പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

അന്റാർട്ടിക്കയിലെ ശാസ്ത്ര പര്യവേഷണത്തിന് സിഫ്റ്റ് ഗവേഷക

പോസ്റ്റഡ് ഓണ്‍: 02 NOV 2026 3:41PM by PIB Thiruvananthpuram

കൊച്ചി: അന്റാർട്ടിക്കയിലേക്കുള്ള 46-ാമത് ഇന്ത്യൻ ശാസ്ത്ര പര്യവേഷണത്തിൽ (46th ഐ.എസ്.ഇ.എ) പങ്കെടുക്കാൻ കൊച്ചി ഐ.സി.എ.ആർ– സിഫ്റ്റിലെ ഗവേഷണ വിദ്യാർഥിനി ആതിര എ. എസ്. തിരഞ്ഞെടുക്കപ്പെട്ടു. നവംബർ 7-ന് ഇന്ത്യയിൽ നിന്ന് പുറപ്പെടുന്ന പര്യവേഷണത്തിന്റെ ഭാഗമായി ആതിര അന്റാർട്ടിക്കയിലെ മൈത്രി ഗവേഷണ കേന്ദ്രത്തിൽ ഗവേഷണം നടത്തും.

കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്  കീഴിൽ ഗോവയിലെ നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ   റിസർച്ച് (എൻ.സി.പി.ഒ.ആർ) ഏകോപിപ്പിക്കുന്ന ‘അന്റാർട്ടിക്കയിലെ പ്രകൃതിവ്യവസ്ഥകളിലെ മലിനീകരണ ഘടകങ്ങളുടെ വിലയിരുത്തൽ’ (CLEAN-ANT, ISEA-63) എന്ന പദ്ധതിയുടെ ഭാഗമായാണ് ഗവേഷണം. സിഫ്റ്റും എൻ.സി.പി.ഒ.ആർ-ഉം സഹകരിച്ചാണ് പഠനം നടത്തുന്നത്.

അന്റാർട്ടിക്കയിലെ മണ്ണിൽ കാണപ്പെടുന്ന ആക്ടിനോമൈസീറ്റുകൾ എന്ന സൂക്ഷ്മജീവികളുടെ വൈവിധ്യം പഠിക്കുകയാണ് ആതിരയുടെ ഗവേഷണ ലക്ഷ്യം. മണ്ണിൽനിന്ന് ഈ സൂക്ഷ്മജീവികളെ വേർതിരിച്ചെടുത്ത് അവയുടെ സവിശേഷതകളും കഠിനമായ കാലാവസ്ഥയിൽ അതിജീവിക്കാനുള്ള കഴിവും വിലയിരുത്തപ്പെടും.

ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള ഔഷധപ്രാധാന്യമുള്ള പദാർഥങ്ങൾ ഉൽപ്പാദിപ്പിക്കാൻ ഈ സൂക്ഷ്മജീവികൾക്ക് കഴിയുമോ എന്നും ഗവേഷണത്തിലൂടെ പരിശോധിക്കും. പുതിയ ജൈവസജീവ സംയുക്തങ്ങൾ കണ്ടെത്തുന്നതിനും സൂക്ഷ്മജീവികളുടെ പ്രത്യേകതകൾ മനസ്സിലാക്കുന്നതിനും ഈ പഠനം സഹായമാകും.

അന്റാർട്ടിക്കയിലെ സൂക്ഷ്മജീവികളുടെ വൈവിധ്യത്തെക്കുറിച്ച് കൂടുതൽ അറിവ് നേടുന്നതിനും ഭാവിയിൽ ഔഷധഗവേഷണത്തിനും ജൈവസാങ്കേതികവിദ്യാ മേഖലയ്ക്കും പ്രയോജനപ്പെടാവുന്ന പുതിയ സംയുക്തങ്ങൾ കണ്ടെത്തുന്നതിനും ഈ ഗവേഷണം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആതിരയുടെ പങ്കാളിത്തം സിഫ്റ്റിന്റെ ഗവേഷണ പ്രവർത്തനങ്ങൾ പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനും ദേശീയ-അന്തർദേശീയ ഗവേഷണ സ്ഥാപനങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും സഹായകമാകും.

 

****


( റിലീസ് ഐ.ഡി: 2331545) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English