ഒരു ഇന്ത്യൻ സ്വകാര്യ കമ്പനി ആദ്യ ശ്രമത്തിൽ തന്നെ ബഹിരാകാശത്തേക്ക് വിജയകരമായി റോക്കറ്റ് വിക്ഷേപിച്ചത് ഇന്ത്യയുടെ സംരംഭകത്വ-സാങ്കേതിക ആവാസവ്യവസ്ഥയിലെ സുപ്രധാന നാഴികക്കല്ലാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സർഗാത്മക-സാങ്കേതിക മേഖലകളിലെ അന്താരാഷ്ട്ര സഹകരണങ്ങളെക്കുറിച്ച് പരാമർശിച്ച അദ്ദേഹം ആഗോള നൂതനാശയങ്ങളില്‍ ഇന്ത്യയുടെ സംഭാവന വർദ്ധിച്ചുവരികയാണെന്നും നിരീക്ഷിച്ചു.
ഇന്ത്യൻ വ്യവസായങ്ങളെ ലോകത്തിന് മുന്നിലെത്തിക്കാനും ഭാവി സാങ്കേതികവിദ്യകളിൽ യുവ സംരംഭകരെ പിന്തുണയ്ക്കാനും ആഗോള ഉല്പാദനത്തിൻ്റെയും നിക്ഷേപത്തിൻ്റെയും ലക്ഷ്യസ്ഥാനമായി ഇന്ത്യയെ ഉയർത്തിയെടുക്കാനും കൃഷിയിടങ്ങൾ, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ, കരകൗശല സമൂഹങ്ങൾ എന്നിവയുൾപ്പെടെ രാജ്യത്തിൻ്റെ വിദൂര ഭാഗങ്ങളിലേക്ക് സാങ്കേതികവിദ്യ എത്തിക്കാനും FICCI അതിൻ്റെ രണ്ടാം നൂറ്റാണ്ട് ഉപയോഗപ്പെടുത്തണമെന്ന് ശ്രീ ഗോയൽ അഭ്യർത്ഥിച്ചു. ഇന്ത്യയിലെ 140 കോടി ജനങ്ങൾക്കും ആഗോള വിപണികൾക്കും അവസരങ്ങൾക്കും ഇടയിലെ പാലമായി പ്രവർത്തിക്കുന്നതില്‍ FICCI-യ്ക്ക് സുപ്രധാന പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രക്ഷുബ്ധമായ ആഗോള സാഹചര്യങ്ങളിലെ വെല്ലുവിളികളെ അതിജീവിച്ച് അവസരങ്ങളുടെയും വളർച്ചയുടെയും പ്രകാശഗോപുരമായി ഉയർന്നുവരാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് പ്രസംഗം ഉപസംഹരിക്കവെ ശ്രീ പിയൂഷ് ഗോയൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പരിശ്രമങ്ങൾ തുടരാനും 2047-ഓടെ വികസിത ഇന്ത്യയെന്ന ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിൻ്റെ യാത്രയിൽ പങ്കാളികളാകാനും അദ്ദേഹം FICCI നേതൃത്വത്തോടും അംഗങ്ങളോടും ആഹ്വാനം ചെയ്തു.
****