പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

സെൻസസ് 2027 – രണ്ടാം ഘട്ടം (ജനസംഖ്യാ കണക്കെടുപ്പ്): കേരളത്തിൽ മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലനത്തിനു തുടക്കമായി

പോസ്റ്റഡ് ഓണ്‍: 09 NOV 2026 7:07PM by PIB Thiruvananthpuram

കേരളത്തിൽ സെൻസസ് 2027-ന്റെ രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പിനുള്ള മാസ്റ്റർ ട്രെയിനർമാരുടെ പരിശീലന പരിപാടിക്ക് നവംബർ 9-ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റിൽ (IMG) തുടക്കമായി.

കേരളത്തിലെ സെൻസസ് ഓപ്പറേഷൻസ് ഡയറക്ടറും ചീഫ് പ്രിൻസിപ്പൽ സെൻസസ് ഓഫീസറുമായ ഡോ. മിത്ര ടി. ഐ.എ.എസ് പരിശീലനപരിപാടിയെ അഭിസംബോധനചെയ്തു. സെൻസസിന്റെ പ്രാധാന്യവും ജനസംഖ്യാ കണക്കെടുപ്പു വിജയകരമായി പൂർത്തിയാക്കുന്നതിൽ ഫലപ്രദമായ മുന്നൊരുക്കം, ചിട്ടയായ പരിശീലനം, ഏകോപിതമായ പ്രവർത്തനം എന്നിവയുടെ ആവശ്യകതയും അവർ ചൂണ്ടിക്കാട്ടി.

നാലുദിവസത്തെ പരിശീലനപരിപാടി രണ്ടു ബാച്ചായാണു സംഘടിപ്പിക്കുന്നത്. ആദ്യ ബാച്ചിനു നവംബർ 9 മുതൽ 12 വരെയും രണ്ടാം ബാച്ചിനു നവംബർ 16 മുതൽ 19 വരെയുമാണു പരിശീലനം.

കേരളത്തിലെ സെൻസസ് ഓപ്പറേഷൻസ് ഡയറക്ടറേറ്റിലെ രണ്ടു ദേശീയ പരിശീലകരാണു പരിശീലനക്ലാസുകൾക്കു നേതൃത്വം നൽകുന്നത്.

സംസ്ഥാന സർക്കാരിൽനിന്നുള്ള 36 ഉദ്യോഗസ്ഥരും കേരളത്തിലെ സെൻസസ് ഓപ്പറേഷൻസ് ഡയറക്ടറേറ്റിൽനിന്നുള്ള 14 ഉദ്യോഗസ്ഥരുമടക്കം ആകെ 50 മാസ്റ്റർ ട്രെയിനർമാരാണു പരിശീലനത്തിൽ പങ്കെടുക്കുന്നത്. തുടർന്ന് ഇവർ കേരളത്തിലെ എല്ലാ ജില്ലകളിലുമായി 1200 ഫീൽഡ് ട്രെയിനർമാർക്കു പരിശീലനം നൽകും. ഫീൽഡ് ട്രെയിനർമാർ ജനസംഖ്യാ കണക്കെടുപ്പിൽ വിവരശേഖരണത്തിനായി നിയോഗിക്കപ്പെടുന്ന എന്യൂമറേറ്റർമാർക്കും സൂപ്പർവൈസർമാർക്കും പരിശീലനം നൽകും. ജനസംഖ്യാ കണക്കെടുപ്പിനായി വിജ്ഞാപനം ചെയ്തിട്ടുള്ള 40 ചോദ്യങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും വിവരശേഖരണം.

സെൻസസിന്റെ രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ജനുവരി 25 മുതൽ ഫെബ്രുവരി 28 വരെയാണു നടത്തുക. 2027 മാർച്ച് 1-നു പുലർച്ചെ 00.00 മണിയായിരിക്കും സെൻസസ് 2027-ന്റെ റഫറൻസ് സമയം. തുടർന്ന് മാർച്ച് 1 മുതൽ 5 വരെ പുനഃപരിശോധനാഘട്ടവും ഉണ്ടായിരിക്കും.

സെൻസസ് 2027-ന്റെ ഒന്നാം ഘട്ടത്തിലേതുപോലെ സ്വയം വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം രണ്ടാം ഘട്ടത്തിലും ലഭ്യമാകും. 2027 ജനുവരി 10 മുതൽ 24 വരെയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

***

SK


( റിലീസ് ഐ.ഡി: 2334443) സന്ദര്‍ശക കൗണ്ടര്‍ : 64
ഈ റിലീസ് വായിക്കുക: English