ഗോവ, 2026 നവംബര്‍ 16
രാജ്യത്തെ മുഖ്യധാരാ ഹിന്ദി ചലച്ചിത്ര വ്യവസായത്തിന്റെ സിരാകേന്ദ്രമായ മുംബൈ, പ്രൗഢമായ മറാത്തി സിനിമാ പാരമ്പര്യത്തിന്റെയും ഈറ്റില്ലമാണ്. ബോളിവുഡിനൊപ്പം വളർന്ന മറാത്തി സിനിമ,കഥപറച്ചിലിന് പ്രാധാന്യം നൽകൽ ,യാഥാർത്ഥ്യബോധം, ആഴത്തിലുള്ള സാഹിത്യപാരമ്പര്യം എന്നിവയിലൂടെ തനതായ വ്യക്തിമുദ്ര പടുത്തുയർത്തിട്ടുണ്ട്.മറാത്തി സിനിമയുടെ ഈ അനശ്വര പാരമ്പര്യത്തെ ആഘോഷമാക്കുന്ന 57-ാമത് ഇന്ത്യാ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സമകാലിക ഫീച്ചർ, നോൺ-ഫീച്ചർ ചിത്രങ്ങളുടെ പ്രദർശനത്തോടൊപ്പം മറാത്തി സിനിമയിലെ ഇതിഹാസ കലാകാരന്മാർക്കും ചലച്ചിത്ര പൈതൃകത്തിനുമുള്ള പ്രത്യേക ആദരവും ഒരുക്കിയിട്ടുണ്ട്.

ഇത്തവണത്തെ മേളയിലെ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് ഏഴ് മറാത്തി ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇതിനുപുറമെ, മറാത്തി സിനിമയിലെ ഒരു വിഖ്യാത ക്ലാസിക് ചിത്രത്തിന്റെ നവീകരിച്ച പതിപ്പ് 'സെന്റിനറി ട്രിബ്യൂട്ട്സ്' വിഭാഗത്തിലും, മറ്റൊരു ശ്രദ്ധേയ ചിത്രം 'ഗാല പ്രീമിയേഴ്സ്' വിഭാഗത്തിലും പ്രദർശിപ്പിക്കും.
ഫീച്ചർ ഫിലിം വിഭാഗത്തിൽ മഹേഷ് ലിമായെ സംവിധാനം ചെയ്ത 'ആദി അനന്ത്' (Aadi Anant), അഭിനയമോഹിയായ യുവാവും മുത്തച്ഛനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. മുതിർന്നവരെ പരിചരിക്കുന്നതിലെ വെല്ലുവിളികൾ, കുടുംബ ഉത്തരവാദിത്തങ്ങൾ, വിജയത്തിന്റെ യഥാർത്ഥ അർത്ഥം എന്നിവയിലേക്ക് വെളിച്ചം വീശുന്ന ചിത്രത്തിൽ അശോക് സറഫ്, സങ്കർഷൺ കരാഡെ, സഖി ഗോഖലെ, യോഗേഷ് ഷിർസാത്ത് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ഇന്ത്യൻ പനോരമയിലെ മുഖ്യധാരാ സിനിമാ വിഭാഗത്തിൽ പ്രവീൺ വിത്തൽ തർദെ രചനയും സംവിധാനവും നിർവ്വഹിച്ച 'ദിയൂൾ ബാൻഡ് 2' (Deool Band 2), സമീർ തിവാരി സംവിധാനം ചെയ്ത 'ബാപ്യ' (ദി മാൻ) എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. കർഷകനായ ഭർത്താവിനെ നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ ജീവിതത്തിലൂടെ കാർഷിക പ്രതിസന്ധികൾ വരച്ചുകാട്ടുന്ന ചിത്രമാണ് 'ദേവൂൾ ബാൻഡ് 2'. ജന്മനാട്ടിലേക്ക് തിരിച്ചെത്തുന്ന ഒരു ട്രാൻസ്‌ജെൻഡർ വ്യക്തിയുടെ ജീവിതത്തിലൂടെ കുടുംബബന്ധങ്ങളുടെയും ലിംഗസ്വത്വത്തിന്റെയും കഥ പറയുന്ന ചിത്രമാണ് 'ബാപ്യ'.

ഐ.എഫ്.എഫ്.ഐയിലെ 'മികച്ച നവാഗത ഇന്ത്യൻ സംവിധായകൻ' എന്ന വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജീജിവിഷ കാലെ സംവിധാനം ചെയ്ത 'തിഗീ' (Tighee) ആണ് മറ്റൊരു ശ്രദ്ധേയ ചിത്രം. ബന്ധങ്ങളുടെ ആഴവും ത്യാഗവും ഉള്ളിലൊതുക്കിയ വികാരങ്ങളുടെ വേദനയും ചർച്ച ചെയ്യുന്ന ഹൃദയസ്പർശിയായ ഒരു കുടുംബചിത്രമാണിത്.
ഇന്ത്യൻ പനോരമ നോൺ-ഫീച്ചർ വിഭാഗത്തിൽ മൂന്ന് മറാത്തി സിനിമകൾ കൂടി പ്രദർശിപ്പിക്കുന്നു, ഓരോന്നും വ്യത്യസ്തമായ ആഖ്യാനം വാഗ്ദാനം ചെയ്യുന്നു.പരസ്പരബന്ധമില്ലാത്ത രണ്ട് മോഷണങ്ങളിലൂടെ കുറ്റബോധത്തെയും അതിന്റെ പ്രത്യാഘാതങ്ങളെയും വിശകലനം ചെയ്യുന്ന അമിത് പട്കറിന്റെ 'ശിക്ഷ', കൊടുംവരൾച്ചയ്ക്കിടയിലും പ്രതീക്ഷ കൈവിടാത്ത ഒരു ഗ്രാമീണന്റെ ജീവിതം വരച്ചുകാട്ടുന്ന സന്തോഷ് ദവാഖറിന്റെ 'സ്കൈ ട്രീ' (അഭാൽ-വൃക്ഷ്),വെള്ളപ്പാണ്ട് എന്ന അവസ്ഥയോട് പൊരുതുന്ന ഒരു കൗമാരക്കാരന്റെ ആത്മസംഘർഷങ്ങളും അതിനോടുള്ള സമൂഹത്തിന്റെ മുൻവിധികളും പ്രമേയമാക്കുന്ന നിപുൺ ധർമ്മാധികാരിയുടെ 'ദി മൂൺ' (ചന്ദോബ) എന്നിവയാണ് ആ ചിത്രങ്ങൾ .
ഇന്ത്യൻ പനോരമ വിഭാഗത്തിന് പുറമെ, ദേശീയ ചലച്ചിത്ര അവാർഡ് ജേതാവായ ദീപക് ഗവാഡെ സംവിധാനം ചെയ്ത 'തൂ ആഹെസ് നാ' (Tu Aahes Na - You Are There, Right?) എന്ന ചിത്രം 'ഗാല പ്രീമിയേഴ്സ്'വിഭാഗത്തിൽ പ്രദർശിപ്പിക്കും. ദുഃഖം, ഏകാന്തത, സ്വത്വം എന്നീ പ്രമേയങ്ങളെ സ്പർശിക്കുന്ന ഈ ചിത്രം, ജീവിതത്തിന് അർത്ഥം നൽകുന്ന അപ്രതീക്ഷിത മനുഷ്യബന്ധങ്ങളെയാണ് എടുത്തുകാട്ടുന്നത്.
ചന്ദ്രകാന്ത് ലത ഗെയ്ക്‌വാദ് സംവിധാനം ചെയ്ത 'ദേവ്ഖേൽ' (Devkhel) എന്ന പരമ്പരയിലൂടെ ഐ.എഫ്.എഫ്.ഐയിലെ 'മികച്ച വെബ് സീരീസ്' മത്സരവിഭാഗത്തിലും മറാത്തി ആഖ്യാനമികവ് ഇടംപിടിച്ചിട്ടുണ്ട്. ഒരു തീരദേശ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ഉദ്വേഗജനകമായ ക്രൈം ത്രില്ലറിൽ, അന്ധവിശ്വാസങ്ങളുടെ മറവിൽ ഒളിഞ്ഞിരിക്കുന്ന ഞെട്ടിപ്പിക്കുന്ന സത്യങ്ങളെയും ദുരൂഹമായ ആചാരക്കൊലപാതകങ്ങളുടെ പരമ്പരയെയുമാണ് അനാവരണം ചെയ്യുന്നത്..


ഇതിഹാസ നടൻ സൂര്യകാന്ത് മാന്ധരെയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 'സെന്റിനറി ട്രിബ്യൂട്ട്സ്' വിഭാഗത്തിലൂടെ മറാത്തി സിനിമയുടെ സമ്പന്നമായ പൈതൃകത്തെയും മേള ആദരിക്കുന്നുണ്ട്. ഈ ആദരവിന്റെ ഭാഗമായി, അദ്ദേഹത്തിന്റെ 1965-ലെ പ്രശസ്ത മറാത്തി ചിത്രമായ 'സാധി മാനസെ' (Sadhi Manase) നാഷണൽ ഫിലിം ഹെറിറ്റേജ് മിഷന് കീഴിൽ നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ നവീകരിച്ച പതിപ്പിൽ പ്രദർശിപ്പിക്കും.ഹിന്ദി, മറാത്തി സിനിമകളിലെ തീവ്രവും അവിസ്മരണീയവുമായ അഭിനയത്തിലൂടെ ശ്രദ്ധേയനായ അന്തരിച്ച നടൻ നാനാ പടേക്കറിനുള്ള പ്രത്യേക സ്മരണാഞ്ജലി വിഭാഗവും 57-ാമത് ഇന്ത്യാ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമാണ്. ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ അതുല്യ സംഭാവനകൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഹിന്ദി ചിത്രമായ 'ദീക്ഷ' (Diksha), വിഖ്യാത മറാത്തി ചിത്രമായ 'നട്സാമ്രാട്ട്' (Natsamrat) എന്നിവയും പ്രേക്ഷകരുടെ മുന്നിലെത്തിക്കും.
****