പോസ്റ്റഡ് ഓണ്:
13 NOV 2026 6:13PM by PIB Thiruvananthpuram
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നടന്ന 31-ാമത് സി.ഐ.ഐ. പങ്കാളിത്ത ഉച്ചകോടിയുടെ സമാപന സമ്മേളനത്തെ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഇന്ന് അഭിസംബോധന ചെയ്തു.
മുഖ്യമന്ത്രി ശ്രീ എൻ. ചന്ദ്രബാബു നായിഡുവിൻ്റെ നേതൃത്വത്തിൽ ആന്ധ്രാപ്രദേശ് കൈവരിച്ച ശ്രദ്ധേയമായ വികസനത്തെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. 2024 ജൂൺ മുതൽ 22 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള 714 നിക്ഷേപ പദ്ധതികൾ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ കഴിഞ്ഞത്, നിക്ഷേപകരുടെ ശക്തമായ വിശ്വാസത്തെയും സാമ്പത്തിക വളർച്ചയുടെ വേഗതയെയും പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിൻ്റെ ‘സ്വർണ്ണ ആന്ധ്ര 2047’ കാഴ്ചപ്പാട്, 2047-ഓടെ വികസിത ഇന്ത്യ എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുമായി ചേർന്നുനിൽക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഹരിത ഊർജ്ജം, നിർമ്മിതബുദ്ധി (AI), സെമികണ്ടക്ടറുകൾ, ക്വാണ്ടം സാങ്കേതികവിദ്യ, തുറമുഖങ്ങൾ, വ്യോമയാന-ബഹിരാകാശ മേഖല, നൂതന ഉൽപ്പാദനം തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങൾ ആന്ധ്രാപ്രദേശിനെ വളർന്നുവരുന്ന വ്യവസായ-നവീകരണ കേന്ദ്രമാക്കി മാറ്റുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘പുതിയ ലോകക്രമത്തെ നയിക്കൽ - വ്യാപാരം, സാങ്കേതികവിദ്യ, വിശ്വാസം’ എന്ന ഈ വർഷത്തെ ഉച്ചകോടിയുടെ പ്രമേയത്തെ പരാമർശിച്ചുകൊണ്ട്, ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ, സാങ്കേതികവിദ്യാ രംഗത്തെ മാറ്റങ്ങൾ, കാലാവസ്ഥാ വ്യതിയാനം, മാറിക്കൊണ്ടിരിക്കുന്ന വിതരണ ശൃംഖലകൾ എന്നിവ ആഗോള സമ്പദ്വ്യവസ്ഥയെ പുനർരൂപപ്പെടുത്തുകയാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. എന്നാൽ, അനിശ്ചിതത്വത്തിൻ്റെ ഓരോ കാലഘട്ടവും പുതിയ അവസരങ്ങളും തുറന്നുനൽകുന്നുണ്ട്. മാറ്റങ്ങളോട് പൊരുത്തപ്പെടാനും നവീകരണത്തിന് പ്രാധാന്യം നൽകാനും വിശ്വസനീയമായ പങ്കാളിത്തങ്ങൾ സ്ഥാപിക്കാനും കഴിയുന്ന രാഷ്ട്രങ്ങൾക്കായിരിക്കും ഭാവി രൂപപ്പെടുത്തുന്നതിൽ ഏറ്റവും മികച്ച നിലയിലെത്താനാവുകയെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2047-ഓടെ വികസിത രാഷ്ട്രമായി മാറുന്നതിനുള്ള പാതയിൽ ഇന്ത്യ ഉറച്ച ചുവടുകളുമായി മുന്നേറുകയാണെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന സാമ്പത്തിക ശക്തി, നൈപുണ്യമുള്ള യുവ തൊഴിൽശക്തി, ഊർജ്ജസ്വലമായ സംരംഭകത്വ അന്തരീക്ഷം, വികസിച്ചുകൊണ്ടിരിക്കുന്ന ഉൽപ്പാദന-സേവന മേഖലകൾ എന്നിവയെക്കുറിച്ച് എടുത്തുപറഞ്ഞ അദ്ദേഹം, വളർന്നുവരുന്ന ആഗോള സാമ്പത്തിക ക്രമത്തിൽ കേവലം പങ്കാളിയാകുക മാത്രമല്ല മറിച്ച് അത് രൂപപ്പെടുത്തുന്നതിൽ നേതൃപരമായ പങ്കുവഹിക്കുക കൂടിയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും വ്യക്തമാക്കി.
നിർമ്മിതബുദ്ധി, സെമികണ്ടക്ടറുകൾ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ജൈവസാങ്കേതികവിദ്യ, നൂതന ഉൽപ്പാദനം, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവയുടെ പരിവർത്തന സാധ്യതകൾ ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. ‘ആത്മനിർഭർ ഭാരത്’ എന്നത് ലോകത്തുനിന്ന് ഉൾവലിയുക എന്നല്ല, മറിച്ച് ആഭ്യന്തര ശേഷികൾ കെട്ടിപ്പടുക്കുക, മത്സരക്ഷമത വർദ്ധിപ്പിക്കുക, ആഗോള വിപണികളുമായി കൂടുതൽ ആഴത്തിൽ സംയോജിക്കുക എന്നിവയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
‘വികസിത ഇന്ത്യ 2047’ എന്ന ലക്ഷ്യത്തിലേക്കുള്ള കൂട്ടായ ദേശീയ പരിശ്രമത്തിന് ആഹ്വാനം ചെയ്ത ശ്രീ സി.പി. രാധാകൃഷ്ണൻ, വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ഉത്തരവാദിത്തം ഗവണ്മെൻ്റിന് മാത്രമായി നിർവഹിക്കാനാവില്ലെന്ന് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ‘സബ്കാ പ്രയാസ്’ (എല്ലാവരുടെയും പരിശ്രമം) എന്ന ആഹ്വാനത്തിന് അനുസൃതമായി വ്യവസായ മേഖല, അക്കാദമിക് രംഗം, സംരംഭകർ, യുവജനങ്ങൾ, അന്താരാഷ്ട്ര പങ്കാളികൾ എന്നിവരുടെ സജീവ പങ്കാളിത്തം ഇതിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ചർച്ചകളിൽ നിന്ന് പ്രവർത്തനത്തിലേക്കും, അവസരങ്ങളെ നേട്ടങ്ങളാക്കി മാറ്റുന്നതിലേക്കും, പങ്കാളിത്തത്തിൽ നിന്ന് പങ്കിട്ട സമൃദ്ധിയിലേക്കും മുന്നേറാൻ ഉപരാഷ്ട്രപതി തൻ്റെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട് ബന്ധപ്പെട്ട എല്ലാവരോടും ആഹ്വാനം ചെയ്തു. ഉച്ചകോടിയുടെ വിജയത്തിന് സംഭാവന നൽകിയ പങ്കാളി രാജ്യങ്ങൾ, അന്താരാഷ്ട്ര പ്രതിനിധികൾ, വ്യവസായ പ്രമുഖർ, സ്ഥാപനങ്ങൾ എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു.
ആന്ധ്രാപ്രദേശ് ഗവർണർ ശ്രീ എസ്. അബ്ദുൾ നസീർ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ശ്രീ എൻ. ചന്ദ്രബാബു നായിഡു, കേന്ദ്ര നവ-പുനരുപയോഗ ഊർജ്ജ, ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ, വിദ്യാഭ്യാസ മന്ത്രി ശ്രീ പ്രൾഹാദ് ജോഷി, കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ കിഞ്ചരാപു രാം മോഹൻ നായിഡു, ആന്ധ്രാപ്രദേശ് മന്ത്രിമാരായ ശ്രീ നാരാ ലോകേഷ്, ശ്രീ ടി.ജി. ഭരത്, സി.ഐ.ഐ. ഡയറക്ടർ ജനറൽ ശ്രീ ചന്ദ്രജിത് ബാനർജി, സി.ഐ.ഐ. നിയുക്ത പ്രസിഡൻ്റ് ഡോ. സുചിത്ര എല്ല തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
****