പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ 'ജൻജാതീയ ഗൗരവ് ദിവസ്' പരിപാടിയിൽ പങ്കെടുത്തു


ഇന്ത്യയിലെ ഗോത്രസമൂഹങ്ങളുടെ സമ്പന്നമായ പൈതൃകവും സംസ്കാരവും സംഭാവനകളും ആഘോഷിക്കുന്ന ദിനമാണ് ജൻജാതീയ ഗൗരവ് ദിവസ്: പ്രധാനമന്ത്രി

2021 നവംബർ 15-ന് ആരംഭിച്ച 'ജൻജാതീയ ഗൗരവ് ദിവസ്' ആഘോഷങ്ങളുടെ പാരമ്പര്യം ഇന്ന് ദേശീയ ഉത്സവമായി മാറിയിരിക്കുന്നു: പ്രധാനമന്ത്രി

നമ്മുടെ രാജ്യത്തെ പല ദിനങ്ങളും ആഘോഷങ്ങളും വിദേശ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലാണ് ഒരുകാലത്ത് നിശ്ചയിച്ചിരുന്നത്; എന്നാൽ ഇന്ന്, തദ്ദേശീയമായ അഭിമാനത്തോടെ ഇന്ത്യ സ്വന്തം പൈതൃകത്തെയും ചരിത്രത്തെയും വീരനായകരെയും ഓർത്തെടുക്കുന്നു; നമ്മുടെ ദേശീയ ബോധത്തിലുണ്ടായ വലിയ മാറ്റത്തിന്റെ പ്രതീകമാണിത്: പ്രധാനമന്ത്രി

രാജ്യത്തിന്റെ രണ്ട് സുപ്രധാന നേട്ടങ്ങളാണ് ഇപ്പോൾ എല്ലായിടത്തും ചർച്ച ചെയ്യപ്പെടുന്നത്; ആദ്യത്തേത്, ഏകദേശം 50 കോടി പൗരന്മാരെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചതിലൂടെ രാജ്യം കൈവരിച്ച ചരിത്രപരമായ നേട്ടം; രണ്ടാമത്തേത്, നക്സലിസത്തിന്റെയും മാവോയിസ്റ്റ് ഭീകരതയുടെയും ഭീഷണിയിൽ നിന്ന് രാജ്യം പൂർണമായി മോചിതമായത്: പ്രധാനമന്ത്രി

ദീർഘകാലമായി വികസനത്തിൽ പിന്നാക്കം നിന്ന മേഖലകൾക്ക് ഞങ്ങൾ പ്രത്യേക പരിഗണന നൽകി; രാജ്യത്തുടനീളം വികസനം കാംക്ഷിക്കുന്ന നൂറിലധികം ജില്ലകളിലും വികസനം കാംക്ഷിക്കുന്ന 500-ലധികം ബ്ലോക്കുകളിലും പ്രത്യേക വികസന പദ്ധതികൾ ആരംഭിച്ചു; ഇതിൽ വലിയൊരു വിഭാഗം ഗോത്രവർഗക്കാർ അധിവസിക്കുന്ന പ്രദേശങ്ങളാണ്; ഇപ്പോൾ, പ്രധാനമന്ത്രി കൃഷി ധൻ ധാന്യ യോജനയ്ക്ക് കീഴിൽ കാർഷിക മേഖലയിൽ പിന്നാക്കം നിൽക്കുന്ന 100 ജില്ലകൾക്കും പ്രത്യേക പരിഗണന നൽകുന്നു: പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 15 NOV 2026 2:59PM by PIB Thiruvananthpuram


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ 'ജൻജാതീയ ഗൗരവ് ദിവസ്' (​ഗോത്ര സ്വാഭിമാന ദിനം) പരിപാടിയിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു. ഏകദേശം 3,000 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന 246 വികസന പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. ധർത്തി ആബാ ഭഗവാൻ ബിർസ മുണ്ഡയുടെ 151-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി, രാജ്യത്തെ ജനങ്ങൾക്ക് 'ജോഹാർ' ആശംസകൾ നേർന്നു. ഭഗവാൻ ബിർസ മുണ്ഡയ്ക്ക് ആദരപൂർവം പ്രണാമമർപ്പിച്ച അദ്ദേഹം, രാജ്യത്തെ ഗോത്ര സമൂഹങ്ങളുടെ അഭിമാനവും, അവരുടെ വീരനായകരെ സ്മരിക്കുന്നതിലൂടെ ലഭിക്കുന്ന നിരന്തരമായ പ്രചോദനവുമാണ് രാജ്യവ്യാപകമായ ഈ ആഘോഷങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്നു ചൂണ്ടിക്കാട്ടി. രഘോജി ഭാംഗ്രെ, ഭഗോജി നായിക്, വീർ ബാബുറാവു ഷെഡ്മാകെ എന്നിവരുടെ വീരഗാഥകളുമായി ബന്ധപ്പെട്ട സമ്പന്നമായ ഗോത്രസംസ്കാരത്തിന്റെ നാടായ മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ നടക്കുന്ന ഈ മഹത്തായ ആഘോഷത്തെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, എല്ലാ ഗോത്രവർഗ പോരാളികൾക്കും ശ്രദ്ധാഞ്ജലിയർപ്പിച്ചു. "ഈ പരിപാടിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പങ്കെടുക്കുന്ന എല്ലാ ഗവർണർമാർക്കും മുഖ്യമന്ത്രിമാർക്കും ഉപമുഖ്യമന്ത്രിമാർക്കും ജനപ്രതിനിധികൾക്കും ഞാൻ അഭിനന്ദനങ്ങൾ അറിയിക്കുന്നു" - ശ്രീ മോദി പറഞ്ഞു.

2021 നവംബർ 15-ന് ആരംഭിച്ച 'ജൻജാതീയ ഗൗരവ് ദിവസ്' ആചരണം ഇന്ന് ദേശീയ ആഘോഷമായി മാറിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ഭഗവാൻ ബിർസ മുണ്ഡയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് രണ്ട് ലക്ഷത്തിലധികം പരിപാടികൾ സംഘടിപ്പിക്കുകയും കോടിക്കണക്കിന് പൗരന്മാർ അവയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. "ഇന്ന് ഇന്ത്യ തനതായ പൈതൃകത്തെയും ചരിത്രത്തെയും വീരനായകരെയും സ്വദേശീയമായ ആത്മാഭിമാനത്തോടെ സ്മരിക്കുകയാണ്. നമ്മുടെ ദേശീയ ബോധത്തിലുണ്ടായ വലിയ പരിവർത്തനത്തിന്റെ പ്രതീകമാണിത്" - പ്രധാനമന്ത്രി നിരീക്ഷിച്ചു.

കോളനിവാഴ്ചയുടെ അനീതിക്കെതിരെ ഗോത്രവർഗ സമൂഹങ്ങൾ നിരന്തരം ശബ്ദമുയർത്തിയ ചരിത്രം അനുസ്മരിച്ച പ്രധാനമന്ത്രി, ഖാസി കുന്നുകളിലെ തിരോത് സിങ്ങിന്റെ പോരാട്ടം, ഛോട്ടാനാഗ്പുരിലെ കോൾ പ്രക്ഷോഭം, സിദ്ധോ-കാൻഹുവിന്റെ നേതൃത്വത്തിൽ നടന്ന സന്താൾ വിപ്ലവം, മാൻഗഢിൽ ഗോവിന്ദ് ഗുരുവിന്റെ അനുയായികൾ നടത്തിയ ത്യാഗം എന്നിവ എടുത്തുപറഞ്ഞു. കൂടാതെ റാണി ഗൈഡിൻലിയു, താന്ത്യ ഭീൽ, അല്ലൂരി സീതാരാമ രാജു, റാണി ദുർഗാവതി എന്നിവരുടെ ധീരതയും അദ്ദേഹം അനുസ്മരിച്ചു. ഈ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ മഹത്തായ പാരമ്പര്യവും പ്രധാനമന്ത്രി എടുത്തുകാട്ടി. "ഈ വീരഗാഥകൾക്കൊപ്പം ഭഗവാൻ ബിർസ മുണ്ഡയുടെ ഉൽഗുലാനും ചെറുപ്രായത്തിൽ അദ്ദേഹം നടത്തിയ പോരാട്ടവും ഇന്നും കോടിക്കണക്കിന് ഇന്ത്യക്കാർക്കു വലിയ പ്രചോദനമാണ്" - ശ്രീ മോദി പറഞ്ഞു.

'ജൻജാതീയ ഗൗരവ് ദിവസി'ൽ വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം 3,000 കോടി രൂപയുടെ 170-ലധികം ഗോത്രവർഗ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും 70-ലധികം പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്തതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മിസോറമിൽ സ്വാതന്ത്ര്യസമര സേനാനിയായ റോപുയിലിയാനിയെക്കുറിച്ചുള്ള മ്യൂസിയവും അരുണാചൽ പ്രദേശിൽ പുതിയ ഗോത്ര ഗവേഷണ സ്ഥാപന മന്ദിരവും ഉദ്ഘാടനം ചെയ്തതും ഇതിൽ ഉൾപ്പെടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യപരിപാലന സേവനങ്ങൾ, ഗോത്രവർഗ ഉൽപ്പന്നങ്ങളുടെ വിപണന കേന്ദ്രങ്ങൾ, ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾ എന്നിവയും പദ്ധതികളുടെ ഭാഗമാണ്. "ഈ പദ്ധതികളുടെയെല്ലാം പേരിൽ രാജ്യത്തിന് ഞാൻ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു" - പ്രധാനമന്ത്രി പറഞ്ഞു.

ഈ വർഷത്തെ ആഘോഷം ചരിത്രപരമായ രണ്ട് ദേശീയ നേട്ടങ്ങളെക്കുറിച്ചുള്ള വ്യാപകമായ ചർച്ചകൾക്കിടയിലാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഏകദേശം 50 കോടി പൗരന്മാർ കടുത്ത ദാരിദ്ര്യത്തിൽനിന്ന് കരകയറിയതും നക്സലിസത്തിൽ നിന്നും മാവോയിസ്റ്റ് ഭീകരതയിൽ നിന്നും ഇന്ത്യ മോചനം നേടിയതുമാണ് ഈ രണ്ട് നേട്ടങ്ങൾ. ഗോത്രവർഗ മേഖലകളെ സംബന്ധിച്ചിടത്തോളം ഇവ രണ്ടും ഏറെ പ്രാധാന്യമുള്ളതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. "ഈ രണ്ട് നേട്ടങ്ങളും നമ്മുടെ ഗോത്രവർഗ സഹോദരങ്ങളുടെയും സഹോദരിമാരുടെയും ജീവിതവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു" - ശ്രീ മോദി പറഞ്ഞു.

കഴിഞ്ഞ 12 മുതൽ 13 വർഷത്തിനിടെ ഏകദേശം 50 കോടി ഇന്ത്യക്കാർ കടുത്ത ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായി വ്യക്തമാക്കുന്ന ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പരാമർശിച്ച പ്രധാനമന്ത്രി, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണിതെന്ന് വിശേഷിപ്പിച്ചു. ഏതെങ്കിലും ഒരു സർക്കാരിന്റെ മാത്രം പ്രവർത്തനഫലമല്ല ഈ നേട്ടം. മറിച്ച്, സമൂഹത്തിന്റെ കൂട്ടായ ശക്തിയും ഓരോ പൗരന്റെയും കഠിനാധ്വാനവും ഗോത്രവർഗ ക്ഷേമത്തിനായി കേന്ദ്രസർക്കാർ നടപ്പാക്കിയ ലക്ഷ്യാധിഷ്ഠിത പദ്ധതികളും തീരുമാനങ്ങളുമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. "ഈ നേട്ടത്തിൽ രാജ്യത്തെ എല്ലാ ജനങ്ങൾക്കും, പ്രത്യേകിച്ച്, എന്റെ ഗോത്രവർഗ സഹോദരീസഹോദരന്മാർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ" - പ്രധാനമന്ത്രി പറഞ്ഞു.

ദശാബ്ദങ്ങളായി വികസനത്തിന്റെ ഗുണഫലങ്ങൾ ലഭിക്കാതെ പിന്നാക്കം നിന്നവർക്കു മുൻഗണന നൽകാനുള്ള ഉറച്ച തീരുമാനത്തിന്റെ സാക്ഷാത്കാരമാണ് ദശലക്ഷക്കണക്കിനുപേർ ദാരിദ്ര്യത്തിൽ നിന്ന് പുറത്തുകടന്നതിലൂടെ സാധ്യമായതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അടിസ്ഥാനസൗകര്യങ്ങൾപോലും ലഭ്യമല്ലാതിരുന്ന ഏറ്റവും പിന്നാക്കം നിൽക്കുന്ന ഗോത്രവർഗ മേഖലകളിൽ സർക്കാർ പൂർണശക്തിയോടെ ഇടപെട്ടു. പി.എം-ജൻമൻ യോജനയ്ക്കും ധർത്തി ആബാ ജൻജാതീയ ഗ്രാം ഉത്കർഷ് അഭിയാനും ഒരു ലക്ഷം കോടി രൂപയിലധികം അനുവദിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. "സ്വാതന്ത്ര്യാനന്തരം ഏറ്റവും ഒടുവിൽ ആനുകൂല്യങ്ങൾ ലഭിച്ച കുടുംബങ്ങളിലേക്ക് ഇനി ഏറ്റവും വേഗത്തിൽ സൗകര്യങ്ങൾ എത്തിക്കണമെന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം" - ശ്രീ മോദി പറഞ്ഞു.

പാവപ്പെട്ടവർക്കായി അ‌ടച്ചുറപ്പുള്ള നാല് കോടിയിലധികം വീടുകൾ നിർമിച്ചതും സ്വാതന്ത്ര്യാനന്തരം പതിറ്റാണ്ടുകളായി ഇരുട്ടിൽ കഴിഞ്ഞിരുന്ന 18,000 ഗ്രാമങ്ങളിൽ വൈദ്യുതി എത്തിച്ചതും ഉൾപ്പെടെ, പിന്നാക്ക വിഭാഗങ്ങൾക്ക് മുൻഗണന നൽകാനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി വിശദീകരിച്ചു. ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ അഞ്ച് ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സാ പരിരക്ഷ ഉറപ്പാക്കിയതും വിദൂര ഗോത്രവർഗ മേഖലകളിൽ ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതിനായി 1.75 ലക്ഷത്തിലധികം ആയുഷ്മാൻ ആരോഗ്യ മന്ദിരങ്ങൾ സ്ഥാപിച്ചതും അദ്ദേഹം എടുത്തുപറഞ്ഞു. ഗ്രാമീണ ശുചിത്വ പദ്ധതികളുടെ സ്വാധീനത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. "പാവപ്പെട്ട കുടുംബങ്ങൾക്ക് ശൗചാലയങ്ങൾ ലഭിക്കുകയും ശുചിത്വ സൗകര്യങ്ങൾ മെച്ചപ്പെടുകയും ചെയ്തതോടെ നിരവധി രോഗങ്ങൾക്കുള്ള സാധ്യതയും കുറഞ്ഞു" - പ്രധാനമന്ത്രി പറഞ്ഞു.

ദാരിദ്ര്യം തുടച്ചുനീക്കുന്നതിന് പാവപ്പെട്ട കുടുംബങ്ങളുടെ വരുമാനമാർഗങ്ങൾ വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതിനായി മുദ്രാ യോജനയിലൂടെ ഈടുരഹിത വായ്പയായി ലക്ഷക്കണക്കിന് കോടി രൂപ വിതരണം ചെയ്തതായും പാവപ്പെട്ടവർ, ദലിതർ, പിന്നാക്ക വിഭാഗങ്ങൾ, ഗോത്രവർഗ സമൂഹങ്ങൾ എന്നിവർക്കെല്ലാം ഇതിന്റെ പ്രയോജനം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. "ഇതിലൂടെ മുന്നോട്ടുപോകാനുള്ള പുതിയ ആത്മവിശ്വാസം അവരിൽ ഉടലെടുത്തു" - ശ്രീ മോദി നിരീക്ഷിച്ചു.

വികസനത്തിൽ ഏറെക്കാലമായി പിന്നാക്കംനിന്ന പ്രദേശങ്ങൾ ലക്ഷ്യമിട്ടുള്ള പ്രത്യേക ഇടപെടലുകൾ നടത്തിയതായും പ്രധാനമന്ത്രി വ്യക്തമാക്കി. വലിയ ഗോത്രവർഗ ജനസംഖ്യയുള്ള വികസനം കാംക്ഷിക്കുന്ന 100-ലധികം ജില്ലകളിലും വികസനം കാംക്ഷിക്കുന്ന 500-ലധികം ബ്ലോക്കുകളിലും പ്രത്യേക യജ്ഞം നടത്തി. കൂടാതെ, കർഷകർക്കും പാവപ്പെട്ട കുടുംബങ്ങൾക്കും ഗോത്രസമൂഹങ്ങൾക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി പി.എം കൃഷി ധൻ ധാന്യ യോജനയുടെ ഭാഗമായി കാർഷിക മേഖലയിൽ പിന്നാക്കം നിൽക്കുന്ന 100 ജില്ലകളിലും പ്രത്യേക പദ്ധതി നടപ്പാക്കി. കൂട്ടായ പരിശ്രമങ്ങളുടെ പരിവർത്തനശേഷിയും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. "ഈ കൂട്ടായ പരിശ്രമങ്ങളും 'സബ്കാ സാഥ്, സബ്കാ വികാസ്' എന്ന മന്ത്രവും രാജ്യത്തെ പാവപ്പെട്ടവർക്ക് പുതിയ ആത്മവിശ്വാസം നൽകി. ദാരിദ്ര്യത്തെ പരാജയപ്പെടുത്തി കോടിക്കണക്കിന് പാവപ്പെട്ടവർ അത് തെളിയിക്കുകയും ചെയ്തു" - പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ രണ്ടാമത്തെ പ്രധാന നേട്ടമായ നക്സലിസത്തിൽ നിന്നുള്ള മോചനത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ഗഡ്ചിരോളി ഉൾപ്പെടെയുള്ള ഗോത്രവർഗ മേഖലകളിൽ നക്സലിസം ഏറ്റവും കൂടുതൽ ദോഷം ചെയ്തത് ഗോത്രസമൂഹങ്ങളെയാണെന്ന് ചൂണ്ടിക്കാട്ടി. ഒരുകാലത്ത് രാജ്യത്തെ 125-ഓളം ജില്ലകൾ നക്സലിസത്തിന്റെ പിടിയിലായിരുന്നു. ഓരോ വർഷവും നൂറുകണക്കിന് അക്രമസംഭവങ്ങൾ നടക്കുകയും ആയിരക്കണക്കിന് നിരപരാധികൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇവരിൽ ഭൂരിഭാഗവും ഗോത്രവർഗ സഹോദരീസഹോദരന്മാരായിരുന്നു. ഇന്ന് നക്സലിസം അവസാനിച്ചതോടെ അമ്മമാരും സുരക്ഷിതരായ സഹോദരിമാരും സർക്കാരിന് അനുഗ്രഹങ്ങളും ആശംസകളും നേരുകയാണ്. ഒരുകാലത്ത് ബാല്യം നഷ്ടപ്പെട്ട യുവാക്കൾക്ക് ഇപ്പോൾ വിദ്യാഭ്യാസത്തിനും തൊഴിലിനും അവസരങ്ങൾ ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരുകാലത്ത് ജനങ്ങൾ പോകാൻ ഭയപ്പെട്ടിരുന്ന ഛത്തീസ്ഗഢിലെ ബസ്തറിൽ, ഏതാനും ദിവസങ്ങൾക്ക് മുമ്പ് സുരക്ഷാസേനാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിച്ച കാര്യം അദ്ദേഹം അനുസ്മരിച്ചു. "ഗഡ്ചിരോളി ഉൾപ്പെടെ മുമ്പ് നക്സലിസം ബാധിച്ചിരുന്ന എല്ലാ മേഖലകളിലും ഇത്തവണ ദീപാവലിക്ക് മൺവിളക്കുകൾക്കൊപ്പം പ്രതീക്ഷയുടെ വെളിച്ചവും ജനങ്ങളിലേക്ക് എത്തിയിരിക്കുന്നു" - പ്രധാനമന്ത്രി നിരീക്ഷിച്ചു.

ഇന്ത്യയുടെ പുരോഗതിയിൽ ഗോത്രസമൂഹങ്ങൾ ആവേശപൂർവം നൽകുന്ന സംഭാവനകൾ എടുത്തുകാട്ടിയ പ്രധാനമന്ത്രി, രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവി ഗോത്രവർഗ വനിതയാണ് വഹിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തിന്റെ മുഴുവൻ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. "രാഷ്ട്രപതി ദ്രൗപദി മുർമുവിനെറ കാര്യത്തിൽ നാമെല്ലാം അ‌ഭിമാനിക്കുന്നു" - ശ്രീ മോദി വ്യക്തമാക്കി.

'ജൻജാതീയ ഗൗരവ് ദിവസ്' ആശംസകൾ നേർന്ന് ഉപസംഹരിച്ച പ്രധാനമന്ത്രി, ഭഗവാൻ ബിർസ മുണ്ഡയുടെ ജീവിതത്തിൽനിന്ന് പ്രചോദനം ഉൾക്കൊള്ളാൻ പൗരന്മാരോട് ആഹ്വാനം ചെയ്തു. "ഭഗവാൻ ബിർസ മുണ്ഡയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട്, വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി കൂടുതൽ ഊർജം വിനിയോഗിക്കേണ്ട സമയമാണിത്" - പ്രധാനമന്ത്രി പറഞ്ഞു.

****

MJPS/SS/VJ/PRK

*** -NK-

( റിലീസ് ഐ.ഡി: 2336543) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Gujarati