പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

'ഇന്‍റര്‍നാഷണല്‍ കോക്കനട്ട് കമ്മ്യൂണിറ്റി'യുടെ 62-ാമത് സമ്മേളനവും മന്ത്രിതല യോഗവും കൊച്ചിയില്‍

പോസ്റ്റഡ് ഓണ്‍: 16 NOV 2026 12:58PM by PIB Thiruvananthpuram
കൊച്ചി: 'അന്താരാഷ്ട്ര നാളികേര സമൂഹ' ത്തിന്‍റെ  62-ാമത് സമ്മേളനവും മന്ത്രിതല യോഗവും  2026 നവംബര്‍ 17 മുതല്‍ 20 വരെ കൊച്ചി ഇന്‍ഫോപാര്‍ക്കിലുള്ള 'കോര്‍ട്ട്യാര്‍ഡ് ബൈ മാരിയറ്റ്' ഹോട്ടലില്‍ നടക്കും. ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ കൃഷികര്‍ഷകക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള 'നാളികേര വികസന  ബോര്‍ഡ്', ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത ആസ്ഥാനമായുള്ള 'ഇന്‍റര്‍നാഷണല്‍ കോക്കനട്ട് കമ്മ്യൂണിറ്റി' എന്നിവര്‍ സംയുക്തമായാണ് ഈ അന്താരാഷ്ട്ര പരിപാടി സംഘടിപ്പിക്കുന്നത്.

നാളെ നവംബര്‍ 17- ന് രാവിലെ 9.30 ന് 'കോര്‍ട്ട്യാര്‍ഡ് ബൈ മരിയറ്റ്' ല്‍ നടക്കുന്ന സമ്മേളനം കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ വകുപ്പ് സഹമന്ത്രി ശ്രീ. രാം നാഥ് താക്കൂര്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര കൃഷി വകുപ്പ് സെക്രട്ടറി ശ്രീ. അതിഷ് ചന്ദ്ര, ഐ.എ.എസ്., അധ്യക്ഷ പ്രസംഗം നടത്തും. മാര്‍ഷല്‍ ദ്വീപസമൂഹത്തിലെ പ്രകൃതിവിഭവ, -വാണിജ്യ മന്ത്രി അന്തോണി മുള്ളര്‍, കിരിബത്തിയിലെ ടൂറിസം- വാണിജ്യം- വ്യവസായം-സഹകരണ വകുപ്പ് മന്ത്രി ടംഗ്രികി റീറ്റെ, സമോവയിലെ കൃഷി- മത്സ്യബന്ധന വകുപ്പ് മന്ത്രി അയോലുപോറ്റിയ മിസാ ടോണി അയോലുപോ എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായി സംസാരിക്കും.

ഏഷ്യ-പസഫിക് മേഖലയിലുള്ള ഐസിസി  അംഗരാജ്യങ്ങളിലെ മന്ത്രിമാരും മുതിര്‍ന്ന സര്‍ക്കാര്‍ പ്രതിനിധികളും സമ്മേളനത്തില്‍ സംബന്ധിക്കും. വിവിധ അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികള്‍, ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, നാളികേര വ്യവസായ മേഖലയിലെ പ്രമുഖര്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.

ഉദ്ഘാടന സമ്മേളനത്തിന്‍റെ ഭാഗമായി, ഇന്ത്യയിലെ  മികച്ച നാളികേര കര്‍ഷകന്‍, മികച്ച നാളികേര ശാസ്ത്രജ്ഞന്‍/ഗവേഷകന്‍, മികച്ച നാളികേര സംരംഭകന്‍ എന്നിവര്‍ക്ക്  ഐസിസിയുടെ പ്രശംസാ ഫലകങ്ങള്‍ സമ്മാനിക്കും:
നാലു ദിവസത്തെ സംവാദങ്ങളും മന്ത്രിതല യോഗവും അംഗരാജ്യങ്ങള്‍ക്ക് ആഗോള നാളികേര വ്യവസായവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും, അനുഭവങ്ങളും മികച്ച കൃഷിരീതികളും പങ്കിടുന്നതിനും, അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനും, മേഖലയിലെ ഉയര്‍ന്നുവരുന്ന വെല്ലുവിളികളെയും അവസരങ്ങളെയും നേരിടുന്നതിനുള്ള സഹകരണ സമീപനങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനും അവസരം നല്‍കും. നാളികേര ഉല്‍പ്പാദക രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ സഹകരണം സാധ്യമാക്കാനും ആഗോള നാളികേര വ്യവസായത്തിന്‍റെ സുസ്ഥിര വികസനത്തിനായുള്ള കൂട്ടായ ശ്രമങ്ങള്‍ ശക്തിപ്പെടുത്താനും സമ്മേളനം  സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

യുണൈറ്റഡ് നേഷന്‍സ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ ഏഷ്യ ആന്‍ഡ് ദി പസഫികിന്‍റെ മേല്‍നോട്ടത്തില്‍ 1969-ല്‍ സ്ഥാപിതമായ 'അന്താരാഷ്ട്ര നാളികേര സമൂഹം,  നാളികേരം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ  അന്തര്‍ സര്‍ക്കാര്‍ സംഘടനയാണ്. ആഗോള നാളികേര മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും, സഹകരണവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിനും, നാളികേര വ്യവസായത്തിന്‍റെ സുസ്ഥിര വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ കണ്ടെത്തുന്നതിനും    അംഗരാജ്യങ്ങള്‍ക്ക് ഇത് പൊതുവേദി ഒരുക്കുന്നു.
 
****

( റിലീസ് ഐ.ഡി: 2336803) സന്ദര്‍ശക കൗണ്ടര്‍ : 15
ഈ റിലീസ് വായിക്കുക: English