പോസ്റ്റഡ് ഓണ്:
06 NOV 2026 6:37PM by PIB Thiruvananthpuram
കൊച്ചി: പ്രധാനമന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹ്-യോജന (PM-MKSSY) പദ്ധതിയുടെ ഭാഗമായി മത്സ്യബന്ധന മേഖലയിലെ സംരംഭകത്വ സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിനായി കൊച്ചിയിലെ ഐസിഎആർ-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി സംസ്ഥാനതല ശിൽപ്പശാല സംഘടിപ്പിച്ചു. “PM-MKSSY: Unlocking Business Opportunities in Fisheries” എന്ന പേരിൽ സംഘടിപ്പിച്ച ശിൽപ്പശാലയുടെ ഉദ്ഘാടനം നബാർഡ് ചീഫ് ജനറൽ മാനേജർ നാഗേഷ് അനുമല നിർവഹിച്ചു.

മത്സ്യബന്ധന മേഖലയിലെ സാങ്കേതികവിദ്യയുടെ പ്രയോഗം, മൂല്യവർധന, സ്ഥാപനതലത്തിലുള്ള സാമ്പത്തിക സഹായം തുടങ്ങിയ മേഖലകളിലെ പ്രധാന വെല്ലുവിളികൾ പരിഹരിക്കുന്നതിലൂടെ ഈ രംഗത്തെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയായിരുന്നു ശിൽപ്പശാലയുടെ ലക്ഷ്യം. സാങ്കേതിക പരിശീലനം, വായ്പാ സൗകര്യങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള മാർഗനിർദേശം, പദ്ധതികൾ തയ്യാറാക്കുന്നതിനുള്ള പിന്തുണ എന്നിവയിലൂടെ കേരളത്തിൽനിന്ന് തിരഞ്ഞെടുത്ത 65 മത്സ്യബന്ധന സംരംഭകർക്ക് പ്രയോജനം ലഭിക്കുന്ന രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തത്.
ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ച നാഗേഷ് അനുമല, മത്സ്യബന്ധന മേഖലയിലെ സംരംഭങ്ങൾ ശക്തിപ്പെടുത്തുന്നതിനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും സ്ഥാപനതലത്തിലുള്ള പിന്തുണയുടെയും സാമ്പത്തിക സഹായത്തിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞു. സിഫ്റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ICAR-CIFT പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. അശലത എസ്, കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല (KUFOS) രജിസ്ട്രാർ ഡോ. ദിനേശ് കൈപ്പിള്ളി, കിസാൻ സമൃദ്ധി ഓർഗനൈസിങ് സെക്രട്ടറി മുരളീധരൻ, കൊടുങ്ങല്ലൂരിലെ BLUEPEARL ഫിഷ് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (FFPO) ഡയറക്ടർ ഡോ. പി. വിവേകാനന്ദൻ എന്നിവരും സംസാരിച്ചു.
ICAR-CIFT-ന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന പ്രൊഡ്യൂസർ ഓർഗനൈസേഷൻ പ്രൊമോട്ടിങ് ഇൻസ്റ്റിറ്റ്യൂഷൻ (POPI) കൂടിയായ കൊടുങ്ങല്ലൂരിലെ BLUEPEARL ഫിഷ് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുമായി (FFPO) സഹകരിച്ചാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. പങ്കാളികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും പുതിയ സാങ്കേതികവിദ്യകൾ, ബിസിനസ് മാതൃകകൾ, സർക്കാർ ധനസഹായ പദ്ധതികൾ എന്നിവയെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നു.
മത്സ്യബന്ധന മേഖലയിലെ സംരംഭകത്വ സാധ്യതകളും സാമ്പത്തിക സഹായ പദ്ധതികളും സംബന്ധിച്ച വിവിധ സാങ്കേതിക സെഷനുകൾ ശിൽപ്പശാലയുടെ ഭാഗമായി നടന്നു. നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡിലെ (NFDB) പ്രതിനിധികൾ PM-MKSSY പദ്ധതിയെയും അതിലൂടെ ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങളെയും പിന്തുണാ സംവിധാനങ്ങളെയും കുറിച്ച് വിശദീകരിച്ചു. സ്ഥാപനതലത്തിലുള്ള വായ്പാ സഹായങ്ങളെക്കുറിച്ച് ബാങ്ക് പ്രതിനിധികളും ക്ലാസുകൾ നയിച്ചു.
നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ (NFDP) രജിസ്റ്റർ ചെയ്യുന്നതിനും PM-MKSSY പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള അപേക്ഷാ നടപടിക്രമങ്ങൾ പരിചയപ്പെടുത്തുന്നതിനുമായി ഉച്ചകഴിഞ്ഞ് പ്രത്യേക സംവേദനാത്മക സെഷനും സംഘടിപ്പിച്ചു. പദ്ധതിയുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് സംരംഭകർക്ക് ആവശ്യമായ മാർഗനിർദേശം നൽകുകയായിരുന്നു ഇതിന്റെ ലക്ഷ്യം.
മത്സ്യബന്ധന മേഖലയിലെ സംരംഭകർക്ക് സാങ്കേതിക സ്ഥാപനങ്ങൾ, ധനകാര്യ ഏജൻസികൾ, മറ്റ് ബന്ധപ്പെട്ട പങ്കാളികൾ എന്നിവരുമായി സംവദിക്കുന്നതിനുള്ള വേദിയായി ശിൽപ്പശാല മാറി. മത്സ്യബന്ധന മേഖലയിലെ വിവിധ സാധ്യതകളെ പ്രായോഗികവും ലാഭകരവുമായ സംരംഭങ്ങളാക്കി മാറ്റുന്നതിന് ആവശ്യമായ അറിവും പിന്തുണയും ലഭ്യമാക്കാനും പരിപാടി ലക്ഷ്യമിട്ടു.
Photo Caption- നബാർഡ് ചീഫ് ജനറൽ മാനേജർ നാഗേഷ് അനുമല ഉദ്ഘാടനം നിർവഹിക്കുന്നു. വേദിയിൽ ഐ.സി.എ.ആർ സിഫ്റ്റ് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. അശലത എസ്, കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല (KUFOS) രജിസ്ട്രാർ ഡോ. ദിനേശ് കൈപ്പിള്ളി, ഐ.സി.എ.ആർ സിഫ്റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാൻ, കിസാൻ സമൃദ്ധി ഓർഗനൈസിങ് സെക്രട്ടറി മുരളീധരൻ, കൊടുങ്ങല്ലൂരിലെ BLUEPEARL ഫിഷ് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (FFPO) ഡയറക്ടർ ഡോ. പി. വിവേകാനന്ദൻ എന്നിവർ.
***