പോസ്റ്റഡ് ഓണ്:
04 NOV 2026 3:43PM by PIB Thiruvananthpuram
'വികസിത് ഭാരത് ഇനിഷ്യേറ്റീവ് ഫോർ സ്റ്റാറ്റിസ്റ്റിക്കൽ ട്രാൻസ്ഫർമേഷൻ, അനലിറ്റിക്സ് ആൻഡ് റിസർച്ച്' (VISTAR) പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് അംഗീകാരം നൽകി. 2026-27 മുതൽ 2030-31 സാമ്പത്തിക വർഷം വരെയുള്ള കാലയളവിൽ 4,371.10 കോടി രൂപയുടെ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.
വികസിത ഭാരതം 2047 എന്ന കേന്ദ്രലക്ഷ്യവുമായി ചേർന്നുനിൽക്കുന്ന VISTAR പദ്ധതി, കൂടുതൽ സമയബന്ധിതമായ വിവരലഭ്യത, ഡാറ്റയുടെ സൂക്ഷ്മതലത്തിലുള്ള വിശദാംശങ്ങൾ, ഏകീകൃതവും നിർമ്മിത ബുദ്ധി (AI) സാങ്കേതികവിദ്യയ്ക്ക് സജ്ജവുമായ ഡാറ്റാസെറ്റുകൾ തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമത എന്നിവ ഉറപ്പാക്കുന്നതിനായി ചലനാത്മകവും തത്സമയവും ഭാവിയിലെ ആവശ്യങ്ങൾക്കനുസൃതവുമായ ഔദ്യോഗിക സ്ഥിതിവിവരക്കണക്ക് സംവിധാനം സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു.
അടിയന്തര നയപരമായ ആവശ്യങ്ങൾക്കനുസരിച്ച് വിഭവങ്ങൾ ചലനാത്മകമായി വിന്യസിക്കുന്നതിനുള്ള തന്ത്രപരമായ അവസരം VISTAR പദ്ധതി നൽകും. വലിയ തോതിലുള്ള സർവേകൾ, രീതിശാസ്ത്ര ഗവേഷണം, ഡിജിറ്റൽ പരിവർത്തനം, ദേശീയ ഡാറ്റാ ഭരണസംവിധാനം എന്നിവയിൽ സമഗ്രമായ സമീപനം വളർത്തിയെടുക്കാനും ഇതിലൂടെ സാധിക്കും. കേന്ദ്ര സ്ഥിതിവിവരക്കണക്ക്-പദ്ധതി നിർവഹണ മന്ത്രാലയത്തിന്റെ (MoSPI) എല്ലാ സ്ഥിതിവിവരക്കണക്ക്, ഡാറ്റാ മാനേജ്മെന്റ് പ്രവർത്തനങ്ങളും VISTAR പദ്ധതിയുടെ പരിധിയിൽ വരും. രാജ്യത്തെ ഔദ്യോഗിക സ്ഥിതിവിവരക്കണക്ക് സംവിധാനം നവീകരിക്കുന്നതിൽ പദ്ധതി നിർണായക പങ്കുവഹിക്കും. VISTAR പദ്ധതിക്ക് പ്രധാനമായും മൂന്ന് ഘടകങ്ങളാണുള്ളത്:
1. ഘടകം 1: സ്ഥിതിവിവരക്കണക്ക് പ്രവർത്തനങ്ങളുടെ സമഗ്ര വികസനവും സംവിധാനത്തിന്റെ ശക്തിപ്പെടുത്തലും.
2. ഘടകം 2: സ്ഥിതിവിവരക്കണക്ക് സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള പിന്തുണ (SSS).
3. ഘടകം 3: സാമ്പത്തിക സെൻസസ് (EC).
സ്ഥിതിവിവരക്കണക്ക് പ്രവർത്തനങ്ങളുടെ സമഗ്ര വികസനവും സംവിധാനത്തിന്റെ ശക്തിപ്പെടുത്തലും എന്ന ഘടകത്തിനു കീഴിൽ, 16-ാം ധനകാര്യ കമ്മീഷൻ കാലയളവിൽ 59 സർവേകൾ നടത്താനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. നേരത്തെ നടത്തിയ 43 പ്രധാന സർവേകളെ അപേക്ഷിച്ച് ഇത് കൂടുതലാണ്. വിവിധ മേഖലകളിലെ നിർണായക വിവരങ്ങളുടെ അഭാവം നികത്താനും അതുവഴി തീരുമാനമെടുക്കൽ പ്രക്രിയ മെച്ചപ്പെടുത്താനും സമയബന്ധിതവും ലക്ഷ്യാധിഷ്ഠിതവുമായ നയപരമായ ഇടപെടലുകൾ സാധ്യമാക്കാനും ഇതിലൂടെ കഴിയും. സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള വിവരശേഖരണത്തിലും ഉപയോക്തൃകേന്ദ്രീകൃത വിവരവിതരണത്തിലും അടുത്തിടെയുണ്ടായ ഡിജിറ്റൽ പരിവർത്തനങ്ങളുടെ തുടർച്ചയായി, സ്ഥിതിവിവരക്കണക്ക് പ്രക്രിയകൾ പൂർണമായും ഡിജിറ്റൽവത്കരിക്കുന്നതിനും നിർമ്മിത ബുദ്ധി (AI), മെഷീൻ ലേണിങ് (ML) എന്നിവ പതിവ് പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുന്നതിനും മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കും. പ്രധാനമായും വിവരശേഖരണം, സാധൂകരണം, വിശകലനം എന്നീ മേഖലകളിലായിരിക്കും ഇവ പ്രയോജനപ്പെടുത്തുക.
സേവന ഉൽപ്പാദനത്തിന്റെ പ്രധാന സൂചിക (Headline Index of Services Production), ഉൾച്ചേർക്കപ്പെടാത്ത മേഖലാ സംരംഭങ്ങളുടെ സൂചിക (Index of Unincorporated Sector Enterprises) എന്നിവയുൾപ്പെടെയുള്ള പുതിയ സൂചികകൾ പുറത്തിറക്കാനും മന്ത്രാലയം പദ്ധതിയിടുന്നു. ഡാറ്റാ കാറ്റലോഗിങ്, മെഷീൻ റീഡബിലിറ്റി, പരസ്പര പ്രവർത്തനക്ഷമത, വിവരങ്ങൾ പങ്കിടുന്നതിനുള്ള മാനദണ്ഡങ്ങൾ, രൂപകൽപ്പനയിൽത്തന്നെ സ്വകാര്യത ഉറപ്പാക്കൽ തുടങ്ങിയ വിവര ഏകീകരണത്തിന്റെ അടിസ്ഥാന തത്വങ്ങൾ കൂടുതൽ ശക്തിപ്പെടുത്തും. വിവിധ സംവിധാനങ്ങൾ തമ്മിലുള്ള ഒറ്റപ്പെട്ട പ്രവർത്തനരീതി ഒഴിവാക്കാനും പദ്ധതികൾ കൂടുതൽ ലക്ഷ്യാധിഷ്ഠിതമാക്കാനും ആവർത്തനം കുറയ്ക്കാനും ഗവൺമെന്റിന്റെ വിവിധ തലങ്ങളിൽ നിർമ്മിത ബുദ്ധി അധിഷ്ഠിത തീരുമാനമെടുക്കൽ സാധ്യമാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മൊബൈൽ ഫോൺ, സ്കാനർ, ഇ-കൊമേഴ്സ് ഡാറ്റ തുടങ്ങിയ ബദൽ വിവരസ്രോതസ്സുകൾ മുഖ്യധാരയിൽ കൊണ്ടുവരുന്നതിലൂടെ പരമ്പരാഗത സർവേകൾക്ക് പൂരകമായി അവ പ്രയോജനപ്പെടുത്താനും പ്രതികരിക്കുന്നവരുടെ ബുദ്ധിമുട്ട് കുറയ്ക്കാനും വിവരങ്ങളുടെ അഭാവം നികത്താനും തെളിവുകളുടെ അടിസ്ഥാനത്തിലുള്ള നയരൂപീകരണം ശക്തിപ്പെടുത്താനും മന്ത്രാലയം ലക്ഷ്യമിടുന്നു. കൂടാതെ, വിദ്യാർത്ഥികൾക്കായുള്ള ഇന്റേൺഷിപ്പ് പദ്ധതിയിലൂടെയും അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ള ഗവേഷണ നിർദേശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും യുവാക്കൾക്കും ഗവേഷകർക്കും കൂടുതൽ അവസരങ്ങൾ ഉറപ്പാക്കുന്നതിനും ശേഷിവികസനത്തിനും സ്ഥിതിവിവരക്കണക്ക് മന്ത്രാലയം പ്രാധാന്യം നൽകും.
സ്ഥിതിവിവരക്കണക്ക് സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള പിന്തുണ (SSS) എന്ന ഘടകത്തിനു കീഴിൽ, പുനഃക്രമീകരിച്ച ഫലാധിഷ്ഠിത ചട്ടക്കൂടായ SSS 2.0 മുഖേന സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്ഥിതിവിവരക്കണക്ക് ശേഷികൾ പരിവർത്തനപ്പെടുത്തുന്നതിന് അവിടങ്ങളിലെ ഗവൺമെന്റുകൾക്ക് ധനസഹായം നൽകും. ജില്ലാതലത്തിലും മറ്റ് വിഭജിത തലങ്ങളിലും ഉയർന്ന ഗുണനിലവാരമുള്ള സൂക്ഷ്മവിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള സംസ്ഥാനതല ശേഷി വികസിപ്പിക്കുക, തദ്ദേശീയ ഡാറ്റാ പ്രോസസ്സിങ് ശേഷികൾ വളർത്തിയെടുക്കുക, പ്രാദേശിക നയരൂപീകരണത്തിൽ ഡാറ്റയുടെ ഉപയോഗം ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
പ്രധാന ദേശീയ സർവേകളായ ആനുകാലിക തൊഴിൽസേനാ സർവേ (PLFS), ഗാർഹിക ഉപഭോഗ ചെലവ് സർവേ (HCES), ഇൻകോർപ്പറേറ്റ് ചെയ്യപ്പെടാത്ത മേഖലാ സംരംഭങ്ങളുടെ വാർഷിക സർവേ (ASUSE) എന്നിവയിലൂടെ ജില്ലാതല കണക്കുകളും പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിലെ കണക്കുകളും ലഭ്യമാക്കുന്നത് വിപുലീകരിക്കാൻ മന്ത്രാലയം സാങ്കേതിക സഹായം നൽകും. സംസ്ഥാന, ജില്ലാതല മൊത്ത ആഭ്യന്തര ഉൽപ്പാദനം, സംസ്ഥാനതല വ്യാവസായിക ഉൽപ്പാദന സൂചിക (IIP) എന്നിവ തയ്യാറാക്കുന്നതിനും പിന്തുണ നൽകും.
സാമ്പത്തിക സെൻസസ് (EC) എന്ന ഘടകത്തിനു കീഴിൽ, സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സഹകരണത്തോടെ എട്ടാമത് സാമ്പത്തിക സെൻസസ് മന്ത്രാലയം നടത്തും. കൃഷിയിതര മേഖലയിലെ എല്ലാ സ്ഥാപനങ്ങളെയും അവിടെ നിയമിച്ചിട്ടുള്ള തൊഴിലാളികളെയും സംബന്ധിച്ച വിശദമായ വിവരങ്ങളും പ്രവർത്തന വിവരങ്ങളും ഗ്രാമപഞ്ചായത്ത്, വാർഡ് തലങ്ങൾ വരെ ഈ സെൻസസിലൂടെ ലഭ്യമാക്കും. സമ്പദ്വ്യവസ്ഥയിലെ അസംഘടിത മേഖലയുടെ സ്ഥിതി വിലയിരുത്തുന്നതിനും ദേശീയ സ്ഥിതിവിവരക്കണക്ക് ബിസിനസ് രജിസ്റ്റർ (SBR) വികസിപ്പിക്കുന്നതിനുമുള്ള അടിസ്ഥാന വിവരങ്ങൾ ഇതിലൂടെ ലഭിക്കും. ലക്ഷ്യാധിഷ്ഠിത സംരംഭ സർവേകൾക്കും തന്ത്രപരമായ ഇടപെടലുകൾക്കും ഇത് സഹായകമാകും.
ദേശീയ, ഉപദേശീയ തലങ്ങളിലെ ആസൂത്രകർക്കും നയരൂപകർത്താക്കൾക്കും സാമ്പത്തിക സെൻസസിലെ വിവരങ്ങൾ ഏറെ പ്രയോജനകരമായിരിക്കും. മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ (GDP) അസംഘടിത മേഖലയുടെ സംഭാവന കണക്കാക്കുന്നതിനും ഈ സെൻസസ് വഴിയൊരുക്കും.
***
NK