പോസ്റ്റഡ് ഓണ്‍:
18 NOV 2026 4:02PM by PIB Thiruvananthpuram
കേന്ദ്ര കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന് കീഴിലുള്ള തപാൽ വകുപ്പ് കേരള സർക്കിളിൻ്റെ ആഭിമുഖ്യത്തിൽ സംഘടിക്കുന്ന 'അഖിലേന്ത്യാ പോസ്റ്റൽ ഫുട്ബോൾ ടൂർണമെന്റ് 2027' ജനുവരി 18 മുതൽ 23 വരെ തിരുവനന്തപുരത്ത് നടക്കും. ഇതിന്റെ ഭാഗമായി ടൂർണമെന്റിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നം, ഭാഗ്യചിഹ്നത്തിൻ്റെ പേര്, ലോഗോ, ടാഗ്ലൈൻ എന്നിവ രൂപകല്പന ചെയ്യുന്നതിനായി ഇന്ത്യൻ പൗരന്മാർക്ക് പ്രായഭേദമന്യേ തപാൽ വകുപ്പ് അവസരമൊരുക്കുന്നു.
ഭാഗ്യചിഹ്നത്തിൻ്റെ രൂപകല്പനയ്ക്കും, പേരിനും 2,500 രൂപ, ലോഗോയ്ക്കും, ടാഗ്ലൈനിനും 2,500 രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങൾ. ഒറിജിനൽ ഭാഗ്യചിഹ്ന ഡിസൈനും പേരും, ഒറിജിനൽ ലോഗോയും ടാഗ്ലൈനും സമർപ്പിക്കണം. പേരും ടാഗ്ലൈനും ഇംഗ്ലീഷിലോ മലയാളത്തിലോ (ഇംഗ്ലീഷ്/ഹിന്ദി ലിപ്യന്തരണത്തോടെ) ആകാം. ഡിസൈനിന്റെ ആശയവും തപാൽ വകുപ്പുമായുള്ള ബന്ധവും വ്യക്തമാക്കുന്ന ചെറിയൊരു കുറിപ്പും തയ്യാറാക്കി നൽകണം.
പ്രിന്റ്, ഡിജിറ്റൽ ബ്രാൻഡിങ്, ബാനറുകൾ, 3D/അനിമേഷൻ ഫോർമാറ്റുകൾ എന്നിവയ്ക്ക് അനുയോജ്യമായ രീതിയിൽ ഡിസൈനുകൾ ലളിതവും ആകർഷകവുമായിരിക്കണം. JPG, PNG, അല്ലെങ്കിൽ PDF ഫയലുകളായി കുറഞ്ഞത് 300 DPI (1920x1080) റെസല്യൂഷനിൽ പരമാവധി 10 MB ഫയൽ വലുപ്പത്തിലും സമർപ്പിക്കാം. 2026 നവംബർ 27 വരെ publicity.aipft[at]gmail[dot]com എന്ന ഇമെയിൽ വിലാസത്തിൽ എൻട്രികൾ സ്വീകരിക്കും.
സ്പോർട്ട്സ്മാൻഷിപ്പ്, ടീം സ്പിരിറ്റ്, വേഗത, കൃത്യത, വിശ്വാസ്യത, തപാൽ സേവനങ്ങളുടെ ഊർജ്ജസ്വലത എന്നിവ ഫുട്ബോളുമായി ഇഴചേർക്കുന്ന ആശയങ്ങളാണ് സമർപ്പിക്കേണ്ടത്.
***
SK