പോസ്റ്റഡ് ഓണ്‍:
30 OCT 2026 9:37PM by PIB Thiruvananthpuram
പുസ്തകങ്ങൾ കേവലം വിവരശേഖരണ മാർഗം മാത്രമല്ലെന്നും മറിച്ച് ജീവിതങ്ങളെ മാറ്റിമറിക്കുകയും കാഴ്ചപ്പാടുകൾ വിപുലീകരിക്കുകയും സമൂഹത്തിൽ ഗുണപരമായ മാറ്റം കൊണ്ടുവരികയും ചെയ്യുന്ന കരുത്തുറ്റ ഉപകരണങ്ങളാണെന്നും ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള പറഞ്ഞു. സാങ്കേതികവിദ്യ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കിയെങ്കിലും യഥാർത്ഥ അറിവും വിവേകവും പുസ്തകങ്ങളിൽ നിന്നും ജീവിതാനുഭവങ്ങളിൽ നിന്നുമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. പുസ്തകങ്ങൾക്ക് പകരം വെക്കാൻ മറ്റൊന്നുമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം വായന വ്യക്തികളെ സമ്പന്നരാക്കുക മാത്രമല്ല, ജിജ്ഞാസയും സംവേദനക്ഷമതയും ജീവിതത്തെ വ്യത്യസ്ത വീക്ഷണകോണുകളില്‍ നോക്കിക്കാണാനുള്ള ശേഷിയും വികസിപ്പിക്കുമെന്നും അഭിപ്രായപ്പെട്ടു.
വായനാശീലം വളർത്തിയെടുക്കേണ്ടതിൻ്റെയും മറ്റുള്ളവരെ വായനയിലേക്ക് പ്രചോദിപ്പിക്കേണ്ടതിൻ്റെയും പ്രാധാന്യം 29-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്യവെ ശ്രീ ഓം ബിര്‍ള എടുത്തുപറഞ്ഞു. തലമുറകളുടെ ജ്ഞാനവും അനുഭവങ്ങളും കാത്തുസൂക്ഷിക്കുന്ന പുസ്തകങ്ങൾ വ്യക്തികളെ പ്രചോദിപ്പിക്കുകയും മുന്നോട്ടു നയിക്കുകയും അച്ചടക്കവും നിശ്ചയദാര്‍ഢ്യവും ജീവിതലക്ഷ്യബോധവും വളർത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വിവരങ്ങളും യഥാർത്ഥ അറിവും തമ്മിലെ വ്യത്യാസം ചൂണ്ടിക്കാട്ടിയ സ്പീക്കർ ഡിജിറ്റൽ സാങ്കേതികവിദ്യ വിവരങ്ങൾ ലഭ്യമാക്കുന്നത് എളുപ്പമാക്കിയെങ്കിലും ആഴമേറിയ ഉൾക്കാഴ്ചയ്ക്കും സംവേദനക്ഷമതയ്ക്കും പുസ്തകങ്ങളും മാനുഷികാനുഭവങ്ങളും അനിവാര്യമായി തുടരുന്നുവെന്ന് അഭിപ്രായപ്പെട്ടു. ആജീവനാന്ത പഠനത്തിൻ്റെ പ്രാധാന്യം എടുത്തുപറഞ്ഞ അദ്ദേഹം അറിവ് നേടാന്‍ ജിജ്ഞാസ അത്യന്താപേക്ഷിതമാണെന്നും പുസ്തകങ്ങൾ പ്രത്യാശയും അതിജീവനശേഷിയും ക്രിയാത്മക ലക്ഷ്യങ്ങൾ കൈവരിക്കാന്‍ പ്രേരണയും നൽകുന്നുവെന്നും ഓർമ്മിപ്പിച്ചു.
ഇന്ത്യയുടെ അതുല്യമായ വൈവിധ്യത്തെക്കുറിച്ച് സംസാരിച്ച ശ്രീ ബിർള വൈവിധ്യമാർന്ന ഭാഷകളും മതങ്ങളും പാരമ്പര്യങ്ങളും കാഴ്ചപ്പാടുകളും ജീവിതരീതികളുമാണ് രാജ്യത്തിൻ്റെ കരുത്തെന്ന് വ്യക്തമാക്കി. ഈ വൈവിധ്യങ്ങള്‍ക്കിടയിലും രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളുന്നുവെന്നും ജനതയെ ഒന്നിപ്പിച്ചു നിർത്തുന്ന ഏറ്റവും വലിയ ശക്തി ജനാധിപത്യമാണെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്ത അഭിപ്രായങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും ബഹുമാനിക്കാനും ഐക്യത്തോടെ ഒരുമിച്ച് ജീവിക്കാനുമാണ് ജനാധിപത്യം പഠിപ്പിക്കുന്നത്. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും രാജ്യതാല്പര്യത്തിൻ്റെ കാര്യത്തിൽ എല്ലാ പൗരന്മാരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭാഷകൾ ജനങ്ങളെ ഭിന്നിപ്പിക്കുകയല്ല, മറിച്ച് പരസ്പരം ബന്ധിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ദേശീയോദ്ഗ്രഥനത്തിൽ ഭാഷയുടെയും സാഹിത്യത്തിൻ്റെയും പങ്കിനെക്കുറിച്ച് സംസാരിച്ച സ്പീക്കർ അഭിപ്രായപ്പെട്ടു. മലയാളം, കന്നഡ, തെലുങ്ക് എന്നിവയുൾപ്പെടെ സമ്പന്ന ഭാഷാ പാരമ്പര്യങ്ങൾ രാജ്യത്തിൻ്റെ സാംസ്കാരിക, ആത്മീയ, ബൗദ്ധിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും വഹിച്ച പങ്കിനെ അദ്ദേഹം പ്രശംസിച്ചു. ഭാരതത്തിൻ്റെ ചരിത്രവും മൂല്യങ്ങളും ജനാധിപത്യ ആദർശങ്ങളും ലോകമെങ്ങുമെത്തിക്കാൻ എഴുത്തുകാർക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഡിജിറ്റൽ വിവർത്തനങ്ങൾ ഭാഷാ അതിർവരമ്പുകൾക്കപ്പുറം സാഹിത്യത്തിൻ്റെ വ്യാപ്തി കൂടുതൽ വർദ്ധിപ്പിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസം, സാഹിത്യം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ കേരളത്തിൻ്റെ സംഭാവനകളെ പ്രശംസിച്ച സ്പീക്കർ രാജ്യത്തെ ആദ്യ സമ്പൂർണ സാക്ഷരതാ സംസ്ഥാനമെന്ന പദവി എടുത്തുപറഞ്ഞു. വിദ്യാഭ്യാസം മലയാളികളെ ഇന്ത്യയിലും വിദേശത്തും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ പ്രാപ്തരാക്കിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു. സേവനത്തിൻ്റെയും ത്യാഗത്തിൻ്റെയും പാരമ്പര്യമുള്ള കേരളത്തിലെ വനിതകൾ ആഗോള നഴ്സിംഗ്, ആരോഗ്യ സംരക്ഷണ മേഖലകളിൽ നൽകിയ വിലയേറിയ സംഭാവനകളെയും അദ്ദേഹം അഭിനന്ദിച്ചു. കേരളത്തിൻ്റെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് ശ്രീ പി. എൻ. പണിക്കർ നൽകിയ നിസ്തുല സംഭാവനകളെ അനുസ്മരിച്ച സ്പീക്കർ, ലൈബ്രറികളും വായനാശീലവുമാണ് സംസ്ഥാനത്തിൻ്റെ സാക്ഷരതയിലും സാമൂഹ്യ-സാമ്പത്തിക വികസനത്തിലും പരിവർത്തനം സൃഷ്ടിച്ചതെന്ന് വ്യക്തമാക്കി. വിജ്ഞാന വ്യാപനത്തിൽ കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ പങ്ക് വളരെ വലുതാണ്. ജൂൺ 19 'വായനദിന'മായി ആചരിച്ച് വായനയെ പ്രോത്സാഹിപ്പിക്കാൻ കേരളം നടത്തുന്ന നിരന്തര ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.
സാഹിത്യ പ്രവർത്തകരെ ഒരൊറ്റ വേദിയിലെത്തിക്കാനും സാഹിത്യത്തെ പ്രോത്സാഹിപ്പിക്കാനും കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സംഘാടകർ നടത്തുന്ന പ്രവർത്തനങ്ങളെ ശ്രീ ബിർള അഭിനന്ദിച്ചു. ഇത്തരം ഉത്സവങ്ങൾ ബൗദ്ധിക ആശയവിനിമയം പ്രോത്സാഹിപ്പിക്കുകയും വായനാശീലം വളർത്തുകയും വൈവിധ്യമാർന്ന ചിന്തകളിലേക്ക് വഴിതുറക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുസ്തകങ്ങളിലൂടെയും വിവർത്തനങ്ങളിലൂടെയും കേരളത്തിൻ്റെ സമ്പന്ന സാഹിത്യ, ആത്മീയ, സാംസ്കാരിക പൈതൃകം രാജ്യത്തിൻ്റെയും ലോകത്തിൻ്റെയും വിവിധ ഭാഗങ്ങളിലേക്കെത്തിക്കാൻ കൂടുതൽ ശ്രമങ്ങൾ ഉണ്ടാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ഇനിയും കൂടുതൽ പേരിലേക്ക് എത്തട്ടെയെന്നും പുതിയ തലമുറയിലെ വായനക്കാരെ പ്രചോദിപ്പിക്കുന്നതിനൊപ്പം കൂടുതൽ അറിവും സംവേദനക്ഷമതയും പ്രബുദ്ധതയുമുള്ള സമൂഹത്തെ കെട്ടിപ്പടുക്കുന്നതിൽ പങ്കുവഹിക്കാന്‍ പുസ്തകോത്സവത്തിന് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ. എസ്. സോമനാഥ്, അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ചെയർമാൻ ശ്രീ മധു എസ്. നായർ, ശ്രീ പ്രകാശ് ബാബു, കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. വരുൺ ഗുലാത്തി, വിശിഷ്ടാതിഥികൾ, സാഹിത്യ പ്രവർത്തകർ, പുസ്തകപ്രേമികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
****