പോസ്റ്റഡ് ഓണ്‍:
01 NOV 2026 3:24PM by PIB Thiruvananthpuram
ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൻ്റെ എഴുപതാം രൂപീകരണ ദിനം ദ്വീപസമൂഹങ്ങളിൽ ഉടനീളം ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ഇന്ന് വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.
ലക്ഷദ്വീപ് രൂപീകരണ ദിനത്തിൻ്റെ ഔദ്യോഗിക ആഘോഷ ചടങ്ങുകൾ തലസ്ഥാനമായ കവരത്തിയിലെ ഗാന്ധി സ്ക്വയറിൽ നടന്നു. അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകൻ ഡോ. എസ്. ബി. ദീപക് കുമാർ ദേശീയ ഗാനാലാപനത്തിന് ശേഷം ദേശീയ പതാക ഉയർത്തി.
തുടർന്ന് നടന്ന പ്രൗഢഗംഭീരമായ പരേഡ് ഡോ. ദീപക് കുമാർ വിലയിരുത്തുകയും പരേഡിൽ പങ്കെടുത്ത വിവിധ വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കുകയും ചെയ്തു.
ഇന്ത്യൻ നേവി, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ലക്ഷദ്വീപ് പോലീസ്, ഇന്ത്യ റിസർവ് ബറ്റാലിയൻ, പോലീസ് ബാൻഡ്, നാഷണൽ കേഡറ്റ് കോർപ്സ് തുടങ്ങി വിവിധ പ്രതിരോധ, അർദ്ധസൈനിക വിഭാഗങ്ങളിൽ നിന്നുള്ള ബറ്റാലിയനുകൾ ചടങ്ങിൽ അഭിവാദ്യം അർപ്പിച്ചു.
ലക്ഷദ്വീപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ, വിദ്യാർത്ഥികൾ എന്നിവരെ കൂടാതെ നിരവധി നാട്ടുകാരും ആഘോഷങ്ങളിൽ പങ്കെടുത്തു.
രൂപീകരണ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ന് വൈകുന്നേരം ലക്ഷദ്വീപിൻ്റെ പരമ്പരാഗത വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഭക്ഷ്യമേള സംഘടിപ്പിക്കും. തുടർന്ന് ദ്വീപസമൂഹത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറും.
****