പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

വികസിത ഭാരതം @ 2047: ടെക്-വേഴ്‌സ് പ്രില്യൂഡ് നവംബർ 4ന് തിരുവനന്തപുരത്ത്

പോസ്റ്റഡ് ഓണ്‍: 02 NOV 2026 3:53PM by PIB Thiruvananthpuram

സാങ്കേതികവിദ്യാധിഷ്ഠിത നൂതനാശയങ്ങളും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഐ ടി മന്ത്രാലയത്തിനു കീഴിലുള്ള സി-ഡാക് തിരുവനന്തപുരവും സി-മെറ്റ് തൃശ്ശൂരും സംയുക്തമായി സംഘടിപ്പിക്കുന്ന ടെക്-വേഴ്‌സ് പ്രില്യൂഡ് 2026 നവംബർ 4ന് നടക്കും. തിരുവനന്തപുരത്തെ സി-ഡാക് ടെക്‌നോപാർക്ക് ക്യാമ്പസിലാണ് പരിപാടി.

​ഗവൺമെന്റ്, വ്യവസായം, അക്കാദമിക മേഖല, സ്റ്റാർട്ടപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടിയിൽ വികസിത ഭാരതം @ 2047 എന്ന ലക്ഷ്യത്തിലേക്കുള്ള സാങ്കേതികവിദ്യാധിഷ്ഠിത നൂതനാശയങ്ങളും സഹകരണ സാധ്യതകളും ചർച്ച ചെയ്യും. ബൗദ്ധിക സ്വത്തവകാശം, വ്യവസായ പങ്കാളിത്തം, നൂതനാശയങ്ങൾ പ്രാവർത്തികമാക്കുന്നതിനുള്ള മാർഗങ്ങൾ എന്നിവ കേന്ദ്രീകരിച്ച് 'വികസിത ഭാരതം @ 2047 യാഥാർഥ്യമാക്കാൻ സഹകരിക്കുകയും നവീകരിക്കുകയും ചെയ്യുക' എന്ന വിഷയത്തിൽ പാനൽ ചർച്ചയും നടക്കും.

ഉച്ചകഴിഞ്ഞുള്ള ഓപ്പൺ ടെക്‌നോളജി സെഷനിൽ സി-ഡാക്, സി-മെറ്റ് എന്നീ സ്ഥാപനങ്ങളുടെ അവതരണങ്ങൾ ഉണ്ടായിരിക്കും. കൂടാതെ, '2047ലെ കേരളത്തിന്റെ വികസന കാഴ്ചപ്പാടിന് സാങ്കേതികവിദ്യയുടെ കരുത്ത്' എന്ന വിഷയത്തിൽ കേരള ​ഗവൺമെന്റ് ഐടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ശ്രീ. സിറാം സാംബശിവ റാവു ഐഎഎസും 'ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യം യാഥാർഥ്യമാക്കുന്നതിൽ വ്യവസായ മേഖലയുടെ പങ്ക്' എന്ന വിഷയത്തിൽ കെൽട്രോൺ മാനേജിങ് ഡയറക്ടർ വൈസ് അഡ്മിറൽ (റിട്ട.) ശ്രീ. ശ്രീകുമാർ നായരും പ്രഭാഷണങ്ങൾ നടത്തും.

സി-ഡാക്, സമീർ, സി-മെറ്റ് എന്നീ സ്ഥാപനങ്ങൾ സംയുക്തമായി നവംബർ 26, 27 തീയതികളിൽ ചെന്നൈ ട്രേഡ് സെന്ററിൽ സംഘടിപ്പിക്കുന്ന ടെക്-വേഴ്‌സ് 2026 സാങ്കേതിക സമ്മേളനത്തെക്കുറിച്ചുള്ള പരിചയപ്പെടുത്തലും പരിപാടിയുടെ ഭാഗമായി നടക്കും. ഹൈ പെർഫോമൻസ് കമ്പ്യൂട്ടിങ്, നിർമ്മിത ബുദ്ധി, സൈബർ സുരക്ഷ, സെമികണ്ടക്ടറുകൾ, ക്വാണ്ടം സാങ്കേതികവിദ്യകൾ, വാർത്താവിനിമയം, ഫോട്ടോണിക്സ്, വ്യാവസായിക സംവിധാനങ്ങൾ, ഊർജ സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിലെ നൂതന സാങ്കേതികവിദ്യകളും തദ്ദേശീയ ശേഷികളും സമ്മേളനത്തിൽ പ്രദർശിപ്പിക്കും.

വ്യവസായ മേഖലയിലെ പ്രൊഫഷണലുകൾ, സംരംഭകർ, ഗവേഷകർ, അധ്യാപകർ,  ബിരുദ/ബിരുദാനന്തര അവസാന വർഷ വിദ്യാർഥികൾ എന്നിവർക്ക് പരിപാടിയിൽ പങ്കെടുക്കാം. സാങ്കേതിക സഹകരണത്തിനും നൂതനാശയങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള അവസരങ്ങൾ പരിചയപ്പെടാൻ താൽപര്യമുള്ളവർക്ക് പരിപാടിയിൽ പങ്കെടുക്കാം.

പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം: https://forms.gle/GpHu7k5ju4e8AL876

കൂടുതൽ വിവരങ്ങൾക്ക്

ഡോ. ചന്ദ്രശേഖർ വി
സയന്റിസ്റ്റ് ജി
സി-ഡാക്, തിരുവനന്തപുരം
ഇമെയിൽ: vvcsekar@cdac.in
മൊബൈൽ: 9447401344

***

SK


( റിലീസ് ഐ.ഡി: 2331554) സന്ദര്‍ശക കൗണ്ടര്‍ : 15
ഈ റിലീസ് വായിക്കുക: English