പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

ബംഗാൾ ഉൾക്കടൽ മേഖലയിൽ സമുദ്രഗവേഷണ ശൃംഖല നിലവിൽ വന്നു

ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ് എന്നിവിടങ്ങളിൽ ശാസത്രീയമായ ഫിഷറീസ് മാനേജ്‌മെന്റ് ശക്തമാക്കുക ലക്ഷ്യം

പോസ്റ്റഡ് ഓണ്‍: 05 NOV 2026 3:39PM by PIB Thiruvananthpuram
കൊച്ചി: ബംഗാൾ ഉൾക്കടൽ മേഖലയിൽ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഭീഷണികളെ നേരിടാനും ശാസ്ത്രീയമായ ഫിഷറീസ് മാനേജ്‌മെന്റ് ശക്തമാക്കാനുമായി ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ് എന്നീ രാജ്യങ്ങൾ കൈകോർക്കുന്നു. ഇതിനായി ബേ ഓഫ് ബംഗാൾ സമുദ്രഗവേഷണ ശൃംഖലക്ക് (ബോബ്-നോർ) ഔദ്യോഗികമായി രൂപം നൽകി.

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കുന്ന അന്താരാഷ്ട്ര സമുദ്രസിമ്പോസിയത്തിന്റെ ഭാഗമായി ചേർന്ന വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുടെ യോഗത്തിലാണ് പുതിയ നീക്കം.  

സമുദ്രപഠന വിവരങ്ങൾ മത്സ്യബന്ധന ഗവേഷണത്തിലും പരിപാലനത്തിലും സമഗ്രമായി ഉൾപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. സമുദ്ര നിരീക്ഷണ വിവരങ്ങൾ, കാലാവസ്ഥാ വ്യതിയാന വിവരങ്ങൾ, ഫിഷറീസ് ഡേറ്റ എന്നിവ  ഏകോപിപ്പിച്ച് മേഖലയിലെ മത്സ്യസമ്പത്തിലും അവയുടെ വ്യാപനത്തിലുമുണ്ടാകുന്ന മാറ്റങ്ങൾ കൂടുതൽ കൃത്യമായി മനസ്സിലാക്കാൻ വഴിയൊരുക്കുന്നതാണ് പദ്ധതി.

ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ് പ്രതിനിധികൾക്ക് പുറമെ അമേരിക്ക, ബ്രസീൽ, ചിലി, പോർച്ചുഗൽ, യുകെ, ഗ്രീസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുൻനിര സമുദ്രശാസ്ത്രജ്ഞരും ചർച്ചയിൽ പങ്കെടുത്തു.

ഉപഗ്രഹ നിരീക്ഷണം, സമുദ്രശാസ്ത്ര സർവേകൾ, കാലാവസ്ഥാ വിവരങ്ങൾ, മത്സ്യബന്ധന ഡേറ്റ എന്നിവ കോർത്തിണക്കിയായിരിക്കും നെറ്റ്വർക്കിന്റെ പ്രവർത്തനം. സമുദ്രോപരിതല താപനിലയിലെ വ്യതിയാനങ്ങൾ, മൺസൂൺ രീതികൾ, ലവണാംശം, സമുദ്ര ഉൽപ്പാദനക്ഷമത എന്നിവ മത്സ്യലഭ്യതയെയും ഉൽപാദനത്തെയും ഏതൊക്കം രീതിയിലാണ് ബാധിക്കുന്നുവെന്ന് വിശദമായി പഠിക്കും.

പരമ്പരാഗത രീതികൾക്ക് പകരം കാലാവസ്ഥാ പ്രവചനങ്ങൾ മുന്നിൽക്കണ്ടുള്ള സുസ്ഥിര മത്സ്യബന്ധന മാനേജ്മെന്റ്  രീതികളിലേക്ക് മാറാൻ ഇത് സഹായിക്കും. ബേ ഓഫ് ബംഗാൾ പ്രോഗ്രാം ഇന്റർ-ഗവൺമെന്റൽ ഓർഗനൈസേഷന്റെ (ബിഒബിപി) ഏകോപനത്തിലാണ് ഈ സംരംഭം നടപ്പാക്കുന്നത്.

കേന്ദ്ര ഫിഷറീസ് വകുപ്പ്, ജിയോ ബ്ലൂ പ്ലാനറ്റ്, ട്രെവർ പ്ലാറ്റ് സയൻസ് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയായിരുന്നു യോഗം.  ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ മുൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ ബി മീനാകുമാരി മുഖ്യാതിഥിയായി. സമുദ്രോപരിതല താപനില പോലുള്ള വിവരങ്ങൾ കൃത്യസമയത്ത് ലഭ്യമാക്കുന്നത് മത്സ്യത്തൊഴിലാളികൾക്ക് ശരിയായ തീരുമാനങ്ങളെടുക്കാൻ സഹായകരമാകുമെന്ന് അവർ പറഞ്ഞു.

ബിഒബിപി ഡയറക്ടർ ഡോ പി കൃഷ്ണൻ, യുകെയിലെ പ്ലിമൗത്ത് മറൈൻ ലബോറട്ടറി പ്രിൻസിപ്പൽ സയന്റിസ്റ്റ് പ്രൊഫ. ശുഭ സത്യേന്ദ്രനാഥ്, സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് തുടങ്ങിയവർ സംസാരിച്ചു.
 
***

( റിലീസ് ഐ.ഡി: 2333054) സന്ദര്‍ശക കൗണ്ടര്‍ : 10
ഈ റിലീസ് വായിക്കുക: English