യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

വികസിത് ഭാരത് യുവ സംവാദ്: നോ യുവർ വോട്ട്’ പ്രചാരണ പരിപാടിയുടെ ഭാഗമായി 'മേരാ യുവ ഭാരത്' (മൈ ഭാരത്) ഒരൊറ്റ ദിവസം 100 പരിപാടികൾ സംഘടിപ്പിച്ചു

പോസ്റ്റഡ് ഓണ്‍: 04 NOV 2026 8:37PM by PIB Thiruvananthpuram

തെരഞ്ഞെടുപ്പിനെക്കുറിച്ച് അവബോധം വളർത്തുന്നതിനും ജനാധിപത്യത്തിൽ യുവജനങ്ങളുടെ അറിവോടെയും ഉത്തരവാദിത്തത്തോടെയുമുള്ള പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത 'വികസിത് ഭാരത് യുവ സംവാദ്: നോ യുവർ വോട്ട്’  എന്ന രാജ്യവ്യാപക പ്രചാരണ പരിപാടിയുടെ ഭാഗമായി കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം മേരാ യുവ ഭാരത് (മൈ ഭാരത്) മുഖേന ഇന്ന് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെ 23 ഇടങ്ങളിലായി 100 യുവ സംവാദങ്ങൾ സംഘടിപ്പിച്ചു. ജനപ്രതിനിധികളുമായുള്ള സംവാദങ്ങൾ, വോട്ടവകാശം, പൗരധർമ്മങ്ങൾ, ജനാധിപത്യം ശക്തിപ്പെടുത്തുന്നതിൽ യുവജനങ്ങളുടെ പങ്ക് എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ എന്നിവ ഉൾപ്പെട്ട ഈ പരിപാടികളിൽ 16,600-ലധികം യുവജനങ്ങളും 100 യൂത്ത് ഐക്കണുകളും ഒത്തുചേർന്നു.

ഉത്തരേന്ത്യയിൽ ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ദക്ഷിണേന്ത്യയിൽ തമിഴ്നാട്, കേരളം, കർണാടക, പുതുച്ചേരി എന്നിവിടങ്ങളിലും  പരിപാടികൾ സംഘടിപ്പിച്ചു. അതേസമയം വടക്കുകിഴക്കൻ മേഖലയിൽ അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, മിസോറാം എന്നിവിടങ്ങളിലും കിഴക്കൻ മേഖലയിൽ ബിഹാർ,  ഝാർഖണ്ഡ് , ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും മധ്യ ഇന്ത്യയിൽ ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും പടിഞ്ഞാറൻ ഇന്ത്യയിൽ ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിലുമാണ് പരിപാടികൾ നടന്നത്. ഇന്നത്തെ പരിപാടികൾ കൂടി പൂർത്തിയായതോടെ, 2026 ഒക്ടോബർ 26 മുതൽ നവംബർ 5 വരെ നടക്കുന്ന ഈ പ്രചാരണ പരിപാടിയുടെ ഭാഗമായി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെ ആകെ 31 ഇടങ്ങളിലായി മൊത്തം 411 യുവ സംവാദങ്ങൾ സംഘടിപ്പിച്ചു. ഇതിൽ 77,500 യുവജനങ്ങളും 411 യൂത്ത് ഐക്കണുകളും പങ്കെടുത്തു.


ഡൽഹിയിൽ മെഹ്‌റൗലി മേഖലയിൽ നടന്ന യുവ സംവാദത്തിൽ കേന്ദ്രമന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാൾ പങ്കെടുത്തു. വിദ്യാർത്ഥികളുമായി സംവദിച്ച അദ്ദേഹം തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട അവരുടെ സംശയങ്ങൾക്ക് മറുപടി നൽകി. ഹരിയാനയിൽ, ഭിവാനിയിൽ നിന്നുള്ള പാർലമെൻ്റ് അംഗം ശ്രീ ചൗധരി ധരംബീർ സിംഗ് യുവജനങ്ങളുമായി സംവദിക്കുകയും വോട്ടെടുപ്പിനെയും തെരഞ്ഞെടുപ്പ് അവബോധത്തെയും കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കുവെക്കുകയും ചെയ്തു. പഞ്ചാബിൽ ലുധിയാനയിലെ  സി.ടി. സർവകലാശാലയുടെ സഹകരണത്തോടെയും തർൺ താരനിലെ ഗുരു അർജൻ ദേവ് കോളേജിലുമായി മൈ ഭാരത് പരിപാടികൾ സംഘടിപ്പിച്ചു.

 

 

അസ്സമിൽ പാർലമെൻ്റ് അംഗങ്ങളായ ശ്രീ പ്രദാൻ ബറുവ ധേമാജിയിലും ശ്രീ രഞ്ജിത് ദത്ത തേസ്പുരിലും  (സോണിത്പൂർ) യുവജനങ്ങളുമായി സംവദിച്ചു. വോട്ടർ അവബോധം, ജനാധിപത്യത്തിലുള്ള പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളിൽ ചോദ്യങ്ങൾ ഉന്നയിക്കാനും സംശയങ്ങൾ ദൂരീകരിക്കാനും മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കാനും വിദ്യാർത്ഥികൾക്ക് ഈ ചർച്ചകൾ അവസരമൊരുക്കി. ഛത്തീസ്ഗഡിൽ ധംതരിയിലും കവാർധയിലും മൈ ഭാരത് യുവ സംവാദങ്ങൾ സംഘടിപ്പിച്ചു. ധംതരിയിൽ പാർലമെൻ്റ് അംഗം ശ്രീമതി രൂപകുമാരി ചൗധരി വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകിയപ്പോൾ, യൂത്ത് ഐക്കൺ ശ്രീ ഗുലാബ് സിംഗ് വർമ്മ ‘യുവർ വോട്ട്, യുവർ വോയ്സ്’ (നിങ്ങളുടെ വോട്ട്, നിങ്ങളുടെ ശബ്ദം) എന്ന വിഷയത്തിൽ അവതരണം നടത്തിക്കൊണ്ട് വോട്ടവകാശത്തിൻ്റെയും പൗരധർമ്മങ്ങളുടെയും പ്രാധാന്യം വിശദീകരിച്ചു. കവാർധയിൽ പാർലമെൻ്റ് അംഗം യുവജനങ്ങളുമായി സംവദിച്ചപ്പോൾ, യൂത്ത് ഐക്കൺ കുമാരി അദിതി മിശ്ര അറിവോടെയും ഉത്തരവാദിത്തത്തോടെയും പ്രവർത്തിക്കുന്ന പൗരന്മാരാകാൻ യുവജനങ്ങളെ പ്രോത്സാഹിപ്പിച്ചു. പൗരന്മാർ എന്ന നിലയിലുള്ള തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുമെന്ന് പങ്കെടുത്തവർ പ്രതിജ്ഞയെടുക്കുകയും ചെയ്തു.

 



 

ബിഹാറിലെ ഭഗൽപൂരിൽ നടന്ന പരിപാടിയിൽ വോട്ടർ രജിസ്ട്രേഷൻ, തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ, സ്വതന്ത്രവും ധാർമ്മികവുമായ വോട്ടെടുപ്പിൻ്റെ പ്രാധാന്യം എന്നിവയ്ക്കാണ് ഊന്നൽ നൽകിയത്.  പ്രലോഭനങ്ങൾക്കോ അനാവശ്യ സ്വാധീനങ്ങൾക്കോ വഴങ്ങാതെ സ്വന്തം തീരുമാനപ്രകാരം സമ്മതിദാനാവകാശം വിനിയോഗിക്കാനും ജനാധിപത്യ പ്രക്രിയയിൽ ഉത്തരവാദിത്തത്തോടെ പങ്കാളികളാകാനും കന്നിവോട്ടർമാരെ ചർച്ചകൾ പ്രോത്സാഹിപ്പിച്ചു.

മധ്യപ്രദേശിൽ അനുപ്പുർ, ദമോ, ഝാബുവ, ഖർഗോൺ (പശ്ചിമ നിമാർ), മണ്ഡല എന്നിവിടങ്ങളിലാണ് യുവ സംവാദങ്ങൾ അരങ്ങേറിയത്. മൈ ഭാരത് പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആമുഖം, 'നോ യുവർ വോട്ട്' (നിങ്ങളുടെ വോട്ടിനെക്കുറിച്ച് അറിയുക) അവതരണങ്ങൾ, യുവജനങ്ങളുമായുള്ള സംവാദങ്ങൾ, ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള കൂട്ടായ പ്രതിജ്ഞകൾ എന്നിവ പരിപാടികളുടെ ഭാഗമായി നടന്നു. യുവജനങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നതിനും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി സംവദിക്കുന്നതിനും കായികരംഗത്തെ അനുഭവങ്ങൾ പങ്കിടുന്നതിനും മണ്ഡലയിൽ  നടന്ന സെഷൻ അവസരമൊരുക്കി. ജനാധിപത്യ മൂല്യങ്ങളുടെയും രാഷ്ട്രനിർമാണത്തിൻ്റെയും പ്രാധാന്യം ഇത് ഊട്ടിയുറപ്പിച്ചു.

ജനാധിപത്യത്തിലുള്ള പങ്കാളിത്തത്തെക്കുറിച്ചുള്ള ചർച്ചകൾ കോളേജുകളിലേക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും എത്തിക്കുന്ന ഈ രാജ്യവ്യാപക സംരംഭം, യുവജനങ്ങൾക്ക് ജനപ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും അറിവുള്ള പൗരന്മാർ എന്ന നിലയിൽ ജനാധിപത്യത്തിൽ തങ്ങൾക്കുള്ള പങ്കിനെക്കുറിച്ച് ചർച്ച ചെയ്യാനും വേദിയൊരുക്കുന്നു.

***

 

 


( റിലീസ് ഐ.ഡി: 2332842) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: हिन्दी , English