പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

ജടായു ശില്പത്തിന് ആദരവുമായി തപാൽ വകുപ്പ് : പ്രത്യേക കവർ പ്രകാശനം ചെയ്തു

പോസ്റ്റഡ് ഓണ്‍: 19 NOV 2026 3:19PM by PIB Thiruvananthpuram

ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പമായ കൊല്ലം ചടയമംഗലത്തെ ജടായു ശില്പത്തോടുള്ള ആദരസൂചകമായി പ്രത്യേക തപാൽ കവർ പുറത്തിറക്കി കേരള തപാൽ സർക്കിൾ. ‌ജടായുപ്പാറയുടെ (ജടായു എർത്ത്സ് സെൻ്റർ) സാംസ്‌കാരികവും പുരാണപരവും വിനോദസഞ്ചാരപരവുമായ പ്രാധാന്യം വിളിച്ചോതുന്നതാണ് തപാൽ കവർ.

കേരള സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ശ്രീ അമിതാഭ് സിംഗ് പ്രത്യേക തപാൽ കവർ പ്രകാശനം ചെയ്‌തു. ജടായു ശില്പത്തിന്റെ മുന്നിൽ വെച്ച് കവർ പ്രകാശനം നിർവഹിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ജടായു ശില്പം പ്രകൃതിസൗന്ദര്യത്തിന്റെ ഭാഗമാണെന്നും ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ പറഞ്ഞു.

സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി ശ്രീ പി. സി. വിഷ്ണുനാഥ് ഉദ്ഘാടന പ്രസംഗം നടത്തി. ഇന്ത്യാ പോസ്റ്റ് പ്രത്യേക തപാൽ കവർ പുറത്തിറക്കിയത് ജടായു ശില്പത്തിന്റെ ചരിത്രപ്രാധാന്യം ലോകത്തിന് മുന്നിലെത്തിക്കുമെന്നും ആഗോള വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും ഏറെ പ്രയോജനം ചെയ്യുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഇന്ത്യൻ ഇതിഹാസമായ രാമായണത്തിലെ ജടായുവുമായി ബന്ധപ്പെട്ട ഐതിഹ്യവും ജടായുപ്പാറയുടെ ചരിത്രപരവും സാംസ്കാരികവും വിനോദസഞ്ചാരപരവുമായ പ്രാധാന്യവും അനുസ്‌മരിക്കുന്നതിനാണ് പ്രത്യേക തപാൽ കവർ പുറത്തിറക്കിയത്.

ജടായുപ്പാറയുടെ പൈതൃകവും പ്രാധാന്യവും തപാൽ സ്റ്റാമ്പുകളുടെയും കവറുകളുടെയും ശേഖരണകലയായ ഫിലാറ്റലിയിലൂടെ സംരക്ഷിക്കുകയും കൂടുതൽ ജനശ്രദ്ധയിൽ എത്തിക്കുകയും ചെയ്യുന്നതിൽ ഈ പ്രകാശനം ശ്രദ്ധേയമായ ഒരു ചുവടുവയ്പ്പാണ്. കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിൻ്റെയും വിനോദസഞ്ചാര മേഖലയുടെയും പ്രാധാന്യം  ഉയർത്തിക്കാട്ടുന്നതിനും ഈ പ്രത്യേക കവർ സഹായകമാകും. 

പ്രകാശനച്ചടങ്ങിൽ കൊല്ലം ഡിവിഷൻ സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ് ശ്രീമതി ബിന്ദു എം. സ്വാഗതം ആശംസിച്ചു. ജടായു എർത്ത്സ് സെൻ്റർ ചെയർമാൻ ശ്രീ രാജീവ് അഞ്ചൽ അധ്യക്ഷത വഹിച്ചു. ചടയമംഗലം എം.എൽ.എ ശ്രീ എം. എം. നസീർ, ചടങ്ങിൽ വിശിഷ്‌ടാതിഥിയായി പങ്കെടുത്തു.

-SK-


( റിലീസ് ഐ.ഡി: 2338427) സന്ദര്‍ശക കൗണ്ടര്‍ : 23
ഈ റിലീസ് വായിക്കുക: English