പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും അയ്യന്റെ പ്രസാദം വീട്ടിലെത്തും; 'സ്വാമി പ്രസാദം' ബുക്കിംഗ് കൗണ്ടർ പ്രവർത്തനം ആരംഭിച്ചു

പോസ്റ്റഡ് ഓണ്‍: 18 NOV 2026 5:28PM by PIB Thiruvananthpuram

ശബരിമല തീര്‍ത്ഥാടന കാലത്ത് സന്നിധാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്ത്യാ പോസ്റ്റിന്റെ പ്രത്യേക 'സ്വാമി പ്രസാദം' ബുക്കിംഗ് കൗണ്ടറും പാഴ്‌സല്‍ ബുക്കിംഗ് സൗകര്യവും പ്രവർത്തനം ആരംഭിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ശ്രീ കെ.ജയകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പോസ്റ്റല്‍ സര്‍വീസ് കേരള സര്‍ക്കിള്‍ ഡയറക്ടര്‍ ശ്രീ എന്‍.ആര്‍. ഗിരി , സൗത്തേണ്‍ റീജിയന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീ എന്‍.എസ്.ശങ്കര്‍ തുടങ്ങിയവര്‍ ചടങ്ങിൽ സന്നിഹിതരായി.

ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സന്നിധാനത്ത് ദേവസ്വത്തിന്റെ അരവണ, അപ്പം കൗണ്ടറുകള്‍ക്ക് സമീപമായാണ് ഇന്ത്യാ പോസ്റ്റിന്റെ പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. കൗണ്ടര്‍ വഴി അയ്യപ്പഭക്തര്‍ക്ക് 'സ്വാമി പ്രസാദവും' 'അരവണ പായസവും' സ്പീഡ് പോസ്റ്റ് പാര്‍സലായി രാജ്യത്തെവിടെയും അയക്കാന്‍ സാധിക്കും. പ്രസാദം ബുക്ക് ചെയ്യുന്നതിനൊപ്പം സുരക്ഷിതമായി പാക്ക് ചെയ്ത് രാജ്യത്തുടനീളം എത്തിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ലഭ്യമാകും. ഭക്തര്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴേക്കും പ്രസാദം വീടുകളില്‍ ലഭ്യമാകുന്ന രീതിയിലാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. 

സന്നിധാനത്തെ പ്രത്യേക കൗണ്ടറിന് പുറമെ, ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസ് വഴിയും 'സ്വാമി പ്രസാദം' സ്പീഡ് പോസ്റ്റ് പാര്‍സലായി ബുക്ക് ചെയ്യാം. തീര്‍ത്ഥാടന കാലത്തെ തിരക്ക് ഒഴിവാക്കി, ആവശ്യമായ അളവില്‍ പ്രസാദവും അരവണയും ബുക്ക് ചെയ്ത് സുരക്ഷിതമായി വീടുകളിലെത്തിക്കാന്‍ ഈ സംവിധാനം ഭക്തര്‍ക്ക് സഹായകരമാകും. അരവണയുടെ വിലയും പോസ്റ്റല്‍ ചാര്‍ജും നല്‍കിയും അരവണ വാങ്ങി നല്‍കിയാല്‍ പോസ്റ്റല്‍ ചാര്‍ജ് മാത്രം നല്‍കിയും സ്പീഡ് പോസ്റ്റ് അയക്കാനുള്ള സൗകര്യമുണ്ട്.

****

SK


( റിലീസ് ഐ.ഡി: 2337992) സന്ദര്‍ശക കൗണ്ടര്‍ : 18
ഈ റിലീസ് വായിക്കുക: English