പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

ഇന്ത്യയുടെ ആദ്യ തദ്ദേശീയ 'ഹൈബ്രിഡ് ലേസർ ആർക്ക് വെൽഡിംഗ്' സാങ്കേതികവിദ്യ വികസിപ്പിച്ച് SFO ടെക്നോളജീസും കൊച്ചിൻ ഷിപ്പ്‌യാർഡും

പോസ്റ്റഡ് ഓണ്‍: 11 NOV 2026 8:05PM by PIB Thiruvananthpuram
ഇന്ത്യയുടെ അത്യാധുനിക നിർമ്മാണ സാങ്കേതികവിദ്യയ്ക്ക് പുത്തൻ കരുത്തേകി, നെസ്റ്റ് ഗ്രൂപ്പിന്റെ (NeST Group) മുൻനിര സ്ഥാപനമായ SFO ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡും കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡും (CSL) ചേർന്ന്, രാജ്യത്ത് തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത 'ഹൈബ്രിഡ് ലേസർ ആർക്ക് വെൽഡിംഗ്' (HLAW) സാങ്കേതികവിദ്യ അവതരിപ്പിച്ചു.

കളമശ്ശേരിയിലെ നെസ്റ്റ് ഹൈടെക് പാർക്കിൽ (NeST Hitek Park) സംഘടിപ്പിച്ച ചടങ്ങിലാണ് 'അഡ്വാൻസ്ഡ് ലേസർ എൻജിനീയറിംഗ് സെന്റർ', 'ഹൈബ്രിഡ് ലേസർ ആർക്ക് വെൽഡിംഗ് ആർ & ഡി (R&D) ഫെസിലിറ്റി' എന്നിവ ഉദ്ഘാടനം ചെയ്തത്. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. ജോസ് വി. ജെ., SFO ടെക്നോളജീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എൻ. ജഹാംഗീർ എന്നിവർ സംയുക്തമായാണ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്.

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡും (CSL) SFO ടെക്‌നോളജീസും സംയുക്തമായി വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് ലേസർ ആർക്ക് വെൽഡിംഗ് (HLAW) സംവിധാനം, ലേസർ വെൽഡിംഗ്, പരമ്പരാഗത ആർക്ക് വെൽഡിംഗ്, റോബോട്ടിക്‌സ്, നൂതന ഓട്ടോമേഷൻ സാങ്കേതികവിദ്യകൾ എന്നിവയുടെ സമന്വയമാണ്. SFO ടെക്‌നോളജീസ് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അതിശക്തമായ ഫൈബർ ലേസർ സ്രോതസ്സാണ് ഈ സംവിധാനത്തിന് കരുത്ത് പകരുന്നത്. കപ്പൽനിർമ്മാണം, പ്രതിരോധം, ഹെവി എൻജിനീയറിംഗ്, റെയിൽവേ, ഊർജമേഖല തുടങ്ങി തന്ത്രപ്രധാന വ്യവസായ മേഖലകളിൽ ഉത്പാദനക്ഷമത വർധിപ്പിക്കാൻ ഈ സാങ്കേതികവിദ്യ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ വേഗത്തിലുള്ള വെൽഡിംഗ്, ആഴത്തിലുള്ള വെൽഡ് പെനട്രേഷൻ, ലോഹങ്ങളുടെ രൂപവ്യതിയാനം കുറയ്ക്കൽ, വെൽഡിംഗിലെ കൃത്യതയും സ്ഥിരതയും എന്നിവയാണ് HLAW സാങ്കേതികവിദ്യയുടെ പ്രധാന സവിശേഷതകൾ.  

ഇറക്കുമതി ചെയ്യുന്ന ലേസർ വെൽഡിംഗ് സംവിധാനങ്ങളോടുള്ള ഇന്ത്യയുടെ ആശ്രിതത്വം കുറയ്ക്കുന്നതിനും അത്യാധുനിക വ്യാവസായിക സാങ്കേതികവിദ്യകളിൽ ആഭ്യന്തര വികസന-നിർമ്മാണ ശേഷി ശക്തിപ്പെടുത്തുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്. കപ്പൽനിർമ്മാണ മേഖലയിൽ വെൽഡിംഗിനുള്ള പ്രാധാന്യം കണക്കിലെടുക്കുമ്പോൾ, പുതിയ സംവിധാനം ഉത്പാദന വേഗതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനൊപ്പം ഘടനാപരമായ ഗുണനിലവാരം മെച്ചപ്പെടുത്താനും നിർമ്മാണ പ്രക്രിയയിൽ കൃത്യതയും സ്ഥിരതയും ഉറപ്പാക്കാനും സഹായിക്കും.

“എസ്.എഫ്.ഒ ടെക്നോളജീസിനെ സംബന്ധിച്ചിടത്തോളം മാത്രമല്ല, ഇന്ത്യൻ ഉത്പാദന മേഖലയെ സംബന്ധിച്ചും ഏറെ അഭിമാനകരമായ നേട്ടമാണിത്. അതിശക്തമായ ഫൈബർ ലേസർ സ്രോതസ്സ് തദ്ദേശീയമായി വികസിപ്പിക്കുകയും അതിനെ നൂതന വെൽഡിംഗ്, റോബോട്ടിക്‌സ്, ഓട്ടോമേഷൻ സാങ്കേതികവിദ്യകളുമായി സംയോജിപ്പിക്കുകയും ചെയ്തതിലൂടെ, അത്യാധുനിക നിർമ്മാണ സാങ്കേതികവിദ്യകൾ തദ്ദേശീയമായി രൂപകൽപ്പന ചെയ്യാനും വികസിപ്പിക്കാനും നിർമ്മിക്കാനും നമുക്ക് കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ്,” ഡോ. എൻ. ജഹാംഗീർ പറഞ്ഞു.

എഞ്ചിനീയറിംഗ് രംഗത്തെ നൂതന ആശയങ്ങളെ യഥാർത്ഥ വ്യാവസായിക ആവശ്യങ്ങൾക്കുള്ള പ്രായോഗിക പരിഹാരങ്ങളാക്കി മാറ്റാൻ ഇത്തരം സഹകരണങ്ങൾക്ക് കഴിയുമെന്ന് ഈ പങ്കാളിത്തം തെളിയിക്കുന്നതായി ശ്രീ. ജോസ് വി. ജെ. പറഞ്ഞു.

“എസ്.എഫ്.ഒ ടെക്‌നോളജീസുമായുള്ള സഹകരണത്തിലൂടെ കപ്പൽനിർമ്മാണ മേഖലയ്ക്കും മറ്റ് വ്യാവസായിക മേഖലകൾക്കും ഒരുപോലെ പ്രയോജനപ്രദമായ നൂതന സാങ്കേതികവിദ്യ സംയുക്തമായി വികസിപ്പിക്കാൻ കൊച്ചിൻ ഷിപ്പ്‌യാർഡിന് സാധിച്ചു. തദ്ദേശീയമായി വികസിപ്പിച്ച ഹൈബ്രിഡ് ലേസർ ആർക്ക് വെൽഡിംഗ് സാങ്കേതികവിദ്യയ്ക്ക് ഇന്ത്യൻ നിർമ്മാണ മേഖലയിൽ ഉത്പാദന ക്ഷമതയും ഗുണനിലവാരവും മത്സരക്ഷമതയും വർധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കാനാകും,” അദ്ദേഹം പറഞ്ഞു.

കൊച്ചിയെ വ്യാവസായിക നൂതനാശയങ്ങളുടെ കേന്ദ്രമായി ഉയർത്തുന്നതിനൊപ്പം, 'ആത്മനിർഭർ ഭാരത്' എന്ന ദർശനത്തിന് കരുത്തേകാനും പുതിയ കേന്ദ്രം ലക്ഷ്യമിടുന്നു. അത്യാധുനിക ലേസർ സാങ്കേതികവിദ്യകളുടെ ഗവേഷണം, പരീക്ഷണം, മൂല്യനിർണ്ണയം, വാണിജ്യവത്ക്കരണം എന്നിവയ്ക്കായിരിക്കും കേന്ദ്രം പ്രധാനമായും ഊന്നൽ നൽകുക.
 
****
 

( റിലീസ് ഐ.ഡി: 2335299) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English