പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

ആഴക്കടൽ പര്യവേക്ഷണം, കാലാവസ്ഥാ സേവനങ്ങൾ, ബ്ലൂ ഇക്കോണമി എന്നിവയ്ക്ക് മുൻഗണന- കേന്ദ്ര സെക്രട്ടറി

സിഎംഎഫ്ആർഐയിൽ നടന്ന രാജ്യാന്തര സമുദ്രസിമ്പോസിയം സമാപിച്ചു

പോസ്റ്റഡ് ഓണ്‍: 06 NOV 2026 5:40PM by PIB Thiruvananthpuram

കൊച്ചി: ആഴക്കടൽ പര്യവേക്ഷണം, കാലാവസ്ഥ അധിഷ്ടിത സേവനങ്ങൾ, ബ്ലൂ ഇക്കോണമി എന്നിവയാണ് കേന്ദ്ര ഭൗമശാസത്ര മന്ത്രാലയത്തിന്റെ മുൻഗനയിലുള്ളതെന്ന് സെക്രട്ടറി ടി ശ്രീനിവാസ കുമാർ. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടന്ന രാജ്യാന്തര സമുദ്രസിമ്പോസിയത്തിന്റെ സമാപന സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഴക്കടൽ ഗവേഷണ ദൗത്യത്തിന്റെ ഭാഗമായി തദ്ദേശീയ സാങ്കേതികവിദ്യകളും സമുദ്രനിരീക്ഷണ സംവിധാനങ്ങളും വികസിപ്പിക്കും.അതിവേഗ കംപ്യൂട്ടിങ്, നിർമിതബുദ്ധി എന്നിവയിലൂടെ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം കൂടുതൽ കുറ്റമറ്റതാക്കും.  പൃഥ്വി വിജ്ഞാൻ പദ്ധതിയിലൂടെ കാലാവസ്ഥാ-സമുദ്ര സേവനങ്ങളും പ്രകൃതിദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങളും മെച്ചപ്പെടുത്തും.

 



 

കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ ശാസ്ത്രീയ ഗവേഷണങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഡോ. ടി. ശ്രീനിവാസ കുമാർ പറഞ്ഞു.

ഡ്രോണുകളും നിർമിതബുദ്ധിയും ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ സുസ്ഥിര മത്സ്യബന്ധനത്തിന് പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചുള്ള പാനൽ ചർച്ചയ്ക്കും അദ്ദേഹം നേതൃത്വം നൽകി.

ബഹുരാഷ്ട്ര സമുദ്ര നിരീക്ഷണ സംവിധാനം വേണം

സമുദ്ര ആവാസവ്യവസ്ഥകൾ നേരിടുന്ന വെല്ലുവിളികൾ സംയുക്തമായി നേരിടുന്നതിന് ബഹുരാഷ്ട്ര സമുദ്ര നിരീക്ഷണ സംവിധാനം രൂപീകരിക്കണമെന്ന് നിർദേശിക്കുന്ന കൊച്ചി പ്രഖ്യാപനം രാജ്യാന്തര സിമ്പോസിയം അംഗീകരിച്ചു. ഏഴിന നിർദേശം കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറിക്ക് കൈമാറി.

സമുദ്ര നിരീക്ഷണ വിവരങ്ങൾ, കാലാവസ്ഥാ വിവരങ്ങൾ, മത്സ്യബന്ധന ഗവേഷണം എന്നിവ സംയോജിപ്പിക്കുന്നത് ശാസ്ത്രീയമായ ധാരണ മെച്ചപ്പെടുത്താനും തെളിവുകളുടെ അടിസ്ഥാനത്തിൽ മത്സ്യബന്ധന-അക്വാകൾച്ചർ മേഖലകളിൽ തീരുമാനങ്ങളെടുക്കാനും സഹായിക്കുമെന്ന് സിമ്പോസിയം വിലയിരുത്തി.

തദ്ദേശീയ അറിവുകൾ ശാസ്ത്രീയ ഗവേഷണവുമായി സംയോജിപ്പിച്ചും തീരദേശ സമൂഹങ്ങളുടെ കാലാവസ്ഥാ പ്രതിരോധശേഷിയും ക്ഷേമവും മെച്ചപ്പെടുത്തണമെന്നും നിർദേശത്തിലുണ്ട്.

ട്രെവർ പ്ലാറ്റ് സയൻസ് ഫൗണ്ടേഷൻ, കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ രാസ സമുദ്രശാസ്ത്ര വിഭാഗം, സിഎംഎഫ്ആർഐ, മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായാണ് സിമ്പോസിയം സംഘടിപ്പിച്ചത്.

30 രാജ്യങ്ങളിൽനിന്നായി 300-ലധികം പ്രതിനിധികൾ പങ്കെടുത്തു. 250-ഓളം ശാസ്ത്രീയ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

കുസാറ്റ് വൈസ് ചാൻസലർ ഡോ. ജൂനൈദ് എം. ബുഷിരി, സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ്, പ്രൊഫ. ശുഭ സത്യേന്ദ്രനാഥ്, ഡോ. നന്ദിനി മേനോൻ, ഡോ. എൽദോ വർഗീസ് എന്നിവർ സംസാരിച്ചു.

 

 

****


( റിലീസ് ഐ.ഡി: 2333700) സന്ദര്‍ശക കൗണ്ടര്‍ : 14
ഈ റിലീസ് വായിക്കുക: English